നേട്ടം നിലനിർത്തി ഇന്ത്യൻ ഓഹരി വിപണി

Mail This Article
രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി തുടർമുന്നേറ്റത്തോടെ മികച്ച ക്ളോസിങ് സ്വന്തമാക്കി. മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടമുണ്ടാക്കിയ ഇന്ന് കൊറിയൻ-ജാപ്പനീസ് വിപണികൾ വൻകുതിപ്പാണ് സ്വന്തമാക്കിയത്. സർവിസ് പിഎംഐ ഡേറ്റകൾ നിരാശപ്പെടുത്തിയപ്പോൾ യൂറോപ്യൻ വിപണികൾ ഇന്ന് വീണ്ടും മിക്സഡ് തുടക്കമാണ് നേടിയത്. അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നതിനെത്തുടർന്ന് അമേരിക്കൻ ഫ്യൂച്ചറുകളും പോസിറ്റീവ് സോണിൽ വ്യാപാരം തുടരുന്നു.
ബാങ്കിങ്, ഐടി സെക്ടറുകൾ 0.7% വീതം നേട്ടമുണ്ടാക്കിയ ഇന്ന് റിയൽറ്റി സെക്ടർ വീണ്ടും 1% നേട്ടമുണ്ടാക്കി. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ ഇന്ന് യഥാക്രമം ഒന്നര ശതമാനവും, ഒരു ശതമാനവും വീതം നേട്ടമുണ്ടാക്കി. ആക്സിസ് ബാങ്കും, ബജാജ് ഫൈനാൻസും, ഇൻഫോസിസുമാണ് ഇന്ത്യൻ വിപണിയെ ഇന്ന് മുന്നിൽ നിന്നും നയിച്ചത്.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
മികച്ച കുതിപ്പിനൊടുവിൽ ഇന്ന് നിഫ്റ്റി 181 പോയിന്റുകൾ മുന്നേറി 19411 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയുടെ നാളത്തെ പ്രധാന പിന്തുണകൾ 19320 പോയിന്റിലും 19240 പോയിന്റിലുമാണ്. 19440 പോയിന്റ് പിന്നിട്ടാൽ 19520 പോയിന്റിലും 19580 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യപ്രധാന സമ്മർദ്ദ മേഖലകൾ.
ഇന്ന് 43415 പോയിന്റിൽ പിന്തുണ നേടി 43619 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി വീണ്ടും 43400 പോയിന്റിലും 43200 പോയിന്റിലും പിന്തുണയും 43800 പോയിന്റിലും 44000 പോയിന്റിലും വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു.
കുതിപ്പ് തുടർന്ന് വിൻഡ് എനർജി
സുസ്‌ലോണിന്റെ മികച്ച റിസൾട്ടും ഇൻഡോ വിൻഡിന്റെ റിസൾട്ട് നാളെ വരാനിരിക്കുന്നതും ഇന്ന് വിൻഡ് എനർജി അടക്കമുള്ള റിന്യൂവബിൾ എനർജി സെക്ടറിന് കുതിപ്പ് നൽകി. സുസ്‌ലോണും, ഓറിയന്റ് ഗ്രീൻ പവറും, ജെപി പവാറും ‘അപ്പർ സർക്യൂട്ട്’ നേടിയപ്പോൾ ഇനോക്സ് വിൻഡ് ഇന്ന് 11% നേട്ടമുണ്ടാക്കി.
ഫെഡ് പ്രസിഡന്റ് ഈയാഴ്ച വീണ്ടും
വെള്ളിയാഴ്ച വന്ന അമേരിക്കയുടെ നോൺ ഫാം പേറോൾ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തിൽ തൊഴിൽ ലഭിച്ച അമേരിക്കക്കാരുടെ എണ്ണത്തിൽ വൻവീഴ്ച റിപ്പോർട്ട് ചെയ്തത് ഫെഡ് നിരക്ക് വർദ്ധനയ്ക്ക് ഇനി അവസരമില്ല എന്ന വിപണി ധാരണക്ക് ആധാരമായതാണ് അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ചത്തെ മുന്നേറ്റത്തിനും, ലോക വിപണിയുടെ ഇന്നത്തെ കുതിപ്പിനും അടിസ്ഥാനം. ജപ്പാന്റെ പ്രതീക്ഷ മറികടന്ന സർവിസ് പിഎംഐ ഡേറ്റ നിക്കിക്ക് രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നൽകിയപ്പോൾ, യൂറോപ്യൻ രാജ്യങ്ങളുടെ സർവിസ് പിഎംഐ കണക്കുകൾ ലക്ഷ്യം നേടാതെ പോയത് യൂറോപ്യൻ സൂചികകൾക്ക് ഇന്ന് തിരുത്തൽ നൽകി.
ഇന്ന് മുതൽ വീണ്ടും ഫെഡ് അംഗങ്ങളും, വ്യാഴാഴ്ച ഫെഡ് ചെയർമാൻ ജെറോം പവലും വീണ്ടും സംസാരിക്കാനിരിക്കുന്നതും ലോക വിപണിക്ക് പ്രധാനമാണ്. നാളെ പുറത്ത് വരുന്ന ചൈനയുടെ കയറ്റുമതി കണക്കുകൾ ഏഷ്യൻ വിപണികൾക്ക് പ്രധാനമാണ്. വ്യാഴ്ചയാണ് ചൈനയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ പുറത്ത് വരുന്നത്.
ഷോർട്ട് സെല്ലിങ് നിരോധിച്ച് കൊറിയ
റീറ്റെയ്ൽ നിക്ഷേപകരെ വൻകിട ഊഹക്കച്ചവടക്കാരുടെ കൈയ്യിൽ നിന്നും രക്ഷിക്കാനായി കൊറിയ വീണ്ടും ‘ഷോർട് സെല്ലിങ്’ന് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത് ഇന്ന് കൊറിയൻ വിപണിക്ക് വൻ കുതിപ്പ് നൽകി. വൻകിട നിക്ഷേപകരുടെ ‘കയ്യിലില്ലാത്ത’ ഓഹരി വില്പനക്ക് ജൂലൈ മാസം വരെയാണ് കൊറിയൻ ഓഹരി വിപണി നിരോധനംഏർപ്പെടുത്തിയിരിക്കുന്നത്. കൊറിയയുടെ കോസ്‌പി സൂചിക ഇന്ന് 5.66% മുന്നേറ്റം നേടി.
ക്രൂഡ് ഓയിൽ
യുദ്ധ-ആനുകൂല്യം നഷ്‌ടമായി കഴിഞ്ഞ ആഴ്ചയിൽ വീണ്ടും നഷ്ടം കുറിച്ച ക്രൂഡ് ഓയിൽ ഇന്ന് ഏഷ്യൻ വിപണി സമയത്ത് വീണ്ടും നേട്ടമുണ്ടാക്കി. ഫെഡ് റിസർവിന്റെ അനുകൂല തീരുമാനങ്ങളും, ഡോളറിന്റെ വീഴ്ചയും ക്രൂഡ് ഓയിലിന് അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും 86 ഡോളറിന് മുകളിലെത്തി.
സ്വർണം
രാജ്യാന്തര സ്വർണ വിലയും 2000 ഡോളറിൽ താഴെ വീണ്ടും ക്രമപ്പെടുകയാണ്. ഹമാസും- ഇസ്രയേലുമായുള്ള യുദ്ധം ഇനിയും വ്യാപിക്കില്ല എന്ന പ്രതീക്ഷ സ്വർണത്തിന് ക്ഷീണമാണ്.
ഐപിഓ
ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഓ നാളെ അവസാനിക്കും. ഓഹരിയുടെ ഐപിഓ വില 57-60 രൂപയാണ്.
മുൻപ് എൻഎസ് ഡിഎൽ ഇ- ഗവേര്ണൻസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന പ്രോടീൻ ഇ-ഗവ് ടെക്‌നോളജീസിന്റെ ഇന്നാരംഭിച്ച ഐപിഓ ബുധനാഴ്ച അവസാനിക്കും. ഐപിഓ വില നിലവാരം 752-792 രൂപയാണ്.
നാളത്തെ റിസൾട്ടുകൾ
പവർ ഗ്രിഡ്, ഐആർസിടിസി, ജിഎസ്എഫ്സി, കൊച്ചിൻ ഷിപ്യാർഡ്, കമ്മിൻസ്, പ്രസ്റ്റീജ്, ശ്രീ സിമന്റ്, ട്രെന്റ്, സൈഡസ് ലൈഫ്, ദീപക് നൈട്രൈറ്റ്, ദിലീപ് ബിൽഡ്‌കോൺ, ക്രിസിൽ, നൗക്രി, മിഥാനി, ഇൻഡോ വിൻഡ്, ഐഡിയ ഫോർജ്, റെയിൻ, സ്‌കിപ്പർ, ലിഖിത ഇൻഫ്രാ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക