ADVERTISEMENT

ബുധനാഴ്ച ആർ.ആർ കേബിള്‍സ് ഗംഭീര ലിസ്റ്റിങ് നടത്തിയതിന്‍റെ തൊട്ടുപിന്നാലെ ഇന്നും വിപണിയിലൊരു മികച്ച ലിസ്റ്റിങ്. ഐ.പി.ഒക്ക് 75 മടങ്ങ് അപേക്ഷകരുണ്ടായിരുന്ന ഇ.എം.എസ് ലിമിറ്റഡാണ് അദ്യ ദിനം അവിസ്മരണീയമാക്കിയത്. 321 കോടി രൂപ സമാഹരിക്കാനുള്ള പബ്ളിക് ഇഷ്യുവിന്‍റെ വില 211 രൂപയായിരുന്നു. 34 ശതമാനം വർധനയോടെ 281 രൂപ 55 പൈസയിലാണ് ഇ.എം.എസ് ഓപ്പണ്‍ ചെയ്തത്. 68 രൂപ 75 പൈസ കൂടി 279 രൂപ 75 പൈസയിലാണ് ക്ളോസിങ്. വിപണിയില്‍ ഇന്നും തകർച്ച തുടർന്നപ്പോഴും ഇ.എം.എസില്‍ ശക്തമായ നിക്ഷേപകതാല്‍പര്യം പ്രകടമായിരുന്നു. 

ഗ്രേ മാർക്കറ്റില്‍ 90 രൂപയുടെ പ്രീമിയം ഉണ്ടായിരുന്നതിനാല്‍ 300 രൂപയുടെ മുകളിലേക്ക് പോവുമെന്ന് പൊതുവെ കരുതപ്പെട്ടിരുന്നു. പക്ഷേ, വിപണിയിലെ സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ബമ്പർ നേട്ടത്തിലേക്ക് ഓഹരി പോയില്ലെന്നാണ് അനുമാനം. 268 രൂപ 60 പൈസയാണ് ഇന്നത്തെ കുറഞ്ഞ നിലവാരം. ഉയർന്ന വില 290 രൂപ 85 പൈസ. 

ഇ.എം.എസ്

ഉത്തർ പ്രദേശിലെ ഘാസിയാബാദിലാണ് കമ്പനിയുടെ ആസ്ഥാനം. ഇ.എം.എസ് ഇന്‍ഫ്രാകോണ്‍ എന്നായിരുന്നു പഴയ പേര്. 

ഇ.എം.എസിന്‍റെ അടിസ്ഥാനഘടകങ്ങള്‍ ശക്തമാണെന്നാണ് ബ്രോക്കിങ് കമ്പനികളുടെ റിപ്പോർട്ടുകള്‍ പറയുന്നത്. ഇഷ്യു വിലയായ 211 രൂപയും ആകർഷകമായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ജലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വൈദ്യുതി വിതരണം, റോഡ് നിർമാണം എന്നിങ്ങനയുള്ള മേഖലയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ട്രീറ്റ്മെന്‍റ് പ്ളാന്‍റുകള്‍ മുതല്‍ സ്വീവേജ് നിർമാണം വരെയുള്ള കാര്യങ്ങള്‍ കമ്പനി ചെയ്യുന്നുണ്ട്.  കൂടുതലും സർക്കാരിന്‍റെ കോണ്‍ട്രാക്ട് ജോലികളാണ് ചെയ്യുന്നത്. ഉത്തർപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കമ്പനി ജോലി ചെയ്യുന്നത്. 

13 വർഷത്തിനിടെ 67 വന്‍കിട പദ്ധതികള്‍ പൂർത്തിയാക്കിയെന്നും 1775 കോടി രൂപയുടെ ഓർഡർ ഉണ്ടെന്നും കമ്പനിയുടെ ചെയർമാന്‍ രാംവീർ സിങ് പറയുന്നു. നിലവില്‍ 18 പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഹൈമാർജിന്‍ ബിസിനസാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ വലിയ രീതിയിലുള്ള വൈവിധ്യവല്‍ക്കരണത്തിന് ഇപ്പോള്‍ മുതിരുന്നില്ലെന്നും കൈനിറയെ ഉള്ള ജോലി തീർക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നുമാണ് സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ആശിഷ് തോമാറിന്‍റെ അഭിപ്രായം. കമ്പനിയുടെ കടം വെറും 45 കോടി രൂപ മാത്രമാണ്. 

കഴിഞ്ഞ സാമ്പത്തികവർഷം 49 ശതമാനം വർധനയോടെ 543 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. ലാഭം 38 ശതമാനം വർധനയോടെ 109 കോടി രൂപയായിരുന്നു. 

English Summary : EMS IPO Listed Today 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT