പോയ വാരം നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തിയ ഓഹരി വിപണിയിൽ തകർച്ച തുടരുമോ?
Mail This Article
ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിൽ മുൻ ആഴ്ചയിലെ നേട്ടങ്ങളെല്ലാം നഷ്‌ടമാക്കി ഈ വർഷത്തെ ഏറ്റവും വലിയ നഷ്ടം കുറിച്ച ആഴ്ചകളിലൊന്നായി മാറി. സെൻസെക്സ് മുൻ ആഴ്ചയിൽ കുറിച്ച റെക്കോർഡ് നിരക്കായ 67927 പോയിന്റിൽ നിന്നും 1918 പോയിന്റുകൾ നഷ്ടപ്പെടുത്തി 66009 പോയിന്റിലും, നിഫ്റ്റി രണ്ടര ശതമാനത്തോളം നഷ്ടത്തിൽ 19674 പോയിന്റിലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ആസ്തി മൂല്യത്തിലുണ്ടായ കുറവിനെ തുടർന്ന് വീഴ്ച തുടരുന്നതും, മറ്റ് ബാങ്കുകളുടെയും റിലയൻസിന്റെയും വീഴ്ചയും, ഫെഡ് റിസർവിന്റെ നിരക്ക് വർധന ഭീഷണി ഡോളറിന് മുന്നേറ്റം നൽകിയതും ഇന്ത്യൻ വിപണിയുടെ തിരുത്തലിന് വഴി വെച്ചു.
പൊതു മേഖല ബാങ്കുകൾ കഴിഞ്ഞ അഞ്ചു സെഷനുകളിലായി 3%ൽ കൂടുതൽ മുന്നേറ്റം നേടിയപ്പോൾ ബാങ്ക് നിഫ്റ്റി 3.5% നഷ്ടമാണ് രേഖപ്പെടുത്തിയത്. മെറ്റൽ, ഫാർമ, റിയൽറ്റി സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ 3%ൽ കൂടുതൽ നഷ്ടം കുറിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന്റെ തുടർചലനങ്ങളും, ഡോളറിന്റെയും, അമേരിക്കൻ വിപണിയുടെയും ഗതിയും, രണ്ടാംപാദ റിസൾട്ടിന് മുന്നോടിയായി വിപണിയിൽ വാങ്ങൽ വന്നേക്കാവുന്നതും അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണിയുടെയും ഗതി നിർണയിക്കും.
നിരക്കുയർത്താതെ ഭയപ്പെടുത്തി ഫെഡ്
ഫെഡിന്റെ പന്ത്രണ്ടാമത് നിരക്കുയർത്തൽ അടുത്ത യോഗത്തിലേക്ക് നീക്കി വെച്ചങ്കിലും അടുത്ത സാമ്പത്തിക വർഷത്തിലെ ഫെഡ് നിരക്ക് അനുമാനങ്ങളിൽ വർദ്ധനവ് വരുത്തിയത് കഴിഞ്ഞ ആഴ്ചയിൽ ഡോളറിന് മുന്നേറ്റവും ലോക വിപണിക്ക് തളർച്ചയും നൽകി. അമേരിക്കൻ ബോണ്ട് യീൽഡ് 16 കൊല്ലത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കയറിയത് ഓഹരി വിപണിക്കൊപ്പം സ്വർണത്തിനും തിരുത്തൽ നൽകി.
ഫെഡ് തീരുമാനങ്ങളെത്തുടർന്ന് 4.51% വരെ മുന്നേറിയ അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് വെള്ളിയാഴ്ച്ച 4.38%ലേക്ക് ക്രമപ്പെട്ടെങ്കിലും നാസ്ഡാകിന് നഷ്ടമൊഴിവാക്കാനായില്ല. നാസ്ഡാക് കഴിഞ്ഞ ആഴ്ചയിൽ 3.3% നഷ്ടം കുറിച്ചപ്പോൾ എസ്&പി 2.8% നഷ്ടം കുറിച്ചു.
രാജ്യാന്തര വിപണിയിൽ അടുത്ത ആഴ്ച
ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെയും മറ്റ് അംഗങ്ങളുടെയും പ്രസ്താവനകൾ അമേരിക്കൻ വിപണിക്ക് അടുത്ത ആഴ്ചയിൽ നിര്‍ണായകമായേക്കും. വ്യാഴാഴ്ച വരുന്ന രണ്ടാംപാദ ജിഡിപി കണക്കുകളും, ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരാനിരിക്കുന്ന പിസിഇ ഡേറ്റയും അടുത്ത ആഴ്ച അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ചയാണ് മിഷിഗൺ യൂണിവേഴ്സിറ്റിയുടെ ഇൻഫ്‌ളേഷൻ എക്സ്പെക്ടേഷൻ-കൺസ്യൂമർ സെന്റിമെന്റ അനുമാനങ്ങളും പുറത്ത് വരുന്നത്.
ബുധനാഴ്ച വരാനിരിക്കുന്ന ജർമൻ, സ്പാനിഷ് സിപിഐ കണക്കുകളും, യൂറോസോൺ കൺസ്യൂമർ കോൺഫിഡൻസ് ഡേറ്റകളും, ബ്രിട്ടീഷ് ജിഡിപി കണക്കുകളും യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. വെള്ളിയാഴ്ചയാണ് ഫ്രഞ്ച്, യൂറോ സോൺ സിപിഐ ഡേറ്റകൾ വരുന്നത്.
ബുധനാഴ്ച വരാനിരിക്കുന്ന ചൈനയുടെ വ്യാവസായിക ലാഭക്കണക്കുകളും, വെള്ളിയാഴ്ച വരുന്ന പിഎംഐ ഡേറ്റകളും, ജപ്പാന്റെ സാമ്പത്തിക വിവരക്കണക്കുകളും ഏഷ്യൻ വിപണിയെയും അടുത്ത ആഴ്ച സ്വാധീനിക്കും.
ഓഹരികളും സെക്ടറുകളും
∙ഫെഡ് ഭീഷണിയിൽ ഡോളർ മുന്നേറുന്നത് ഇന്ത്യൻ ഐടി സെക്ടറിന് അനുകൂലമാണെന്നതും, രണ്ടാഴ്ചക്കുള്ളിൽ മുൻനിര ഐടി കമ്പനികളുടെ റിസൾട്ടുകൾ വരാനിരിക്കുന്നതും ഇന്ത്യൻ ഐടി സെക്ടറിന് അനുകൂലമാണ്. ഐടി ഓഹരികളിലെ അടുത്ത തിരുത്തൽ അവസരമാണ്.
∙ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ച നേരിട്ട കഴിഞ്ഞ ആഴ്ചയിലും പൊതുമേഖല ബാങ്കിങ് ഓഹരികൾ മികച്ച മുന്നേറ്റം നേടിയത് ശ്രദ്ധേയമാണ്. കെയർ റേറ്റിങ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ റേറ്റിങ് വർധിപ്പിച്ചത് ഓഹരിക്ക് വെള്ളിയാഴ്ച 5% മുന്നേറ്റം നൽകി.
∙ചെറുകിട ബാങ്കിങ് ഓഹരികളും, എൻബിഎഫ്സി ഓഹരികളും നിക്ഷേപത്തിന് അനുകൂലമാണെന്ന് കരുതുന്നു.
∙മാതൃകമ്പനിയായ എച്ച്ഡിഎഫ്സി ലിമിറ്റഡുമായി നടന്ന ലയനത്തിന് ശേഷം അക്കൗണ്ടിങ് രീതികളിലും മറ്റുമുണ്ടായ മാറ്റം മൂലം എച്ച്ഡിഎഫ്സി ബാങ്കിന്റെ ആസ്തിക്കണക്കുകളിലുണ്ടായ മാറ്റവും, കിട്ടാക്കട അനുപാതത്തിൽ വർദ്ധനവുണ്ടായതും, പലിശ ലാഭത്തിന്റെ തോത് കുറഞ്ഞതും എച്ച്ഡിഎഫ്സി ബാങ്കിൽ നിക്ഷേപകരുടെ ആത്മവിശ്വാസം കുറച്ചത് ഓഹരിക്ക് ബുധനാഴ്ച 4% വരെ വീഴ്ച നൽകി. നോമുറ അടക്കമുള്ള വിദേശ ഫണ്ടുകൾ എച്ച്ഡിഎഫ്സി ബാങ്കിന്റെ ലക്ഷ്യ വിലയിൽ കുറവ് വരുത്തി.
∙ബുധനാഴ്ച നടന്ന ബ്ലോക്ക് ഡീലുകൾ റിലയൻസിന്റെയും വിലയിലും വലിയ വീഴ്ചക്ക് വഴി വെച്ചു. ഓഹരി വില രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇറങ്ങിയ റിലയൻസ് ഓഹരിയും തിരുത്തലിൽ പരിഗണിക്കാം. റിലയൻസ് ജിയോ കഴിഞ്ഞ ആഴ്ചയിൽ കേബിളുകൾ ആവശ്യമില്ലാത്ത 5ജി ഇന്റർനെറ്റ് സേവനമായ എയർ ഫൈബർ അവതരിപ്പിച്ചു.
∙റെയിൽവേ, ഡിഫൻസ് ഓഹരികൾ ഈ തിരുത്തലിൽ ദീർഘകാല നിക്ഷേപകർക്ക് വീണ്ടും പരിഗണിക്കാം.
∙അമേരിക്ക ഇന്ത്യക്കായി 10000 ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്നത് ഇലക്ട്രിക് ബസ് സെക്ടറിന് അനുകൂലമാണ്. ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലും ഇലക്ട്രിക് ബസുകൾ എത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ യത്നം ഇന്ത്യൻ ഇലക്ട്രിക് ബസ് നിർമാതാക്കൾക്ക് വലിയ മുന്നേറ്റം നൽകും.
∙ഇന്ത്യയുടെ മൂന്ന് ഭാഗത്തുമായി മൂന്ന് വിമാനവാഹിനിക്കപ്പലുകൾ എന്ന ഇന്ത്യൻ നേവിയുടെ സ്വപ്നത്തിന് പ്രതിരോധ മന്ത്രാലയം പിന്തുണ നൽകിയാലത് കൊച്ചി കപ്പൽ ശാലയുടെ പുതിയ കുതിപ്പിന് കാരണമാകും. അടുത്ത തിരുത്തൽ ഓഹരിയിൽ അവസരമാണ്.
∙എൻസിസി-ജെകുമാർ ഇൻഫ്രാ ജോയിന്റ് വെഞ്ച്വർ ബ്രഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷന്റെ 6300 കോടി രൂപയുടെ കോൺട്രാക്ടുകൾ സ്വന്തമാക്കിയത് ഇരു ഓഹരികൾക്കും അനുകൂലമാണ്.
∙കഴിഞ്ഞ ആഴ്ചയിലും പുതിയ ഓർഡറുകൾ സ്വന്തമാക്കിയത് സുസ്‌ലോൺ എനർജിക്ക് അനുകൂലമാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.
∙കേന്ദ്ര സർക്കാർ ഓഫർ ഫോർ സെയിൽ വഴി 69 രൂപക്ക് ഓഹരി വിറ്റഴിച്ചത് എസ്ജെവിഎൻ ഓഹരിയെ വീണ്ടും 70 രൂപയിലേക്കെത്തിച്ചു. ഓഹരി ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്.
∙റിയൽ എസ്റ്റേറ്റ്, ഇൻഫ്രാ സെക്ടറുകളും നിക്ഷേപത്തിന് യോഗ്യമാണ്. മാനുഫാക്ച്ചറിങ് സെക്ടർ മെയ്ക്ക് ഇൻ ഇന്ത്യ പിന്തുണയിൽ ബഹുദൂരം മുന്നേറിയേക്കാം. ദീർഘകാല നിക്ഷേപകർക്ക് എസ്ഐപി നിക്ഷേപരീതി തെരെഞ്ഞെടുത്ത ഓഹരികളിൽ പരിഗണിക്കാം.
∙ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ 75% ഓഹരി നിര്‍മാ ഗ്രൂപ്പിന് വിൽക്കുന്നതിലൂടെ 5000 കോടിയിലേറെ രൂപ കയ്യിലെത്തുന്നത് ഗ്ലെൻമാർക്ക് ഫാർമക്ക് അനുകൂലമാണ്.
∙എച്ച്എഫ്സിഎൽ അവരുടെ അതി നൂതനമായ ഐബിആർ കേബിളുകൾ രാജ്യാന്തര വിപണികളിലേക്കും അവതരിപ്പിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. ദീർഘകാല നിക്ഷേപത്തിന് ഓഹരി പരിഗണിക്കാം.
രണ്ടാം പാദ റിസൾട്ടുകൾ
ഒക്ടോബർ രണ്ടാമത്തെ ആഴ്ച മുതൽ ആരംഭിക്കുന്ന രണ്ടാം പാദ റിസൾട്ടുകൾ ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക് എന്നീ ടെക്ക് കമ്പനികൾ ഒക്ടോബർ 12ന് റിസൾട്ടുകൾ പ്രഖ്യാപിക്കുമ്പോൾ സെൻസാർ ടെക്ക്, പെഴ്‌സിസ്റ്റന്റ്, കോഫോർജ്, എംഫസിസ് എന്നീ ഐടി കമ്പനികൾ ഒക്ടോബർ 17,18,19 തീയതികളിലും പ്രഖ്യാപിക്കാനിരിക്കുന്നത് ഐടി സെക്ടറിന് പ്രധാനമാണ്. ടെക്ക് മഹിന്ദ്ര ഒക്ടോബർ 25ന് റിസൾട്ട് പ്രഖ്യാപിക്കുന്നു.
അൾട്രാ ടെക്ക് ഒക്ടോബർ 19നും, ഏഷ്യൻ പെയിന്റ്സ് ഒക്ടോബർ 26നും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് സിമന്റ്, പെയിന്റ് സെക്ടറുകൾക്കും പ്രധാനമാണ്.
ക്രൂഡ് ഓയിൽ
അമേരിക്കൻ ഫെഡ് റിസർവിന്റെ 2024ലെ നിരക്ക് അനുമാനത്തിലെ വർദ്ധനവ് പിന്നോട്ട് വലിച്ചത് മുൻ ആഴ്ചകളിലെ മുന്നേറ്റത്തിനൊടുവിൽ കഴിഞ്ഞ ആഴ്ച ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. റഷ്യയുടെ കയറ്റുമതി നിയന്ത്രണ ഭീഷണിയും, ഡോളർ ക്രമപ്പെടുന്നതും ക്രൂഡ് ഓയിലിന് അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 94 ഡോളറിന് സമീപമാണ് കഴിഞ്ഞ ആഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചത്.
സ്വർണം
അമേരിക്കൻ ഫെഡ് നിരക്ക് വർദ്ധന നടത്തുന്നില്ലെന്ന് തീരുമാനിച്ചത് വൻ കുതിപ്പ് നൽകിയ സ്വർണം പിന്നീട് ഡോളർ മുന്നേറ്റത്തിൽ താഴേക്കിറങ്ങി 1940 ഡോളറിൽ ക്രമപ്പെട്ടു. ഡോളർ വീണ്ടും ക്രമപ്പെട്ടേക്കാവുന്നതാണ് സ്വർണത്തിന്റെയും സാധ്യത,
ഐപിഓ
ജെഎസ്ഡബ്ലിയു ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റേയും, അപ്ഡേറ്റർ സർവീസസിന്റെയും ഐപിഓകൾ തിങ്കളാഴ്ച ആരംഭിക്കുന്നു. പോർട് അനുബന്ധ നിർമാതാക്കളായ ജെഎസ്ഡബ്ലിയു ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ ഐപിഓ വില 113-119 നിരക്കിലാണ്. ചെന്നൈ ആസ്ഥാനമായ ഫെസിലിറ്റി മാനേജ്‌മെന്റ് സ്ഥാപനമായ അപ്ഡേറ്റർ സർവീസസിന്റെ 10 രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ നിരക്ക് 280-300 രൂപയാണ്.
വാലിയൻറ് ഓർഗാനിക്സിന്റെ ഐപിഓ അടുത്ത ബുധനാഴ്ച ആരംഭിക്കുന്നു. ഔഷധമൂലകങ്ങൾ ഉല്പാദിപ്പിക്കുന്ന കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 133-140 രൂപയാണ്.
വാട്സാപ് : 8606666722
English Summary : Global Stock Market Next Week
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക