ADVERTISEMENT

മികച്ച റിസൾട്ടുകളുടെയും പണപ്പെരുപ്പം വീണ്ടും കുറഞ്ഞതിന്റെയും പിൻബലത്തിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് നേട്ടമുണ്ടാക്കി. മികച്ച പിപിഐ കണക്കുകളുടെ പിൻബലത്തിൽ ജാപ്പനീസ് വിപണി മുന്നേറ്റം നേടിയതും, അമേരിക്കൻ ഫ്യൂച്ചറുകൾ തിരിച്ചു വരവ് നടത്തിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായിരുന്നു.

ബാങ്കിങ്, ഐടി സെക്ടറുകൾക്കൊപ്പം ഓട്ടോ, റിയൽറ്റി, എഫ്എംസിജി  സെക്ടറുകളും ഇന്ന് മുന്നേറ്റം കുറിച്ചു. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഇന്ന് യഥാക്രമം 0.8%വും, 0.7%വും വീതം മുന്നേറ്റം സ്വന്തമാക്കി. സെൻസെക്സ് 62345 പോയിന്റിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി 

18460 പോയിന്റ് കടക്കാനാകാതെ അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണെങ്കിലും നിഫ്റ്റി അര ശതമാനം നേട്ടത്തോടെ പ്രധാന കടമ്പയായിരുന്ന 18400 പോയിന്റിന് തൊട്ട് താഴെ വ്യാപാരം അവസാനിപ്പിച്ചു. 18300 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റി 18460 പോയിന്റിലും 18500 പോയിന്റിലും നാളെ ആദ്യ റെസിസ്റ്റൻസുകൾ നേരിട്ടേക്കാം. 

ബാങ്ക് നിഫ്റ്റി@ 44000 

ഇന്ത്യയുടെ ഏപ്രിലിലെ റീറ്റെയ്ൽ പണപ്പെരുപ്പം വിപണി പ്രതീക്ഷയിലും താഴെ 4.70% മാത്രം വാർഷിക വളർച്ച കുറിച്ചത് ഇന്ന് ഇന്ത്യൻ ബാങ്കിങ് സെക്ടറിന് അനുകൂലമായി. പൊതു മേഖല ബാങ്കുകളും, മിഡ് ക്യാപ് ബാങ്കുകളും കൂടുതൽ നേട്ടമുണ്ടാക്കി. 44000 പോയിന്റ് കടന്ന് വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 44250 പോയിന്റിലും 44444 പോയിന്റിലും  ആദ്യ റെസിസ്റ്റൻസുകൾ നേരിട്ടേക്കാം. 

റിയൽറ്റി റാലി 

ഡിഎൽഎഫിന്റെ മികച്ച റിസൾട്ടിന്റെ പിന്ബലത്തിൽ ഡിഎൽഎഫിനൊപ്പം മറ്റ് റിയൽ എസ്റ്റേറ്റ് ഓഹരികളും മികച്ച മുന്നേറ്റം നേടിയത് റിയൽറ്റി സെക്ടറിന് 4.3% മുന്നേറ്റം നൽകി.  ശോഭ ലിമിറ്റഡ് ഇന്ന് 13% വരെ മുന്നേറി. 

കർണാടക തെരെഞ്ഞെടുപ്പ് ഫലം 

കർണാടക തെരെഞ്ഞെടുപ്പിൽ കേന്ദ്ര ഭരണ കക്ഷിയായ ബിജെപിക്ക് തിരിച്ചടിയേറ്റത് വിപണി നേരത്തെ തന്നെ ഉൾക്കൊണ്ട് കഴിഞ്ഞിരുന്നതിനാൽ വിപണിക്ക് ഭീഷണിയാകാതെ പോയി. മികച്ച ഡേറ്റകളും, റിസൾട്ടുകളും വിപണിയുടെ താളം കാത്തു.

അദാനി ഓഹരികൾ 

സുപ്രീം കോടതി അദാനി വിഷയം പരിഗണക്കെടുത്തതും, അദാനി എന്റർപ്രൈസസും, അദാനി ട്രാൻസ്മിഷനും വീണ്ടും മൂലധന സമാഹരണത്തിനരിറങ്ങുന്നു എന്ന വാർത്തയും ഒരേ സമയം വന്നത് ഇന്ന് അദാനി ഓഹരികൾക്ക് തിരുത്തൽ നൽകി. അദാനി വിഷയത്തിൽ വിപണി കൂടുതൽ കൃത്യതയുള്ള വാർത്തകൾക്കായി കാത്തിരിക്കുകയാണ്. 

അമേരിക്കൻ കടമെടുപ്പ് 

അമേരിക്കയുടെ കടമെടുപ്പ് പരിധി ഉയർത്തുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചർച്ച നീട്ടി വെച്ചത് വിപണിയിൽ ആശങ്ക വിതച്ചെങ്കിലും ബൈഡനും, റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കർ കെവിൻ മകാർത്തിയും തമ്മിലുള്ള ചർച്ച അടുത്ത ദിവസങ്ങളിൽ തന്നെ പുനരാരംഭിക്കുമെന്ന വാർത്ത അമേരിക്കൻ വിപണിയിലും ആശ്വാസ മുന്നേറ്റം നൽകിയേക്കാം. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറി തുടങ്ങിയത് സ്വർണത്തിന് ഭീഷണിയാണ്. രാജ്യാന്തര സ്വർണ വില 2020 ഡോളറിലാണ് തുടരുന്നത്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com