ADVERTISEMENT

ഒടുവില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും എഫ് ആന്‍റ് ഓ കളത്തിലിങ്ങുകയാണ്. ഇത്രയും നാള്‍ നിഫ്റ്റി സൂചികയുടെ ഫ്യൂച്ചേഴ്സിലും ഓപ്ഷന്‍സിലും ട്രേഡ് ചെയ്തവർക്ക് ഇനി ബി.എസ്.ഇയുടെ സെന്‍സെക്സിലും ബാങ്കെക്സിലും ഇതേ ട്രേഡ്  ചെയ്യാം. വരുന്ന തിങ്കളാഴ്ച മുതലാണ് സെന്‍സെക്സും ബാങ്കെക്സും ബി.എസ്.ഇ റീലോഞ്ച് ചെയ്യുന്നത്. ബാങ്കെക്സില്‍ പത്തു ഓഹരികളും സെന്‍സെക്സില്‍ 30 ഓഹരികളുമാണുള്ളത്. 

നിലവില്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ നിഫ്റ്റി ഉള്‍പ്പെടെ മൂന്ന് സൂചികകളില്‍ മാത്രമാണ് പ്രധാനമായും ട്രേഡ് ഉണ്ടായിരുന്നത്. ഇതില്‍ തന്നെ നിഫ്റ്റിയുടെയും ബാങ്ക് നിഫ്റ്റിയുടെയും എക്സ്പെയറി (കോണ്‍ട്രാക്ട് അവസാനിക്കുന്ന ദിനം) വ്യാഴാഴ്ചയും ഫിന്‍നിഫ്ടിയുടേത് ചൊവ്വാഴ്ചയുമാണ്. ഈ സംവിധാനത്തില്‍  എക്സ്പെയറി ദിനങ്ങള്‍ ആഴ്ചയില്‍ രണ്ടു തവണ മാത്രമുണ്ടായിരുന്നതാണ് ബി.എസ്.ഇയുടെ ഡെറിവേറ്റിവ് വിഭാഗത്തിലേക്കുള്ള വരവോടെ മാറ്റമാവുന്നത്. 

സാധാരണഗതിയില്‍ ഡെറിവേറ്റിവ് വിഭാഗത്തില്‍ മേല്‍പ്പറഞ്ഞ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കൂടുതലാളുകളും ട്രേഡ് ചെയ്യുന്നത്. എക്സ്പെയറി ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ മുതലാക്കാന്‍ ഓപ്ഷന്‍ റൈറ്റേഴ്സ് (ഓപ്ഷന്‍സ് വില്‍ക്കുന്നവർ) കൂടുതലും സജീവമാകുന്നത് ഈ രണ്ടു ദിനങ്ങളിലാണ്. 

വ്യാപാരത്തോത് ഉയരും

ഈ സംവിധാനത്തില്‍ മാത്രം ചെയ്യുന്നതിന്‍റെ കോണ്‍സെന്‍ററേഷന്‍ റിസ്കിനാണ് ബി.എസ്.ഇയുടെ ഡെറിവേറ്റിവ്സ് പ്രവേശനം വഴി മാറ്റം വരുന്നത്. ബി.എസ്.ഇയുടെ എഫ് ആന്‍റ് ഓ അനുസരിച്ച് എല്ലാ വെള്ളിയാഴ്ചകളും എക്സ്പെയറി ദിനമായിരിക്കും. ഓപ്ഷന്‍സ് റൈറ്റേഴ്സിന് ഒരു ആഴ്ചയില്‍ ഒരു ദിവസം കൂടി കൂടുതല്‍ വ്യാപാരം നടത്താന്‍ കിട്ടുന്നതോടെ വ്യാപാരത്തോത് ഗണ്യമായി ഉയരും. ഇത് രാജ്യത്തിന്‍റെ ആകെയുള്ള എഫ് ആന്‍റ് ഓ മാർക്കറ്റിലേക്ക് കൂടുതല്‍ രാജ്യാന്തരശ്രദ്ധ ആകർഷിക്കാനും അവസരമൊരുക്കും. ചുരുക്കത്തില്‍, വിദേശധനസ്ഥാപനങ്ങളുടെ റഡാറിലേക്ക് നമ്മുടെ ഒരു വിപണി കൂടി ഉണരുന്നുവെന്ന് മനസിലാക്കാം. 

കൂടുതൽ മാറ്റങ്ങൾ

സെന്‍സെക്സും നിഫ്റ്റിയും രണ്ട് വിഭാഗങ്ങളാണെങ്കിലും ഇവയില്‍ അടങ്ങിയിരിക്കുന്ന ഓഹരികള്‍ ഏകദേശം ഒന്നു തന്നെയാണ്. കോ-റിലേഷന്‍ 99.9 ശതമാനമാണെന്നതിനാല്‍ രണ്ടിനേയും ഒരേ പഠനരീതിയില്‍ തന്നെ ട്രേഡറിന് സമീപിക്കാം. 

ഹൈ റിസ്ക് ഹൈ റിവാർഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ട്രേഡിങ് വിഭാഗമായാണ് പൊതുവെ ഡെറിവേറ്റിവ്സ് കരുതപ്പെടുന്നത്. ഇതില്‍ത്തന്നെ അപകടമില്ലാതെ ട്രേഡ് ചെയ്തു പോകാവുന്ന വിവിധ സ്ട്രാറ്റജികളുമുണ്ട്. പക്ഷേ, കൃത്യമായ പഠനം അതിന് ആവശ്യമാണ്. 

മാർജിന്‍ ഇരു (ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും) സംവിധാനങ്ങളിലും നിലവിലുള്ളതു പോലെ തന്നെയായിരിക്കും. ബി.എസ്.ഇ സെന്‍സെക്സില്‍ ഡെറിവേറ്റീവ്സിൽ ലോട്ട് സൈസ് 10 ആണ്. ബി.എസ്.ഇ ബാങ്കെക്സിന്‍റെ ലോട്ട് സൈസ് 15 ആണ്. 

ബി.എസ്.ഇയുടെ പുതിയതായി ചുമതലയേറ്റ മാനേജിങ് ഡയറക്ടർ സുന്ദരരാമന്‍ രാമമൂർത്തിയുടെ നേതൃത്വത്തിലാണ് പുതിയ മാറ്റങ്ങള്‍ നടപ്പില്‍ വരുന്നത്. ഇതിനു പുറമേ, വേറെയും രാജ്യാന്തര നിലവാരത്തിലുള്ള മാറ്റങ്ങള്‍ക്ക് ബി.എസ്.ഇ തയ്യാറെടുക്കുകയാണെന്നാണ് സൂചനകള്‍. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചായ ബി.എസ്.ഇ ഇന്ത്യയിലെ ആദ്യത്തേതുമാണ്. 

English Summary : Sensex will Launch New Trading Option

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com