നിഫ്റ്റി @ 20200:ഇന്ത്യൻ വിപണിയുടെ റെക്കോർഡ് കുതിപ്പ് തുടരുമോ?

Mail This Article
റെക്കോർഡുകൾ മറികടന്ന് കുതിപ്പ് തുടർന്ന ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ച ഒന്നര ശതമാനം മുന്നേറ്റത്തോടെ ലോകത്തെ ഏറ്റവും നേട്ടമുണ്ടാക്കിയ വിപണികളിലൊന്നായി മാറി. ചില യൂറോപ്യൻ വിപണികളും, ജാപ്പനീസ്-കൊറിയൻ വിപണികളും കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കിയിരുന്നു. മുൻ നിര ഇന്ത്യൻ ബാങ്കുകളുടെയും, ഐടി ഭീമന്മാരുടെയും മുന്നേറ്റമാണ് ഇന്ത്യൻ വിപണിക്ക് അനുകൂലമായത്.
നിഫ്റ്റി 20222 പോയിന്റെന്ന റെക്കോർഡ് ഉയരം കുറിച്ച ശേഷം 20192 പോയിന്റിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 20100 പോയിന്റിലും 20000 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ പിന്തുണകൾ. വളരെ നിർണായകമായ 20230 പോയിന്റ് കടന്നാൽ 20280 പോയിന്റിലും നിഫ്റ്റി റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച വിനായക ചതുർത്ഥി അവധി ആഘോഷിക്കുന്ന ഇന്ത്യൻ വിപണിയിൽ അമേരിക്കൻ ഫെഡ് പേടി കാരണം തിരുത്തലിനുള്ള സാധ്യത ഇന്ത്യൻ വിപണിയിൽ അവസരമാണ്.
ഈ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കിൽ സെപ്റ്റംബർ 30ന് ഇവ മരവിപ്പിക്കും Read more...
ഇന്ത്യൻ പണപ്പെരുപ്പം
ജൂലൈ മാസത്തിൽ കഴിഞ്ഞ 15 മാസത്തെ ഉയർന്ന നിരക്കായ 7.44% കുറിച്ച ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിൽ വിപണി അനുമാനമായിരുന്ന .7%ലും താഴെ 6.83% മാത്രം വളർച്ച കുറിച്ചത് വിപണിക്ക് അനുകൂലമായി. എന്നാൽ ജൂലൈയിൽ -1.36% ആയിരുന്ന ഇന്ത്യയുടെ മൊത്തവിലക്കയറ്റവളർച്ച ഓഗസ്റ്റിൽ -0.52%ലേക്ക് ഉയർന്നു. ജൂലൈയിൽ 14.25% ആയിരുന്ന ഇന്ത്യയുടെ ഭക്ഷ്യ വിലക്കയറ്റവർദ്ധന 10.60%ലേക്ക് ക്രമപ്പെട്ടത് അനുകൂലമായപ്പോൾ നെഗറ്റീവ് സോണിൽ തന്നെ തുടരുന്ന മാനുഫാക്ച്ചറിങ് ഉത്പന്നവിലക്കയറ്റം വർദ്ധന നേടിയിരുന്നു.
ഇന്ത്യയുടെ വ്യവസായികോല്പാദനവും ജൂലൈ മാസത്തിൽ വിപണി പ്രതീക്ഷ മറികടന്ന് 5.7% എന്ന മികച്ച വളർച്ച കുറിച്ചതും വിപണിക്ക് അനുകൂലമായി. ജൂണിൽ 3.7% മാത്രം വളർച്ച കുറിച്ച ഇന്ത്യയുടെ വ്യാവസായികവളർച്ച ജൂലൈ മാസത്തിൽ 4.8% വളർന്നിട്ടുണ്ടാകാമെന്നായിരുന്നു വിപണി അനുമാനം.
വ്യാപാരകമ്മി വളരുന്നു
ഓഗസ്റ്റിൽ ഇന്ത്യയുടെ കയറ്റുമതി 34.48 ബില്യൺ അമേരിക്കൻ ഡോളറായി ഉയർന്നപ്പോൾ ഇറക്കുമതിയും 58.64 ബില്യൺ ഡോളറിലേക്ക് ഉയർന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി വീണ്ടും ഉയർത്തി. ജൂലൈയിൽ 20.67 ബില്യൺ ഡോളറായിരുന്ന ഇന്ത്യയുടെ വ്യാപാരക്കമ്മി ഓഗസ്റ്റിൽ 24.16 ബില്യൺ ഡോളറായി വർദ്ധിച്ചു.
ഫെഡ് തീരുമാനങ്ങൾ ബുധനാഴ്ച

ഓഗസ്റ്റിൽ അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ച വിപണിയുടെ അനുമാനത്തിനൊപ്പം 3.7% മാത്രം വളർച്ച കുറിച്ചത് ലോക വിപണിക്ക് തന്നെ ആശ്വാസമായി. ജൂൺ മാസത്തിൽ 3%വും, ജൂലൈ മാസത്തിൽ 3.2%വും ആയിരുന്നു അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പ വളർച്ച. ജൂലൈയിൽ 4.7% വളർച്ച കുറിച്ച കോർ സിപിഐയും ഓഗസ്റ്റിൽ വിപണിയുടെ അനുമാനത്തിനൊപ്പം 4.3% മാത്രം വളർന്നതും വിപണിക്ക് അനുകൂലമായി. എന്നാൽ അടുത്ത വാരത്തിൽ ഫെഡ് യോഗം നടക്കാനിരിക്കെ വെള്ളിയാഴ്ച വീണ്ടും വില്പന സമ്മർദ്ധം പിടിമുറുക്കിയതിനെ തുടർന്ന് അമേരിക്കൻ വിപണി കഴിഞ്ഞ ആഴ്ചയിലെ നേട്ടങ്ങളെല്ലാം നഷ്ടമാക്കി. വെള്ളിയാഴ്ച നാസ്ഡാക് 1.56%വും, എസ്&പി 1.22%വും നഷ്ടം കുറിച്ചു.
അമേരിക്കൻ ഫെഡ് റിസർവിന്റെ യോഗം അടുത്ത ആഴ്ചയിൽ നടക്കാനിരിക്കുന്നത് വിപണിയിൽ കൂടുതൽ ചാഞ്ചാട്ടങ്ങൾക്ക് കാരണമായേക്കാം. സെപ്റ്റംബർ 19,20 തീയതികളിലാണ് ഫെഡ് റിസേർവിന്റെ അടുത്ത നയാവലോകനയോഗം നടക്കുക. ഫെഡ് റിസർവ് ഇത്തവണ നിരക്ക് വർദ്ധന നടത്തിയേക്കില്ല എന്നും നവംബർ ഒന്നിനാകും ഫെഡ് അടുത്ത നിരക്ക് വർധന നടത്തുക എന്നുമാണ് വിപണിയുടെ അനുമാനം. എങ്കിലും ഇത്തവണ ഫെഡ് നിരക്ക് വർദ്ധന നടത്തിയാൽ അതോടെ ഒന്നര വർഷം നീണ്ട നിരക്ക് വർദ്ധനക്ക് വിരാമമാകുമെന്ന നിലയിൽ വിപണി മുന്നേറ്റം തുടർന്നേക്കാം. ക്രൂഡ് ഓയിൽ വില മുന്നേറ്റവും ഫെഡ് തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെന്നും വിപണി ഭയക്കുന്നു.
രാജ്യാന്തര വിപണിയിൽ അടുത്ത ആഴ്ച
അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ തന്നെയാകും അടുത്ത ആഴ്ചയിൽ ലോക വിപണിയുടെ ഗതി നിർണയിക്കുക. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലെൻഡിങ് നിരക്ക് തീരുമാനങ്ങളും ബുധനാഴ്ച നടക്കുന്നത് വിപണിക്ക് പ്രധാനമാണ്. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതിയ പലിശ നിരക്കുകൾ പ്രഖ്യാപിക്കുമ്പോൾ വെള്ളിയാഴ്ച ബാങ്ക് ഓഫ് ജപ്പാനും പുതിയ നിരക്കുകളും, നയവ്യതിയാനങ്ങളും പ്രഖ്യാപിക്കുന്നത് വിപണിയെ സംഭവ ബഹുലമാക്കിയേക്കാം.
∙വെള്ളിയാഴ്ചയാണ് ജർമനിയും, ഫ്രാൻസും, ബ്രിട്ടനും അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ പ്രഖ്യാപിക്കുക.
∙ചൊവ്വാഴ്ച വരാനിരിക്കുന്നയൂറോ സോൺ പണപ്പെരുപ്പവും, ബുധനാഴ്ച വരാനിരിക്കുന്ന ബ്രിട്ടീഷ് പണപ്പെരുപ്പ കണക്കുകളും യൂറോപ്യൻ വിപണിയെ സ്വാധീനിച്ചേക്കാം.
∙വെള്ളിയാഴ്ചയാണ് ജപ്പാന്റെ പണപ്പെരുപ്പകണക്കുകളും, പിഎംഐ ഡേറ്റയും പുറത്ത് വരിക.
ഓഹരികളും സെക്ടറുകളും

∙മുൻനിര ബാങ്കിങ്, ഐടി ഓഹരികളിലെ ബ്രേക്ക് ഔട്ടുകളാകും അടുത്ത ആഴ്ചയിലും ഇന്ത്യൻ വിപണിയുടെ മുന്നേറ്റം തീരുമാനിക്കുക. ഫെഡ് നിരക്ക് വർദ്ധന ഭയത്തിൽ നാസ്ഡാകിലുണ്ടാകുന്ന സമ്മർദ്ദങ്ങൾ ഇന്ത്യൻ ഐടി സെക്ടറിലും പുതിയ നിക്ഷേപ അവസരം തുറന്നേക്കാം.
∙ഇൻഫോസിസ് & ടിസിഎസ് ഓഹരികൾക്കൊപ്പം ആക്സിസ് ബാങ്കും, ഐസിഐസിഐ ബാങ്കും, എസ്ബിഐയും ബ്രേക്ക് ഔട്ട് നിലകളിൽ നിലയുറപ്പിച്ചിരിക്കുന്നത് ഇന്ത്യൻ വിപണിക്ക് അടുത്ത ആഴ്ച നിർണായകമാണ്.
∙ഒക്ടോബർ പന്ത്രണ്ടിന് രണ്ടാംപാദ റിസൾട്ട് പുറത്ത് വരുന്ന ഇൻഫോസിസിന്റെ വിലയിലെ ഏത് തിരുത്തലും ഓഹരിയിൽ അവസരമാണ്. കോഫോർജ്, അൾട്രാ ടെക്ക് സിമന്റ് എന്നീ ഓഹരികൾ ഒക്ടോബർ പത്തൊമ്പതിനാണ് റിസൾട്ട് പ്രഖ്യാപിക്കുന്നത്.
∙ഒക്ടോബർ 13ന് സെബി സുപ്രീം കോടതിയിൽ അദാനി-ഹിൻഡൻ ബർഗ് വിഷയത്തിൽമേലുള്ള റിപ്പോർട്ട് നല്കിയേക്കുമെന്നത് അദാനി ഓഹരികൾക്ക് പ്രധാനമാണ്. അഞ്ച് ‘’ടാക്സ് ഹാവനുകളിൽ’’ നിന്നുള്ള റിപ്പോർട്ടുകളും ഓഗസ്റ്റ് 25ന് ആദ്യ ഘട്ട റിപ്പോർട്ട് സമർപ്പിച്ച സെബിയുടെ റിപ്പോർട്ടിനെ സ്വാധീനിക്കും. സെബിയുടെ റിപ്പോർട്ട് സമർപ്പണത്തിന് സമീപ ദിവസങ്ങളിൽ വീണ്ടും ജോർജ് സോറോസും കൂട്ടരും പുതിയ ആരോപണങ്ങളുമായി വന്നേക്കാവുന്നതും അദാനി ഓഹരികളിൽ വാങ്ങൽ അവസരം സൃഷ്ടിച്ചേക്കാം.
∙അദാനി ഗ്രീൻ എനർജിയുടെ പ്രോജക്ടുകളിൽ ഫ്രഞ്ച് ഓയിൽ ഭീമനായ ടോട്ടൽ ഗ്യാസ് കൂടുതൽ നിക്ഷേപം പരിഗണിക്കുന്നു എന്ന വാർത്ത ഓഹരിക്ക് അനുകൂലമാണ്. അദാനി ഗ്രീനിന്റെ രണ്ടാമത്തെ വലിയ ഓഹരി ഉടമ കൂടിയാണ് ടോട്ടൽ.
∙ഡിഫൻസ് ഓഹരികൾ തുടർച്ചയായ നിക്ഷേപത്തിന് റെയിൽവേ ഓഹരികൾക്കൊപ്പം തുടർന്നും പരിഗണിക്കാവുന്നതാണ്.

∙വെള്ളിയാഴ്ച 45000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനുള്ള അനുമതി കേന്ദ്ര പ്രതിരോധ മന്ത്രാലയം നൽകിയത് ഡിഫൻസ് ഓഹരികൾക്ക് മുന്നേറ്റം നൽകും. എച്ച്എഎൽ, ബിഡിഎൽ എന്നിവ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
∙എച്ച്എഎല്ലിൽ നിന്ന് 11000 കോടി രൂപക്ക് 12 റഷ്യൻ സുഖോയ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള അനുമതി ലഭിച്ചത് ഓഹരിക്ക് അനുകൂലമാണ്.
∙കൊച്ചിൻ ഷിപ്യാർഡിൽ നിന്നും 2118 കോടി രൂപയുടെ ഉപകരണങ്ങൾക്കുള്ള ഓർഡർ ലഭ്യമായത് ഭാരത് ഇലക്ട്രോണിക്സിന് അനുകൂലമാണ്. നടപ്പ് സാമ്പത്തികവർഷത്തിൽ ഇത് വരെ 14,384 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കിയ പൊതുമേഖല ഡിഫൻസ് കമ്പനി ദീർഘകാല നിക്ഷേപത്തിന് തീർച്ചയായും പരിഗണിക്കുക.
∙എൽ&ടിക്കും, ബിഎസ്ഇക്കും പിന്നാലെ സിയറാം സിൽക്‌സും ‘ബൈ ബാക്ക്’വില 650 രൂപയിൽ നിന്നും 720 രൂപയായി ഉയർത്തിയത് ഓഹരിക്ക് വെള്ളിയാഴ്ച മുന്നേറ്റം നൽകി.

∙നാളെ ആരംഭിക്കുന്ന എൽ&ടിയുടെ 10,000 കോടി രൂപയുടെ ബൈ ബാക്ക് വില ആദ്യം നിശ്ചയിച്ച 3000 രൂപയിൽ നിന്നും 3200 രൂപയിലേക്ക് ഉയർത്തിയിരുന്നു. ബിഎസ്ഇ 816 രൂപയിൽ നിന്നും 1080 രൂപയിലേക്കാണ് ബൈ ബാക്ക് വില ഉയർത്തിയത്.
∙സംവർധന മതേഴ്‌സൺ ഇന്റർനാഷണൽ അമേരിക്കയിൽ പുതിയ ഉപകമ്പനി സ്ഥാപിച്ചത് കമ്പനിയുടെ അമേരിക്കൻ പ്രവത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകിയേക്കാം.
∙ഇന്ത്യൻ ഇവി വാഹനവിപണിയുടെ 80%വും കൈയ്യാളുന്ന ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി റീറ്റെയ്ൽ വില്പന ശൃംഖല ആരംഭിക്കുന്നതും, ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി തുടങ്ങുന്നതും ഓഹരിക്ക് അനുകൂലമാണ്.
∙തുടർച്ചയായി പുതിയ ഹോട്ടലുകൾ തുറന്നുകൊണ്ടിരിക്കുന്ന ലെമൺ ട്രീ ഹോട്ടൽ കഴിഞ്ഞ ആഴ്ചയിൽ മാത്രം മൂന്ന് ഹോട്ടലുകൾ ഇന്ത്യയിലും നേപ്പാളിലുമായി ആരംഭിച്ചു. ഓഹരി ദീർഘകാല നിക്ഷേപത്തിന് യോഗ്യമാണ്.
ക്രൂഡ് ഓയിൽ
സൗദി അറേബിയയുടെയും, റഷ്യയുടെയും ഉല്പാദന നിയന്ത്രണ ശ്രമങ്ങൾ കഴിഞ്ഞ ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ മുന്നേറ്റം നൽകിയ ക്രൂഡ് ഓയിൽ അവസാന ദിനങ്ങളിൽ ചൈന റിസർവ് റേഷ്യോയിൽ [ആർആർആർ] കുറവ് വരുത്തിയതിന് തുടർന്ന് വീണ്ടും കുതിപ്പ് തുടർന്നു. തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിലും മുന്നേറ്റം കുറിച്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില 94 ഡോളറിനും ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ അമേരിക്കൻ ക്രൂഡ് വില 91 ഡോളറിനും മുകളിലാണ് കഴിഞ്ഞ ആഴ്ച ക്ളോസ് ചെയ്തത്. ഫെഡ് പേടി അടുത്ത ആഴ്ചയിൽ ക്രൂഡ് ഓയിൽ വിലയിൽ സ്വാധീനം ചെലുത്തിയേക്കാം.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് തിരിച്ചു കയറി വീണ്ടും റെക്കോർഡ് നിരക്കിനൊപ്പമെത്തിയപ്പോള്‍ സ്വർണ വിലയും തിരിച്ചു കയറി 1947 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡ് നയപ്രഖ്യാപനത്തിന് മുന്നോടിയായി ഓഹരി വിപണിയിലെ അസ്ഥിരത സാധ്യതകളും വെള്ളിയാഴ്ച സ്വർണത്തിന് അനുകൂലമായി.
ഐപിഓ
∙ഫിൻ ടെക്ക് സർവീസ് കമ്പനിയായ സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസിന്റെ ഐപിഓ തിങ്കളാഴ്ചയും, ഓൺലൈൻ ട്രാവൽ കമ്പനിയായ യാത്ര ഓൺലൈനിന്റെ വെള്ളിയാഴ്ച ആരംഭിച്ചഐപിഓ ബുധനാഴ്ചയും അവസാനിക്കുന്നു. ഒരു രൂപ മുഖവിലയുള്ള യാത്ര ഓൺലൈൻ ഓഹരിയുടെ ഐപിഓ വില 135-142 രൂപയാണ്.
∙ഡൽഹി ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ സിഗ്നേച്ചർ ഗ്ലോബൽ, ഹൈദരാബാദ് ആസ്ഥാനമായ സായി സിൽക്‌സ് എന്നിവയുടെ ഐപിഓ ബുധനാഴ്ചയും, ആന്ധ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനോജ് വൈഭവ് ജ്വല്ലേഴ്സിന്റെ ഐപിഓ അടുത്ത വെള്ളിയാഴ്ചയും ആരംഭിക്കുന്നു.
∙ഗുജറാത്ത് ആസ്ഥാനമായ എസ്എംഇ കമ്പനിയായ മധുസൂദൻ മസാലയുടെ ഐപിഓയും തിങ്കളാഴ്ച ആരംഭിക്കുന്നു. ഐപിഓ വില 66-70 രൂപയും, ലോട്ട് സൈസ് 2000 ഓഹരിയുമാണ്.
വാട്സാപ് : 8606666722
English Summary : Global Stock Market Next Week
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക