ADVERTISEMENT

അദാനി ഓഹരികളിന്മേൽ നിക്ഷേപക വിശ്വാസം വർദ്ധിച്ചത് ഇന്ത്യൻ വിപണിക്കും അനുകൂലമായെങ്കിലും ഇന്നലെ അവസാന മണിക്കൂറിലെ ലാഭമെടുക്കൽ വിപണിയുടെ നേട്ടം നഷ്ടമാക്കി. എങ്കിലും ഇന്ത്യൻ വിപണി ലാഭത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചത്. 13% മുന്നേറിയ അദാനി എന്റർപ്രൈസസിനൊപ്പം ഐടിസി, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, മുതലായ ഓഹരികളും മുന്നേറിയത് പ്രധാന സൂചികകൾക്ക് അനുകൂലമായി. ടെക്ക് സെക്ടറിലെ ലാഭമെടുക്കലും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. 

അദാനിയുടെ മുന്നേറ്റം 

അദാനി ഓഹരികൾ ഉയർന്ന വിലയിൽ കയ്യാളുന്ന റീറ്റെയ്ൽ നിക്ഷേപകർ അദാനി ഓഹരികളിൽ വീണ്ടും വിശ്വാസമർപ്പിക്കുകയാണ്.ഇത് അദാനി ഓഹരികൾക്ക് ഇന്നലെ വീണ്ടും മുന്നേറ്റം നൽകിയിരുന്നു. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് ഓഹരി വില ഉയർത്താനായി അദാനി ഗ്രൂപ്പ് നേരിട്ട് ഇടപെടലുകൾ നടത്തിയത് ഇതു വരെ കണ്ട് പിടിക്കാനായില്ല എന്നതും, 2020 മുതൽ അദാനി ഓഹരികൾ വാങ്ങിയ 13 വിദേശ ഫണ്ടുകളെ കുറിച്ച് സെബി  നടത്തുന്ന അന്വേഷണം എവിടെയുമെത്തിയിട്ടില്ല എന്ന വിദഗ്ധ സമിതിയുടെ പരാമർശവുമാണ് കാര്യങ്ങൾ അദാനിക്ക് അനുകൂലമാണെന്ന വിപണി ചിന്തക്ക് ആധാരം.  അദാനി എന്റർപ്രൈസസ് 13% നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ അദാനി പോർട്സും, അംബുജ സിമെന്റും, എസിസിയും ഒഴികെയുള്ള അദാനി ഓഹരികളെല്ലാം അപ്പർ സർക്യൂട്ട് നേടി. 

ഫെഡ് മിനുട്സ് & യുഎസ് ഡെറ്റ്  

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രതിപക്ഷ നേതാവ് മകാർത്തിയുമായുള്ള അമേരിക്കൻ കടമെടുപ്പ് പരിധി ഉയർത്തൽ ചർച്ച ധാരണയിലെത്താതെതിരുന്നത് യുഎസ് വിപണിയെ നഷ്ടത്തിലേയ്ക്ക് തള്ളിയിട്ടു. പുറത്തു വന്ന നിറം മങ്ങിയ അമേരിക്കൻ മാനുഫാക്ച്ചറിങ് ഡാറ്റയും  വിപണിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. ഇത് ഇന്ന് ഇന്ത്യൻ വിപണി ചലനങ്ങളെയും സ്വാധീനിച്ചേക്കാം. ഫെഡ് ചെയർമാൻ കൂടുതൽ നിരക്ക് വർദ്ധന വേണ്ടി വരില്ല എന്ന് സൂചിപ്പിച്ചതിന് പിന്നാലെ സെന്റ് ലൂയിസ് ഫെഡ് പ്രസിഡന്റ് ജെയിംസ് ബല്ലാർഡ് വീണ്ടും നിരക്ക് വർദ്ധനക്കായി വാദിച്ചത് ഫെഡ് മിനുട്സിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. 

പിഎംഐ ഡേറ്റകൾ 

ഏഴ് മാസങ്ങൾക്ക് ശേഷം ഫാക്ടറികളിലെ വാങ്ങലുകളിൽ വളർച്ച കുറിച്ച ജപ്പാന് പിന്നാലെ  ജർമനിയും മികച്ച പിഎംഐ കണക്കുകൾ പുറത്തു വിട്ടെങ്കിലും, ഫ്രഞ്ച്, ബ്രിട്ടീഷ്, യൂറോ സോൺ പിഎംഐ ഡേറ്റകൾ മുൻ മാസത്തിൽ നിന്നും വളർച്ച ശോഷണം  കുറിച്ചു.

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്നലെ 18420 പോയിന്റ് വരെ മുന്നേറിയ ശേഷം തിരിച്ചിറങ്ങി 18348 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 18280 പോയിന്റിലും 18230 പോയിന്റിലും നിഫ്റ്റി ഇന്ന് ആദ്യ പിന്തുണകൾ നേടിയേക്കാം. 18420 പോയിന്റിലും 18480 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

എച്ച്ഡിഎഫ്സി ബാങ്ക് തിരുത്തൽ നേരിട്ടത് ബാങ്ക് നിഫ്റ്റിയുടെയും നേട്ടങ്ങൾ നഷ്ടമാക്കി. 44100 പോയിന്റ് കടക്കാനാകാതെ തിരിച്ചിറങ്ങിയ ബാങ്ക് നിഫ്റ്റി 43954 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. 43800 പോയിന്റിൽ ആദ്യ പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി ഇന്ന് 44100 പോയിന്റിലും, 44250 പോയിന്റിലും  പോയിന്റിലും  വില്പന സമ്മർദവും  നേരിട്ടേക്കാം.

ഇന്നത്തെ റിസൾട്ടുകൾ 

എൽഐസി, ഐആർഎഫ്സി, ഇർകോൺ, ഇക്ര, ഓയിൽ ഇന്ത്യ, ഹിൻഡാൽകോ, നാഷണൽ അലുമിനിയം, കമ്മിൻസ് ഇന്ത്യ, ഇന്ത്യ സിമന്റ്, ലക്ഷ്മി മഷിൻസ്, നൈക, ടൈറ്റാഗർഹ് വാഗൺസ്, വണ്ടർലാ, ട്രൈഡന്റ്, ടിഎൻപിഎൽ, രൂപ, ബ്രിഗേഡ്, അശോക ബിൽഡ്‌കോൺ, ബയേർ കോർപ്സ്, ജെബി കെം, ഇൻഫ്‌ളെയിം മുതലായ കമ്പനികള്‍ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com