ADVERTISEMENT

പുതിയ റെക്കോഡുകള്‍ കുറിച്ചാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍ വെള്ളിയാഴ്ച്ച (സെപ്റ്റംബര്‍ 15) വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സൂചികയായ സെന്‍സക്‌സ് 320 പോയിന്റ് ഉയര്‍ന്ന് 67,839 ലെവലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായി 11ാം സെഷനിലും കുതിപ്പ് രേഖപ്പെടുത്താന്‍ സെന്‍സക്‌സിന് സാധിച്ചു. 2007ന് ശേഷം ആദ്യമായാണിത്. അതേസമയം 89 പോയിന്റുകള്‍ ഉയര്‍ന്ന് 20192ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ഒരു വേളയില്‍ 20,200 ലെവല്‍ താണ്ടാനും നിഫ്റ്റിക്ക് സാധിച്ചു. ഓട്ടോ, ബാങ്കിങ്, ധനകാര്യ, ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. 

ലിസ്റ്റിങ് തരും നേട്ടം, ഐപിഒ വിപണിക്ക് ചൂടേറുന്നു: നിക്ഷേപകർ എന്തുചെയ്യണം? Read more...

എംആന്‍ഡ്എം, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, സ്‌ട്രൈഡസ് ഫാര്‍മ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളെല്ലാം കുതിപ്പ് രേഖപ്പെടുത്തി. 20,000ത്തിന് മുകളില്‍ നിലനില്‍ക്കാന്‍ നിഫ്റ്റിക്ക് സാധിക്കുന്നത് വിപണിയുടെ പുതിയ വളര്‍ച്ചാദിശയാണ് കാണിക്കുന്നതെന്ന് ഓഹരി വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. സെപ്റ്റംബര്‍ 11നായിരുന്നു നിഫ്റ്റി ആദ്യമായി 20,000 പോയിന്റ് താണ്ടി റെക്കോഡിട്ടത്. കഴിഞ്ഞ ആറ് മാസത്തിനിടെ 13 ശതമാനം വര്‍ധനയാണ് എന്‍എസ്ഇ നിഫ്റ്റി രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഓഹരിവിപണിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

സൂചികകളുടെ കുതിപ്പ്

ദിനംപ്രതിയുള്ള വ്യതിയാനങ്ങള്‍ക്കപ്പുറം മികച്ച കുതിപ്പാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍ അടുത്ത കാലങ്ങളിലായി നടത്തുന്നത്. ഈ വര്‍ഷം തുടങ്ങിയ ശേഷം നിഫിറ്റിയിലുണ്ടായത് 10 ശതമാനം വര്‍ധനയാണ്. ഇടത്തരം കമ്പനികളുടെ വളര്‍ച്ച പ്രതിഫലിപ്പിക്കുന്ന ബിഎസ്ഇ മിഡ്കാപ് സൂചിക 26 ശതമാനവും സ്മാള്‍ കാപ് സൂചിക 27 ശതമാനവും വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക 8.95 ശതമാനവും ഐടി സൂചിക 9.87 ശതമാനവും ഉയര്‍ന്നു. ഓട്ടോ മേഖലയിലെ കുതിപ്പാകട്ടെ 26.86 ശതമാനം വരും. 

ഭാവിയെന്ത്?

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണികള്‍ കുതിപ്പ് തുടരുമെന്നാണ് വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഓഹരി വിദഗ്ധര്‍ പറയുന്നത്. ആഗോളതലത്തില്‍ സാമ്പത്തിക രംഗം വലിയ തിരിച്ചടികള്‍ നേരിടുകയാണ്. ബാങ്കിങ് മേഖലയിലെ അസ്ഥിരതയും പണപ്പെരുപ്പവും റഷ്യ-യുക്രൈന്‍ സംഘര്‍ഷങ്ങളുമെല്ലാം ആഗോള വിപണിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള സാമ്പത്തിക വളര്‍ച്ച 2022ലെ 3.4 ശതമാനത്തില്‍ നിന്ന് 2023ല്‍ 2.8 ശതമാനമായി കുറയുമെന്നാണ് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) അടുത്തിടെ പുറത്തുവിട്ട പഠനത്തില്‍ പറയുന്നത്. 

ഇന്ത്യയില്‍ പ്രതീക്ഷ

അതേസമയം 2024 സാമ്പത്തിക വര്‍ഷത്തില്‍ 6-6.5 ശതമാനമാകും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെന്നാണ് കരുതപ്പെടുന്നത്. അടുത്ത പതിറ്റാണ്ടില്‍ ഇന്ത്യയുടെ വളര്‍ച്ച 5 ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയിലാണെന്ന് വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ തന്നെ ചുരുങ്ങിയത് അടുത്ത 10 വര്‍ഷത്തേക്കെങ്കിലും ഇന്ത്യ മികച്ച നിക്ഷേപ ലക്ഷ്യസ്ഥാനമായി തുടരുമെന്ന് വേണം കരുതാന്‍. 

ഭരണസ്ഥിരത, ചലനാത്മകമായ സാമ്പത്തിക വളര്‍ച്ച, രാജ്യത്ത് നടപ്പായിക്കൊണ്ടിരിക്കുന്ന ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, ബാങ്കിങ്, ധനകാര്യ സേവനങ്ങളുടെ വളര്‍ച്ച, സംശുദ്ധ ഊര്‍ജത്തിലേക്കുള്ള പരിവര്‍ത്തനം, ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം, ഉല്‍പ്പാദന മേഖലയിലെ കുതിപ്പ്, ഉല്‍പ്പാദന അനുബന്ധ ആനുകൂല്യ പദ്ധതി (പിഎല്‍ഐ) പോലുള്ള സ്‌കീമുകള്‍ എന്നിവ ഇന്ത്യയുടെ സമഗ്ര വളര്‍ച്ചയ്ക്കും ഓഹരി വിപണിയുടെ കുതിപ്പിനും ആക്കംകൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ട്രില്യണ്‍ ഡോളറില്‍ നിന്ന് 5 ട്രില്യണ്‍ ഡോളറിലേക്കുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ യാത്രയില്‍ വിപണി പുതിയ നാഴികക്കലുകള്‍ പിന്നിടുമെന്ന് ത കരുതാം.

English Summary : Indian Share Market is Going Up

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT