ADVERTISEMENT

ഓഹരി വിപണി മികച്ച പ്രകടനം കാഴ്‌ച വെക്കുന്നതിന്‌ സമാന്തരമായി തുടര്‍ച്ചയായി എത്തുന്ന ഐപിഒകള്‍ നിക്ഷേപകര്‍ക്ക്‌ മികച്ച ലിസ്റ്റിങ് നേട്ടം നല്‍കുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌. 2021ല്‍ ദൃശ്യമായതിന്‌ സമാനമായ ഐപിഒ ആരവമാണ്‌ ഇപ്പോള്‍ കാണുന്നത്‌.

പോയ വാരം മാത്രം മൂന്ന്‌ ഐപിഒകളാണ്‌ വിപണിയിലെത്തിയത്‌. രത്‌നവീര്‍ പ്രിസിഷന്‍ എന്‍ജിനീയറിങ്, ജൂപ്പിറ്റര്‍ ലൈഫ്‌ ലൈന്‍ ഹോസ്‌പിറ്റല്‍സ്‌, ഇഎംഎസ്‌ ലിമിറ്റഡ്‌ എന്നീ മൂന്ന്‌ കമ്പനികള്‍ മൊത്തം 1355 കോടി രൂപയാണ്‌ പ്രാഥമിക വിപണിയിലെ ഓഹരി വില്‍പ്പന വഴി സമാഹരിക്കുന്നത്‌. 35 ശതമാനം മുതല്‍ 60 ശതമാനം വരെയായിരുന്നു ഈ ഐപിഒകളുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം.

ലിസ്റ്റിങ് നേട്ടം പ്രധാനം

ഐപിഒകള്‍ക്ക്‌ നല്ലൊരു ശതമാനം നിക്ഷേപകരും അപേക്ഷിക്കുന്നത്‌ ലിസ്റ്റിങ് നേട്ടം ലക്ഷ്യമാക്കിയാണ്‌. ദ്വിതീയ വിപണി മികച്ച പ്രകടനം കാഴ്‌ച വെക്കുമ്പോള്‍ ഇടത്തരം നിലവാരമുള്ള കമ്പനികളുടെ ഐപിഒകള്‍ക്ക്‌ പോലും സജീവമായ പ്രതികരണം നിക്ഷേപകരുടെ ഭാഗത്തു നിന്ന്‌ ലഭിക്കുകയും അവ മികച്ച ലിസ്റ്റിങ് നേട്ടം നിക്ഷേപകര്‍ക്ക്‌ സമ്മാനിക്കുകയും ചെയ്യാറുണ്ട്‌. ഏതാനും മാസങ്ങളായി ഐപിഒ വിപണിയില്‍ കാണുന്നത്‌ ഈയൊരു പ്രവണതയാണ്‌.

ഒരാഴ്‌ച തന്നെ മൂന്ന്‌ ഐപിഒകള്‍ ഒന്നിനു പിറകെ ഒന്നായി എത്തുകയും അവ 35 ശതമാനം മുതല്‍ 60 ശതമാനം വരെ പ്രീമിയത്തോടെ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്ും ഐപിഒ വിപണിക്ക്‌ ചൂടേറുന്നതിന്റെ സൂചനയാണ്‌.

ലിസ്റ്റിങ് വേഗത്തിൽ

ഐപിഒ നടപടികള്‍ കുറെക്കൂടി വേഗത്തിലാക്കാന്‍ സെബി ഇടപെടല്‍ നടത്തിയിട്ടുണ്ട്‌. ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷന്‍ അവസാനിച്ചതിനു ശേഷം മൂന്നാമത്തെ ദിവസം ലിസ്റ്റ്‌ ചെയ്യണമെന്നാണ്‌ സെബിയുടെ നിര്‍ദേശം. സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ ഈ വ്യവസ്ഥ നിലവില്‍ വന്നു. നേരത്തെ സബ്‌സ്‌ക്രിപ്‌ഷന്‍ അവസാനിച്ചതിനു ശേഷം ആറാമത്തെ ദിവസമാണ്‌ ലിസ്റ്റ്‌ ചെയ്‌തിരുന്നത്‌. പുതിയ രീതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക്‌ പണം തിരികെ ലഭിക്കുന്നതിനും അത്‌ പുതിയ ഐപിഒകള്‍ക്ക്‌ അപേക്ഷിക്കുന്നതിന്‌ വിനിയോഗിക്കുന്നതിനും സഹായകമാകും.

രത്‌നവീര്‍ പ്രിസിഷന്‍ എന്‍ജിനീയറിങ് തിങ്കളാഴ്ച വിപണിയിൽ ലിസ്റ്റ് ചെയ്ത് ഇത്തരത്തില്‍ അതിവേഗം ലിസ്റ്റ്‌ ചെയ്യുന്ന ആദ്യത്തെ ഓഹരിയായി. സെപ്‌റ്റംബര്‍ ആറിന്‌ സബ്‌സ്‌ക്രിപ്‌ഷന്‍ ക്ലോസ്‌ ചെയ്‌ത ഈ ഐപിഒയ്ക്ക്‌ അപേക്ഷിച്ചവരില്‍ അര്‍ഹരായവര്‍ക്ക്‌ സെപ്‌റ്റംബര്‍ എട്ടിന്‌ തന്നെ ഓഹരികള്‍ അലോട്ട്‌ ചെയ്യുകയും ലഭിക്കാത്തവര്‍ക്ക്‌ പണം തിരികെ നല്‍കുകയും ചെയ്‌തിരുന്നു. 

∙ദീര്‍ഘകാല നിക്ഷേപകര്‍ക്ക്‌ കണ്ണടച്ച്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്ന ഐപിഒകള്‍ വിപണിയില്‍ വിരളമാണ്‌.

∙അതേ സമയം ഹ്രസ്വകാലാടിസ്ഥാനത്തില്‍ ലഭ്യമാകുന്ന ലിസ്റ്റിങ് നേട്ടം ലക്ഷ്യമാക്കുന്നവര്‍ക്ക്‌ ഇത്തരം ഐപിഒകള്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നതാണ്‌.

∙പ്രധാനമായും ഗ്രേ മാര്‍റ്റില്‍ ഉയര്‍ന്ന പ്രീമിയം ലഭ്യമാണോയെന്നതും സബ്‌സ്‌ക്രിപ്‌ഷന്‍ എത്ര മടങ്ങ്‌ നടന്നുവെന്നതുമാണ്‌ ഒരു ഐപിഒ മികച്ച ലിസ്റ്റിങ് നേട്ടം നല്‍കാനുള്ള സാധ്യത മനസിലാക്കാനുള്ള മാനദണ്‌ഡങ്ങള്‍.

∙ഈയിടെ മികച്ച ലിസ്റ്റിങ് നേട്ടം നല്‍കിയ ഐപിഒകളെല്ലാം മികച്ച രീതിയില്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടതും ഉയര്‍ന്ന ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ലഭിച്ചതുമായിരുന്നു.

∙അതേ സമയം വിപണിയിലെ ബുള്ളിഷ്‌ പ്രവണതയില്‍ എന്തെങ്കിലും മാറ്റം വരികയാണെങ്കില്‍ ഗ്രേ മാര്‍ക്കറ്റിലെ പ്രീമിയം ലിസ്റ്റിങ് നേട്ടമാകണമെന്നില്ല. ഇക്കാര്യം നിക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്‌.

ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷന്‍ തോത്‌ കൂടുമ്പോള്‍ നിക്ഷേപകര്‍ക്ക്‌ ഓഹരികള്‍ അനുവദിച്ചുകിട്ടാനുള്ള സാധ്യത കുറയും. അതുപോലെ 15,000 രൂപ വരെ മൂല്യമുള്ള ഓഹരികള്‍ മാത്രമേ ചെറുകിട നിക്ഷേപകര്‍ക്ക്‌ ലഭിക്കാന്‍ സാധ്യതയുള്ളൂ. അതിനാല്‍ ഐപിഒകളില്‍ നിന്ന്‌ ലഭിക്കുന്ന നേട്ടം പരിമിതമായിരിക്കും. മികച്ച ഐപിഒകളില്‍ നിക്ഷേപിക്കുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ എഡില്‍വിസ് മ്യൂച്വല്‍ ഫണ്ടിന്റെ ഐപിഒ ഓപ്പണര്‍ച്ചുണിറ്റീസ്‌ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്‌. വിപണിയില്‍ താരതമ്യേന പുതിയ മേഖലകളിലെ മികച്ച കമ്പനികളുടെ ഐപിഒകള്‍ കണ്ടെത്തി നിക്ഷേപിക്കുന്ന ഈ ഫണ്ട്‌ പ്രാഥമിക വിപണിയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യമായ ഒരു നിക്ഷേപ മാര്‍ഗമാണ്‌.

English Summary : IPOs are Gaining Attraction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com