ADVERTISEMENT

കഴിഞ്ഞ തിങ്കളാഴ്ച റിലയന്‍സില്‍ നിന്നും വിഭജിക്കപ്പെട്ട് ഓഹരിവിപണിയിലെത്തിയ ജിയോ ഫിനാന്‍ഷ്യല്‍ സർവീസസ് തുടർച്ചയായ ഇടിവുകള്‍ക്ക് ശേഷം വാരാന്ത്യട്രേഡിങ് ദിനമായ ഇന്ന് പച്ചതൊട്ടു. എന്‍.എസ്.ഇയില്‍ ഒരു രൂപ അഞ്ചു പൈസ വർധിച്ച് 214 രൂപ 50 പൈസയിലാണ് ജിയോ ക്ളോസ് ചെയ്തത്. ഇതിനിടെ സൂചികകളായ സെന്‍സെക്സ്, നിഫ്ടി എന്നിവയില്‍ നിന്ന് ജിയോയെ ഒഴിവാക്കേണ്ട അവസാനദിനം സെപ്റ്റംബർ ഒന്നായി പുനർനിശ്ചയിച്ചു. 

വാങ്ങാന്‍ ആവശ്യക്കാരില്ലാതെ തുടർച്ചയായി അഞ്ചു ശതമാനം വീതം ഫ്ളോറിങ് നേരിട്ട ജിയോ നിക്ഷേപകരെ അത്യാവശ്യം പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ഓപ്പണിങില്‍ ഇന്നു പരമാവധി കുറയാവുന്ന 202 രൂപ 80 പൈസയിലേക്ക് താഴ്ന്നുവെങ്കിലും ആദ്യ ഘട്ടത്തില്‍ വില്‍ക്കാനിട്ടിരുന്ന 12 കോടിയോളം ഓഹരിയും പത്തരമണിക്കുള്ളില്‍ തന്നെ വിറ്റുപോയി. ആറു കോടി 46 ലക്ഷം ഓഹരികളില്‍ ബള്‍ക്ക് ഡീല്‍ വന്നതോടെ തന്നെ ഓഹരി തിരിച്ചു കയറുമെന്ന സൂചനയായി.  അധികം താമസിയാതെ ഫ്ളോറിങ് എന്ന അവസ്ഥയില്‍ നിന്നും ജിയോ കരകയറി. പിന്നീട് ഇന്ന് ഉയർന്നു പോകാവുന്ന പരമാവധി നിലവാരമായ 224 രൂപയുടെ പരിസരത്തേക്ക് ഓഹരിയെത്തി. 28 കോടി പത്തുലക്ഷം ഓഹരികളുടെ ക്രയവിക്രയമാണ് ഇന്നാകെ നടന്നത്.

എന്താണ് ജിയോയുടെ ഇടിവിന് കാരണം?

നിക്ഷേപകർ ഭയപ്പെടുന്നപോലെയുള്ള കാരണങ്ങള്‍ കൊണ്ടൊന്നുമല്ല ഈ ഓഹരി തുടർച്ചയായി വീണതെന്നതാണ് യാഥാർത്ഥ്യം.  ഓഹരിയുടെ അടിസ്ഥാനഘടകങ്ങളുടെ പ്രശ്നമോ എന്തെങ്കിലും നെഗറ്റിവ് വാർത്തയോ ഒന്നുമായിരുന്നില്ല വീഴ്ചക്ക് പിന്നില്‍. തികച്ചും സാങ്കേതികമായ കാരണങ്ങള്‍ കൊണ്ടാണ് ഇതു സംഭവിച്ചതെന്നാണ് അനുമാനിക്കേണ്ടത്. അതായത് സൂചികകളായ സെന്‍സെക്സിലും നിഫ്ടിയിലുമുള്ള ജിയോ അവയില്‍ നിന്നും സ്വാഭാവികമായി ഒഴിവാക്കപ്പെടും. റിലയന്‍സ് ഇരു സൂചികകളിലും ഉള്ളതിനാല്‍ അതില്‍ നിന്ന് വേർപ്പെട്ട് വരുന്ന ഘടകമെന്ന നിലയ്ക്ക് നിയമപരമായി ആദ്യ ദിനങ്ങളില്‍ മാത്രമേ ജിയോ സെന്‍സെക്സിലും നിഫ്ടിയിലും ഉണ്ടാവാന്‍ പാടുള്ളു. 

അതുകൊണ്ട് തന്നെ സെന്‍സെക്സിലും നിഫ്ടിയിലും മാത്രം അടങ്ങിയിരിക്കുന്ന സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, ഇന്‍ഡക്സ് ഫണ്ടുകള്‍ എന്നിവയെ സംബന്ധിച്ച് നിർബന്ധമായും ജിയോ വിറ്റുമാറേണ്ട സാഹചര്യമുണ്ടായി. ഇത്തരം ഫണ്ടുകളുടെ കൈവശം ഏകദേശം പതിനാലരക്കോടി ജിയോ ഓഹരികളുണ്ടായിരുന്നു. 

സ്വാഭാവികമായും ഈ ഫണ്ടുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജിയോ ഓഹരി വില്‍ക്കാനിട്ടിരുന്നുവെന്നാണ് കരുതേണ്ടത്. ഇത്രയും വലിയ അളവ് ഓഹരി പ്രതിദിനം വിപണിയിലേക്ക് വരുന്ന ഫോഴ്സ്ഡ് സെല്ലിങാവണം ജിയോ ഇടിയാനുണ്ടായ പ്രധാന കാരണം. ഇന്നത്തെ ഉയർന്ന വോളിയത്തില്‍ നടന്ന ഇടപാടുകളില്‍ നിന്നും ഫണ്ടുകളുടെ നിർബന്ധിത വില്‍പ്പനക്ക് അറുതായിയെന്ന നിഗമനമെടുക്കാം. 

വരുന്ന തിങ്കളാഴ്ച നടക്കാനിരിക്കുന്ന റിലയന്‍സ് വാർഷിക പൊതുയോഗത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സംബന്ധിച്ച പ്രഖ്യാപനം, പത്തു ദിവസം നീളുന്ന ട്രേഡ് ടു ട്രേഡ് വിഭാഗത്തില്‍ നിന്ന് സാധാരണ ഓഹരി ക്രയവിക്രയ രീതിയിലേക്കുള്ള മാറല്‍ ഇതെല്ലാമാണ് ഇനി ജിയോയില്‍ നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. ലിസ്റ്റ് ചെയ്യുന്നതിനു മുന്‍പുള്ള പ്രൈസ് ഡിസ്കവറി മെക്കാനിസമനുസരിച്ചുള്ള വില 261 രൂപ 85 പൈസയായിരുന്നു. 

English Summary : Jio Financial Services came in Greenzone today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT