സമ്മർദ്ദത്തിൽ നിന്നും കരകയറാനാകാതെ ഇന്ത്യൻ ഓഹരി വിപണി

Mail This Article
മുൻനിര ഓഹരികൾ സമ്മർദ്ദത്തിൽ നിന്നും കരകയറാതെ നിന്നതും അമേരിക്കൻ ഫെഡിന്റെ സമ്മർദ്ദ തന്ത്രങ്ങൾ രാജ്യാന്തര വിപണിയെ വീണ്ടും വീഴ്ത്തിയതും ഇന്നും ഇന്ത്യൻ വിപണിയെ നഷ്ടത്തിലേക്ക് തള്ളിയിട്ടു. അമേരിക്കൻ ഫെഡിന്റെ തുടർ ഭീഷണികൾ ഇന്ന് ലോക വിപണിക്ക് തന്നെ തിരുത്തൽ നൽകിയത് ഇന്ത്യൻ വിപണിയുടെ നഷ്ട വ്യാപ്തി വർദ്ധിപ്പിച്ചു. ഫെഡ് പിന്തുണയിൽ ഡോളർ മുന്നേറുന്നത് തുടർന്നും ലോകവിപണിക്ക് ഭീഷണിയായേക്കാം.
ബാങ്ക് നിഫ്റ്റിയും, ഓട്ടോ, ഫാർമ, റിയൽറ്റി, സെക്ടറുകളും ഇന്ന് 1%ൽ കൂടുതൽ തിരുത്തൽ നേരിട്ടു. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഒരു ശതമാനത്തിൽ കൂടുതൽ വീണ ഇന്നും ഇന്ത്യൻ വിപണി സമ്പൂർണ നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 19,709 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 19742 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 19,700 പോയിന്റിലും തുടർന്ന് 19640 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 19880 പോയിന്റിലാണ് നിഫ്റ്റിയുടെ ആദ്യ പ്രധാന കടമ്പ.
എച്ച്ഡിഎഫ്സി വീഴ്ച തുടരുന്നതും, എസ്ബിഐയും, ഐസിഐസിഐ ബാങ്കും, ഇന്‍ഡസ് ഇന്‍ഡ് ബാങ്കും 2%ൽ കൂടുതൽ വീതം വീണതും ഇന്ന് ബാങ്ക് നിഫ്റ്റിക്ക് 1.70%ൽ തിരുത്തൽ നൽകി. ഇന്ന് 760 പോയിന്റ് നഷ്ടത്തിൽ 44623 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ തുടർ ചലനങ്ങൾ എച്ച്ഡിഎഫ്സി ബാങ്കിന്റെ മുന്നേറ്റത്തെ ആശ്രയിച്ചിരിക്കും. 44400 പോയിന്റിലും തുടർന്ന് 44000 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ പിന്തുണകൾ.
തിരിച്ചു കയറി ഐടി സെക്ടർ
നാസ്ഡാകിന് പിന്നാലെ വീണ ഇന്ത്യൻ ഐടി സെക്ടർ നഷ്ടത്തിൽ തന്നെ ക്ളോസ് ചെയ്തു. എൻവിഡിയയുമായുള്ള കരാറിന്റെ പിൻബലത്തിൽ ഇൻഫോസിസ് മുന്നേറിയതും, ടെക്ക് മഹീന്ദ്രയുടെ കുതിപ്പും, ടിസിഎസ്സിന്റെ തിരിച്ചു കയറ്റവുമാണ് ഐടി സെക്ടറിന് അനുകൂലമായത്.
ഒക്ടോബർ രണ്ടാമത്തെ ആഴ്ച മുതൽ പ്രധാന ഇന്ത്യൻ ഐടി കമ്പനികൾ രണ്ടാം പാദ റിസൾട്ട് പ്രഖ്യാപനത്തിന് തുടക്കമിടുന്നതും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.
വീണ്ടും ഭയപ്പെടുത്തി ഫെഡ്
അടുത്ത വർഷം ഫെഡ് നിരക്ക് കൂടുതൽ ഉയർന്ന നിരക്കിൽ തന്നെ തുടരുമെന്ന് ഫെഡ് റിസർവ് പ്രഖ്യാപിച്ചത് ഇന്നലെയും അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകി. ഈ വർഷം ഒരു തവണ കൂടി നിരക്ക് വർദ്ധന നടത്തുമെന്ന് സൂചിപ്പിച്ച ഫെഡ് അടുത്ത വർഷം രണ്ട് തവണ മാത്രമേ നിരക്ക് കുറക്കൽ നടത്തൂ എന്ന് പ്രഖ്യാപിച്ചതും ഇന്നലെ ഡോളറിന് മുന്നേറ്റം നൽകി. അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് വീണ്ടും റെക്കോർഡ് നിരക്ക് പിന്നിട്ട് 4.44% കുറിച്ചു.
അമേരിക്കൻ വിപണി വീഴ്ചക്ക് പിന്നാലെ ഇന്ന് ഏഷ്യൻ, വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും, അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്ക് വർധന പ്രഖ്യാപനങ്ങൾ ഇന്ന് യൂറോപ്യൻ വിപണിയെയും, നാളത്തെ ബാങ്ക് ഓഫ് ജപ്പാന്റെ നിരക്ക് തീരുമാനങ്ങൾ ഏഷ്യൻ വിപണികളെയും സ്വാധീനിച്ചേക്കും.
ക്രൂഡ് ഓയിൽ
അമേരിക്കൻ ഫെഡ് റിസർവ് കൂടുതൽ കാലത്തേക്ക് പലിശ നിരക്കുകൾ ഉയർന്ന തലത്തിൽ നിർത്തിയേക്കുമെന്ന ഫെഡ് ചെയർമാന്റെ പ്രഖ്യാപനം ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിൽ വിപണി പ്രതീക്ഷിച്ച അത്ര വീഴ്ച വന്നിട്ടില്ല എന്ന സൂചനയും ക്രൂഡിന് ക്ഷീണമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 92 ഡോളറിൽ തുടരുന്നു.
സ്വർണം
ഇത്തവണ ഫെഡ് നിരക്ക് വർധനയില്ല എന്ന പ്രഖ്യാപനം മുന്നേറ്റം നൽകിയെങ്കിലും ഫെഡ് ചെയർമാന്റെ തുടർ പ്രഖ്യാപനങ്ങൾ ഡോളറിനും, ബോണ്ട് യീൽഡിനും കുതിപ്പ് നൽകിയത് സ്വർണത്തിന് ക്ഷീണമായി. സ്വർണം വീണ്ടും 1950 ഡോളറിൽ താഴെയാണ് വ്യാപാരം തുടരുന്നത്.
ഐപിഓ
ഇന്നലെ ആരംഭിച്ച ഡൽഹി ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ സിഗ്നേച്ചർ ഗ്ലോബൽ, ഹൈദരാബാദ് ആസ്ഥാനമായ സായി സിൽക്‌സ് എന്നിവയുടെ ഐപിഓ വെള്ളിയാഴ്ച അവസാനിക്കുന്നു. സിഗ്നേച്ചർ ഗ്ലോബലിന്റെ ഐപിഓ വില 366-385 രൂപയും, സായി സിൽക്‌സിന്റെ ഐപിഓ വില 210-222 രൂപയുമാണ്. ആന്ധ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനോജ് വൈഭവ് ജ്വല്ലേഴ്സിന്റെ ഐപിഓ നാളെ ആരംഭിക്കുന്നു.
വിമാനവാഹിനി പ്രതീക്ഷയിൽ കൊച്ചി
ഇന്ത്യയുടെ മൂന്ന് ഭാഗത്തുമായി മൂന്ന് വിമാനവാഹിനിക്കപ്പലുകൾ എന്ന ഇന്ത്യൻ നേവിയുടെ സ്വപ്നത്തിന് പ്രതിരോധ മന്ത്രാലയം പിന്തുണ നൽകിയാലത് കൊച്ചി കപ്പൽ ശാലയുടെ പുതിയ കുതിപ്പിന് കാരണമാകും. ഈ വർഷം നേരത്തെ 401 രൂപയെന്ന നിലയിലേക്കിറങ്ങിയ കൊച്ചിൻ ഷിപ്യാർഡ് ഓഹരി ഈ മാസം ഏറ്റവും ഉയർന്ന നിരക്കായ 1258 രൂപയും കുറിച്ചിരുന്നു
വാട്സാപ് : 8606666722
English Summary : Share Market Today in India
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക