ADVERTISEMENT

തുടർച്ചയായി മുന്നേറിയ ഇന്ത്യൻ വിപണി തിങ്കളാഴ്ചത്തെ  അപ്രതീക്ഷിത മുന്നേറ്റത്തിന്റെ തുടർച്ചയെന്നോണം ഇന്നലെയും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും നേട്ടം തുടരാനായില്ല. മുൻനിര ഓഹരികളിൽ വില്പന സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ നഷ്ടത്തിൽ ക്ളോസ് ചെയ്ത ഇന്ത്യൻ വിപണി ഇന്ന് 18300 പോയിന്റിൽ വ്യാപാരം ആരംഭിച്ചെങ്കിലും വില്പന സമ്മർദ്ദത്തിൽ 18250 പോയിന്റിൽ വന്ന ശേഷം തിരിച്ചു വരവിന് ശ്രമിക്കുന്നു. 

ബാങ്കിങ് സെക്ടറിനൊപ്പം ഫാർമ, ഓട്ടോ, ഇൻഫ്രാ സെക്ടറുകളിലെ ലാഭമെടുപ്പും, റിലയൻസ്, എച്ച്ഡിഎഫ്സി ഇരട്ടകൾ, അദാനി എന്റർപ്രൈസ് മുതലായ ഓഹരികളിലെ തിരുത്തലും ഇന്ത്യൻ വിപണിക്ക് ഇന്നലെ  നിർണായകമായി. ബാങ്കിങ്, ഐടി റിയൽറ്റി സെക്ടറുകളിലെ സമ്മർദ്ദം ഇന്ന് ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. 

നിഫ്റ്റി 

ഇന്നും 18400 പോയിന്റിന് മുകളിൽ വ്യാപാരമാരംഭിച്ച നിഫ്റ്റി 18300 പോയിന്റിലെ പിന്തുണയും നഷ്ടമാക്കി 18286 പോയിന്റിലാണ് ഇന്നലെ  വ്യാപാരമവസാനിപ്പിച്ചത്. 18200 പോയിന്റിലും 18140 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്ടി 18300 പോയിന്റ് പിന്നിടാനായാൽ 18400 പോയിന്റിൽ വീണ്ടും വില്പന സമ്മർദ്ദം നേരിട്ടേക്കാം. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 43900 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ 39800 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 39600 പോയിന്റിലും, 39400 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 44040 പോയിന്റ് പിന്നിട്ടാൽ 44150 പോയിന്റിലും, 44300 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

അമേരിക്കൻ കടമെടുപ്പ് പരിധി 

ചൈനയുടെ റീറ്റെയ്ൽ വില്പനയും, വ്യവസായികോല്പാദന കണക്കുകളും മോശമായതിന് പിന്നാലെ അമേരിക്കയുടെയും റീറ്റെയ്ൽ വില്പന കണക്കുകൾ വിപണി പ്രതീക്ഷയുടെ പകുതി മാത്രം വളർച്ച നേടിയത് ഇന്നലെ അമേരിക്കൻ വിപണിക്കു ക്ഷീണമായി. ഹോം ഡിപ്പോയുടെ മോശം റിസൾട്ടും, ഡെബ്റ്റ് സീലിങ് അനിശ്ചിതത്വങ്ങളും, എനർജി സെക്ടറിന്റെ  വീഴ്ചയും ഇന്നലെ അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകി. ഡൗ ജോൺസ്‌ 1%ൽ കൂടുതൽ വീണപ്പോൾ ടെക്ക് മുന്നേറ്റം നാസ്ഡാകിന്റെ നഷ്ടം 0.18% മാത്രമായി കുറച്ചു.  

അമേരിക്കൻ കടമെടുപ്പ് പരിധി 31 ട്രില്യൺ ഡോളറിന് മുകളിലേക്ക് ഉയർത്തുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ബൈഡനും, റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തിയുമായുള്ള ചർച്ചകൾ പുനരാരംഭിച്ചത് വിപണിക്ക് പ്രതീക്ഷയാണ്. റിപ്പബ്ലിക്കൻ പക്ഷം ചെലവ് ചുരുക്കൽ ആവശ്യപ്പെടുന്നത് തീരുമാനം വീണ്ടും വൈകിപ്പിച്ചേക്കാമെങ്കിലും ഈ ആഴ്ചയുടെ അവസാനത്തോടെ തീരുമാനത്തിലെത്താനാകാമെന്ന മകാർത്തിയുടെ പ്രസ്താവന വിപണിക്ക് പ്രതീക്ഷയാണ്. ബൈഡൻ ഏഷ്യൻ യാത്ര വെട്ടിച്ചുരുക്കി തുടർ ചർച്ചക്കായി ഒരുങ്ങുന്നതും വിപണിയിൽ ഭയം കുറച്ചേക്കാം.  

ഇന്ന് ലോക വിപണിയിൽ 

യൂറോ സോണിന്റെ പണപ്പെരുപ്പ കണക്കുകളും, ഈസിബി അംഗങ്ങളുടെ പ്രസംഗങ്ങളും ഇന്ന് യൂറോപ്യൻ വിപണിക്ക് നിർണായകമാണ്. അമേരിക്കൻ ഹൗസിങ് കണക്കുകളും, ക്രൂഡ് ഓയിൽ ഇൻവന്ററി കണക്കുകളും അമേരിക്കൻ വിപണിയെയും സ്വാധീനിക്കും. വെള്ളിയാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ സംസാരിക്കാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്. 

ഇന്നലത്തെ റിസൾട്ടുകൾ 

ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, ബാങ്ക് ഓഫ് ബറോഡ, ഭാരതി എയർടെൽ, എൽഐസി ഹൗസിങ്, ആംബർ, സഫാരി ഇൻഡസ്ട്രീസ്, ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ, സിയാറാം സിൽക്‌സ്, ഓറിയോൺ പ്രൊ, കാജാരിആ, ത്രിവേണി ടർബൈൻ മുതലായ  കമ്പനികൾ ഇന്നലെ മുൻ പാദത്തിൽ നിന്നും മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചു.  

ഇന്നത്തെ റിസൾട്ടുകൾ 

ആർഇസി, ജെകെ ടയർ, ദീപക് നൈട്രൈറ്റ്, വേൾപൂൾ, സൈഡസ് വെൽനെസ്സ്, സ്റ്റെർലൈറ്റ് ടെക്ക്, ജൂബിലന്റ് ഫുഡ്, ദേവയാനി ഇന്റർനാഷണൽ, ഗ്ലാക്സോ, ഇൻഡോ അമിൻ, ക്വസ് കോർപ്, പോളി കെം, അനൂപ് എഞ്ചിനീറിങ്, ടീം ലീസ്, പരാദീപ് ഫോസ്‌ഫേറ്റ് മുതലായ ഓഹരികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ സ്ട്രാറ്റജിക് ഓയിൽ റിസേർവിലേക്ക് അമേരിക്ക വീണ്ടും ക്രൂഡ് ഓയിൽ വാങ്ങുന്നതും, എണ്ണ ഉപഭോഗം വീണ്ടും വർദ്ധിക്കുമെന്ന വിലയിരുത്തലും ക്രൂഡ് ഓയിലിന് അനുകൂലമാണ്. കഴിഞ്ഞ ആഴ്ചയിൽ  അമേരിക്കൻ എണ്ണ ശേഖരത്തിൽ  3.6 മില്യൺ ബാരലിന്റെ വർദ്ധന പ്രവചിച്ചത്  ബ്രെന്റ് ക്രൂഡിനെ 75 ഡോളറിൽ തന്നെ നിർത്തി. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം ഇന്നലെ സ്വർണ വിലയെ വീണ്ടും 2000 ഡോളറിൽ താഴെയെത്തിച്ചു. അമേരിക്കൻ ബോണ്ട് യീൽഡ് 3.52%ലാണ് വ്യാപാരം തുടരുന്നത്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com