ADVERTISEMENT

കുറച്ചു വർഷങ്ങൾക്ക് അപ്പുറം ടെലികോം മേഖലയിൽ ജിയോ വരുത്തിയ മാറ്റം ഓർമയുണ്ടോ? വിപ്ലവകരമായ ആ പരിഷ്കാരങ്ങൾക്ക് ഒടുവിൽ 40 ശതമാനത്തിന്റെ വിപണി വിഹിതവും ഒന്നാം സ്ഥാനവും ജിയോ പിടിച്ചടക്കി. രാജ്യത്തിന്റെ ഡിജിറ്റൽ കുതിപ്പിന് വേഗം വർധിപ്പിക്കാൻ ഉതകിയ മാറ്റം കൂടിയായിരുന്നു അത്. ഇനി ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഊഴമാണ്. റിലയൻസിൽനിന്ന് അടർന്നു മാറിയ കമ്പനി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തു കഴിഞ്ഞു. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത വളർച്ച വേഗം കൈവരിക്കാൻ കഴിയുമെന്നാണ് ലിസ്റ്റിങ് വേളയിൽ ജിയോ ഫിനാൻഷ്യൽ സർവീസസ് ചെയർമാൻ കെ.വി. കാമത്ത് പറഞ്ഞത്. അടുത്ത എട്ടു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ജിഡിപി ഇരട്ടിയാകും. അത് സമ്മാനിക്കുന്ന അവസരങ്ങൾ വലുതാണ്. അതുകൊണ്ടുതന്നെ ഒരു സമ്പൂർണ സാമ്പത്തിക സേവനദാതാവാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കാമത്ത് വ്യക്തമാക്കിയിരുന്നു.

ഒരു വശത്ത് ജിയോയുടെ ഡിജിറ്റൽ മുന്നേറ്റങ്ങളും മറുവശത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ അസെറ്റ് മാനേജ്മെന്റ് കമ്പനിയായ അമേരിക്കയിലെ ബ്ലാക്ക്റോക്കിന്റെ പിന്തുണയും. ഇന്ത്യൻ സാമ്പത്തിക മേഖലയിലെ ഡിസ്റപ്റ്ററാവാൻ മ്യൂച്വൽ ഫണ്ടുമായി ജിയോയുടെ ഇന്റർനെറ്റ്, ടെലിക്കോം ഉപയോക്താക്കളിലേക്കു മാത്രം ഇറങ്ങിച്ചെന്നാൽ മതി. റിലയൻസിന്റെ ചെറുകിട ഉപയോക്താക്കൾ മാത്രം 25 കോടിയോളം വരും. ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്ന 44 കോടി ഉപയോക്താക്കൾ വേറെ. ഇത്രയും വലുപ്പമുള്ള ഡേറ്റാ ബേസിലേക്ക് ഡിജിറ്റലായും 18,500 നു മുകളിൽ വരുന്ന സ്റ്റോറുകളിലൂടെയും ജിയോ ഫിനാൻഷ്യൽ സർവീസസിന് എളുപ്പത്തിൽ വിപണി പിടിക്കാനാവും.

ടെക്നോളജി, ഡേറ്റ, റിലയൻസെന്ന പരിചിത ബ്രാൻഡ് എന്നിവയുടെ സമന്വയത്തിലൂടെ വൻ കുതിപ്പാണ് ജിയോ ഫിനാൻഷ്യൽ സർവീസസ് ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ, മെഷിന്‍ ലേണിങ്, ബ്ലാക്ക്റോക്കിന്റെ തന്നെ ടെക് പ്ലാറ്റ്ഫോമായ അല്ലാഡിൻ എന്നിവയൊക്കെ വച്ചുള്ള ഒരു ഒന്നൊന്നര പ്രയോഗമാണ് വരാൻ പോകുന്നത്. പക്ഷേ, അമേരിക്കയിലെ ഏറ്റവും മികച്ച ഫണ്ടുകളെടുത്താൽ അതിൽ ബ്ലാക്ക്റോക്കിന്റെ സാന്നിധ്യം കുറവാണ്. ചുരുക്കത്തിൽ, ഇത്രയും സന്നാഹവുമായി വന്നിട്ട് ഒടുവിൽ പവനായി ശവമായി എന്ന മട്ട് ആകാതിരിക്കണമെങ്കിൽ ഫണ്ടുകള്‍ ഗംഭീര പ്രകടനം നടത്തിയേ തീരൂ. അതുകൊണ്ടുതന്നെ ജിയോ ബ്ലാക്ക്റോക്കിന്റെ ഫണ്ട് മാനേജർമാർ ആരാണെന്നതാണ് നിക്ഷേപമേഖല ഉറ്റുനോക്കുന്നത്. 

ഓഹരി വിപണിയും മ്യൂച്വൽ ഫണ്ടും വരേണ്യവർഗത്തിന്റേതല്ല. അതിന്റെ നേട്ടങ്ങൾ തീർച്ചയായും ഓരോ ഇന്ത്യക്കാരനും അനുഭവിക്കേണ്ടതാണ്. ഈ യാഥാർഥ്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ഇവർക്കു കഴിഞ്ഞേക്കും. വിപണി ജനകീയവല്‍ക്കരിക്കാൻ വേണ്ട ഘടകങ്ങളൊക്കെ ജിയോ–ബ്ലാക്ക്റോക്കിനുണ്ട്. കൂടുതൽ ആളുകള്‍ മ്യൂച്വൽ ഫണ്ടിലേക്ക് എത്തിയാൽ, രാജ്യത്തെ നിക്ഷേപം വർധിക്കാനും ആസ്തി കൂടാനും അതുവഴി വളർച്ച ത്വരിതഗതിയിലാക്കാനും കഴിയും. കോവിഡ് സമയത്തെ ഡിജിറ്റലൈസേഷന്റെ വേഗം ഇവിടെ ഓർമിക്കാവുന്നതാണ്.  

മാറ്റത്തിനു കാതോർത്ത് മ്യൂച്വൽ ഫണ്ട്

നിലവില്‍ 44 കമ്പനികളാണ് ഇന്ത്യൻ മ്യൂച്വൽ ഫണ്ട് മേഖലയിലുള്ളത്. 45 ലക്ഷം കോടി രൂപയുടേതാണ് രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായം. ഏറ്റവുമൊടുവിൽ രംഗപ്രവേശം ചെയ്യാൻ അനുമതി കിട്ടിയിരിക്കുന്നത് ബജാജ് ഫിൻസെർവിനും സിറൊദായ്ക്കുമാണ്. ഇവർക്കൊപ്പമാണ് ജിയോ–ബ്ലാക്ക്റോക്കിന്റെ സ്കീമുകൾ കൂടി ആഗതമാവുന്നത്. വിപണിയെ ഡിസ്റപ്റ്റ് ചെയ്യാൻ അല്ലെങ്കിൽ സമൂലമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞാലും ഇല്ലെങ്കിലും സ്കീമുകളുടെ പ്രകടനമാണ് ജിയോയെ സംബന്ധിച്ചുള്ള പ്രധാന കടമ്പ. ഒറ്റയടിക്ക് ധാരാളം പുതിയ സ്കീമുകൾ പ്രഖ്യാപിക്കുകയാണോ അതോ ഒന്നോ രണ്ടോ എണ്ണം മാത്രമായി  തുടങ്ങുകയാണോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ടതാണ്. താരതമ്യേന പരസ്യമൊക്കെ കുറവുള്ള ചെറിയ ഫണ്ട്  ഹൗസുകളെ ജിയോയുടെ വരവ് എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയണം. 

മ്യൂച്വൽ ഫണ്ട്, പോർട്ഫോളിയോ മാനേജ്മെന്റ് സർവീസസ്, ആൾട്ടർനേറ്റിവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തുടങ്ങിയവയാണ് ജിയോ–ബ്ലാക്ക്റോക്കിൽ നിന്നു പ്രതീക്ഷിക്കുന്നത്. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ പ്രസിഡന്റും സിഇഒയുമായ ഹിതേഷ് സേത്തിയ പറയുന്നത് ഡിജിറ്റൽ ഡെലിവറിയിൽ ഊന്നിയുള്ള സേവനം നിക്ഷേപമേഖലയെ ഇളക്കിമറിക്കും എന്നാണ്. ഉയർന്ന ജനസംഖ്യയും ഉയരുന്ന വരുമാനവും ഡിജിറ്റൽ വേഗവും ചേരുമ്പോൾ അവിശ്വസനീയമായ രീതിയിൽ ഇന്ത്യൻ സാമ്പത്തിക സേവനമേഖല രൂപമാറ്റം പ്രാപിക്കുമെന്നാണ് ബ്ലാക്ക്റോക്കിന്റെ മേധാവികളിലൊരാളായ റേച്ചൽ ലോഡ് അഭിപ്രായപ്പെട്ടത്. നേരത്തെ ഡിഎസ്പിയുമായി ചേർന്ന് ഡിഎസ്പി ബ്ലാക്ക്റോക്ക് എന്ന പേരിൽ ബ്ലാക്ക്റോക്ക് ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്നതാണ്. 2018ൽ തങ്ങളുടെ 40% പങ്കാളിത്തം ഡിഎസ്പി ഗ്രൂപ്പിനു തന്നെ വിറ്റാണ് അന്നവർ പിന്‍വാങ്ങിയത്.

ഷെയർവെൽത്ത് വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡിന്റെ ഡയറക്ടർ ആണ് ലേഖകൻ. മനോരമ സമ്പാദ്യം സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.

English Summary: Will Jio Blackrock JV Disrupt Mutual Fund Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT