ADVERTISEMENT

ഇന്നും പോസിറ്റീവ് തുടക്കം നേടിയ ഇന്ത്യൻ വിപണി ആദ്യമണിക്കൂറിലെ മുന്നേറ്റത്തിന് ശേഷം വില്പന സമ്മർദ്ദത്തിൽ കുടുങ്ങിയെങ്കിലും തിരിച്ചു വരവ് നടത്തി നേട്ടത്തോടെ തന്നെ വ്യാപാരം അവസാനിപ്പിച്ചു. മറ്റ് ഏഷ്യൻ വിപണികള്‍ പോസിറ്റീവ് ക്ളോസിങ് നടത്തിയതും, നഷ്ടത്തിൽ ആരംഭിച്ച യൂറോപ്യൻ വിപണികൾ മുന്നേറിയതും ഇന്ത്യൻ വിപണിയുടെ അവസാന മണിക്കൂറിലെ തിരിച്ചു വരവിൽ നിർണായകമായി. 

ഫിനാൻസ്, ബാങ്കിങ്, എഫ്എംസിജി സെക്ടറുകൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടി സെക്ടർ  നഷ്ടമൊഴിവാക്കി. മെറ്റൽ, പൊതുമേഖല ബാങ്കുകൾ, ഓട്ടോ, റിയൽറ്റി സെക്ടറുകൾ ഇന്ന് നഷ്ടം കുറിച്ചു.

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

പ്രതീക്ഷിച്ചത് പോലെ 18570 പോയിന്റിൽ പിന്തുണ ലഭ്യമായ നിഫ്റ്റി 18633 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. നാളെയും 18570 പോയിന്റിലും 18520 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റി 18968 പോയിന്റിലും 18730 പോയിന്റിലും വില്പന സമ്മർദ്ദവും നേരിട്ടേക്കാം. 

പൊതു മേഖല ബാങ്കുകൾ പിന്നോട്ട് വലിച്ചിട്ടും, മോർഗൻ സ്റ്റാൻലിയുടെ പിന്തുണയിൽ കോട്ടക്ക് മഹിന്ദ്ര ബാങ്കും, ആക്സിസ് – ഇൻഡസ് ഇന്‍ഡ് ബാങ്കുകളുടെയും പിൻബലത്തിൽ ബാങ്ക് നിഫ്റ്റിയും പോസിറ്റീവ് ക്ളോസിങ് നടത്തി. ഇന്നും 44500 പോയിന്റ് മറികടക്കാനാകാതെ 44436 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി നാളെയും 44200 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 44500 പോയിന്റ് പിന്നിട്ടാൽ 44660 പോയിന്റിലും 44800 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

മോർഗൻ സ്റ്റാൻലി ഇഫക്ട് 

മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്‍ഡക്സിൽ നിന്നും രണ്ട് അദാനി ഓഹരികളെ ഒഴിവാക്കിയത് അദാനി ഓഹരികൾക്ക് തിരുത്തൽ നൽകിയതും, റിലയൻസും, എച്ച്ഡിഎഫ്സിയും, ടിസിഎസ്സും അടക്കമുള്ള മുൻനിര ഓഹരികളുടെ എംഎസ്സിഐയിലെ വെയിറ്റേജ് കുറച്ചതും ഇന്ത്യൻ വിപണിയുടെ മുന്നേറ്റം തടസപ്പെടുത്തി. 

പുതുതായി എംഎസ്സിഐയിൽ ഇടം പിടിച്ച ഓഹരികളും, വെയിറ്റേജ് വർദ്ധന ലഭിച്ച ഓഹരികളും സ്വാഭാവിക മുന്നേറ്റം നേടി. വരും ദിനങ്ങളിലും മോർഗൻ സ്റ്റാൻലി ഇഫക്ട് ഇന്ത്യൻ വിപണിയിൽ പ്രകടമായേക്കാം.  

ഓട്ടോ ഡേറ്റ 

ഒന്നാം തീയതി വരാനിരിക്കുന്ന മെയ് മാസത്തിലെ വാഹന വില്പന കണക്കുകൾക്ക് മുന്നോടിയായി ഓട്ടോ ഓഹരികളിൽ നാളെ വാങ്ങൽ പ്രകടമായേക്കാം. അടുത്ത കാർഷിക സീസണ് മുന്നോടിയായി ട്രാക്ടർ വിൽപന വർദ്ധിക്കുന്നത് ട്രാക്ടർ ഓഹരികൾക്ക് അനുകൂലമായേക്കാം.

അമേരിക്കയിൽ 

മൂന്ന് ദിവസം നീണ്ട അവധിയ്ക്ക് ശേഷം അമേരിക്കൻ വിപണി ഇന്ന് വീണ്ടും സജീവമാകാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകൾ പോസിറ്റീവ് മേഖലയിൽ നിൽക്കുന്നതും ബോണ്ട് യീൽഡ് താഴേക്കിറങ്ങിയതും അനുകൂലമാണ്. ടെസ്‌ലക്ക് അനുകൂലമായ വാർത്തകളും, എൻവീഡിയ നൽകിയ കുതിപ്പ് സെമികണ്ടക്ടർ സെക്ടർ തുടർന്നേക്കാവുന്നതും നാസ്ഡാകിനും പ്രതീക്ഷയാണ്. . 

അമേരിക്കയുടെ കടമെടുപ്പ് പരിധി ഒഴിവാക്കുന്നതിനായി ഡെമോക്രാറ്റുകളും, റിപ്പബ്ലിക്കന്മാരും ചേർന്ന് സംയുക്തമായി തയ്യാറാക്കിയ ബിൽ ഇന്ന് ഹൗസ് റൂൾസ് കമ്മിറ്റി പരിശോധിക്കാനിരിക്കുന്നത് വിപണിയുടെ ആശങ്ക വർദ്ധിപ്പിച്ചേക്കാം. ഡെറ്റ് സീലിങ് ഒഴിവാക്കുന്ന ബിൽ പാസാക്കിയെടുക്കുന്നതും, ഫെഡിന്റെ അടുത്ത യോഗതീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളും പുറത്ത് വരാനിരിക്കുന്നതും വിപണിക്ക് ഈ ആഴ്ചയിൽ നിർണായകമാണ്. അമേരിക്കൻ വിപണിയുടെ ഇന്നത്തെ ക്ളോസിങ് നാളെ ഏഷ്യൻ വിപണികൾക്കും നിർണായകമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com