ആർബിഐയുടെ നയപ്രഖ്യാപനത്തിന് മുന്നോടിയായിഒരു ഫ്ലാറ്റ് തുടക്കത്തിന് ശേഷം മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി ആർബിഐ ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം തിരിച്ചിറങ്ങി നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. അടിസ്ഥാന നിരക്കുകൾക്കൊപ്പം നിലവിലെ നയങ്ങൾ തുടരാനും ആർബിഐ തീരുമാനിച്ചു.
രാജ്യാന്തര സമ്മർദ്ദത്തിൽ നഷ്ടത്തിൽ ആരംഭിച്ച ഐടി, ഫാർമ സെക്ടറുകളുടെ നഷ്ട വ്യാപ്തി വർദ്ധിച്ചതും, ബാങ്കിങ് സെക്ടർ നേട്ടങ്ങൾ കൈവിട്ടതും ഇന്ത്യൻ വിപണിയുടെ നഷ്ടത്തിൽ കലാശിച്ചു. ഇന്നലെ സകല സെക്ടറുകളിലും മുന്നേറ്റം നേടി കരുത്ത് കാട്ടിയ ഇന്ത്യൻ വിപണിയിൽ ഇന്ന് മെറ്റൽ, എനർജി സെക്ടറുകൾക്ക് മാത്രമേ മുന്നേറ്റം തുടരാനായുള്ളൂ.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
റെക്കോർഡ് ഉയരത്തിനും 100 പോയിന്റ് അടുത്തെത്തിയ നിഫ്റ്റി ലാഭമെടുക്കലിൽ വീഴ്ച തുടർന്ന് 18600 പോയിന്റിൽ പിന്തുണ നേടി 18634 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 18600 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റിക്ക് ഇന്നത്തെ അമേരിക്കൻ വിപണി ചലനങ്ങൾ പ്രധാനമാണ്.
ബാങ്ക് നിഫ്റ്റി 44500 പോയിന്റ് കടക്കാനാകാതെ തിരിച്ചിറങ്ങി 43900 പോയിന്റിൽ പിന്തുണ നേടി. 43800 പോയിന്റിലെ പിന്തുണ നാളെ ബാങ്ക് നിഫ്റ്റിക്ക് നിർണായകമാണ്. കോട്ടക്ക് മഹിന്ദ്ര ബാങ്കിലെയും, ആക്സിസ് ബാങ്കിലെയും ലാഭമെടുക്കൽ ബാങ്ക് നിഫ്റ്റിയുടെ വീഴ്ചയിൽ നിർണായകമായി.
നിരക്കുയർത്താതെ ആർബിഐ
വിപണി പ്രതീക്ഷിച്ചത് പോലെ തന്നെ ആർബിഐ അടിസ്‌ഥാന നിരക്കുകളിലും, നയങ്ങളിലും മാറ്റമില്ലാതെ തുടർന്നെങ്കിലും വിപണിക്ക് പിന്തുണ നൽകുന്ന മറ്റ് ഘടകങ്ങളില്ലാതെ പോയതും, കഴിഞ്ഞ തവണത്തെ പ്രഖ്യാപനങ്ങളിൽ നിന്നും ജിഡിപി- പണപ്പെരുപ്പങ്ങളിലെ നേരിയ മാറ്റങ്ങളല്ലാതെ മറ്റ് മാറ്റങ്ങളൊന്നുമില്ലാതെ പോയതും വിപണിക്ക് നിരാശയായി.
ഇന്ത്യൻ ജിഡിപി നടപ്പ് സാമ്പത്തിക വർഷത്തിൽ 6.5%വും, നടപ്പ് പാദത്തിൽ 8%വും വളർച്ച നേടുമെന്നും, നടപ്പ് സാമ്പത്തിക വർഷത്തിൽ റീറ്റെയ്ൽ പണപ്പെരുപ്പം 5.1%വും നടപ്പ് പാദത്തിൽ 4.6%വും വളരുമെന്നും ആർബിഐ വിലയിരുത്തി.
അമേരിക്കൻ ജോബ് ഡേറ്റ
മികച്ച ജിഡിപി കണക്കുകൾക്കൊപ്പം നേടിയ മുന്നേറ്റം നിലനിർത്താനാകാതെ ജാപ്പനീസ് വിപണി വീണപ്പോൾ ചൈനീസ് വിപണി തിരിച്ചു വരവ് നടത്തിയത് ഏഷ്യൻ വിപണിക്ക് മിക്സഡ് ക്ളോസിങ് നൽകി. യൂറോപ്യൻ വിപണികളും പതിഞ്ഞ തുടക്കത്തിന് ശേഷം തിരിച്ചു വരവ് നടത്തുന്നതും പ്രതീക്ഷയാണ്. യൂറോ സോണിന്റെയും ആദ്യപാദ ജിഡിപി ലക്ഷ്യങ്ങൾ നേടാനായില്ല. നാളത്തെ ചൈനീസ് റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകളും വിപണിയെ സ്വാധീനിക്കും.
ബോണ്ട് യീൽഡ് & ഗോൾഡ്
ഫെഡ് നിരക്കുയർത്തൽ സാധ്യതയിൽ പ്രതീക്ഷ വെച്ച് അമേരിക്കൻ ബോണ്ട് യീൽഡ് 3.8%ലേക്ക് കയറിയത് നാസ്ഡാകിനെയും, രാജ്യാന്തര സ്വർണ വിലയേയും സ്വാധീനിക്കും. രാജ്യാന്തര സ്വർണ വില1960 ഡോളറിലാണ് തുടരുന്നത്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക