റിലയൻസ് വീണു, ഇന്ത്യൻ വിപണിയും

Mail This Article
ഇന്ന് ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണ് വീണ്ടും നഷ്ടം കുറിച്ചു. മോശം സാമ്പത്തിക വിവരക്കണക്കുകൾ ഇന്ന് ജപ്പാൻ ഒഴികെയുള്ള മറ്റ് ഏഷ്യൻ വിപണികളെയും നഷ്ടത്തിലേക്ക് തള്ളിവിട്ടു. ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശ നിരക്ക് പൂജ്യത്തിന് താഴെ തന്നെ നിർത്തിയതാണ് ജാപ്പനീസ് വിപണിക്ക് അനുകൂലമായത്. മികച്ച റിസൾട്ടുകളുടെ കൂടി പിൻബലത്തിൽ യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും ക്രമപ്പെട്ടപ്പോൾ അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
റിലയൻസിന്റെ അവസാനമണിക്കൂറിലെ വീഴ്ചയാണ് ഇന്ത്യൻ വിപണിയുടെയും തിരിച്ചു വരവിന് ഇന്ന് തുരങ്കം വെച്ചത്. പ്രധാന ബാങ്കിങ് ഓഹരികളും ഇന്ന് ലാഭമെടുക്കൽ നേരിട്ടു. റിയൽറ്റി സെക്ടർ ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 19233 പോയിന്റിൽ നേട്ടത്തോടെ വ്യാപാരമാരംഭിച്ച നിഫ്റ്റി 19056 പോയിന്റ് വരെ വീണ ശേഷം 19082 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാളെ 19020 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 18940 പോയിന്റിലും, 18880 പോയിന്റിലുമാണ് നിഫ്റ്റിയുടെ തുടർ പിന്തുണകൾ. 19160 പോയിന്റിലും 19240 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ പ്രധാന റെസിസ്റ്റൻസുകൾ.
ഇന്ന് 43356 പോയിന്റിൽ വ്യാപാരമാരംഭിച്ച ബാങ്ക് നിഫ്റ്റിയും നേട്ടങ്ങളെല്ലാം കൈവിട്ട് വീണ്ടും 43000 പോയിന്റിന് താഴെ 42845 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 42600 പോയിന്റിലും 42300 പോയിന്റിലും ബാങ്ക് നിഫ്റ്റി തുടർ പിന്തുണ നേടിയേക്കാം.
ഫെഡ് തീരുമാനങ്ങൾ നാളെ
ഫെഡ് തീരുമാനങ്ങൾ വരുന്നതിന് മുൻപായി ഇന്നലെ അമേരിക്കൻ വിപണി വീണ്ടുമൊരു ആശ്വാസമുന്നേറ്റം സ്വന്തമാക്കി. വെള്ളിയാഴ്ച നഷ്ടം കുറിച്ച ഡൗ ജോൺസ് 1.58% നേട്ടമുണ്ടാക്കിയപ്പോൾ നാസ്ഡാക്ക് 1.16% നേട്ടമുണ്ടാക്കി. ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശ നിരക്കിൽ മാറ്റങ്ങൾ കൊണ്ട് വരാതിരുന്നത് ജാപ്പനീസ് വിപണിക്ക് അനുകൂലമായപ്പോൾ ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വീണ്ടും 50 പോയിന്റിൽ താഴെ വന്നത് വ്യാവസായിക വളർച്ച ശോഷണത്തെ സൂചിപ്പിക്കുന്നത് ചൈനീസ് വിപണിക്ക് തിരുത്തൽ നൽകി. യൂറോ സോൺ പണപ്പെരുപ്പ തോതിൽ കുറവ് വന്നതും യൂറോപ്യൻ വിപണികൾക്കും അനുകൂലമാണ്.
നാളത്തെ ഫെഡ് തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ലോക വിപണി. ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് 5.50%ൽ തന്നെ ഇത്തവണയും നിലനിർത്തിയേക്കുമെന്ന പ്രത്യാശയിലാണ് വിപണി. ഫെഡ് റിസർവ് നിരക്ക് വർദ്ധന നടത്തിയാൽ വിപണി വലിയ തിരുത്തൽ നേരിട്ടേക്കാം. മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും, പണപ്പെരുപ്പക്കണക്കുകളും, ജിഡിപി കണക്കുകളും യൂറോപ്യൻ വിപണിയെ സ്വാധീനിക്കും. ചൈനയുടെ കോആക്സിൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും നാളെ ഏഷ്യൻ വിപണിക്ക് പ്രധാനമാണ്
ക്രൂഡ് ഓയിൽ
ഫെഡ് തീരുമാനങ്ങൾ നാളെ വരാനിരിക്കെ ക്രൂഡ് ഓയിൽ സമ്മർദ്ദമേഖലയിൽ തന്നെയാണ് തുടരുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ 87 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയിലെ വീഴ്ചയും ഇന്ന് ക്രൂഡ് ഓയിലിന് ക്ഷീണമായി.
സ്വർണം
രാജ്യാന്തര സ്വർണ വില 2000 ഡോളറിന് മുകളിൽ തന്നെ പിടിച്ചു നിൽക്കുകയാണ്. ഫെഡ് തീരുമാനങ്ങൾ വരാനിരിക്കുന്നതും, ‘വാർ പ്രീമിയ’ത്തിൽ കുറവ് വന്നതും സ്വർണത്തിന്റെ മുന്നേറ്റത്തിനും തടയിട്ടു. സ്വർണ വിലയിലെ അടുത്ത ലാഭമെടുക്കൽ അവസരമാണ്.
നാളത്തെ റിസൾട്ടുകൾ
ആർഇസി, ടാറ്റ സ്റ്റീൽ, ഹീറോ, സൺ ഫാർമ, ഗോദ്‌റെജ് കൺസ്യൂമർ, ബ്രിട്ടാനിയ, അംബുജ സിമന്റ്, ഇന്ത്യ സിമന്റ്, ഐജിഎൽ, കെഇസി, ഗ്രീൻ പാനൽ, സഫാരി, എൽഐസി ഹൗസിങ്, മോത്തിലാൽ ഒസ്വാൾ, റിലാക്‌സോ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
സെല്ലോ വേൾഡ് ലിമിറ്റഡിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. 617 രൂപ മുതൽ 648 രൂപ വരെയാണ് ഐപിഓ നിരക്ക് നിശ്ചയിച്ചിരിക്കുന്ന ഐപിഓ പരിഗണിക്കാവുന്നതാണ്.
മാമ എർത്തിന്റെ മാതൃകമ്പനിയായ ഹോനാസ കൺസ്യൂമർ ലിമിറ്റഡിന്റെ ഇന്നാരംഭിച്ച ഐപിഓ നവംബർ രണ്ടിന് ക്ളോസ് ചെയ്യുന്നു. ഐപിഓ വില 308 രൂപ മുതൽ 324 രൂപ വരെയാണ്.
തൃശൂർ ആസ്ഥാനമായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഓ വെള്ളിയാഴ്ച ആരംഭിച്ച് നവംബർ ഏഴിന് അവസാനിക്കുന്നു. 72 കോടി രൂപക്കുള്ള പ്രൊമോട്ടർമാരുടെ കൈവശ ഓഹരികളടക്കം 463 കോടി രൂപയുടെ ഓഹരികളാണ് ബാങ്ക് ഐപിഓയിലൂടെ വില്പന നടത്തുന്നത്.