വീണ്ടും ചിയേഴ്സ് വയ്ക്കാന്‍ മദ്യകമ്പനി ഓഹരികള്‍, നിക്ഷേപകരോ?

Mail This Article
വന്‍ ഡിമാന്‍റുണ്ടായിട്ടും അതിനനുസരിച്ച് ലാഭം നിലനിർത്തികൊണ്ടുപോവാന്‍ പറ്റാത്ത സെക്ടറാണ് ലിക്വർ. അതുകൊണ്ട് തന്നെ ഓഹരിവിപണിയില്‍ മദ്യകമ്പനികളുടെ ഓഹരികള്‍ എല്ലാക്കാലത്തും വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകാറുമുണ്ട്. ഉയർന്നു പോവുന്ന അസംസ്കൃതവസ്തുക്കളുടെ വിലയാണ് മദ്യക്കമ്പനികളുടെ സ്ഥിരം പ്രശ്നം. വിവിധ സംസ്ഥാനങ്ങളിലെ പലതരത്തിലുള്ള നികുതികളും നിയമങ്ങളുമൊക്കെ മദ്യക്കമ്പനികളുടെ ലാഭക്ഷമതക്ക് എന്നും വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങളാണ്.
ലിസ്റ്റിങ് തരും നേട്ടം, ഐപിഒ വിപണിക്ക് ചൂടേറുന്നു: നിക്ഷേപകർ എന്തുചെയ്യണം? Read more ...
തിരിച്ചുവരവ്
പക്ഷേ, ഒന്നാം പാദഫലം വന്നതിന്‍റെയും നിലവിലെ രണ്ടാം പാദത്തിലെ കണക്കുകൂട്ടലുകളും വച്ച് മദ്യകമ്പനികളില്‍ വീണ്ടും മെച്ചപ്പെട്ട ലാഭത്തിന്‍റെ ലഹരി നുരഞ്ഞേക്കും. ചില അസംസ്കൃതവസ്തുക്കളുടെ വിലയില്‍ വന്ന കുറവും നേട്ടമാവും. എന്തായാലും, ബ്രോക്കിങ് കമ്പനികളുടെ വാങ്ങല്‍ ലിസ്റ്റിലേക്ക് മികച്ച പ്രകടനം കാഴ്ച വച്ച മദ്യകമ്പനികള്‍ തിരിച്ചെത്തിക്കഴിഞ്ഞു.
ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ മദ്യക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് പ്രതീക്ഷിച്ചതിലും മികച്ച റിസള്‍ട്ടാണ് കൊണ്ടുവന്നത്. മുന്‍പാദത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 17 ശതമാനത്തിന്‍റെ വർധനയാണ് കമ്പനി കാഴ്ചവച്ചത്. കോവിഡിനുമുമ്പുള്ള കാലത്തെ പോലെ കാര്യങ്ങള്‍ സ്വാഭാവികരീതിയാർജ്ജിച്ചിരിക്കുന്നു. വിവാഹം, മറ്റു ചടങ്ങുകള്‍, ആഘോഷങ്ങള്‍ എന്നിവ മദ്യഉപഭോഗം കൂട്ടാനിടയാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍. യുണൈറ്റഡ് ബ്രൂവിറീസിന്‍റെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. ചില സംസ്ഥാനങ്ങളില്‍ വിതരണശൃംഖലയിലുണ്ടായ പാളിച്ചകളാണ് വില്‍പ്പന കുറഞ്ഞതിന്‍റെ കാരണങ്ങള്‍. പക്ഷേ, ഇനിയങ്ങോട്ട് കുടി കൂടാനിടയാക്കുന്ന സാമ്പത്തിക, സാമൂഹിക ഘടകങ്ങള്‍ കൂടുതലായതുകൊണ്ട് കമ്പനി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നാണ് റിപ്പോർട്ടുകള്‍.
ബാർലി കാക്കുമോ?
കഴിഞ്ഞ സാമ്പത്തികവർഷം മദ്യക്കമ്പനികളെ സംബന്ധിച്ച് പൊതുവെ മോശം കാലമായിരുന്നു. ഓരോ വർഷം കഴിയുമ്പോഴും ഉപഭോഗം കൂട്ടാനുതകുന്ന തരത്തിലുള്ള ജനസംഖ്യയും യുവത്വവുമൊക്കെ ഉണ്ടെങ്കിലും മദ്യം ഉണ്ടാക്കാനുള്ള സാധനങ്ങളുടെ വിലയും നികുതി കൂട്ടി ലാഭം നേടാനുള്ള സംസ്ഥാനസർക്കാരുകളുടെ ശ്രമവുമൊക്കെ വന്നത് മൂലം ലാഭം ഇടിഞ്ഞുവെന്നതാണ് വാസ്തവം. ലോകത്ത് ആകെ നിർമിക്കുന്ന വിസ്കിയുടെ പകുതിയും കുടിച്ചുതീർക്കുന്നത് ഇന്ത്യയിലാണെന്നതു മുതല്‍ കഴിഞ്ഞ ഏഴു വർഷത്തിലെ മദ്യ ഉപഭോഗത്തില്‍ 37 ശതമാനം വർധന എന്നിവ വരെയുള്ള കണക്കുകളെയൊക്കെ വിശ്വസിക്കാമെങ്കില്‍ ഇവിടെ ഒരിക്കലും മദ്യത്തിന് ഡിമാന്‍റ് കുറയില്ലെന്ന് വിലയിരുത്താം.
നിലവില്‍ പ്രധാന നിർമാണവസ്തുക്കളില്‍ ഒന്നായി ബാർലിയുടെ വില ഇടിഞ്ഞാണ് നില്‍ക്കുന്നത്. ഇത് മദ്യകമ്പനികള്‍ക്ക് വളരെ അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് നിലവില്‍ വലിയ വിപണിയായി മാറിക്കൊണ്ടിരിക്കുന്നതും കമ്പനികള്‍ക്ക് നേട്ടമാണ്. ഉദാരമായ മദ്യനയമാണ് ഉത്തർപ്രദേശിലുള്ളത്. 2018 ല്‍ മൂന്നര ശതമാനം മാത്രം ബിയർ ഉപഭോഗത്തില്‍ വളർച്ച കാണിച്ചിരുന്ന ഉത്തർപ്രദേശിന്‍റെ പുതിയ കണക്ക് 13 ശതമാനമാണ്. യുണൈറ്റഡ് സ്പിരിറ്റ്സ്, യുണൈറ്റഡ് ബ്രൂവറിസ്, റാഡിക്കോ ഖെയ്ത്താന്‍, തിലക്നഗർ, ഗ്ളോബസ്, അസോസിയേറ്റഡ്, ജി.എം, സോം ഡിസ്റ്റിലറീസ്, സുല വൈന്‍യാഡ്സ് എന്നിവയാണ് ഓഹരിവിപണിയിലുള്ള പ്രധാന ലിക്വർ കമ്പനികള്‍.
English Summary : Liquor CompanY Shares are Going Up.
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക