ജിയോ വീണ്ടും ലിസ്റ്റിങ് വിലയുടെ മുകളില്‍

Mail This Article
അയ്യേ, പറ്റിച്ചേ എന്ന നിലയിലേക്കാണ് ജിയോ ഫിനാന്‍ഷ്യല്‍ സർവീസസ് ചില നിക്ഷേപകരെ തള്ളിവിട്ടത്. 202 രൂപ വരെ താഴെപ്പോയ ഓഹരിവില നിലവില്‍ 250 ഉം കടന്ന് 259നും മുകളിലേക്ക് തിരികെയെത്തിയതോടെയാണിത്.
ലിസ്റ്റ് ചെയ്ത ദിവസം മുതല്‍ തുടർച്ചയായി ഓഹരി വീണപ്പോള്‍ ബ്രോക്കിങ് ഹൗസുകളിലേക്ക് ആശങ്കയോടെ ധാരാളം വിളികളെത്തി. ആദ്യ ദിവസം തന്നെ വാങ്ങിയവരാണ് അധികവും വിളിച്ചത്.
അനുമാനങ്ങളേറെ
സെന്‍സെക്സ്, നിഫ്ടി സൂചികകളില്‍ നിന്നു നിയമപരമായി ജിയോ പുറത്തേക്ക് പോവേണ്ടതിനാല്‍ റിലയന്‍സ് വിഭജിച്ച് കൈവശം വന്ന ജിയോ ഓഹരികള്‍ ഇന്‍ഡക്സ് ഫണ്ടുകള്‍ക്ക് വിറ്റുമാറേണ്ടി വന്നു. ഇങ്ങനെ 14 കോടി ജിയോ ഓഹരികളുണ്ടായിരുന്നു. ഈ ഓഹരികളെല്ലാം ഓരോ ദിവസവും വില്‍ക്കാനിടേണ്ടി വരുന്നതാണ് ജിയോ ആദ്യ ഘട്ടത്തില്‍ ഇടിയാനുണ്ടായ കാരണമെന്ന് ഈ മേഖലയിലുള്ളവർ പറഞ്ഞിട്ടൊന്നും ആദ്യം ചാടി വാങ്ങിയ നിക്ഷേപകർക്ക് സ്വീകാര്യമായില്ല.
മറ്റു ചില നിക്ഷേപകർ ഓഹരി 200 രൂപയില്‍ താഴെയെത്തുമെന്നും പതിയെ മാത്രമെ തിരിച്ചുകയറൂവെന്നുമൊക്കെ അനുമാനിച്ചതായും ബ്രോക്കിങ് രംഗത്തുള്ളവർ പറയുന്നു. എന്നാല്‍, ഇന്‍ഡക്സ് ഫണ്ടുകളുടെ വില്‍പ്പന കഴിഞ്ഞതോടെ നിക്ഷേപതാല്‍പര്യം ശക്തമായി തിരിച്ചുവന്നുവെന്നതാണ് യാഥാർത്ഥ്യം.
∙ഇതിനിടെ ജിയോയുടെ സർക്യൂട്ട് 20 ശതമാനമാക്കി ഉയർത്തിയത് ഓഹരിക്ക് വലിയൊരു പോസിറ്റിവായി. ഇത് തിങ്കളാഴ്ച നിലവില്‍ വന്നു. ഒരു ദിവസം ഒരു ഓഹരിക്ക് പരമാവധി ഉയരാനും താഴാനുമുള്ള വില നിർണയിക്കുന്നതിനാണ് എക്സ്ചേഞ്ചുകള്‍ സർക്യൂട്ട് ഫില്‍ട്ടർ മെക്കാനിസം ഉപയോഗിക്കുന്നത്. ജിയോയുടെത് ഇതു വരെ അഞ്ചു ശതമാനമായിരുന്നു.
∙ഇതുവരെ ട്രേഡ് ടു ട്രേഡ് വിഭാഗത്തിലായിരുന്ന ജിയോ ഓഹരി അടുത്തയാഴ്ച മുതല്‍ അതിന് വെളിയിലേക്ക് വരും. ട്രേഡ് ടു ട്രേഡില്‍ ഒരു ഓഹരി വാങ്ങി അന്നു തന്നെ വില്‍ക്കാന്‍ കഴിയില്ല. ഇതില്‍ നിന്നു പുറത്തു വരുന്നതും ജിയോക്ക് അനുകൂലമായ ഘടകമാണ്.
വെള്ളിയാഴ്ചത്തെ ക്ളോസിങ് നിലവാരത്തില്‍ നിന്നും എട്ടു രൂപ 30 പൈസ ഉയർന്ന് 253 രൂപ 45 പൈസയിലാണ് തിങ്കളാഴ്ച എന്‍.എസ്.ഇയില്‍ ജിയോ ക്ളോസ് ചെയ്തത്. ഇപ്പോൾ (11.15 am) 259 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
English Summary : Jio Financial Services Share Price Going Up