ADVERTISEMENT

ഒരു ലക്ഷം രൂപയുടെ ബോണസ് ലഭിച്ചപ്പോൾ അദീബും അമനും ഹ്രസ്വകാലത്തേക്കു നിക്ഷേപിക്കാൻ തീരുമാനിച്ചു. ഓഹരി കുതിപ്പിൽ വലിയ വിശ്വാസമുണ്ടായിരുന്ന അദീബ് ഒരു ലക്ഷവും ടെക്‌നോളജി ഓഹരികളില്‍ നിക്ഷേപിച്ചു. അമനാകട്ടെ അൽപം കരുതലോടെ ഓഹരി, ഡെറ്റ് മ്യൂച്വൽ ഫണ്ട്, സ്വർണം എന്നിവയിൽ വൈവിധ്യവൽക്കരിച്ചാണ് നിക്ഷേപിച്ചത്. ആഗോള തലത്തിലെ നെഗറ്റീവ് ട്രെൻഡ് മൂലം ഒരു വർഷം കഴിഞ്ഞിട്ടും അദീബിന്റെ പോർട്‌ഫോളിയോയിൽ നേട്ടമുണ്ടായില്ല. അതേസമയം അമന്റെ നിക്ഷേപം 12% വർധന രേഖപ്പെടുത്തി. ഇന്നത്തെ സങ്കീർണമായ സാമ്പത്തിക കാലാവസ്ഥയിൽ റിസ്‌കിനെ മറികടന്നുള്ള നേട്ടത്തിനായാണ് ഉന്നം വയ്ക്കേണ്ടത്. ഇതിന് മികച്ചത് മൾട്ടി അസെറ്റ് ഇൻവെസ്റ്റിങ് തന്നെ. അതാണ് അമൻ തെരഞ്ഞെടുത്തത്. 

എന്താണ് മൾട്ടി അസെറ്റ് ഇൻവെസ്റ്റിങ് ?

പേര് സൂചിപ്പിക്കുംപോലെ വിവിധ ആസ്തികളിലെ നിക്ഷേപമാണിത്. നിക്ഷേപം ഓഹരി, റിയൽ എസ്‌റ്റേറ്റ്, സ്വർണം, സ്ഥിര നിക്ഷേപം എന്നിവയിൽ വിഭജിച്ച് തുക വകയിരുത്തുന്നു. റിസ്‌ക്കുള്ള കൂടിയ സാഹചര്യത്തിലും സ്ഥിരതയാർന്ന നേട്ടം നല്‍കുന്ന, വൈവിധ്യവൽക്കരിച്ച പോര്‍ട്‌ഫോളിയോ സൃഷ്ടിക്കാൻ ഇതുവഴി കഴിയും. അദീബിനെ പോലെ പരമ്പരാഗതരീതിയിൽ ഏക ആസ്തി നിക്ഷേപത്തിൽനിന്നു വിഭിന്നമായി, വിവിധ പദ്ധതികളിൽ തുക വകയിരുത്തി റിസ്‌കും റിട്ടേണും ബാലൻസ് ചെയ്യുകയാണിവിടെ. ഏതു വിപണി സാഹചര്യത്തിലും സാമ്പത്തിക ചക്രങ്ങളിലും നിക്ഷേപകന് ആശ്രയിക്കാവുന്ന ഡൈനാമിക് ഇൻവെസ്റ്റ്‌മെന്റ് തന്ത്രമാണിത്. 

നേട്ടങ്ങൾ പലത്

ഏറ്റവും പ്രധാനം നിക്ഷേപ വൈവിധ്യവൽക്കരണം വഴി റിസ്‌ക് കുറയ്ക്കാമെന്നതാണ്. ഒരു ആസ്തി മോശമാകുമ്പോൾ മറ്റുള്ളവ സ്ഥിരതയുള്ളതോ മികച്ചതോ ആയ റിട്ടേൺ നല്‍കുന്നു. ഇത് മൊത്തം പോർട്ഫോളിയോയുടെ റിസ്‌ക് കുറയ്ക്കും. നിങ്ങളുടെ റിസ്‌ക് എടുക്കാനുള്ള ശേഷി വിലയിരുത്തിയുള്ള ആസ്തിവിഭജനവും ഇവിടെ സാധ്യമാണ്. വിപണിയിൽ തിരിച്ചടിയുണ്ടാകുമ്പോഴും നിക്ഷേപം തുടരാനും പാനിക് സെല്ലിങ് ഒഴിവാക്കാനും ഇത് സഹായിക്കുന്നു. 

സ്വീകാര്യത കൂടുന്നു 

കുറച്ചു വർഷങ്ങളായി ഈ രീതി ജനപ്രിയമായി വരികയാണ്. വിപണിയുടെ സങ്കീർണതകളും ചാഞ്ചാട്ടത്തെക്കുറിച്ചുള്ള അവബോധവുമാകാം കാരണം. ധനകാര്യ വിപണികൾ പരസ്പരബന്ധിതമായതോടെ ആഗോള, ആഭ്യന്തര, സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളെ അതിജീവിക്കാൻ വൈവിധ്യവൽക്കരണം വേണമെന്നതും നിക്ഷേപകര്‍ തിരിച്ചറിയുന്നു. മാന്ദ്യവും കോവിഡും അടക്കമുള്ള സാഹചര്യത്തിലെല്ലാം സ്ഥിരതയാർന്ന നേട്ടം നൽകാൻ ഈ രീതിക്കു കഴിയുമെന്ന ബോധ്യവും നിക്ഷേപർക്കുണ്ട്. 

എങ്ങനെ നിക്ഷേപിക്കാം?

സാധാരണക്കാരന് ഈ രീതി പ്രയോജനപ്പെടുത്താനുള്ള എളുപ്പവഴി മൾട്ടി അസെറ്റ് ഫണ്ടിൽ നിക്ഷേപിക്കുകയാണ്. ഓഹരി, ഡെറ്റ്, കമോഡിറ്റി തുടങ്ങി മൂന്നോ അതിലധികമോ ആസ്തികളിൽ ആ ഫണ്ട് നിക്ഷേപം നടത്തും. ഇൻഫ്രാസ്ട്രക്ച്ചർ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളിലും നിക്ഷേപം നടത്തുന്ന ഫണ്ടുകളുമുണ്ട്. ഏതു തരം ആസ്തികളാണ് നിങ്ങളുടെ ഫണ്ടിൽ വേണ്ടതെന്ന് ആദ്യ മനസ്സിലാക്കണം. വിപണിയുടെ കുതിപ്പിന്റെയും കിതപ്പിന്റെയും സമയത്ത് ഫണ്ടിന്റെ പ്രകടനം എങ്ങനെയായിരുന്നു എന്നും പഠിക്കണം •

ഒക്ടോബർ ലക്കം മനോരമ സമ്പാദ്യത്തില്‍ പ്രസിദ്ധീകരിച്ചത്. മ്യൂച്ചൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ് ലേഖകൻ. 

English Summary:

Understanding Investment In Multi Asset Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT