ADVERTISEMENT

ഏറെ നാളുകള്‍ക്ക് ശേഷം മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ ഓഹരികള്‍ക്കും ശാപമോക്ഷമാവുകയാണ്. തരക്കേടില്ലാത്ത പ്രകടനം കാഴ്ച വച്ച കാലഘട്ടത്തില്‍ പോലും നിക്ഷേപകർ അധികം ശ്രദ്ധിക്കാത്ത ഒരു സെക്ടറായി നില്‍ക്കുകയായിരുന്നു ഇത്. 

എച്ച്.ഡി.എഫ്.സി എം.എം.സി, നിപ്പണ്‍ എ.എം.സി (പഴയ റിലയന്‍സ് മ്യൂച്വല്‍ ഫണ്ട്), യു.ടി.ഐ എ.എം.സി, ആദിത്യ ബിർള സണ്‍ലൈഫ് എ.എം.സി എന്നിവയാണ് ഈ മേഖലയില്‍ നിന്ന് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍. ഇവയില്‍ പുതുമുഖങ്ങളായ കമ്പനികളില്ലെന്നതും ശ്രദ്ധേയം. 

തടസങ്ങളേറെ

അസറ്റ് മാനേജ്മെന്‍റ് കമ്പനികള്‍ (എ.എം.സി) എന്നറിയപ്പെടുന്ന ഈ വിഭാഗം കുറെക്കാലമായി ഉറക്കത്തിലായിരുന്നു. പ്രവർത്തനത്തിന് പലവിധത്തിലുള്ള നിയമകുരുക്കുകള്‍ വരുന്നതായിരുന്നു ഈ ഉറക്കത്തിന്‍റെ കാരണം. ലാഭക്ഷമത കുറഞ്ഞതും അഭൂതപൂർവ്വമായ വളർച്ച വരാത്തതുമൊക്കെ ഈ മേഖലയുടെ കുതിപ്പിന് തടസമായി. രാജ്യത്തെ ഡി.പി അക്കൗണ്ടുകളുടെ എണ്ണം 12 കോടിയിലേക്കെത്തിയെന്നതും മ്യൂച്വല്‍ ഫണ്ട് സഹി ഹെ എന്ന പരസ്യ ക്യാംപെയ്ന്‍ താഴെത്തട്ടിലേക്ക് വരെ എത്തിയതുമൊക്കെ ഈ മേഖലയ്ക്ക് ഇനി പ്രതീക്ഷ പകരുന്ന ഘടകങ്ങളാണ്. 

റെഗുലേറ്ററായ സെബിയുടെ പുതിയ മാർഗനിർദ്ദേശങ്ങളുടെ പിന്‍ബലത്തില്‍ ഈ സെക്ടറും അതിലെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളും പതിയെ താളം കണ്ടെത്തുകയാണ്. ടോറ്റല്‍ എക്സ്പെന്‍സ് റേഷ്യോ എന്ന ടി.ഇ.ആറിന്‍റെ കാര്യത്തില്‍ വ്യക്തത വന്നതും അത് ഇത്തരം കമ്പനികളുടെ ലാഭക്ഷമതയെ ഒരു പരിധിയില്‍ കൂടുതല്‍ ബാധിക്കില്ലെന്നതുമാണ് ഇപ്പോഴുള്ള നേട്ടത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

മാറ്റങ്ങൾ

മ്യൂച്വല്‍ ഫണ്ടുമായി ബന്ധപ്പെട്ട ചെലവുകളായ ട്രാന്‍സാക്ഷന്‍ ഫീസ്, ഫീസിനുള്ള ജി.എസ്.ടി, ട്രേഡിങ് ചെലവ്, സെക്യൂരിറ്റിസ് ട്രാന്‍സാക്ഷന്‍ ടാക്സ് എന്നിവ സംബന്ധിച്ചുള്ള സുപ്രധാനമായ മാർഗനിർദ്ദേശങ്ങളാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. അധികപക്ഷവും ഇത്തരം ചെലവുകള്‍ നിക്ഷേപകന്‍ വഹിച്ചുവരുന്ന സാഹചര്യം മാറിയിട്ട് എ.എം.സി, ഇന്‍റർമീഡിയറികളായ വിതരണക്കാർ, ബ്രോക്കിങ് കമ്പനി, റജിസ്ട്രാർ ആന്‍റ് ട്രാന്‍സ്ഫർ ഏജന്‍റ് (ആർ.ടി.എ) എന്നിവരിലേക്ക് വന്നു. അസറ്റ് മാനേജ്മെന്‍റ് കമ്പനിയുടെയും ചെലവുകളിലും വർധന ഉണ്ടാവും. പക്ഷേ, ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയെന്നതും പല ചെലവുകളും മുന്‍കൂട്ടി നിർണയിക്കാന്‍ കഴിയുമെന്നതും എ.എം.സികള്‍ക്ക് പ്രയോജനം ചെയ്യും.

വളർച്ചയുടെ നാളുകൾ

കുറെ നാളുകളായി നിലനിന്നിരുന്ന ഈ അനിശ്ചിതത്വം നീങ്ങിയതോടെ ഈ മേഖലയിലെ കമ്പനികള്‍ ആകർഷകമായ വാല്യുവേഷനിലാണെന്നാണ് ബ്രോക്കിങ് കമ്പനികളുടെ വിലയിരുത്തല്‍. മുന്‍നിര ബ്രോക്കിങ് കമ്പനികളെല്ലാം തന്നെ ഇതോടെ ഇത്തരം കമ്പനികളെ ബൈ റേറ്റിങിലേക്ക് കൊണ്ടുവന്നു. മ്യൂച്വല്‍ ഫണ്ടിന്‍റെ വ്യാപന സാധ്യതയും പുതിയ ഇടപാടുകാരുടെ വരവും കൂടി പരിഗണിക്കുമ്പോള്‍ വമ്പന്‍ വളർച്ചയാണ് ഈ സെക്ടർ ഇനിയങ്ങോട്ട് പ്രതീക്ഷിക്കുന്നത്. 

Rating

ലിസ്റ്റഡ് കമ്പനികള്‍ അധികം ഇല്ലെന്നതും ഈ സെക്ടറില്‍ നിക്ഷേപകസാന്നിധ്യം കൂട്ടാനിടയാക്കിയേക്കും. വലിയ ജനസംഖ്യയുള്ള, വളരുന്ന രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വരും വർഷങ്ങളില്‍ അപാരമായ വളർച്ചാ സാധ്യതയാണ് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്നത്. ഈ കമ്പനികളുടെ കീഴിലുള്ള ചില ഫണ്ടുകള്‍ മൊത്തം വിപണിയിലെ ടോപ് പെർഫോർമന്‍സില്‍ വന്നതും ഇത്തരം കമ്പനികള്‍ക്ക് നേട്ടമാവും. 

English Summary : Mutual Fund AMC Share Prices are Going Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com