ADVERTISEMENT

ഓഹരി വിപണികള്‍ സങ്കീര്‍ണമാണ്. ചില ഘട്ടങ്ങളില്‍ തികച്ചും യുക്തിരഹിതമായി പെരുമാറാന്‍ വിപണികള്‍ക്കു കഴിയും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയുടേയും കോര്‍പറേറ്റ്  വരുമാനത്തിന്റേയും അടിമയാണ് വിപണി. ഇന്ത്യയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണിയുടെ ഗതിവിഗതികളെ നിര്‍ണയിച്ചിട്ടുള്ളത് ജിഡിപി വളര്‍ച്ചയും കോര്‍പറേറ്റുകളുടെ വരുമാനവുമാണ്.  ജിഡിപി വളര്‍ച്ചയ്ക്കും കോര്‍പറേറ്റ് വരുമാനത്തിനും പുറമേ വിപണിയിലെ പ്രവണതകളെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം പലിശ നിരക്കുകളാണ്. പലിശ നിരക്കുകളും ഓഹരി വിലകളും തമ്മില്‍ വിപരീതമായ ബന്ധമാണുള്ളത്.

പലിശ നിരക്കുകള്‍ വര്‍ധിക്കുമ്പോള്‍ സ്ഥിര വരുമാന ആസ്തികളിലേക്ക് കൂടുതല്‍ പണം ഒഴുകിയെത്തും. ഇത് ഓഹരി വിപണിയെ പ്രതികൂലമായാണ് ബാധിക്കുക. പലിശ നിരക്കുകള്‍ കുറയുമ്പോള്‍ സംഭവിക്കുന്നത് ഇതിനു നേരെ വിപരീതമാണ്. യഥാര്‍ഥത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുന്നതിനു മുമ്പു തന്നെ വിപണി ഇതിനെ മുന്‍കൂട്ടിക്കണ്ട് പ്രതികരിക്കും. പലിശ നിരക്കുകള്‍ പരമാവധിയിലെത്തുന്നതിന്റെ സൂചനകള്‍ വിപണി നല്‍കുമ്പോള്‍ തന്നെ ഡിസ്്കൗണ്ടിങ് സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങും. സാധാരണയായി, പലിശ നിരക്കുകള്‍ പരമാവധിയിലെത്തിയാല്‍ പിന്നീട് നിരക്കുകള്‍ അല്‍പകാലത്തേക്ക് നിശ്ചലമാകും. അതിനുശേഷം  സാമ്പത്തിക രംഗം മന്ദഗതിയിലായാല്‍ പലിശ നിരക്കുകള്‍ കുറയും.  

പലിശ നിരക്കുകള്‍ പരമാവധിയിൽ

ഈ കാഴ്ചപ്പാടില്‍ പരിശോധിക്കുമ്പോള്‍, ആഗോള തലത്തിലും ഇന്ത്യയിലും പലിശ നിരക്കുകള്‍ പരമാവധിയിലോ അതിനടുത്തോ എത്തിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ ഓഹരി വിപണിയില്‍ അനുഭവപ്പെടും.  

ആഗോള തലത്തില്‍ ഓഹരി വിപണികള്‍ പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. മാതൃവിപണിയായ യുഎസിലെ ധന,സാമ്പത്തിക പ്രവണതകള്‍ ആഗോള തലത്തില്‍ എല്ലാ വിപണികളേയും ബാധിക്കും. കഴിഞ്ഞ 14 മാസമായി യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയായിരുന്നു ഇത്.   കഴിഞ്ഞ 40 വര്‍ഷക്കാലത്തെ അമേരിക്കയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ഈ കര്‍ശന പലിശ നയം നിര്‍ബന്ധിതമാക്കിയത്. തുടര്‍ച്ചയായി പത്തു തവണ ഫെഡ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇപ്പോള്‍ യുഎസ് ഫെഡ് ഫണ്ടുനിരക്ക്  5 മുതല്‍ 5.25 ശതമാനം വരെയാണ്.

ഉയര്‍ന്ന  പലിശ നിരക്കുകള്‍ സമ്പദ് വ്്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാക്കും.  വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇതു സഹായിക്കും. പണ നയം മന്ദഗതിയിലാണ് പ്രവര്‍ത്തിക്കുക. ഇപ്പോള്‍ ഈ കാലതാമസം കൂടിയിരിക്കയാണ്.  യുഎസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിലക്കയറ്റം  9.1 ശതമാനം എന്ന കൂടിയ നിരക്കില്‍ നിന്നും ഏപ്രില്‍ മാസം 5 ശതമാനത്തിലെത്തിയെങ്കിലും ഫെഡിന്റെ ലക്ഷ്യമായ 2 ശതമാനത്തില്‍ നിന്നു വളരെ ഉയരത്തില്‍ തന്നെയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറയുകയും വിലക്കയറ്റം കുറയുന്ന പ്രക്രിയ മുന്നോട്ടു പോവുകയും ചെയ്യുന്നതിനാല്‍ ഫെഡ് പലിശ നിരക്കു വര്‍ധനയ്ക്ക് വിരാമമിടാനാണ് സാധ്യത.

വരാനിരിക്കുന്ന  സ്ഥിതിവിവരക്കണക്കുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഫെഡ് മേധാവി ജെറോം പോവല്‍ എന്നാണ് സൂചന. ജൂണില്‍ വരാനിരിക്കുന്ന പണ നയ സമിതി യോഗത്തില്‍ ഫെഡ് പലിശ വര്‍ധന നിര്‍ത്തുകയോ ഒരു തവണ കൂടി വര്‍ധിപ്പിച്ച് നിരക്കു വര്‍ധന അവസാനിപ്പിക്കുകയോ ചെയ്യാനാണ് ഇട. ചുരുക്കിപ്പറഞ്ഞാല്‍, യുഎസ് പലിശ നിരക്കുകള്‍ പരമാവധിയിലെത്തി എന്നാണ് മനസിലാക്കേണ്ടത്.  യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയും  വിലക്കയറ്റം കുറയ്ക്കുന്ന പ്രക്രിയ തുടരുകയും ചെയ്താല്‍ 2023 അവസാനത്തോടെയോ 2024 ആദ്യത്തിലോ ഫെഡ് വീണ്ടും  പലിശ നിരക്കുകള്‍ കുറച്ചേക്കും.

മോശം നാളുകൾ കഴിഞ്ഞു?

ഇന്ത്യയിലും കണക്കുകള്‍ സൂചിപ്പിക്കുന്നത് വിലക്കയറ്റത്തിന്റെ ഏറ്റവും മോശമായ നാളുകള്‍ പിന്നിട്ടു എന്നു തന്നെയാണ്. ഏപ്രില്‍ മാസത്തെ ഉപഭോക്തൃ വില സൂചികയായ 4.7 ശതമാനം റിസര്‍വ് ബാങ്കിന്റെ സഹന പരിധിക്കുള്ളില്‍ തന്നെയാണ്. ഏറെ പ്രധാന്യമര്‍ഹിക്കുന്നൊരു കാര്യം മൊത്ത വിലസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള വിലക്കയറ്റം ഏപ്രില്‍ മാസം നെഗറ്റീവ് ആയി എന്നതാണ്. വിലക്കയറ്റം കുറയുമെന്ന പ്രതീക്ഷയില്‍ പണ നയസമിതി പലിശ നിരക്കില്‍ മാറ്റം വരുത്താതിരുന്ന നടപടി ശരിയെന്നു തെളിഞ്ഞു. ജൂണ്‍മാസത്തിലും പണ നയ സമിതി ഇതേ നിലപാട് തുടരാനാണിട. വരും മാസങ്ങളിലും വിലക്കയറ്റ നിരക്ക് കുറയാനാണ് സാധ്യത.  അങ്ങനെ സംഭവിക്കുകയാണെങ്കില്‍  2023 അവസാനത്തോടെ പണ നയ സമിതി പലിശ നിരക്കു കുറച്ചേക്കും. ചുരുക്കിപ്പറഞ്ഞാല്‍, പലിശ നിരക്കുകള്‍ പാരമ്യത്തിലെത്തിക്കഴിഞ്ഞതായി കണക്കാക്കാം.  

ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ എന്തു ചെയ്യണം ? പലിശ നിരക്കുകള്‍ സമീപ ഭാവിയില്‍ കുറയുന്ന സാഹചര്യം ഉണ്ടായാല്‍ ഓഹരി വിപണികള്‍ക്ക് അത് അനുകൂലമാവും. അതുകൊണ്ട് നിക്ഷേപകര്‍ക്ക് ഓഹരികളിലുള്ള നിക്ഷേപം വര്‍ധിപ്പിക്കാം. കൂടാതെ കടപ്പത്രങ്ങളിലും, കടപ്പത്ര അധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകളിലും ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലും കൂടുതല്‍ പണം ഇറക്കാം.  ഓഹരി വിപണിയില്‍ അതിരുവിട്ട കുതിപ്പു പ്രതീക്ഷിക്കേണ്ടതില്ല, എന്നാല്‍ നിഫ്റ്റി പുതിയ ഉയരങ്ങളിലെത്താന്‍  സാധ്യതയുണ്ട്.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ്

English Summary : Interest Rates May not Go Up, What Investors Should do?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com