ഐ ടി ഭീമന്മാർ വീണു, ഇന്ത്യൻ വിപണിയും

Mail This Article
ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി മുന്നേറാനാകാതെ നിന്ന ശേഷം ലാഭമെടുക്കലിൽ വീണ് വീണ്ടും നഷ്ടം കുറിച്ചു. കേന്ദ്ര ബാങ്ക് നയങ്ങളുടെ പിന്തുണയിൽ ജാപ്പനീസ് വിപണി വീണ്ടും മികച്ച മുന്നേറ്റം നേടിയ ഇന്ന് കൊറിയൻ വിപണിയും നേട്ടം കുറിച്ചു. ചൈന വീണ്ടും പണച്ചുരുക്കത്തിലേക്ക് വീണത് ചൈനീസ് വിപണിക്ക് ക്ഷീണമായി. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
റിലയൻസും, അദാനിയും ഒപ്പം ടിസിഎസ്സും, ഇൻഫോസിസും അടക്കമുള്ള ഐടി ഭീമന്മാരും വീണതാണ് ഇന്ത്യൻ വിപണിയുടെ ഇന്നത്തെ തിരുത്തലിന് കാരണമായത്. ബാങ്കിങ് സെക്ടർ നഷ്ടം ഒഴിവാക്കിയപ്പോൾ ഐടി, എഫ്എംസിജി, മെറ്റൽ, എനർജി സെക്ടറുകളും നിഫ്റ്റി നെക്സ്റ്റ്-50യും നഷ്ടം കുറിച്ചു. ശോഭ ലിമിറ്റഡിന്റെ പിൻബലത്തിൽ ഇന്നും റിയൽറ്റി സെക്ടർ 1.23% മുന്നേറ്റം നേടി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
നിഫ്റ്റി ഇന്ന് ആദ്യ പിന്തുണയായ 19380 പോയിന്റിന് തൊട്ട് താഴെ വരെ എത്തിയ ശേഷം തിരികെക്കയറി 45 പോയിന്റ് നഷ്ടത്തിൽ 19395 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 19330 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ. 19480 പോയിന്റിലും 19530 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ പ്രധാന റെസിസ്റ്റൻസുകൾ.
ഇന്ന് 43876 പോയിന്റ് വരെ മുന്നേറിയ ശേഷം നേട്ടങ്ങൾ കൈവിട്ട ബാങ്ക് നിഫ്റ്റി 43683 പോയിന്റിൽ ഒരു ഫ്ലാറ്റ് ക്ളോസിങ് നടത്തി. വീണ്ടും 43500 പോയിന്റിലും 43300 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി 43900 പോയിന്റ് മേഖലയിൽ വീണ്ടും വില്പനസമ്മർദ്ദം പ്രതീക്ഷിക്കുന്നു.
‘മുഹൂർത്ത-വ്യാപാരം’ ഞായറാഴ്ച
ഭാരതീയ വർഷാരംഭം കുറിക്കുന്ന ഞായറാഴ്ചയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ മുഹൂർത്ത വ്യാപാരം നടക്കുക. ഒരു മണിക്കൂർ നീളുന്ന പ്രത്യേക ഓഹരി വ്യാപാരം ഞായറാഴ്ച വൈകുന്നേരം ആറരയ്ക്കാണ് ആരംഭിക്കുക. ചൊവ്വാഴ്ച ഇന്ത്യൻ വിപണി ദീപാവലി പ്രമാണിച്ച് അവധിയായിരിക്കും. ദീപാവലി മുന്നേറ്റ പ്രതീക്ഷയിലാണ് ഇന്ത്യൻ വിപണി.
ഫെഡ് പ്രസിഡന്റ് ഇന്ന് വീണ്ടും
ടെക്ക് ഓഹരികൾ മുന്നേറിയപ്പോളും, എനർജി, യൂട്ടിലിറ്റി ഓഹരികളിൽ വില്പന സമ്മർദ്ദം വന്നത് ഇന്നലെ വീണ്ടും ഡൗ ജോൺസിന് തിരുത്തൽ നൽകി. നാസ്ഡാകും, എസ്&പിയും ഇന്നലെയും നഷ്ടം ഒഴിവാക്കി. അമേരിക്കൻ ബോണ്ട് യീൽഡ് ഇന്ന് കേന്ദ്ര ബാങ്ക് മേധാവികൾ സംസാരിക്കാരിക്കെ നേട്ടമുണ്ടാക്കുന്നതും വിപണിക്ക് പ്രധാനമാണ്. ഇന്ന് വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും വിപണിയെ സ്വാധീനിച്ചേക്കാം. അടുത്ത ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ തന്നെ അമേരിക്കയുടെയും ഇന്ത്യയുടേയും റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകളും വരാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്.
ഇന്നലെ നിരക്ക് വർദ്ധന സൂചനകൾ ഒഴിവാക്കിയ അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ ഫെഡ് റിസർവിന്റെ സ്റ്റാറ്റിസ്റ്റിക്കൽ കോൺഫറൻസിൽ ഇന്ന് വീണ്ടും സംസാരിക്കാനിരിക്കുന്നതും, ഇസിബി പ്രസിഡന്റും ക്രിസ്റ്റിൻ ലെഗാർദെയും സംസാരിക്കാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്. ഇരു കേന്ദ്ര ബാങ്ക് മേധാവികളും നിരക്ക് വർധന സാധ്യതകളെക്കുറിച്ച് ഇന്ന് സൂചന നൽകിയേക്കാം. അമേരിക്കൻ ഫെഡ് അംഗമായ റാഫേൽ ബോസ്റ്റിക്കും ഇന്ന് സംസാരിക്കുന്നു.
ചൈനീസ് പണച്ചുരുക്കം
ചൈനയുടെ പണപ്പെരുപ്പം വീണ്ടും നെഗറ്റീവ് സോണിലേക്ക് നീങ്ങുന്നത് കൂടുതൽ സാമ്പത്തിക ഉത്തേജന നടപടികൾക്ക് കാരണമായേക്കാമെന്നത് വിപണിക്ക് അനുകൂലമാണ്. ചൈനയുടെ ഒക്ടോബറിലെ റീറ്റെയ്ൽ പണപ്പെരുപ്പം -0.2% വളർച്ച ശോഷണം കുറിച്ചപ്പോൾ പിപിഐ ഡേറ്റ -2.6% വീഴ്ചയാണ് നേരിട്ടത്. ചൈന മാത്രമാണ് ഇപ്പോഴും സാമ്പത്തിക ഉത്തേജന പരിപാടികൾ തുടരുന്നത്.
ക്രൂഡ് ഓയിൽ
യുദ്ധ-ആനുകൂല്യം നഷ്ടമായി തിരുത്തൽ നേരിട്ട് കൊണ്ടിരുന്ന ക്രൂഡ് ഓയിൽ വില കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ വൻ വളർച്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വീണ്ടും തകർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ 80 ഡോളർ നിരക്കിലാണ് വ്യാപാരം തുടരുന്നത്. കേന്ദ്രബാങ്ക് മേധാവികളുടെ ഇന്നത്തെ പ്രസ്താവനകൾ ക്രൂഡ് ഓയിലിനും നിർണായകമാണ്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡും ഒപ്പം സ്വർണവും തിരുത്തൽ നേരിടുകയാണ്. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.60%ൽ താഴെ വ്യാപാരം തുടരുമ്പോൾ രാജ്യാന്തര സ്വർണ-അവധി 1950 ഡോളറിന് ചുറ്റുവട്ടത്ത് ക്രമപ്പെടുകയാണ്. ഫെഡ് ചെയർമാൻ ഇന്ന് സംസാരിക്കുന്നത് ഇന്ന് സ്വർണത്തിനും ഡോളറിനും പ്രധാനമാണ്. അടുത്ത ആഴ്ച അമേരിക്കയുടെ പണപ്പെരുപ്പം പുറത്ത് വരുന്നതും സ്വർണത്തിനും ബോണ്ട് യീൽഡിനും നിർണായകമാണ്.
നാളത്തെ പ്രധാന റിസൾട്ടുകൾ
എൽഐസി, ഓഎൻജിസി, കോൾ ഇന്ത്യ, സെയിൽ, പിടിസി, ആർസിഎഫ്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ്, ഹഡ്‌കോ, എച്ച്എംടി, എം&എം, ഐഷർ മോട്ടോഴ്‌സ്, ഹിൻഡാൽകോ, ഹിന്ദ് കോപ്പർ, ടാറ്റ കെമിക്കൽസ്, സൺ ടിവി, ബയോകോൺ, ഐപിസിഎ ലാബ്സ്, സ്വാൻ എനർജി, കോൺഫിഡൻസ് പെട്രോ, രാമ സ്റ്റീൽ, പിക്കാഡിലി അഗ്രോ, ഓൾകാർഗോ, ശ്രീറാം പേപ്പർടീസ്, ജെപി പവർ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക