ADVERTISEMENT

അമേരിക്കൻ കടമെടുക്കൽ പരിധി ചർച്ചകൾ ഫലം കണ്ടത് ഇന്നലെ ഏഷ്യൻ വിപണികൾക്ക് അതിമുന്നേറ്റം നൽകി. ജപ്പാന്റെ നിക്കി സൂചിക മൂന്ന് പതിറ്റാണ്ടിന് മുൻപ് താണ്ടിയ ഉയർന്ന നിരക്കിലേക്ക് ഗ്യാപ്പ് അപ് ഓപ്പണിങ് നടത്തിയത് ഇന്ത്യ അടക്കമുള്ള മറ്റ് ഏഷ്യൻ വിപണികൾക്കും ഇന്നലെ ഗ്യാപ് അപ് ഓപ്പണിങ് നൽകി. മികച്ച ജോബ് ഡേറ്റയുടെ പിൻബലത്തിൽ ജാപ്പനീസ് വിപണി ഇന്നും പോസിറ്റീവ് തുടക്കം നേടി. 

ബാങ്കിങ് സെക്ടറിനൊപ്പം മെറ്റൽ, റീയൽറ്റി, ഓട്ടോ, എഫ്എംസിജി സെക്ടറുകളുടെ പിന്തുണയിൽ മുന്നേറിയ ഇന്ത്യൻ വിപണി ഫ്രഞ്ച് വിപണിയെ മറികടന്ന് വിപണി മൂല്യത്തിൽ അഞ്ചാം സ്ഥാനത്തേക്ക് തിരികെ കയറി. 3.31 ട്രില്യൺ ഡോളറാണ് ഇന്ത്യൻ വിപണിയുടെ മൂല്യം. 44.54 ട്രില്യൺ ഡോളറുമായി അമേരിക്കയും, 10.26 ട്രില്യൺ ഡോളറുമായി ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

18641 പോയിന്റ് വരെ മുന്നേറിയ ശേഷം നിഫ്റ്റി 99 പോയിന്റ് നേട്ടത്തിൽ 18599 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. 18400 പോയിന്റിൽ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റി 18570 പോയിന്റിലും, 18520 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു.  18640 പോയിന്റ് കടന്നാൽ 18680 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദം നേരിട്ടേക്കാം. 

എച്ച്ഡിഎഫ് ബാങ്കിന്റെയും എസ്ബിഐയുടെയും മുന്നേറ്റത്തിന്റെ പിൻബലത്തിൽ 44500 പോയിന്റിന് സമീപമെത്തിയ ബാങ്ക് നിഫ്റ്റി 293 പോയിന്റ് നേട്ടത്തിൽ 44311 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 44000 പോയിന്റിൽ ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി 44500 പോയിന്റ് കടന്നാൽ 44700 പോയിന്റിലും 44900 പോയിന്റിലും വില്പന സമ്മർദ്ദം നേരിട്ടേക്കാം.

ഫെഡ് നിരക്ക് വർദ്ധന 

അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ അടുത്ത് വരുന്നതും, അമേരിക്കൻ കോൺഗ്രസിൽ ‘’ഡെറ്റ് ഡീൽ’’ സമവായങ്ങളോടെ പാസാക്കിയെടുക്കേണ്ടി വരുന്നതും വിപണിയുടെ ആവേശം തണുപ്പിച്ചേക്കാം.അമേരിക്കയുടെ കടമെടുപ്പ് പരിധി ഉയർത്തിക്കഴിഞ്ഞാൽ കാലിയായ അമേരിക്കൻ ട്രഷറിയിലേക്ക് വീണ്ടും കൂടുതൽ പണം നിറയ്ക്കുന്നത് ഓഹരി വിപണിയുടെ പണലഭ്യതയെകൂടി ബാധിച്ചേക്കാമെന്നതും വരും ആഴ്ചകളിൽ വിപണിക്ക് പുതിയ വെല്ലുവിളിയായേക്കാം. 

വെള്ളിയാഴ്ച വരുന്ന അമേരിക്കയുടെ നോൺ ഫാം പേറോൾ കണക്കുകളും തുടർന്ന് ഫെഡ് നിരക്ക് തീരുമാനങ്ങളും വരാനിരിക്കുന്നതും ആഴ്ചാവസാനം  ലോക വിപണിയെ വീണ്ടും സമ്മർദ്ദത്തിലാക്കിയേക്കാം. ഫെഡ് അംഗങ്ങളിൽ പകുതി പേരും വീണ്ടും നിരക്ക് വർദ്ധനക്കായി ശബ്ദമുയർത്തുന്നത് അടുത്ത അമേരിക്കൻ ഡേറ്റകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ജൂൺ 13-14 തീയതികളിലാണ് അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത യോഗം. 

എർദോഗൻ വീണ്ടും 

എർദോഗൻ വീണ്ടും തുർക്കിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കൻ ഡോളറിനെതിരെ ടർക്കിഷ് ലിറയുടെ മൂല്യം വീണ്ടും കുറച്ചു. അതെ സമയം ടർക്കിഷ് വിപണി ഇന്ന് മുന്നേറ്റം കുറിച്ചു. 

ആർബിഐ നയാവലോകന യോഗം 

അടുത്ത ആഴ്ചയിലെ ആർബിഐ പണനയാവലോകന യോഗം ഇന്ത്യൻ വിപണിക്കും, പ്രത്യേകിച്ചും ബാങ്ക് നിഫ്റ്റിയുടെ കുതിപ്പിനും നിർണായകമാണ്. ജൂൺ എട്ടിനാണ് ആർബിഐ പുതിയ നിരക്കുകൾ പ്രഖ്യാപിക്കുക. ഇന്ത്യൻ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ ആർബിഐ നിരക്കുകൾ വർദ്ധിപ്പിക്കില്ല എന്നാണ് വിപണി പ്രതീക്ഷ. എന്നാൽ അമേരിക്കൻ ഫെഡ് നിരക്കുയർത്താനുള്ള സാധ്യത ആർബിഐയെയും സ്വാധീനിച്ചേക്കാം. 

ബാങ്ക് സ്വകാര്യവൽക്കരണം 

ബാങ്ക് സ്വകാര്യവൽക്കരണവുമായി ശക്തമായി മുന്നോട്ട് പോകുമെന്ന ധനമന്ത്രിയുടെ പ്രസ്താവന പൊതുമേഖല ഓഹരികൾക്ക് അനുകൂലമാണ്. ഐഡിബിഐ ഒഴികെ രണ്ട് ബാങ്കുകളും, ഒരു പൊതു മേഖല ഇൻഷുറൻസ് കമ്പനിയുമാണ് ആദ്യ ഘട്ടത്തിൽ സ്വകാര്യവത്കരിക്കുക. ഇതിനായി ഇനിയും നിയമനിർമാണങ്ങൾ നടക്കേണ്ടതുണ്ട്.

മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സ് 

മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ ത്രൈമാസ അവലോകനത്തിന്റെ ഭാഗമായി അദാനി ട്രാൻസിൻഷനും, അദാനി ടോട്ടൽ ഗ്യാസും, ഇൻഡസ് ടവേഴ്സും പുറത്ത് പോകുമ്പോൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, മാക്സ് ഹെൽത്കെയർ ഇൻസ്റ്റിറ്റ്യൂട്ട്, സോനാ കോംസ്‌ എന്നീ ഓഹരികൾ ജൂൺ ഒന്ന് മുതൽ എംഎസ്സിഐയുടെ ഭാഗമാകുന്നു. കൊട്ടക് മഹിന്ദ്ര ബാങ്ക്, മാരുതി, ഓഎൻജിസി, അൾട്രാ ടെക്ക്, ഇൻഡിഗോ, എൻടിപിസി, സൊമാറ്റോ എന്നിവയുടെ മോർഗൻ സ്റ്റാൻലി ഗ്ലോബൽ ഇൻഡക്സിലെ വെയിറ്റേജ് ഉയരുകയും ചെയ്യുന്നതും ഓഹരികൾക്ക് അനുകൂലമാണ്. 

ഇന്നത്തെ റിസൾട്ടുകൾ 

ഇന്നലെ 675 കമ്പനികൾ റിസൾട്ടുകൾ പ്രഖ്യാപിച്ചപ്പോൾ ഇന്ന് ആയിരത്തിലേറെ കമ്പനികളാണ് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്. അപ്പോളോ ഹോസ്പിറ്റൽ, ബജാജ് ഹെൽത്ത് കെയർ, അദാനി പോർട്സ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്,  മാസഗോൺ ഡോക്സ്, എയ്‌സ്‌, ബാലാജി ടെലി, ജിഓസിഎൽ, വി ഗാർഡ്, കിറ്റെക്സ്, ലിബർട്ടി ഷൂ, ഖൈത്താൻ ലിമിറ്റഡ്, ലെമൺ ട്രീ, കെആർബിഎൽ, രാജേഷ് എക്സ്പോര്ട്സ്, രാമ സ്റ്റീൽ, സൂപ്പർ ഹൗസ്, സുസ്‌ലോൺ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ ഡോളർ നേട്ടം കൈവിട്ടിട്ടും അമേരിക്കൻ അവധിയുടെ കൂടി സ്വാധീനത്തിൽ ക്രൂഡ് ഓയിൽ ഇന്നലെ വില്പന സമ്മർദ്ദം നേരിട്ടു. ജൂൺ നാലിന് നടക്കാനിരിക്കുന്ന ഒപെക് യോഗവും, ഡോളറിലെ ചാഞ്ചാട്ടവും ക്രൂഡ് ഓയിലിന് നിർണായകമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിലേക്ക്  കയറി.

സ്വർണം 

അമേരിക്കൻ ഡോളറിന്റെയും, ബോണ്ട് യീൽഡിന്റെയും മുന്നേറ്റം  കഴിഞ്ഞ ആഴ്ച തിരുത്തൽ നൽകിയ  സ്വർണത്തിന് ഇന്നലെയും തിരിച്ചു വരാനായില്ല. രാജ്യാന്തര സ്വർണ വില 1960 ഡോളറിൽ താഴെയാണ് തുടരുന്നത്. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 3.76%ലേക്കിറങ്ങി.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com