ADVERTISEMENT

സെപ്റ്റംബറിന്റെ ആദ്യ രണ്ട് വാരങ്ങളിലും മുന്നേറ്റം തുടർന്ന് റെക്കോർഡ് ഉയരങ്ങൾ താണ്ടിയ ഇന്ത്യൻ വിപണി അവസാന രണ്ട് ആഴ്ചകളിലും കരടികളുടെ കൈകളിൽപ്പെട്ടുപോയി. എഫ്&ഓ ക്ളോസിങ്ങിന് മുന്നോടിയായി നടന്ന ഷോർട്ട് കവറിങ്ങും, പിന്നീട് നടന്ന ലാഭമെടുക്കലും, രാജ്യാന്തര വിപണി സമ്മർദ്ദങ്ങളും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് കാരണമായി. ഇന്ത്യയുടെ പ്രധാന സൂചികകൾ നേരിയ നഷ്ടത്തിലാണ് കഴിഞ്ഞ ആഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചത്. മുൻ വെള്ളിയാഴ്ച 19674 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇത്തവണ 19638 പോയിന്റിലും, 66009 പോയിന്റിൽ ക്ളോസ് ചെയ്ത സെൻസെക്സ് ഇത്തവണ 65828 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്. 

ഈ മാസം നിക്ഷേപിക്കാവുന്ന മികച്ച ഓഹരി Read more...

മോർഗൻ സ്റ്റാൻലിയുടെ വാല്യുവേഷൻ കെണിയിൽപ്പെട്ടത് ഐടി സെക്ടറിന് കഴിഞ്ഞ ആഴ്ചയിൽ മൂന്നര ശതമാനം നഷ്ടം നൽകിയത് ഇന്ത്യൻ വിപണിക്ക് നിർണായകമായി. പൊതു മേഖല ബാങ്കുകൾ 4.4% മുന്നേറ്റം നേടിയ കഴിഞ്ഞ ആഴ്ചയിൽ മറ്റ് പൊതു മേഖല ഓഹരികളും മികച്ച മുന്നേറ്റം സ്വന്തമാക്കി. റിയൽറ്റി, ഫാർമ, മെറ്റൽ, ഇൻഫ്രാ സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം നേടിയപ്പോൾ ബാങ്ക് നിഫ്റ്റിയും, എഫ്എംസിജി, ഓട്ടോ സെക്ടറുകളും നേട്ടം കൈവിട്ടു. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക കഴിഞ്ഞ ആഴ്ചയിൽ രണ്ടര ശതമാനം നേട്ടം കുറിച്ചു. 

ആർബിഐ പോളിസി 

ആർബിഐയുടെ നയാവലോകനയോഗം ബുധനാഴ്ച മുതൽ നടക്കാനിരിക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ഫെബ്രുവരിയിൽ അവസാനമായി നിരക്ക് ഉയർത്തൽ നടത്തിയ ആർബിഐ ഇത്തവണയും റിപ്പോ നിരക്ക് വർദ്ധിപ്പിച്ചേക്കില്ല എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യൻ വിപണി. ഡോളറിന്റെ വില വർദ്ധന രൂപയുടെ  വീഴ്ചക്ക് കാരണമാകുന്നതും, ക്രൂഡ് ഓയിലിന്റെ മുന്നേറ്റവും ആർബിഐ ഇത്തവണ കണക്കിലെടുത്തേക്കാമെന്നത് ഇന്ത്യൻ വിപണിക്ക് ആശങ്കയുമാണ്. 

Share-Market

രണ്ടാം പാദഫലങ്ങൾ 

ഒക്ടോബർ രണ്ടാമത്തെ ആഴ്ച മുതൽ രണ്ടാം പാദഫലപ്രഖ്യാപനങ്ങൾ ആരംഭിക്കാനിരിക്കുന്നത് അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കാം. ടിസിഎസ് ഒക്ടോബർ 11ന് റിസൾട്ട് പ്രഖ്യാപനം നടത്തുന്നു. ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക് എന്നീ ടെക്ക് കമ്പനികൾ ഒക്ടോബർ 12ന് റിസൾട്ടുകൾ പ്രഖ്യാപിക്കുമ്പോൾ സെൻസാർ ടെക്ക്, പെഴ്‌സിസ്റ്റന്റ്, കോഫോർജ്, എംഫസിസ് എന്നീ ഐടി കമ്പനികൾ 17,18,19 തീയതികളിലും പ്രഖ്യാപിക്കാനിരിക്കുന്നത് ഐടി സെക്ടറിന് പ്രധാനമാണ്. ടെക്ക് മഹിന്ദ്ര ഒക്ടോബർ 25ന് റിസൾട്ട് പ്രഖ്യാപിക്കുന്നു. 

അവാൻടെൽ ഒൻപതാം തീയതിയും, ജിഎം ബ്രൂവറീസ് പത്താം തീയതിയും, എച്ച്ഡിഎഫ്സി എഎംസി, ഏഞ്ചൽ വൺ എന്നിവ ഒക്ടോബർ 12നും രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിക്കുന്നു. എച്ഡിഎഫ്സി ലൈഫ്, ബിർള മണി എന്നിവ 13നും, ബജാജ് ഫിനാൻസ് 17നുമാണ് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്. 

യുഎസ് ഡോളർ. REUTERS/Jose Luis Gonzale/Illustration/File Photo
യുഎസ് ഡോളർ. REUTERS/Jose Luis Gonzale/Illustration/File Photo

പറന്ന് കയറി ഡോളർ

ഫെഡ് റിസേർവ് പലിശ നിരക്ക് കൂടുതൽ ഉയരത്തിൽ തന്നെ കൂടുതൽ കാലത്തേക്ക് നിലനിർത്തിയേക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ശക്തി പകർന്ന ഡോളറിന് അമേരിക്കൻ സർക്കാരിന്റെ ബില്ലുകൾ ഇത് വരെ പാസാകാതിരുന്നത് ‘’ഷട്ട് ഡൗൺ’’ ഭീതി പരത്തിയത് കൂടുതൽ മുന്നേറ്റം നൽകി. ഡോളറിന് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അമേരിക്കൻ ബോണ്ട് യീൽഡ് കഴിഞ്ഞ 17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നതും കഴിഞ്ഞ ആഴ്ചയിൽ ലോക വിപണിക്ക് തിരുത്തൽ നൽകി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.688% എന്ന പുതിയ റെക്കോർഡ് ഉയരം കഴിഞ്ഞ ആഴ്ചയിൽ കുറിച്ചു.  

usfed-wallstrret

വെള്ളിയാഴ്ച അമേരിക്കൻ പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സിൽ ഉഭയകക്ഷി ബില്ലുകൾ പരാജയപ്പെട്ടതിനെത്തുടർന്ന്  അമേരിക്കൻ സർക്കാർ സർവീസിനെ ഭാഗികമായി നിർത്തലാക്കേണ്ടി വരുമെന്ന ഭയവും അമേരിക്കൻ വിപണിയെ ബാധിച്ചു. എന്നാൽ പ്രതിപക്ഷകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൂടി പിന്തുണയോടെ 91 വോട്ടുകൾക്കെതിരെ 335 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉഭയകക്ഷി ബിൽ ശനിയാഴ്ച രാത്രി വൈകി പാസാക്കാനായത് അമേരിക്കയുടെ ‘’ഷട്ട് ഡൗൺ’’ തത്കാലം ഒഴിവാക്കി. അമേരിക്കൻ സർക്കാരിന്റെ തുടർ കടമെടുപ്പുകൾ ഡോളറിന് വീണ്ടും മുന്നേറ്റം നൽകിയേക്കാമെന്നതും ആശ്വാസ മുന്നേറ്റത്തിന് ശേഷം ഓഹരി വിപണിക്ക്  ഭീഷണിയായേക്കാം. 

ലോക വിപണി മൂന്നാം പാദത്തിൽ

കഴിഞ്ഞ ആഴ്ചയിൽ ഫ്ലാറ്റ് ക്ളോസിങ് നടത്തിയ നാസ്ഡാക് സെപ്റ്റംബറിൽ 5%ൽ കൂടുതൽ വീണ് മൂന്നാം പാദം നഷ്ടലാണവസാനിപ്പിച്ചത്. എസ്&പിയും സെപ്റ്റംബറിൽ അഞ്ച് ശതമാനത്തിനടുത്ത് വീഴ്ച കുറിച്ചപ്പോൾ എനർജി ഓഹരികളുടെ പിൻബലത്തിൽ ഡൗ ജോൺസ്‌ നഷ്ടം 3.5%ലേക്ക് കുറച്ചു. സെപ്റ്റംബറിൽ അമേരിക്കയുടെ ബോണ്ട് യീൽഡ് 11%ൽ കൂടുതൽ മുന്നേറിയതാണ് വിപണിക്ക് ക്ഷീണമായത്. 

ഫ്രഞ്ച്, ജർമ്മൻ വിപണികളും സെപ്റ്റംബറിൽ 3%ൽ കൂടുതൽ നഷ്ടം കുറിച്ചു. ഇന്ത്യൻ വിപണിക്കൊപ്പം ജാപ്പനീസ്, ചൈനീസ് വിപണികളും വലിയ മുന്നേറ്റത്തിന് ശേഷം നേട്ടങ്ങൾ കൈവിട്ടപ്പോൾ കൊറിയൻ ഹോങ്കോങ് വിപണികൾ കഴിഞ്ഞ മാസത്തിൽ യഥാക്രമം മൂന്നും, നാലും ശതമാനം വീതം നഷ്ടം കുറിച്ചു. 

ലോക വിപണി അടുത്ത ആഴ്ചയിൽ 

∙പ്രധാന രാഷ്ട്രങ്ങളുടെ പിഎംഐ ഡേറ്റകൾ വരുന്നത് അടുത്ത ആഴ്ചയിൽ ലോക വിപണിക്ക് നിർണായകമാണ്. ചൈനയുടെയും, അമേരിക്കയുടെയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ ആദ്യം വരും. തുടർന്ന് ചൊവ്വാഴ്ച ഇന്ത്യയുടേയും, ബുധനാഴ്ച പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെയും, യൂറോ സോണിന്റെയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും വരുന്നത് വിപണിയെ സ്വാധീനിച്ചേക്കാം. 

∙ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും, ബുധനാഴ്ച വരുന്ന സർവിസ് പിഎംഐ ഡേറ്റയും, വ്യാഴാഴ്ച വരുന്ന ജോബ് ഡേറ്റയും യുഎസ് വിപണിക്കും പ്രധാനമാണ്. വെള്ളിയാഴ്ച വരുന്ന നോൺ ഫാം പേറോൾ കണക്കുകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

∙ബുധനാഴ്ച ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലെഗാർദെ സംസാരിക്കാനിരിക്കുന്നതും, യൂറോ സോണിന്റെ റീറ്റെയ്ൽ വില്പന കണക്കുകളും, പിപിഐ ഡേറ്റയും വരുന്നതും യൂറോപ്യൻ വിപണികൾക്കും പ്രധാനമാണ്. 

us-share4

∙ഗോൾഡൻ വീക്ക് അവധി പ്രമാണിച്ച് ചൈനീസ് വിപണി അടുത്ത ആഴ്ചയിൽ എല്ലാ ദിവസവും അടഞ്ഞു കിടക്കുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കാം. 

ഓഹരികളും സെക്ടറുകളും

∙ആർബിഐയുടെ നയപ്രഖ്യാപനത്തിന് മുന്നോടിയായി ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽറ്റി സെക്ടറുകളിൽ റിസൾട്ടിന് മുന്നോടിയായി വാങ്ങൽ അവസരം സൃഷ്ടിക്കപ്പെട്ടേക്കാം. 

∙ഓർഡർ ബുക്കിലേക്ക് മുംബൈ നഗര വികസന അതോറിറ്റിയുടെ പുതിയ മെഗാ ഓർഡർ കൂടി ചേർന്നത് വെള്ളിയാഴ്ച എൽ&ടി പുതിയ റെക്കോർഡ് ഉയരം നൽകി. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഐടി ഭീമന്മാരുടെ ലക്ഷ്യവിലകളിൽ കുറവ് വരുത്തിയതും ഐടി വീഴ്ചക്ക് വഴിവെച്ചു. ടെക്ക് മഹിന്ദ്ര, എംഫസിസ്, വിപ്രോ, ഇൻഫോസിസ് എന്നീ ഐടി ഓഹരികൾ കൂടുതൽ നഷ്ടം കുറിച്ചു. ഐടി സെക്ടറിലെ അടുത്ത ഇറക്കം രണ്ടാം പാദ ഫലത്തിന് മുൻപായി ഐടി ഓഹരികളിൽ അവസരമായി കാണാം. 

∙വെള്ളിയാഴ്ച ടെക്ക് മഹിന്ദ്ര മോർഗൻ സ്റാൻലിയുടെ ലക്ഷ്യവിലയായ 1210 രൂപയിലെത്തിയ ശേഷം തിരികെ കയറി. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം. 

∙ഇന്ത്യയുടെ പുതിയ പ്രതിരോധ വികസന കുതിപ്പിന് പിന്തുണ നൽകുന്ന തദ്ദേശീയമായി നിർമിക്കപ്പെടുന്ന യുദ്ധവിമാനങ്ങളുടെയും, യുദ്ധക്കപ്പലുകളുടെയും ഇലക്ട്രോണിക്സ് കാര്യനിർവഹണങ്ങൾക്ക് പുറമെ ഇന്ത്യൻ ആർമിയുടെ റഡാർ ഓർഡറുകളും സ്വന്തമായ ഭാരത് ഇലക്ട്രോണിക്സ് ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙ഇന്ത്യൻ എയർഫോഴ്സ് 156 പ്രചണ്ഡ ഹെലികോപ്ടറുകൾ കൂടി വാങ്ങാൻ ആലോചിക്കുന്നത് എച്ച്എഎലിന് അനുകൂലമാണ്. 

∙ഇന്ത്യയുടെ അടുത്ത വിമാനവാഹിനിക്കപ്പലിനായുള്ള ഓർഡറും കൊച്ചിൻ ഷിപ്പ്യാർഡ് സ്വന്തമാക്കുമെന്ന പ്രതീക്ഷ ഓഹരിക്ക് അനുകൂലമാണ്. ഓഹരിയിലെ അടുത്ത തിരുത്തൽ അവസരമാണ്. 

∙പുതുതലമുറ വെടിക്കോപ്പുകൾ സ്വന്തമാക്കാനായി ഇന്ത്യൻ ആർമി 6000 കോടി രൂപയുടെ പുതിയ പ്രൊപോസൽ അംഗീകരിക്കപ്പെട്ടാൽ ഇന്ത്യൻ എൽ&ടി, ഭാരത് ഫോർജ് മുതലായ ഓഹരികൾക്ക് പുറമെ ടാറ്റ ഡിഫൻസിനും അനുകൂലമായേക്കാം. 

∙ചൈനീസ് മൊബൈൽ ഫോൺ കമ്പനിയായ ഷാഓമി ഡിക്‌സൺ ടെക്‌നോളജീസിന്റെ ഉപകമ്പനിയായ പാഡ്‌ജെറ്റ് ഇലക്ട്രോണിക്സുമായി ചേർന്ന് വലിയ ഉല്പാദനശാലക്ക് തുടക്കം കുറിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. 

∙ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടെക്‌നോളജീസിന്റെ ഐപിഓ അടുത്ത് തന്നെ ഉണ്ടാകുമെന്ന വാർത്ത ടാറ്റ മോട്ടോഴ്സിന് അനുകൂലമാണ്. ഓഹരിയിലെ അടുത്ത തിരുത്തൽ അവസരമാണ്. 

∙ഡിമെർജെർ സൂചനകൾ വെള്ളിയാഴ്ച വേദാന്തയുടെ വീഴ്ചക്ക് വിരാമമിട്ടു. വേദാന്ത 64% ഓഹരി കൈയ്യാളുന്ന ഹിന്ദ് സിങ്കും റീസ്ട്രക്ച്ചറിങ് സാധ്യതയിൽ മുന്നേറ്റം കുറിച്ചു. വിവിധ ഉത്പന്നമേഖലകൾ കൈയാളുന്ന ആറ് വിവിധ കമ്പനികളായി വേദാന്ത മാറുന്നത് നിക്ഷേപകർക്ക് കൂടുതൽ യോജിച്ച നിക്ഷേപമേഖലകളിൽ നിലനിൽക്കാൻ അവസരമാകും.

∙നവീൻ ഫ്ളൂറിൻ ഇന്റർനാഷണൽ ലിമിറ്റഡിന്റെ എംഡി രാധേഷ് ആർ വെല്ലിങ് രാജിവെച്ചൊഴിയുന്നത് ഓഹരിക്ക് തിരുത്തൽ നൽകി. 

∙ജലാൻ-കാർലോക്ക് കൺസോർഷ്യം ജെറ്റ് എയർവെയ്‌സിലേക്ക് 100 കോടി രൂപ കൂടി നിക്ഷേപം നടത്തി 350 കോടി രൂപയുടെ നിക്ഷേപം തികച്ചതും 2024ൽ വിമാനക്കമ്പനി പറന്ന് തുടങ്ങുമെന്ന് വാഗ്ദാനം നടത്തിയതും ഓഹരിക്ക് അനുകൂലമാണ്. 

ക്രൂഡ് ഓയിൽ 

വെള്ളിയാഴ്ചത്തെ വീഴ്ചയോടെ കഴിഞ്ഞ ആഴ്ചയിൽ ഫ്ലാറ്റ് ക്ളോസിങ് നടത്തിയ ക്രൂഡ് ഓയിൽ സെപ്റ്റംബറിൽ വൻ നേട്ടം കുറിച്ചു. അടുത്ത ആഴ്ചയിലെ ഒപെക് യോഗവും, ചൈനയുടെയും അമേരിക്കയുടെയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും ക്രൂഡ് ഓയിലിന് നിർണായകമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 92 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ടതും വെള്ളിയാഴ്ച സ്വർണത്തിന് നേട്ടമാക്കാനായില്ല. 1880 ഡോളറിലെ പിന്തുണ നഷ്‌ടമായ രാജ്യാന്തര സ്വർണ വില 1864 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെപ്റ്റംബറിൽ 1980 ഡോളറിൽ നിന്നും 5%ൽ കൂടുതൽ അഥവാ 120 ഡോളറിന്റെ നഷ്ടമാണ് കുറിച്ചത്. 

ഐപിഓ

വാലിയൻറ് ലബോറട്ടറീസിന്റെ ഐപിഓ ചൊവ്വാഴ്ച അവസാനിക്കുന്നു. ഔഷധമൂലകങ്ങൾ ഉല്പാദിപ്പിക്കുന്ന കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 133-140 രൂപയാണ്.  

അലുമിനിയം കേബിളുകളും, വയറുകളും, ഇലക്ട്രിക്കൽ ഉത്പന്നങ്ങളും നിർമിക്കുന്ന പ്ലാസ വയേഴ്സിന്റെ ബുധനാഴ്ചയാണ് അവസാനിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരിയുടെ ഐപിഓ വില 51-54 രൂപയാണ്.

വാട്സാപ് : 8606666722

English Summary : Global Stock Market Next Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT