ADVERTISEMENT

ഇന്ത്യയിലെ കോർപ്പറേറ്റ് അതികായനാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. നിഫ്റ്റി 50ൽ ഏറ്റവുമധികം വെയ്റ്റേജുള്ള ഈ കമ്പനി അടുത്തിടയ്ക്ക് ഓഹരി വിഭജനത്തിനു വിധേയമായത് കോർപ്പറേറ്റ് രംഗത്തെ ചൂടുള്ള വാർത്തയായിരുന്നു. 

ഈ ഡിമെർജർ (വിഭജനം) ആകട്ടെ റിലയൻസ് ഓഹരിയുടമകളുടെ പൂർണ സമ്മതത്തോടെയാണ്. വിഭജനത്തിനുശേഷം റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്, ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന പേരിലാണറിയപ്പെടുന്നത്. മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് പെട്രോ കെമിക്കൽ, തുണി, ഊർജം, എണ്ണപര്യവേഷണം, ടെലികോം, റീടെയിൽ തുടങ്ങിയ മേഖലകളിലാണ് ഇനിയും കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്.  

ധനകാര്യ സേവനരംഗത്തെ വമ്പൻ

പ്രമുഖ അനലിസ്റ്റുകളും ധനകാര്യ വിദഗ്ധരും കരുതുന്നതു പുതിയ കമ്പനി ധനകാര്യരംഗത്തെ അഞ്ചാമത്തെ കമ്പനി എന്ന സ്ഥാനത്തിന് അർഹമാകുമെന്നാണ്. ധനകാര്യ സേവനരംഗത്തെ വമ്പന്മാരായ ബജാജ് ഫിനാ‍ൻസ്, പേടിഎം പോലുള്ളവരുമായിട്ടാണു കമ്പനി മത്സരിക്കേണ്ടി വരിക. നഷ്ടത്തിൽ പോയിരുന്ന അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് ക്യാപ്പിറ്റൽ ലിമിറ്റഡ് ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള തീരുമാനത്തിന്റെ അന്തിമഘട്ടത്തിലാണ്. ഒരുകാലത്ത് ഗ്രൂപ്പിലെ 3,000 രൂപയോളം ഓഹരിവിലയുള്ള കമ്പനിയായിരുന്നു ഇത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലായതോടെ വലിയ കടക്കെണിയിലായി. 

എല്ലാ അനലിസ്റ്റുകളെയും ധനകാര്യസ്ഥാപനങ്ങളെയും അതിശയിപ്പിച്ചുകൊണ്ടുള്ള ഒരു വിലയാണ് കമ്പനി വിഭജനത്തിൽക്കൂടി ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിനു നിശ്ചയിച്ചുകിട്ടിയത്. സ്റ്റോക് എക്സ്ചേഞ്ചുകളിലെ സ്പെഷൽ ട്രേഡിങ്ങിന് അവസാനം ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ വില 261.85 രൂപയായി നിജപ്പെടുത്തി.

ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരികൾ ലഭിക്കാൻ റിലയൻസ് ഓഹരിയുടമകൾക്കു നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം 1:1 എന്ന അനുപാതമാണ്. ജൂലൈ 20–ാം തീയതിവരെ കമ്പനിയുടെ റെക്കോർഡ് ബുക്കിൽ പേരുള്ളവർക്കെല്ലാം മുൻപറഞ്ഞ അനുപാതത്തിൽ പുതിയ ധനകാര്യകമ്പനിയുടെ ഓഹരികൾ ലഭിക്കും. പുതിയ കമ്പനിയുടെ ലിസ്റ്റിങ് ഒന്നോ രണ്ടോ മാസത്തിനുശേഷമേ നടക്കൂ. അതിനുശേഷമേ സ്റ്റോക് എക്സ്ചേഞ്ചുകളിൽ ഓഹരിവിൽപന ആരംഭിക്കുകയുള്ളൂ. കമ്പനിയുടെ വിഭജനത്തിനുവേണ്ടി 20–ാം തീയതി സ്റ്റോക് എക്സ്ചേഞ്ചുകളിൽ പ്രത്യേക (9 am to 9.45 am) ട്രേഡിങ് സെഷനുകൾ സംഘടിപ്പിച്ചിരുന്നു. 

കാലത്തിനൊത്ത തീരുമാനം

ജിയോ ഫിനാൻഷ്യൽ സർവീസസ് ഒരു പ്രത്യേക കമ്പനിയായി നിലനിർത്തേണ്ടത് റിലയൻസിന്റെ കാലത്തിനൊത്ത തീരുമാനമാണ്. എങ്കിൽ മാത്രമേ ഫിനാൻഷ്യൽ ഡിവിഷന് വളർച്ചയും വികസനവും ഉണ്ടാകുമെന്നു കരുതുന്നു. 

ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ധനകാര്യ സേവനരംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. കമ്പനിയുടെ ഒന്നാം പാദഫലം 414.3 കോടി മൊത്തവരുമാനത്തിൽ 331.92 കോടി രൂപയുടെ അറ്റാദായം നേടാനും കഴിഞ്ഞു. നിലവിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രവർത്തനഫലവും മാനേജ്മെന്റിന്റെ നിശ്ചയദാർഢ്യവും നോക്കുമ്പോൾ നല്ലൊരു വളർച്ചസാധ്യതയാണു നിക്ഷേപകർക്കു മുൻപിൽ തുറന്നിടുന്നത്. 

ജിയോ ഫിനാൻസ് സർവീസസ് ലിമിറ്റഡിന്റെ വില നിശ്ചയിക്കപ്പെട്ടതു ബുധനാഴ്ചത്തെ ക്ലോസിങ് വിലയായ 2841.85 ഉം വ്യാഴാഴ്ചത്തെ വിലയായ 2580 തമ്മിലുള്ള വ്യത്യാസമായ 261.85 രൂപയാണ്. 261.85 രൂപ പ്രകാരം പുതിയ കമ്പനിയുടെ ഓഹരി മൂലധനം കണക്കാക്കിയാൽ 1,66,000 കോടി രൂപ വരും. അല്ലെങ്കിൽ ഇരുപതു ബില്യൺ ഡോളർ. അനലിസ്റ്റുകളുടെ പ്രതീക്ഷയായ 160 രൂപ മുതൽ 190 രൂപ വരെയെന്ന വിലയിൽ നിന്നും ഉയർന്ന വിലയാണു ലഭിച്ചിരിക്കുന്നത്. വാല്യുവേഷന്റെ കാര്യത്തിൽ ഇന്ത്യയിലെ 32–ാമത്തെ ഉയർന്ന മൂല്യമുള്ള കമ്പനിയായിത്തീർന്നിരിക്കുകയാണ് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. 

ലേഖകൻ ഓഹരിവിപണിയിലും അധ്യാപന മേഖലയിലും പ്രവർത്തിക്കുന്നു

English Summary : Demerger of Jio Financial Services Limited and Investors Expectations

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com