കണ്ണുകളെല്ലാം അമേരിക്കയിലേയ്ക്ക്, അവിടെ എന്തു സംഭവിക്കും

Mail This Article
കഴിഞ്ഞ ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ഡോളറിന്റെ കുതിച്ചു കയറ്റം ബുദ്ധിമുട്ടിച്ച രാജ്യാന്തര വിപണി നടത്തിയ തിരിച്ചു വരവും, ആർബിഐയുടെ അനുകൂല തീരുമാനങ്ങളും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യ വിപണിക്ക് പോസിറ്റീവ് ക്ളോസിങ് നൽകി. മുൻ ആഴ്ചയിൽ 19638 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി വീഴ്ചകൾക്ക് ശേഷം തിരിച്ചു കയറി 19653 പോയിന്റിലാണ് വെള്ളിയാഴ്ച അവസാനിച്ചത്. അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ചത്തെ പറന്നു കയറ്റം മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും തിങ്കളാഴ്ച മികച്ച തുടക്കം നൽകിയേക്കാം.
എച്ച്ഡിഎഫ്സി ബാങ്കിന്റെ കൂടി പിന്‍ബലത്തിൽ ബാങ്ക് നിഫ്റ്റി ഫ്ലാറ്റ് ക്ളോസിങ് നടത്തിയപ്പോൾ ഐടി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടി. കഴിഞ്ഞ പാദത്തിലെ മികച്ച വില്പനക്കണക്കുകളുടെ പിൻബലത്തിൽ റിയൽ എസ്റ്റേറ്റ് കമ്പനികൾ മുന്നേറ്റം നേടിയ കഴിഞ്ഞ ആഴ്ച റിയൽറ്റി സെക്ടർ 3% നേട്ടം സ്വന്തമാക്കി. ഓട്ടോ, എനർജി സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചു.
നിരക്ക് വർദ്ധിപ്പിക്കാതെ ആർബിഐ
വിപണി പ്രതീക്ഷ തെറ്റിക്കാതെ തുടർച്ചയായ നാലാം തവണയും റീപോ നിരക്ക് 6.50%ൽ തന്നെ നിലനിർത്തിയ ആർബിഐയുടെ നടപടി ഇന്ത്യൻ വിപണിക്ക് മികച്ച പിന്തുണ നൽകി. 2000 രൂപയുടെ നോട്ട് നിരോധനം മൂലം ബാങ്കുകളിലെത്തുന്ന പണം പണപ്പെരുപ്പത്തിന് കാരണമാകുന്നത് തടയാനായി ഏർപ്പെടുത്തിയ സിആർആർ ഘട്ടംഘട്ടമായി പിൻവലിക്കുന്നതും ബാങ്കിങ് ഓഹരികൾക്ക് അനുകൂലമായി. എങ്കിലും ആർബിഐ ഗവർണർ ബോണ്ട് വില്പനയെക്കുറിച്ച് സൂചിപ്പിച്ചത് ബോണ്ട് യീൽഡിന് നൽകിയ മുന്നേറ്റം ബാങ്ക് നിഫ്റ്റിയുടെ വെള്ളിയാഴ്ചത്തെ മുന്നേറ്റത്തിന് തടയിട്ടു.
റീപോ നിരക്കിനൊപ്പം പണപ്പെരുപ്പ-ജിഡിപി അനുമാനങ്ങളിലും ആർബിഐ മാറ്റങ്ങൾ വരുത്തിയില്ല. നടപ്പ് സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് 6.5% ആഭ്യന്തര ഉല്പാദന വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പാദത്തിൽ ഇന്ത്യയുടെ പണപ്പെരുപ്പം 6.4% വർദ്ധിച്ചിട്ടുണ്ടാകാമെന്ന പ്രതീക്ഷയോടൊപ്പം പണപ്പെരുപ്പം തുടർപാദങ്ങളിൽ വീണ്ടും കുറയുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പതോത് 5.4% മാത്രമായിരിക്കുമെന്ന ആർബിഐയുടെ അനുമാനവും വിപണിക്ക് പിന്തുണ നൽകി. ആർബിഐയുടെ പണപ്പെരുപ്പ ലക്ഷ്യം 2.6% അല്ല, മറിച്ച് 4% മാത്രമാണെന്നും ആർബിഐ ഗവർണർ ആവർത്തിച്ചു.
പണപ്പെരുപ്പ കണക്കുകൾ മുന്നിൽ

അമേരിക്കയുടെ മികച്ച സാമ്പത്തിക വിവര കണക്കുകൾ ഫെഡ് റിസർവിന്റെ നിരക്ക് വർദ്ധനസാധ്യത വർദ്ധിപ്പിക്കുന്നു എന്ന വിപണിധാരണയിൽ ഡോളറും, ഒപ്പം ബോണ്ട് യീൽഡും മുന്നേറിയത് കഴിഞ്ഞ ആഴ്ചയുടെ ആദ്യദിനങ്ങളിൽ ലോക വിപണിക്ക് ക്ഷീണമായി. പിന്നീട് വന്ന എഡിപി എംപ്ലോയ്മെന്റ് കണക്കുകൾ വിപണി പ്രതീക്ഷക്ക് താഴെ നിന്നതാണ് ഡോളറിന്റെ മുന്നേറ്റത്തിന് തടയിട്ടതും, ലോകവിപണിയുടെ തിരിച്ചു വരവിന് കാരണമായതും. എന്നാൽ വെള്ളിയാഴ്ച വന്ന അമേരിക്കയുടെ പേറോൾ കണക്കുകൾ പ്രകാരം വിപണി പ്രതീക്ഷിച്ചതിലും ഇരട്ടിയോളം ആളുകൾക്ക് തൊഴിൽ ലഭ്യമായത് ഫെഡ് നിരക്ക് വർദ്ധനക്ക് പിന്തുണയാകുമെന്നത് ഡോളറിനും ബോണ്ട് യീൽഡിനും വീണ്ടും മുന്നേറ്റം നൽകുകയും, വിപണി വീഴ്ചയോടെ ആരംഭിക്കുകയും ചെയ്തു. എങ്കിലും മികച്ച തൊഴിൽ ലഭ്യത കണക്കുകൾ സാമ്പത്തിക മാന്ദ്യ സാധ്യതകളെ ഇല്ലാതാക്കുമെന്ന ശുഭപ്രതീക്ഷയിൽ വെള്ളിയാഴ്ച തിരിച്ചു കയറിയ അമേരിക്കൻ വിപണി മികച്ച നേട്ടമുണ്ടാക്കി.
2023ൽ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് ഒരു തവണ കൂടി 25 ബേസിസ് പോയിന്റ് നിരക്ക് വർദ്ധന നടത്തുമെന്ന് ഉറപ്പിച്ചു കഴിഞ്ഞ വിപണി അടുത്ത വർഷം ഫെഡ് നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും കൈവിട്ടു തുടങ്ങി. അടുത്ത ആഴ്ചയിൽ വരാനിരിക്കുന്ന അമേരിക്കൻ സിപിഐ ഡേറ്റയും, പിസിഇ ഡേറ്റയും നവംബർ ഒന്നിന് വരുന്ന ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കും.

ലോകവിപണിയിൽ അടുത്ത ആഴ്ച
അടുത്ത ബുധനാഴ്ച ജർമനിയുടെയും, വ്യാഴാഴ്ച ഇന്ത്യയുടേയും, അമേരിക്കയുടെയും, വെള്ളിയാഴ്ച ചൈനയുടെയും സെപ്റ്റംബർ മാസത്തിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കുന്നതും ലോകവിപണിയുടെ ഗതി നിർണയിക്കും. ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും, ബുധനാഴ്ച വരാനിരിക്കുന്ന അമേരിക്കയുടെ പിപിഐ കണക്കുകളും അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കും.
ബ്രിട്ടീഷ് ജിഡിപി കണക്കുകളും, വ്യവസായികോല്പാദനകണക്കുകളും വ്യാഴാഴ്ചയാണ് പുറത്ത് വരുന്നത്. വെള്ളിയാഴ്ചയാണ് യൂറോസോണിന്റെ വ്യാവസായികോല്പാദനക്കണക്കുകളും പുറത്ത് വരുന്നത്.
ജാപ്പനീസ് പിപി ഐ ഡേറ്റകളും അടുത്ത വ്യാഴാഴ്ചയാണ് പുറത്ത് വരുന്നത്. വെള്ളിയാഴ്ച വരുന്ന ചൈനീസ് കയറ്റുമതിക്കണക്കുകളും ഏഷ്യൻ യൂറോപ്യൻ വിപണികളെ സ്വാധീനിക്കും.
ഇന്ത്യയുടെ പണപ്പെരുപ്പം
വ്യാഴാഴ്ച വിപണി സമയത്തിന് ശേഷം റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾക്കൊപ്പം ഇന്ത്യയുടെ വ്യവസായികോല്പാദന കണക്കുകളും പുറത്ത് വരും. ഇന്ത്യയുടെ വ്യവസായികോല്പാദനം ഓഗസ്റ്റിൽ 9% കൂടുതൽ വളർന്നിട്ടുണ്ടാകാമെന്നാണ് വിപണിയുടെ അനുമാനം.
ഓഗസ്റ്റിൽ 6.83% വളർച്ച കുറിച്ച ഇന്ത്യൻ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (സിപിഐ) സെപ്റ്റംബറിൽ 6%ൽ താഴെ മാത്രമേ വളർന്നിട്ടുണ്ടാകൂ എന്നും വിപണി പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും, ഭക്ഷ്യവിലക്കയറ്റ കണക്ക് പുറത്ത് വരുന്നത്.
ഓഹരികളും സെക്ടറുകളും

∙ബിഎസ്ഇയും എൻഎസ്ഇയും ക്രൂഡ് ഓയിൽ, ബേസ് മെറ്റൽ ഓപ്ഷനുകളും ആരംഭിക്കുന്നത് ലോഹ വ്യാപാരികൾക്കും വ്യവസായികൾക്കും ഒപ്പം എണ്ണക്കമ്പനികൾക്കും അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് ഓയിലിനേയും, അമേരിക്കയുടെ ഡബ്ലിയുടിഐയുടെയും വില ആധാരമാക്കിയാണ് ബിഎസ്ഇയിൽ നാളെ മുതൽ ക്രൂഡ് ഓപ്ഷൻ വ്യാപാരം ആരംഭിക്കുക.
∙നാസ്ഡാകിന്റെ വെള്ളിയാഴ്ചത്തെ 1.60% മുന്നേറ്റവും,ഐടി ഭീമന്മാരുടെ റിസൾട്ടുകൾ അടുത്ത ആഴ്ചയിൽ വരാനിരിക്കുന്നതും നാളെ ഇന്ത്യൻ ഐടി സെക്ടറിനും മികച്ച തുടക്കം നൽകിയേക്കാം. എങ്കിലും വ്യാഴാഴ്ച വരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾക്ക് മുന്നോടിയായി അമേരിക്കൻ വിപണിയിലുണ്ടായേക്കാവുന്ന സമ്മർദ്ദങ്ങളും റിസൾട്ടുകൾക്ക് ശേഷം ടിസിഎസ്, ഇൻഫോസിസ് ഓഹരികളിലുണ്ടായേക്കാവുന്ന ‘’ലാഭമെടുക്കലും’’ അടുത്ത ആഴ്ചയിൽ ഇന്ത്യൻ സൂചികകളെയും സ്വാധീനിച്ചേക്കാം.
∙ഇന്ത്യൻ ഐടി സെക്ടറിന് സമയം അനുകൂലമായിരിക്കില്ല എന്ന ജെപി മോർഗന്റെ സൂചന ഐടി ഭീമന്മാർ റിസൾട്ട് പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ജെപി മോർഗൻ ഇൻഫോസിസിന്റെ റേറ്റിങ് ഉയർത്തുകയും ചെയ്തു.
∙ഒക്ടോബർ പതിനൊന്നിന് റിസൾട്ട് പ്രഖ്യാപിക്കുന്ന ടിസിഎസ് ഇത്തവണയും ‘ബൈ ബാക്ക്’ പരിഗണിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. 2022ലും, 2018ലും, 2017ലും കമ്പനി 16000 കോടി രൂപയുടെ വീതം ഓഹരികൾ തിരികെ വാങ്ങിയിരുന്നു.
∙സെപ്റ്റംബർ പാദത്തിലെ മികച്ച ഇടപാട് കണക്കുകൾ പുറത്ത് വിട്ട എൻബിഎഫ്സികൾ ആർബിഐയുടെ അനുകൂല നിലപാടുകളുടെ കൂടി പിൻബലത്തിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
∙സെബി വ്യാപാരസമയം ദീർഘിപ്പിക്കുന്നത് എക്സ്ചേഞ്ച് ഓഹരികൾക്കൊപ്പം ഡിസ്കൗണ്ട് ബ്രോക്കിങ് കമ്പനികളുടെയും വരുമാനവർദ്ധനക്ക് ഇടയാക്കും.
∙ജെഎൽആറിന്റെ ആഗോളവില്പന മുന്നേറ്റത്തെ തുടർന്ന് മോർഗൻ സ്റ്റാൻലിയും, നോമുറയും ടാറ്റാ മോട്ടോർസ് ഓഹരിയുടെ ലക്ഷ്യ വില യഥാക്രമം 711 രൂപയിലേക്കും, 786 രൂപയിലേക്കുമുയർത്തിയത് ഓഹരിക്ക് അനുകൂലമായേക്കാം.
∙വിവിധ ഉത്പന്നമേഖലകൾ കൈയാളുന്ന ആറ് വിവിധ കമ്പനികളായി വേദാന്ത വിഭജിക്കപ്പെടുന്നത് ഓഹരിക്ക് അനുകൂലമായേക്കാം.
∙ലോകകപ്പ് ക്രിക്കറ്റ് പ്രമാണിച്ച് ഹോട്ടൽ നിരക്കുകൾ ഉയരുന്നത് പ്രധാന ഹോട്ടൽ ഓഹരികൾക്ക് അനുകൂലമാണ്. ഇന്ത്യൻ ഹോട്ടൽ, ഷാലെറ്റ് ഹോട്ടൽ, ലെമൺ ട്രീ എന്നിവക്ക് പുറമെ കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്ത സംഹി ഹോട്ടലും നിക്ഷേപത്തിന് പരിഗണിക്കാം.
∙അടുത്ത ആഴ്ച റിസൾട്ട് പ്രഖ്യാപിക്കാനിരിക്കുന്ന ബജാജ് ഫൈനാൻസിന്റെ റേറ്റിങ് ഉയർത്തിയ മോർഗൻ സ്റ്റാൻലി കമ്പനിക്ക് 8830 രൂപ ലക്ഷ്യവിലയിട്ടതും വെള്ളിയാഴ്ച ഓഹരിക്ക് മികച്ച മുന്നേറ്റം നൽകി.
∙വിൻഡ് എനർജി ഓഹരികളായ സുസ്ലോൺ എനർജിയും, ഐനോക്സ് വിൻഡും മുന്നേറ്റം തുടരുകയാണ്. ഇരു ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം.
∙കഴിഞ്ഞ പാദത്തിലെ മികച്ച വില്പനകണക്കുകൾ പ്രസ്റ്റീജിന് അനുകൂലമാണ്. മുൻ പാദത്തിൽ നിന്നും 100%ൽ കൂടുതൽ വിൽപ്പനയാണ് കമ്പനി സ്വന്തമാക്കിയത്.
∙റിസൾട്ട് പ്രഖ്യാപനത്തിന് മുൻപായി സൊമാറ്റോ മികച്ച മുന്നേറ്റം നേടുമെന്ന പ്രതീക്ഷയിലാണ് ജെഎം ഫിനാൻഷ്യൽ.
∙ടാറ്റ ടെക്നോളജീസ് ഐപിഓ ജെഎം ഫിനാൻഷ്യൽ ഓഹരിക്കും അനുകൂലമായേക്കും.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
അവാൻടെൽ, കെപിഐ ഗ്രീൻ എന്നിവ തിങ്കളാഴ്ചയും, ജിഎം ബ്രൂവറീസ് ചൊവ്വാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. ടിസിഎസ്, ഡെൽറ്റ കോർപ്, പുതുതായി ലിസ്റ്റ് ചെയ്ത സാഗിൾ, സംഹി ഹോട്ടൽ, സിഗ്നേച്ചർ ഗ്ലോബൽ ലിമിറ്റഡ്, എന്നിവയുടെ റിസൾട്ടും ബുധനാഴ്ചയാണ് വരുന്നത്.
ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക്, എച്ച്ഡിഎഫ്സി എഎംസി, ഏഞ്ചൽ വൺ, ആനന്ദ് രാതി, ടാറ്റ മെറ്റാലിക്സ്, സ്റ്റെർലിങ് & വിൽസൺ, ജെടിഎൽ ഇൻഡസ്ട്രീസ് എന്നീ കമ്പനികൾ വ്യാഴാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. എച്ഡിഎഫ്സി ലൈഫ്, ബിർള മണി, ടാറ്റ സ്റ്റീൽ ലോങ്ങ് പ്രോഡക്ട്, ഡി മാർട്ട് മുതലായ കമ്പനികൾ ആഴ്ചാവസാനത്തിൽ റിസൾട്ട് പ്രഖ്യാപനം നടത്തുന്നു.
ക്രൂഡ് ഓയിൽ
കഴിഞ്ഞ മൂന്ന് മാസങ്ങളായി മികച്ച മുന്നേറ്റം നേടി വന്ന ക്രൂഡ് ഓയിൽ മുൻപാദത്തിലെ നേട്ടത്തിൽ പാതിയും കഴിഞ്ഞ ആഴ്ചയിൽ നഷ്ടമാക്കി. മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ ആഴ്ചനഷ്ടം കുറിച്ചുകൊണ്ട് 96 ഡോളറിൽ നിന്നും 84 ഡോളറിലേക്ക് വീണ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശക്തമായ പിന്തുണ 80 ഡോളറിലാണ്. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വർദ്ധനവും, ഡോളറിന്റെ മുന്നേറ്റവും ചൈനീസ് വിപണി അവധിയിലായിരുന്ന കഴിഞ്ഞ ആഴ്ചയിൽ ക്രൂഡിന് വിനയായി.
സ്വർണം
ഡോളർ മുന്നേറ്റത്തിൽ തകർന്നു വീണ രാജ്യാന്തര സ്വർണ വില ഡോളർ ക്രമപ്പെടുന്നതിനനുസരിച്ച് തിരിച്ചു വരവിന് ശ്രമിക്കുന്നുണ്ടെങ്കിലും അടുത്ത ആഴ്ചയിൽ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരുന്നത് വരെ സമ്മർദ്ദം പ്രതീക്ഷിക്കുന്നു. 1847 ഡോളറിൽ തുടരുന്ന സ്വർണത്തിൽ അടുത്ത തിരുത്തൽ അവസരമാണ്.
ഐപിഓ
ഉപകമ്പനിയായ ടാറ്റ ടെക്നോളജീസിന്റെ ഐപിഓയിൽ ഓഹരി ഉടമകൾക്കായി റിസർവേഷൻ ഉള്ളത് ടാറ്റ മോട്ടോഴ്സിനും അനുകൂലമാണ്. ടാറ്റ ടെക്നോളജീസ് ഐപിഓക്കുള്ള റെഡ്ഹെറന്റ് പ്രോസ്പെക്ടസ് സമർപ്പിക്കുന്നതിന് മുൻപ് ഈ ഓഹരി കൈയാളുന്നവർക്കാണ് ഓഹരി ഉടമ എന്ന നിലയിലും അപേക്ഷ സമർപ്പിക്കാവുക. ഓഹരി ഉടമകൾക്ക് ഒരു പാൻ കാർഡ് നമ്പറിൽ നിന്നും രണ്ട് അപേക്ഷകൾ സമർപ്പിക്കാനാവും
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക