നഷ്ടമൊഴിവാക്കാനാകാതെ ഇന്ത്യൻ വിപണി
Mail This Article
നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി തിരിച്ചു കയറിയെങ്കിലും നഷ്ടമൊഴിവാക്കാനായില്ല. മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജാപ്പനീസ് വിപണി ഇന്ന് 2% നഷ്ടമാണ് ഇന്ന് നേരിട്ടത്. യുദ്ധവ്യാപനസാഹചര്യത്തിൽ സുരക്ഷിത നിക്ഷേപത്തിനായുള്ള അന്വേഷണം അമേരിക്കൻ ബോണ്ട് യീൽഡിന് മുന്നേറ്റം നല്കുമ്പോളും അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിൽ തന്നെയാണ് തുടരുന്നത്. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച യൂറോപ്യൻ വിപണികളും തിരിച്ചു വരവിനായി ശ്രമം നടത്തുന്നത് അനുകൂലമാണ്.
ടിസിഎസ്സിന്റെ വീഴ്ചയാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്. ബാങ്കിങ്, ഐടി,എഫ്എംസിജി, റിയൽറ്റി, ഫാർമ സൂചികകൾ നേരിയ നഷ്ടം കുറിച്ചപ്പോൾ പൊതു മേഖല ഓഹരികളെല്ലാം മുന്നേറ്റം കുറിച്ചു. സ്‌മോൾ & മിഡ് ക്യാപ് സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 19691 പോയിന്റിൽ പിന്തുണ നേടിയ ശേഷം 19731 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 19660 പോയിന്റിലും 19580 പോയിന്റിലും പിന്തുണകൾ നേടിയേക്കാം. 19800 പോയിന്റ് പിന്നിട്ടാൽ 19880 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന റെസിസ്റ്റൻസ്.
ഇന്ന് 44044 പോയിന്റിൽ പിന്തുണ നേടിയ ശേഷം 44225 പോയിന്റിലാണ് ബാങ്ക് നിഫ്റ്റി അവസാനിച്ചത്. 44000 പോയിന്റിലും തുടർന്ന് 43800 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി 44440 പോയിന്റിലും 44700 പോയിന്റിലും വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു.
മൊത്തവിലക്കയറ്റ കണക്കുകൾ
ഇന്ത്യയുടെ മൊത്തവിലക്കയറ്റ കണക്കുകൾ തുടർച്ചയായ ആറാമത്തെ മാസവും വളർച്ച ശോഷണം കുറിച്ചത് വിപണിക്ക് അനുകൂലമായി. ഓഗസ്റ്റിൽ -0.52% വളർച്ച കുറിച്ച മൊത്ത വില സൂചിക ഓഗസ്റ്റിൽ -0.26% വളർച്ചയാണ് കുറിച്ചത്.
വ്യാവസായിക ഉത്പന്നങ്ങൾക്കൊപ്പം ഊർജ്ജ വിലയിലും കുറവ് വന്നതും, ഓഗസ്റ്റിൽ 10%ൽ കൂടുതൽ വളർച്ച കുറിച്ച ഭക്ഷ്യ വിലക്കയറ്റം സെപ്റ്റംബറിൽ 3.35% മാത്രം വളർന്നതും ഹോൾസെയിൽ വില സൂചികയുടെ മുന്നേറ്റം നിയന്ത്രിച്ചു.
അമേരിക്കൻ റിസൾട്ടുകൾ
അമേരിക്കൻ ബാങ്കിങ് ഭീമന്മാരായ ജെപി മോർഗനും, വെൽസ് ഫാർഗോയും, സിറ്റിയും പലിശവരുമാനത്തിന്റെ കൂടി പിൻബലത്തിൽ മികച്ച റിസൾട്ടുകൾ പുറത്ത് വിട്ടത് ഇന്നും അമേരിക്കൻ വിപണിക്ക് അനുകൂലമായേക്കാം. ഇന്നും ഫസ്റ്റ് ബാങ്കും, സർവിസ് ഫസ്റ്റ് ബാങ്കും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നതും, നാളെ ഗോൾഡ്മാൻ സാക്‌സും, ബാങ്ക് ഓഫ് അമേരിക്കയും റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. ടെസ്ലയും, നെറ്റ്ഫ്ലിക്സും ബുധനാഴ്ചയാണ് റിസൾട്ടുകൾ പുറത്ത് വിടുന്നത്.
നാളെ വരാനിരിക്കുന്ന അമേരിക്കയുടെ റീറ്റെയ്ൽ വില്പന കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകളും ഫെഡ് ചെയർമാന്റെ പ്രസംഗത്തിന് മുന്നോടിയായി വിപണിയെ സ്വാധീനിക്കും. ബുധനാഴ്ച വരുന്ന ചൈനയുടെ ജിഡിപി കണക്കുകളും, റീറ്റെയ്ൽ വില്പന കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകളും ഏഷ്യൻ-യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും.
ഫെഡ് ചെയർമാന് കാതോർത്ത് വിപണി
വ്യാഴാഴ്ച ഫെഡ് ചെയർമാൻ ന്യൂയോർക്ക് ഇക്കോണോമിക് ക്ലബിൽ സംസാരിക്കാനിരിക്കെ മറ്റ് ഫെഡ് അംഗങ്ങളുടെ അഭിപ്രായം തന്നെയാണോ അതെന്ന് ലോക വിപണി കാത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ അറ്റ്ലാന്റ ഫെഡ് പ്രസിഡന്റായ റാഫേൽ ബോസ്റ്റിക്ക് അടക്കമുള്ള അംഗങ്ങൾ ഫെഡ് നിരക്ക് വർദ്ധനവ് തുടരരുത് എന്ന് അഭിപ്രായപ്പെട്ടിരുന്നു.
ക്രൂഡ് ഓയിൽ
ചൈനീസ് ഡാറ്റ വരാനിരിക്കെ യുദ്ധപിന്തുണയിൽ മുന്നേറ്റം നേടിയ ബ്രെന്റ്റ് ക്രൂഡ് ഓയിൽ 90 രൂപയിൽ തന്നെ വ്യാപാരം തുടരുകയാണ്. ഇസ്രായേൽ-ഹമാസ് യുദ്ധം തന്നെയാകും അമേരിക്കയുടെ ഉല്പാദനക്കണക്കുകൾ വരുംവരെ രാജ്യാന്തര എണ്ണവിലയെ നിയന്ത്രിക്കുക.
സ്വർണം
വെള്ളിയാഴ്ചത്തെ അതിമുന്നേറ്റത്തിന് ശേഷം രാജ്യാന്തര സ്വർണ വില നേരിയ ലാഭമെടുക്കൽ നേരിടുകയാണ്. അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറുന്നതും, ട്രേഡർമാർ ലാഭമെടുത്ത് ഒഴിവാക്കുന്നതും സ്വർണത്തിൽ അടുത്ത അവസരം സൃഷ്ടിച്ചേക്കാം. യുദ്ധം പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കുമെന്നുമുള്ള ഭയമാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക