ADVERTISEMENT

"27 വർഷം കൊണ്ട് ഡിഎസ്പി ഫ്ലെക്സി ക്യാപ് ഫണ്ട്  നിക്ഷേപം 90 ഇരട്ടിയാക്കി വർധിപ്പിച്ചു. അന്ന്  10 രൂപ ഇട്ടിരുന്നത് ഇന്ന് 900 രൂപ ആയി. പക്ഷേ, വെറും 26 നിക്ഷേപകർക്കാണ് ഈ നേട്ടം കിട്ടിയത്. കാരണം, ഇത്രയും വർഷം ഫണ്ടിൽ തുടർന്നത് അത്രയും പേർ മാത്രമാണ്." -കല്‍പൻ പരേഖ് 

പലിശനിരക്കു നോക്കിയാണ് എല്ലാവരും നിക്ഷേപിക്കുന്നത്. പക്ഷേ, അറിയുക, കൂട്ടുപലിശയുടെ മാജിക് പ്രധാനമായും പ്രവർത്തിക്കുന്നത് പലിശയിലല്ല, മറിച്ച് നിക്ഷേപ കാലയളവിലാണ്. പലിശ നിങ്ങളുടെ നിക്ഷേപത്തെ പ്ലസ് ചെയ്യുമ്പോൾ സമയം ആണ് അതിനെ പല മടങ്ങാക്കി ഉയർത്തുന്നത്. അതിനാൽ, ആദ്യം നല്ല ഫണ്ട് കണ്ടെത്തി നിക്ഷേപിക്കുക. കുറഞ്ഞത് ഒരു ദശകം എങ്കിലും അതു ഹോൾഡ് ചെയ്യുക. നിങ്ങളുടെ നിക്ഷേപത്തിൽ മൾട്ടിപ്ലിക്കേഷൻ/ ഇരട്ടിപ്പിക്കൽ നടക്കണമെങ്കിൽ സമയം വേണം. 

27 വർഷകാലത്ത് 19% (സിഎജിആർ) നേട്ടം നൽകിയ ഡിഎസ്പിയുടെ ഫ്ലെക്സി ക്യാപ് ഫണ്ട് എടുക്കാം. 27 വർഷം കൊണ്ട് നിക്ഷേപം 90 ഇരട്ടിയായി. അന്ന് 10 രൂപ ഇട്ടിരുന്നത് ഇന്ന് 900 രൂപ ആയി. പക്ഷേ, വെറും 26 നിക്ഷേപകർക്കാണ് ഈ നേട്ടം കിട്ടിയത് എന്നാണ് ഞങ്ങൾ കണ്ടെത്തിയത്. കാരണം, ഇത്രയും വർഷം ഫണ്ടിൽ തുടർന്നത് അത്രയും പേർ മാത്രമാണ്. 

ഇത് ഓഹരിയുടെ മികവ്

നല്ല ഓഹരിയിൽ നിക്ഷേപിക്കുക എന്ന ലളിതമായ തന്ത്രം കൊണ്ടു മാത്രം ബെഞ്ച് മാർക്കിനെക്കാൾ എപ്പോഴും 4-5% കൂടുതൽ നൽകാൻ ഈ ഫണ്ടിന് കഴിയുന്നു. ഇന്ത്യൻ വിപണിയുടെ മികവാണ് അതിനു കാരണം. ഇതിനിടയിൽ ഒട്ടേറെ ചാഞ്ചാട്ടങ്ങളും ഫണ്ട് മാനേജരുടെ മാറ്റവുമടക്കം ഉണ്ടായിട്ടും വളരെ ഉയർന്ന നേട്ടം നൽകി. 

ചുരുക്കത്തിൽ ഇത്രയേ ഉള്ളൂ. നിക്ഷേപകർ ഒരു ഇക്വിറ്റി ഫണ്ട് ഹോൾഡ് ചെയ്യുന്ന ശരാശരി വർഷം വളരെ കുറവാണ്. കാരണം, നിക്ഷേപിച്ചശേഷം ചാഞ്ചാട്ടങ്ങളുണ്ടാകും. പലതരം ടിപ്പുകുളും ഉപദേശങ്ങളും കിട്ടും. തുടർന്ന് അവർ കയ്യിലുള്ളത് വിറ്റ് പുതിയതു വാങ്ങും. ഇതു ഫലത്തിൽ നേട്ടത്തെ ബാധിക്കും. 

സമയവും കൂട്ടുപലിശയുടെ മാജിക്കും

ഇക്വിറ്റി ഫണ്ടിൽ നിക്ഷേപം തുടങ്ങും മുൻപ് കൂട്ടുപലിശയുടെ മാജിക് മനസ്സിലാക്കണം. അതിൽ നിരക്കിന്റെയും സമയത്തിന്റെയും പങ്ക് മനസ്സിലാക്കണം. A= P(1+r/n )nt എന്ന ഫോർമുലയിൽ 't' അഥവാ കാലയളവ് മൊത്തം നിക്ഷേപത്തുക പലമടങ്ങാക്കുന്നു. എല്ലാവരും കിട്ടുന്ന പലിശ റിട്ടേൺ നോക്കിയാണു നിക്ഷേപിക്കുന്നത്. എന്നാൽ, ഫോർമുലയിൽ പലിശയുടെ റോൾ സമയത്തെക്കാൾ വളരെ ചെറുതാണ്. മാത്രമല്ല ഏറ്റവും കൂടുതൽ നേട്ടം നല്‍കിയ ഫണ്ട് തിരഞ്ഞെടുത്താലും ഭാവിയിൽ അതു കിട്ടുമെന്ന ഉറപ്പുമില്ല. ഇപ്പോൾ നിക്ഷേപിച്ചാൽ നിങ്ങൾക്കു കഴിഞ്ഞ വർഷത്തെ റിട്ടേൺ ഒരിക്കലും കിട്ടില്ല. കിട്ടുന്നത് ഇനി വരാനിരിക്കുന്ന വർഷങ്ങളിലെ റിട്ടേൺ ആണ്. നിക്ഷേപിക്കും മുൻപ് പുറകിലേക്കു നോക്കുന്ന രീതിയാണ് എല്ലാവർക്കും. 

മുൻ റിട്ടേൺ വരും വർഷങ്ങളിലും കിട്ടുമെന്നു നാം വിശ്വസിക്കുന്നു. എന്നാൽ, സത്യം അതാകണം എന്നില്ല. വിപണി ചക്രത്തിന്റെ അടിസ്ഥാനപരമായ നിയമമാണത്. 25% കിട്ടി എന്നു കണ്ട് ആവേശം മൂത്ത് നിക്ഷേപിക്കും. എന്നാൽ, അടുത്ത ഒരു വർഷം യഥാർഥത്തിൽ 5% മാത്രം കിട്ടുമ്പോൾ നിരാശ മൂത്ത് പിൻവലിക്കും. ഇവിടെ സമയത്തെ പരിഗണിക്കില്ല. നിക്ഷേപം 20 –30 വർഷം തുടർന്നില്ലെങ്കിൽ കൂട്ടുപലിശ പ്രവർത്തിക്കില്ല. 

നിങ്ങളുടെ പെരുമാറ്റം നിർണായകം 

ആർത്തി കാണിച്ച് പെട്ടെന്നു നേട്ടത്തിനു പിന്നാലെ പോകുമ്പോൾ സമയത്തെ പരിഗണിക്കില്ല. അത്യാർത്തി കാട്ടാതെ സമയത്തിനു പ്രവർത്തിക്കാൻ സമയം നൽകിയാൽ കിട്ടുന്ന നേട്ടം നിങ്ങളെ അദ്ഭുതപ്പെടുത്തും. ആർത്തി കാണിക്കാത്തവർക്കാണ് വലിയ നേട്ടങ്ങൾ കിട്ടുക. അത്യാർത്തി കാണിക്കുന്നവർക്ക് എന്നും നഷ്ടമാകും സംഭവിക്കുക. ചുറ്റും നോക്കിയാൽ നിങ്ങൾക്ക് അതു മനസ്സിലാകും. 

കൂടുതൽ നേട്ടം വേണമെങ്കിൽ നമ്മുടെ പെരുമാറ്റം തികച്ചും വ്യത്യസ്തമാകണം. ഒരു ആസ്തി മികച്ച നേട്ടം നൽകിയാലും അതിൽ നിക്ഷേപിച്ച ഭൂരിഭാഗത്തിനും അതിൽ കുറഞ്ഞ നേട്ടമേ കിട്ടിയിട്ടുണ്ടാകൂ. വളരെ കുറച്ചു പേർക്ക് കൂടുതൽ കിട്ടിയിട്ടുണ്ടാകും. ആ ഗ്യാപ്പിനു കാരണം നിക്ഷേപകരുടെ പെരുമാറ്റമാണ്. നിങ്ങളുടെ അസെറ്റ് ക്ലാസും നിക്ഷേപസമയവും തിരഞ്ഞെടുക്കുന്ന തെറ്റായ രീതി മൂലമാണ് ഈ അന്തരം. 

നല്ല നിക്ഷേപകൻ ആകണമെങ്കിൽ ആർത്തി പാടില്ല. പണം തുടർച്ചയായി കോംപൗണ്ടു ചെയ്യാൻ അനുവദിക്കണം. സാധാരണ നിക്ഷേപകനോട് പറയാനുള്ളത്, സമ്പത്തു സൃഷ്ടിക്കാൻ/നിക്ഷേപം വളരാൻ 2-3 ദശകങ്ങൾ സമയം നല്‍കുക. ഹ്രസ്വകാലത്തേക്കു സുരക്ഷിതമായ, ഓഹരിയുമായി ബന്ധമില്ലാത്ത ഡെറ്റ് ഫണ്ട് തിരഞ്ഞെടുക്കുക. 

നിങ്ങൾക്കും ബിസിനസ് ചെയ്യാം 

ഇക്വിറ്റി ഫണ്ട് ഓഹരിയിൽ നിക്ഷേപിക്കുന്നു എന്നു മാത്രമല്ല ഓരോ ഫണ്ടും 40-50 കമ്പനികളുടെ ഉടമസ്ഥാവകാശമാണ് നിങ്ങൾക്കു നൽകുന്നത്. ബിസിനസ് ചെയ്യാതെ തന്നെ അത് നിങ്ങളെ ബിസിനസ്മാൻ ആക്കുന്നു. നിക്ഷേപം തുടരുന്നത്ര കാലം ബിസിനസും തുടരും. ഇതിൽ വലിയ റോക്കറ്റ് സയൻസ് ഒന്നും ഇല്ല. പക്ഷേ, ദീർഘകാലം തുടരുന്ന നിക്ഷേപകന് നല്ല നേട്ടം ലഭിക്കും. പ്രതിസന്ധി സമയത്തു നിക്ഷേപം നടത്തിയാൽ കൂടുതൽ യൂണിറ്റ് വാങ്ങാം. അതും, കുറഞ്ഞ വിലയ്ക്ക്. കൂടുതൽ കാലം കൊണ്ട് കൂടുതൽ യൂണിറ്റ് സ്വന്തമാക്കിയാൽ വീട്, റിട്ടയർമെന്റ്, കുട്ടിയുടെ വിദ്യാഭ്യാസം എന്തും സാധിക്കും. 

നിങ്ങളുടെ ഓരോ ലക്ഷ്യവും അടുത്തു വരുംതോറും യൂണിറ്റുകളുടെ വില ഉയരും. 99% ആളുകളും മാസവരുമാനം നേടുന്നവരാണ്. അതിനാൽ, ഓരോ മാസവും നിക്ഷേപിക്കാം. ചാഞ്ചാട്ടങ്ങൾ നല്ല സുഹൃത്താണ്. കൂടുതൽ യൂണിറ്റുകൾ നേടാമല്ലോ. എത്ര ചാഞ്ചാട്ടം ഉണ്ടായാലും വിപണി മുകളിലേക്കേ പോകൂ. കോട്ടയത്തെ ഭൂമി വില 7000 ചതുര്രശയടിക്ക് 7000 രൂപ എന്നതിൽനിന്നു പെട്ടെന്ന് 30,000 ആയാൽ അത് യുക്തിരഹിതമാണ്. അതുപോലെ, പ്രകടനം വളരെ ഉയരുന്ന സമയത്ത് ആവേശം മൂത്ത് കൂടുതൽ നിക്ഷേപിക്കും. ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പുലർത്തുക, ആര്‍ത്തി പാടില്ല. ബാലൻസ് ഫണ്ടോ അസെറ്റ് അലോക്കേഷന്‍ ഫണ്ടോ തിരഞ്ഞെടുക്കുകയാണ് ഇവിടെ ചേയ്യേണ്ടത്.

വേണം റീബാലൻസിങ് 

ഓഹരിയിലും കടപ്പത്രത്തിലും 60, 40 അനുപാതത്തിലാണ് നിങ്ങളുടെ അസെറ്റ് അലോക്കേഷൻ എന്നിരിക്കട്ടെ. രണ്ടു വർഷം വിപണി കുതിപ്പിലാണെങ്കിൽ ആ അനുപാതം 80-20 ആകാം. അപ്പോൾ അസെറ്റ് റീ അലോക്കേറ്റ് ചെയ്യണം. 60-40 ലേക്ക്. അതായത്, റീബാലന്‍സ് ചെയ്യണം. എന്നാൽ, 60-40 എന്നത് 62-38 ആയേ മാറിയിട്ടുള്ളൂവെങ്കിൽ റീ ബാലൻസിങ് വേണ്ട. വലിയ മാറ്റം വന്നാൽ മാത്രം മതി. 

വിപണി എന്നും മുകളിലേക്ക് 

പ്രായം ചോദിക്കരുത് എന്നതുപോലെ വിപണിയുടെ സാധ്യതയും ചോദിക്കരുത്. വിപണി ഉയരത്തിലായിരിക്കാം, ഇടിയാം. എന്നാൽ എന്നും വിപണിയുടെ പോക്ക് മുകളിലേക്കു തന്നെയാണ്. അതിനാൽ വിപണിസാഹചര്യത്തെക്കുറിച്ചു ആശങ്കപ്പെടേണ്ട. 100 ൽ തുടങ്ങിയ സെൻസെക്സ് ഇന്ന് 65,000 ൽ എത്തിനിൽക്കുന്നു. ഇതിനിടയിൽ പലവട്ടം ഇടിവുണ്ടായിട്ടുണ്ടെങ്കിലും 90% സമയത്തും വിപണി ഉയരത്തിലാണ്. അതായത്, 90% സമയത്തും ഉയർച്ചയിലേക്കു നീങ്ങുന്ന വിപണിയിൽ എന്തിനു പത്തു ശതമാനം സമയത്തെ ഇടിവിനെക്കുറിച്ച് ആശങ്കപ്പെടണം? ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയരുകയാണ്. കോർപറേറ്റുകൾ ലാഭത്തിലാണ്. അതിനാൽ ആശങ്ക വേണ്ട. എല്ലാം ശരിയാണ്. പക്ഷെ, വിപണി ഇനിയും കുതിക്കും എന്നോ എല്ലാം മോശമാണ്, പേടിക്കണം എന്നോ പറയില്ല. രണ്ടും ശാസ്ത്രീയമായി ശരിയല്ല. 

ആവശ്യമുള്ളപ്പോൾ പിൻവലിക്കുക

പണം വേണമെങ്കിൽ പിൻവലിക്കുക. ആവശ്യങ്ങൾ നടത്തുക. എന്നാൽ, പണം ആവശ്യമില്ലെങ്കിൽ വിപണി എത്ര ഉയരത്തിലാണെങ്കിലും പിൻവലിക്കേണ്ട. കാരണം, അഞ്ചു വർഷം കഴിഞ്ഞാൽ, വിപണി ഇതിലും വളരെ ഉയരത്തിലേക്കു പോകും. 

നിക്ഷേപത്തിന് രണ്ടു നിയമങ്ങൾ 

1. കയ്യിൽ പണമുള്ളപ്പോൾ നിക്ഷേപിക്കുക.

2. എപ്പോഴാണോ പണം അത്യാവശ്യം വരിക അപ്പോൾ പിൻവലിച്ച് ഉപയോഗിക്കുക.

ഇവിടെ രണ്ടിടത്തും വിപണി ചാഞ്ചാട്ടത്തെ അവഗണിക്കുക. പണം ആവശ്യമാണെങ്കിൽ രണ്ടോ മൂന്നോ ദശകത്തേക്കാണു നിക്ഷേപിച്ചത് എന്നോ വിപണി അത്യാകർഷകമായി മുന്നേറുകയാണെന്നോ ചിന്തിക്കേണ്ട. 

വായ്പയോ മ്യൂച്വൽ ഫണ്ടോ? 

പണത്തിന് അത്യാവശ്യം വന്നാൽ വായ്പ എടുക്കുന്നതിനു പകരം ഞാനാണെങ്കിൽ ഫണ്ടിൽ നിന്ന് ഒരു വിഹിതം വിറ്റു പണം എടുക്കും. കാരണം 20 വർഷം മുൻപു തുടങ്ങിയ നിക്ഷേപം ഇതിനകം പലമടങ്ങായി വർധിച്ചിട്ടുണ്ട്. ആഗ്രഹിക്കുന്ന ഏതു വിലപിടച്ച ആസ്തിയും നേടിയെടുക്കാൻ അതെന്നെ പ്രാപ്തനാക്കിയിട്ടുണ്ട്. പണത്തിന് മറ്റു ചോയിസ് ഇല്ലെങ്കിൽ പിൻവലിക്കുക. ഇവിടെ കാര്യം വളരെ ലളിതമാണ്. നാം സമ്പാദിച്ചത് നമ്മുടെ ലക്ഷ്യങ്ങൾ നേടാനാണ്. അതു സാധിക്കുക എന്നതാണു പ്രധാനം. 

എസ്ഐപി സിമ്പിളാണ്, പവർ ഫുള്ളും 

സാധാരണക്കാരനെ സംബന്ധിച്ച് എസ്‌ഐപി ഏറ്റവും സുന്ദരമായ നിക്ഷേപോപകരണം ആണ്. കൂട്ടുപലിശയുടെ നേട്ടം ഉറപ്പാക്കാൻ ഏറ്റവും പവർ ഫുൾ. പണവരവിന് അനുസരിച്ച് മാസം നിക്ഷേപിക്കാം. നിർബന്ധമായും നിക്ഷേപം നടക്കും. സ്വയം ചെയ്താൽ ഇടിവുകളിൽ നിക്ഷേപിക്കാൻ മടിക്കും. എന്നാൽ, എസ്‌ഐപി  അച്ചടക്കത്തോടെ നിക്ഷേപിക്കാൻ സഹായിക്കും. നിക്ഷേപകന്റെ ഏറ്റവും നല്ല സുഹൃത്ത് അച്ചടക്കം ആണ്.  

English Summary: Interview with DSP Mutual Fund CEO Kalpen Parekh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com