ADVERTISEMENT

ജൂൺ 2ന് ലിസ്റ്റ് ചെയ്ത വാസ ഡന്റിസിറ്റി ആരെയും കൊതിപ്പിക്കുന്ന വലിയ നേട്ടമാണ് നൽകിയത്. 128 രൂപ ഇഷ്യൂവില ഉണ്ടായിരുന്ന ഓഹരി ലിസ്റ്റ് ചെയ്തത് 65% നേട്ടത്തിൽ 211 രൂപയ്ക്കാണ്. വൈകാതെ ഓഹരി വില 400ന് മുകളിലെത്തി. ഐപിഒ നിക്ഷേപകർക്കു കിട്ടിയ നേട്ടം മൂന്നിരട്ടിയിലധികം. ഇത് ഏത് ഐപിഒ, അറിഞ്ഞില്ലല്ലോ എന്നാണോ ചിന്തിക്കുന്നത്? ഈ കമ്പനി ലിസ്റ്റ് ചെയ്തത് നാം അറിയുന്ന ബിഎസ്ഇയിലോ എൻഎസ്ഇയിലോ അല്ല. പകരം എൻസിഇയുടെ എസ്എംഇ പ്ലാറ്റ്ഫോമായ എമർജിലാണ്. 

ഈ വർഷം ജൂലൈ വരെ 86 എസ്എംഇകളാണ് രാജ്യത്ത് ലിസ്റ്റ് ചെയ്തത്. ഹേമന്ത് സർജിക്കൽ ഇൻഡസ്ട്രീസ്, സോനാലിസ് കൺസ്യൂമർ പ്രോഡക്ട്സ്, ക്രെയോൺസ് അഡ്വർടൈസിങ്, ഇൻഫോളിയോൺ റിസർച് സർവീസസ് എന്നിവ രണ്ടു മാസത്തിനിടെ ലിസ്റ്റ് ചെയ്ത് നല്ല നേട്ടം നൽകിയ കമ്പനികളാണ്. വളർച്ച സാധ്യതയുള്ള ചെറിയ കമ്പനികളെ കണ്ടെത്തി തുടക്കത്തിൽ തന്നെ നിക്ഷേപിക്കുന്നവർക്കാണ് ഓഹരി വിപണിയിൽ സ്വപ്നതുല്യമായ നേട്ടം ഉണ്ടാക്കാനാകുന്നത്. പലപ്പോഴും സാധാരണക്കാർ ഇത്തരം കമ്പനികളെക്കുറിച്ച് അറിയുന്നത് അവ മൾട്ടിബാഗർ ആയ ശേഷം മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലൂടെയായിരിക്കും. എന്നാൽ, ഭാവിയിൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധ്യതയുള്ള കമ്പനികളെ കണ്ടെത്താനും ഉയർന്ന നേട്ടം എടുക്കാനും സാധിക്കുന്ന ഇടമാണ് എസ്എംഇ എക്സ്ചേഞ്ചുകൾ.

എന്താണ് എസ്എംഇ എക്സ്ചേഞ്ച്

പേരു സൂചിപ്പിക്കുംപോലെ ചെറുകിട ഇടത്തരം കമ്പനികൾ ലിസ്റ്റ് ചെയ്യുന്നവയാണ് എസ്എംഇ എക്സ്ചേഞ്ചുകൾ. നമ്മുടെ രാജ്യത്ത് 2012 മുതൽ ഇവ നിലവിലുണ്ട്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനു കീഴിൽ പ്രവർത്തിക്കുന്ന ബിഎസ്ഇ എസ്എംഇയും നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ എൻഎസ്ഇ എമർജും. പ്രധാന എക്സ്ചേഞ്ചുകൾക്കു കീഴില്‍ പ്രത്യേക പ്ലാറ്റ്ഫോമായാണ് ഇവയുടെ പ്രവർത്തനം. ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ (മെയിൻ ബോർഡ്) ലിസ്റ്റ് ചെയ്യാൻ സെബിയുടെയും അതത് എക്സ്ചേഞ്ചുകളുടെയും കർശനമായ മാനദണ്ഡങ്ങളുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത ചെറിയ കമ്പനികൾക്കും വിപണിയിൽനിന്നു ഫണ്ട് കണ്ടെത്താനുള്ള അവസരമാണ് എസ്എംഇ പ്ലാറ്റ്ഫോമുകൾ ഒരുക്കുന്നത്. ബിഎസ്ഇ എസ്എംഇയിലും എൻഎസ്ഇ എമർജിലും ലിസ്റ്റ് ചെയ്യാൻ വേണ്ട യോഗ്യതകൾ ഒരുപോലെയല്ല. എങ്കിലും പോസ്റ്റ് പെയ്ഡ് അപ് ക്യാപ്പിറ്റൽ 25 കോടി രൂപ കടക്കാത്ത കമ്പനികൾക്ക് ലിസ്റ്റ് ചെയ്യാമെന്നതാണ് പ്രധാന സവിശേഷത. 

ലക്ഷ്യമിടുന്നത് പണമുള്ളവരെ 

എങ്ങനെ എസ്എംഇ കമ്പനി ഓഹരികളിൽ നിക്ഷേപിക്കാം? ഉത്തരം വളരെ ലളിതമാണ്.

∙സാധാരണ എങ്ങനെയാണോ ഓഹരികൾ വാങ്ങുന്നത് അങ്ങനെതന്നെ. എന്നാൽ, ഇവിടെ കുറഞ്ഞ നിക്ഷേപത്തിനു പരിധിയുണ്ട്.

∙എസ്എംഇ ഐപിഒ ആണ് എങ്കിൽ കുറഞ്ഞത് ഒരു ലക്ഷം രൂപ നിക്ഷേപിക്കണം.

∙ലിസ്റ്റിങ്ങിനു ശേഷമാണെങ്കിലും ഒരു ഓഹരിയായി വാങ്ങാനാകില്ല. നിശ്ചിത എണ്ണം അടങ്ങിയ ലോട്ടായി വാങ്ങണം. ഉദാഹരണത്തിന്, ഡ്രോണാചാര്യയുടെ ഒരു ലോട്ടിൽ 1000 ഓഹരിയാണ്. അതായത്, കുറഞ്ഞത് 1000 എണ്ണം ഒന്നിച്ചു വാങ്ങണം. മറ്റൊരു ലിസ്റ്റഡ് എംഎസ്ഇ കമ്പനിയായ ആഹാ സോളറിന്റെ ഒരു ലോട്ടിൽ 800 ഓഹരികളുണ്ട്. ‌

റിസ്ക്ക് എടുക്കാവുന്നവർക്ക് മാത്രം

ഇവിടെ മനസ്സിലാക്കേണ്ട ഒന്നുണ്ട്. ലിസ്റ്റ് ചെയ്യാൻ കമ്പനികൾക്ക് അനുവദിച്ച ഇളവുകൾ നിക്ഷേപകരുടെ കാര്യത്തിൽ സെബി നൽകിയിട്ടില്ല. അതിനു വ്യക്തമായ കാരണമുണ്ട്. ചെറുകിട സ്ഥാപനമായതിനാൽ റിസ്ക് കൂടുതലായിരിക്കും. അതുകൊണ്ടു റിസ്ക് എടുക്കാനും വലിയ തുക നിക്ഷേപിക്കാനും കഴിവുള്ളവരെ മാത്രം എസ്എംഇ കമ്പനികളിൽ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് സെബി നിലപാട്. അതുവഴി പണമുള്ളവരിൽനിന്നു ചെറുകിട സംരംഭകർക്കു ഫണ്ട് ലഭ്യമാക്കുന്നതിനൊപ്പം ചെറു നിക്ഷേപകരെ റിസ്ക് എടുക്കുന്നതിൽ നിന്ന് ഒഴിവാക്കി നിർത്താനും കഴിയുന്നു. 

നിങ്ങൾ ഇത്തരം ഓഹരികളിൽ നിക്ഷേപിക്കണോ എന്ന ചോദ്യത്തിന് ഉത്തരം തികച്ചും വ്യക്തിപരമായിരിക്കും. അതായത്, വലിയ നേട്ടം കിട്ടാനുള്ള സാധ്യതപോലെ തന്നെ വലിയ നഷ്ടം സംഭവിക്കുകയും ചെയ്യാം. അതിനാൽ, സ്വന്തം സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനം എടുക്കാം. ചെറു സംരംഭകരായതുകൊണ്ടു തന്നെ എസ്എംഇകളുടെ ബിസിനസ് മോഡൽ പൂർണമായും ശരിയാകണമെന്നില്ല, വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങൾ പെട്ടെന്നു ബാധിക്കാം. മികച്ച മാനേജ്മെന്റോ പ്രഫഷനലിസമോ കർശന നിയന്ത്രണങ്ങളോ ഇല്ലാത്തതും പലതിനും പ്രശ്നമാകാം. ഇതെല്ലാം മനസ്സിലാക്കി വേണം നിക്ഷേപിക്കാൻ. 

വമ്പൻ നേട്ടം നൽകി എസ്എംഇകൾ 

കുപ്പികളുടെ അടപ്പ് നിർമിക്കുന്ന കൂൾ ക്യാപ് ഇൻഡസ്ട്രീസ് നിക്ഷേപകർക്കു നൽകിയത് 1,100 % എന്ന അമ്പരപ്പിക്കുന്ന നേട്ടമാണ്. 2022 മാർച്ചിൽ എൻഎസ്ഇ എമർജിൽ 38 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത കമ്പനിയുടെ വില ഇപ്പോൾ 500 രൂപയ്ക്കു മുകളിലാണ്. എന്നാൽ നല്ല നേട്ടം നൽകിയശേഷം അതു നിലനിർത്താനാവാതെ പോയ കമ്പനികളുമുണ്ട്. ഒരു സമയത്ത് 1,200 രൂപ കടന്ന രചന ഇൻഫ്രാസ്ട്രക്ചർ ഇപ്പോൾ ഇഷ്യൂ വിലയായ 135 രൂപയ്ക്കും താഴെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 125 എസ്എംഇ കമ്പനികളാണ് രണ്ട് എക്സ്ചേഞ്ചിലുമായി ലിസ്റ്റ് ചെയ്തത്. അതിൽ 23 കമ്പനികൾ ഇരട്ടിയിലധികം നേട്ടം നൽകി. ഇക്കാലയളവിൽ നിഫ്റ്റി 50യും സെൻസെക്സും നേരിയ നേട്ടം മാത്രം നൽകിയപ്പോൾ നിഫ്റ്റി എമർജ് ഇൻഡക്സ് 76 ഉം ബിഎസ്ഇ എസ്എംഇ 32 ഉം ശതമാനം ഉയർന്നു. 

2023ൽ ജൂലൈ വരെ ലിസ്റ്റ് ചെയ്തവ; നേട്ടവും നഷ്ടവും ഒറ്റനോട്ടത്തിൽ (ടോപ് 5)

smeexchangeprofit-loss

ഉണ്ട് രണ്ടു സൂചികകൾ 

ബിഎസ്ഇ എസ്എംഇ ഐപിഒ, നിഫ്റ്റി എസ്എംഇ എമർജ് എന്നീ രണ്ടു സൂചികകൾ എസ്എംഇകളുടെ പ്രകടനം അളക്കുന്നു. 2012 ഡിസംബറിലാണ് 43 കമ്പനികളുമായി ബിഎസ്ഇ എസ്എംഇ ഐപിഒ സൂചിക നിലവിൽ വന്നത്. ലിസ്റ്റ് ചെയ്ത് ഒരു വർഷമാവുന്ന മുറയ്ക്ക് സൂചികയിൽനിന്നു കമ്പനികളെ ഒഴിവാക്കും. മികച്ച 147 കമ്പനികളുള്ള എൻഎസ്ഇ എമർജ് 2017 നവംബറിലാണ് അവതരിപ്പിക്കുന്നത്. ഈ രണ്ട് സൂചികകളിലെ പ്രധാന 10 കമ്പനികളെ പട്ടികയിൽ കാണാം. (വെയ്റ്റേജിന്റെ അടിസ്ഥാനത്തിൽ)

smeexchange-bse-nse

ചെറുകിടക്കാർക്ക് ചെലവു കുറഞ്ഞ ഫണ്ട്

മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ചെറുകിട സംരംഭത്തിനായി ചെലവു കുറഞ്ഞ ഫണ്ട് തേടുന്ന ബിസിനസുകാരനാണോ നിങ്ങൾ? എങ്കിൽ എസ്എംഇ പ്ലാറ്റ്ഫോമുകൾ നിങ്ങൾക്കു മുന്നിൽ വലിയ അവസരം ആണ് തുറന്നിടുന്നത്. മെയിൻ ബോർഡിലെ പോലെ എസ്എംഇകൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ഒരുപോലെ ലിസ്റ്റ് ചെയ്യാറില്ല. അതിനാൽ ഇരു എക്സ്ചേഞ്ചുകളിലെയും എസ്എംഇ ഐപിഒ മാനദണ്ഡങ്ങൾ മനസിലാക്കി ഏതാണ് അനുയോജ്യമെന്ന് കണ്ടെത്തണം. 

ബിഎസ്ഇയുടെ നിബന്ധനകൾ ‌

1. ലിസ്റ്റിങ്ങിനുശേഷം പെയ്ഡ് അപ് ക്യാപ്പിറ്റൽ 25 കോടി രൂപയിൽ കൂടരുത്. 

2. ആസ്തിയെക്കാൾ കൂടുതൽ കടം ഉണ്ടാകരുത്. നെറ്റ് ടാൻജിബിൾ (ഫിസിക്കൽ ആസ്തി) 1.5 കോടി രൂപയെങ്കിലും വേണം. 

3. 3 വർഷം പ്രവർത്തിച്ചിരിക്കണം. സാമ്പത്തിക സ്ഥാപനങ്ങളോ സർക്കാരോ ഗ്രൂപ്പ് കമ്പനികളോ ഫണ്ട് ചെയ്യുന്നവയ്ക്ക് 2 വർഷം മതി. 

4. മൂന്നു വർഷത്തിനിടെ ഒരു തവണയെങ്കിലും അറ്റാദായം നേടിയിരിക്കണം. ബ്രോക്കറേജ് കമ്പനികൾക്കും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും മിനിമം യോഗ്യതയിൽ വ്യത്യാസമുണ്ട്. 

എൻഎസ്ഇ നിബന്ധനകൾ

ലിസ്റ്റിങ്ങിനുശേഷമുള്ള പെയ്ഡ് അപ് ക്യാപ്പിറ്റൽ, പ്രവർത്തന കാലയളവ് (3 വർഷം) എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകൾ ബിഎസ്ഇയ്ക്കു സമാനമാണ്. കൂടാതെ, 

1. പ്രമോട്ടർമാർക്കു മൂന്നു വർഷത്തെ പരിചയം ഉണ്ടായിരിക്കണം. ലിസ്റ്റിങ്ങിനുശേഷം കുറഞ്ഞത് 20% ഓഹരികൾ പ്രമോട്ടർമാർക്കുണ്ടാകണം. 

2 മൂന്നു വർഷത്തിനിടെ കുറഞ്ഞത് രണ്ടു തവണ അറ്റാദായം നേടിയിരിക്കണം. ആറുമാസത്തിനിടെ മറ്റ് എക്‌സ്‌ചേഞ്ചുകൾ ലിസ്റ്റിങ് അപേക്ഷ തള്ളിയത് ആവരുത്. 

3 ടെക്നോളജി സ്റ്റാർട്ടപ്പിന് കുറഞ്ഞത് 10% ഓഹരികളിൽ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷനൽ ബയേഴ്‌സ് /ഏഞ്ചൽ ഇൻവെസ്റ്റേഴ്സ്/ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം എന്നിവ നിക്ഷേപം നടത്തിയിരിക്കണം. 

എസ്എംഇ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്ത് നിശ്ചിത കാലത്തിനു ശേഷം യോഗ്യത നേടുന്ന മുറയ്ക്ക് എസ്എംഇകൾക്ക് ഇരു എക്സ്ചേഞ്ചുകളിലെയും മെയിൻ ബോർഡിൽ ലിസ്റ്റ് ചെയ്യാം.

ലിസ്റ്റ് ചെയ്താലുള്ള നേട്ടം

∙ കുറഞ്ഞ ചെലവിൽ കൂടുതൽ നിക്ഷേപം ലഭിക്കും

∙ കടബാധ്യത കുറയ്ക്കാം 

∙ ആദ്യകാല നിക്ഷേപകർക്കു നേട്ടമുണ്ടാക്കാൻ അവസരം. 

∙ ലിസ്റ്റഡ് കമ്പനിയെന്ന നിലയിലുള്ള പ്രശസ്തി

∙ ജീവനക്കാർക്ക് ഓഹരികൾ വാങ്ങാൻ അവസരം 

മനോരമ സമ്പാദ്യം സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് എട്ടിലെ വിപണി വിലയെ അടിസ്ഥാനമാക്കിയാണ് ലേഖനം.

English Summary: SME Exchange:Everything You Need To Know

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT