പണപ്പെരുപ്പ കണക്കുകൾ വിപണിയുടെ പ്രതീക്ഷ കാക്കുമോ

Mail This Article
കൂടുതൽ അമേരിക്കൻ ഫെഡ് അംഗങ്ങൾ ഇന്നലെയും ഫെഡ് റിസർവ് നിരക്ക് വർദ്ധനക്കെതിരെ നിലപാടെടുത്തത് അമേരിക്കൻ ബോണ്ട് യീൽഡിൽ തിരുത്തലിന് കാരണമായതും അമേരിക്കൻ വിപണി തുടർച്ചയായ മൂന്നാമത്തെ ദിവസവും മുന്നേറിയതും ഇന്നും മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും മികച്ച തുടക്കവും, തുടർ മുന്നേറ്റവും നൽകി. ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ന് യൂറോപ്യൻ വിപണികൾ സമ്മിശ്ര തുടക്കം നേടി. അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിലാണ് തുടരുന്നത്.
ഇന്നും, നാളെയുമായി പാദഫലങ്ങൾ വരാനിരിക്കുന്ന ഐടി ഭീമന്മാർ വില്പനസമ്മർദ്ദം നേരിട്ടതാണ് ഇന്ന് ഇന്ത്യൻ വിപണിയെ കൂടുതൽ ഉയങ്ങൾ താണ്ടുന്നതിൽ നിന്നും തടഞ്ഞത്. ഐടിയും, പൊതുമേഖല ബാങ്കുകളും ഒഴികെയുള്ള എല്ലാ സെക്ടറുകളും ഇന്ന് നേട്ടമുണ്ടാക്കി. ഒന്നര ശതമാനം മുന്നേറിയ റിലയൻസാണ് ഇന്ന് ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചത്.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 19839 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 19811 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 19730 പോയിന്റിലും, 19660 പോയിന്റിലും പിന്തുണകൾ പ്രതീക്ഷിക്കുന്നു. 19830 പോയിന്റ് പിന്നിടാനായാൽ 19880 പോയിന്റിലും 19930 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ.
ഇന്ന് 44710 പോയിന്റ് വരെ മുന്നേറിയ ശേഷം 44516 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 44800 പോയിന്റിലും 45100 മേഖലയിലും തുടർസമ്മർദ്ദങ്ങളും പ്രതീക്ഷിക്കുന്നു. 44300 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത പിന്തുണ മേഖല.
നാളത്തെ ഇന്ത്യൻ ഡേറ്റകൾ
നാളെ വിപണി സമയത്തിന് ശേഷം ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകളും വ്യവസായികോല്പാദന കണക്കുകളും പുറത്ത് വരുന്നു. ഓഗസ്റ്റിൽ 6.83% വളർച്ച കുറിച്ച ഇന്ത്യൻ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് സെപ്റ്റംബറിൽ 5.50% മാത്രമേ വളർന്നിട്ടുണ്ടാകൂ എന്ന പ്രതീക്ഷയിലാണ് വിപണി.
ഇന്ത്യയുടെ വ്യവസായികോല്പാദനം ഓഗസ്റ്റിൽ മികച്ച വളർച്ച നേടിയിട്ടുണ്ടാകാമെന്നാണ് വിപണിയുടെ അനുമാനം.
ഫെഡ് മിനുട്സ് ഇന്ന്, പണപ്പെരുപ്പം നാളെ
ഇസ്രായേലിലെ സംഘർഷങ്ങൾ ലോകവിപണിയെ തകിടംമറിക്കുമോ എന്ന ഭീതിക്കിടയിൽ നിന്നും രക്ഷിച്ചെടുത്ത് മുന്നേറ്റം നൽകിയത് അമേരിക്കൻ ഫെഡ് അംഗങ്ങളുടെ കൃത്യമായ ഇടപെടലാണ്. അടുത്ത യോഗത്തിലും ഫെഡ് നിരക്ക് ഉയർത്താതെ നിർത്തണമെന്ന് അറ്റ്‌ലാന്റാ ഫെഡ് പ്രെസിഡന്റ് റാഫേൽ ബോസ്റ്റിക്കും, ഉയർന്ന ബോണ്ട് നിരക്കുകൾ പണപ്പെരുപ്പ നിയന്ത്രണം നടത്തുണ്ടെന്ന ഇല്ലിനോയിസ് ഫെഡ് പ്രെസിൻഡന്റിന്റെ വാദവും ഇന്ന് ഫെഡ് മിനുട്സ് വരാനിരിക്കെ ബോണ്ട് യീൽഡിന് കൂടുതൽ തിരുത്തൽ നൽകിയതോടെ വിപണി ഇന്നലെയും കുതിപ്പ് തുടർന്നു. കഴിഞ്ഞ അഞ്ച് സെഷനുകളിലായി എസ്&പിയും, നാസ്ഡാകും 3%ൽ കൂടുതൽ മുന്നേറ്റം നേടിയപ്പോൾ ഡൗ ജോൺസ് 2%ൽ കൂടുതൽ മുന്നേറി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.60%ലും താഴെയാണ് വ്യാപാരം തുടരുന്നത്.
ഇന്ന് വരാനിരിക്കുന്ന അമേരിക്കയുടെ പിപിഐ ഡാറ്റയും, അമേരിക്കൻ ഫെഡ് മിനുട്സും നാളെ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, ജോബ് ഡാറ്റയും വരുന്നത് വരെ ലോക വിപണിയുടെ ഗതി നിയന്ത്രിക്കും. ഇന്നും റാഫേൽ ബോസ്റ്റിക്ക് അടക്കമുള്ള ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും പ്രധാനമാണ്.
ക്രൂഡ് ഓയിൽ
മിഡിൽ ഈസ്റ്റിൽ യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്നതും, ഡോളർ വീഴുന്നതും അനുകൂലമാണെങ്കിലും അമേരിക്കൻ പണപ്പെരുപ്പം നാളെ വരാനിരിക്കെ ബ്രെന്റ് ക്രൂഡ് ഓയിൽ ഇന്നും 88 ഡോളറിൽ താഴെ ക്രമപ്പെടുകയാണ്. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകൾ കഴിഞ്ഞ ആഴ്ചയിലെന്ന പോലെ ഇത്തവണയും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിച്ചേക്കാം.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡിന്റെ വീഴ്ചയും, യുദ്ധ സന്നാഹങ്ങളും സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. 1880 ഡോളർ പിന്നിട്ട രാജ്യാന്തര സ്വർണവിലക്ക് യുദ്ധസാഹചര്യങ്ങളിൽ നിക്ഷേപകർ സുരക്ഷിത താവളം അന്വേഷിക്കുന്നതും അനുകൂലമാണ്. ഇന്നത്തെ ഫെഡ് മിനുട്സും, നാളത്തെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളൂം സ്വർണവിലയേയും സ്വാധീനിക്കും
നാളത്തെ റിസൾട്ടുകൾ
ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക്, എച്ച്ഡിഎഫ്സി എഎംസി, ഏഞ്ചൽ വൺ, ആനന്ദ് രാതി, ടാറ്റ മെറ്റാലിക്സ്, സ്റ്റെർലിങ് & വിൽസൺ, ജെടിഎൽ ഇൻഡസ്ട്രീസ്, കേശോറാം ഇൻഡസ്ട്രീസ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
എച്ച്എഎൽ
വീണ്ടും 97 തേജസ് യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനുള്ള നിർദ്ദേശം കൂടി ഇന്ത്യൻ എയർഫോഴ്‌സ് മുൻപോട്ട് വെച്ചിട്ടുള്ളത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന് അനുകൂലമാണ്. മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റുകളും ഇന്ത്യയിൽ നിർമിച്ചെക്കാനുള്ള സാധ്യതകളും എച്ച്എഎലിനെ കൂടുതൽ ആകർഷകമാക്കുന്നു.