ADVERTISEMENT

മുഹൂർത്ത വ്യാപാരത്തിലെ ആവേശമടങ്ങിയ ഇന്ത്യൻ വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചശേഷം ഇന്നലത്തെ നേട്ടങ്ങൾ മുഴുവൻ നഷ്ടമാക്കിയെങ്കിലും വെള്ളിയാഴ്ചത്തെ ക്ളോസിങ്ങിനെക്കാളും മികച്ച ക്ളോസിങ് സ്വന്തമാക്കി. ജാപ്പനീസ്, കൊറിയൻ വിപണികളും നേട്ടങ്ങൾ കൈവിട്ടതോടെ ഇന്ന് ഏഷ്യൻ വിപണികളും മിക്സഡ് ക്ളോസിങ് നടത്തി. അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ചത്തെ മികച്ച ക്ളോസിങ്ങിന്റെ പിൻബലത്തിൽ യൂറോപ്യൻ വിപണികൾ ഇന്ന് പോസിറ്റീവ് തുടക്കം നേടി. 

ഐടി സെക്ടറും, മുൻ നിര ബാങ്കുകളും, റിലയൻസും വീണതാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് ക്ഷീണമായത്. പൊതു മേഖല ബാങ്കുകളും, എനർജി, മെറ്റൽ സെക്ടറുകളും, നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സൂചികകളും നേട്ടമുണ്ടാക്കിയപ്പോൾ ഒരാഴ്ച നീണ്ട മുന്നേറ്റം കുറിച്ച റിയൽറ്റി സെക്ടറും ലാഭമെടുക്കലിൽ വീണു. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്നലെ മുഹൂർത്ത വ്യാപാരത്തിൽ 100 പോയിന്റുകൾ നേട്ടമുണ്ടാക്കിയ നിഫ്റ്റി ഇന്ന് 19500 പോയിന്റിൽ താഴെയാണ് വ്യാപാരം ആരംഭിച്ചത്. ഇന്ന് 19414 പോയിന്റ് വരെ ഇറങ്ങിയ നിഫ്റ്റി 19444 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്, 19400 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 19340 പോയിന്റിലും 19280 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യപിന്തുണകൾ. 19530 പോയിന്റിലും 19600 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത കടമ്പകൾ. 

ഇന്ന് 44000 പോയിന്റിലെ കടമ്പ കടക്കാനാകാതെ വീണ ബാങ്ക് നിഫ്റ്റി 43891 പോയിന്റിലാണ് ക്ളോസ് ചെയ്തത്. വീണ്ടും 43700 പോയിന്റിലും 43500 പോയിന്റിലും ബാങ്ക് നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. 44000 പോയിന്റ് പിന്നിട്ടാൽ 44150 മേഖലയിലും 44350 മേഖലയിലും നിഫ്റ്റി റെസിസ്റ്റൻസ് നേരിട്ടേക്കാം. 

നാളെ അവധി

ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം ഇന്ന് വിപണി സമയത്തിന് ശേഷവും, മൊത്ത വിലകണക്കുകളും, ഭക്ഷ്യ വിലക്കയറ്റക്കണക്കുകളും നാളെയും പുറത്ത് വരുന്നു. ഒക്ടോബറിൽ ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ച 5%ൽ താഴെയേ വളർന്നിട്ടുണ്ടാകൂ എന്ന പ്രതീക്ഷയിലാണ് വിപണി. 

ദീപാവലി പ്രമാണിച്ച് നാളെ ഇന്ത്യൻ വിപണിക്ക് അവധിയാണ്. 

ഐടി സെക്ടർ 

ഫെഡ് നിരക്ക് വർധനയുടെ അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു എന്നതും, അടുത്ത വർഷത്തിൽ ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചു തുടങ്ങുമെന്ന് സൂചിപ്പിച്ചതും നാസ്ഡാകിനൊപ്പം ഇന്ത്യൻ ഐടി സെക്ടറിനും തിരിച്ചു വരവ് നല്കിയേക്കാം. കൂടാതെ തെരെഞ്ഞെടുപ്പ് വർഷത്തിൽ ഇന്ത്യൻ രാഷ്ട്രീയ തീരുമാനങ്ങൾ ‘അത്രയധികം’ബാധിക്കാത്ത ഐടി ഓഹരികൾ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി കരുതാനുള്ള സാധ്യതയും ഐടി സെക്ടറിനെ ആകർഷകമാക്കുന്നു. അടുത്ത തിരുത്തൽ ഐടി ഓഹരികളിൽ അവസരമാണ്. ഇന്ന് 30635 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഐടിക്ക് 30000 പോയിന്റിലെ പിന്തുണ പ്രധാനമാണ്. 

അമേരിക്കൻ പണപ്പെരുപ്പം നാളെ 

usfed-inflation

അറ്റലാന്റ ഫെഡ് പ്രസിഡന്റ് റാഫേൽ ബോസ്റ്റിക്ക് ഫെഡ് നിരക്ക് വർദ്ധനക്കെതിരെ നിലപാടെടുത്തതിലൂടെ വെള്ളിയാഴ്ച മികച്ച തിരിച്ചു വരവ് നടത്തിയ അമേരിക്കൻ വിപണി നാളെ പണപ്പെരുപ്പ കണക്കുകൾ വരാനിരിക്കെ സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. നാസ്ഡാക് വെള്ളിയാഴ്ച 2%ൽ കൂടുതൽ മുന്നേറ്റമാണ് സ്വന്തമാക്കിയത്. അമേരിക്കൻ ഫ്യൂച്ചറുകൾ നെഗറ്റീവ് സോണിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 4.64%ൽ തന്നെ വ്യാപാരം തുടരുന്നു. മുൻമാസത്തിൽ നിന്നും വളർച്ച ശോഷണം കുറിച്ച ജാപ്പനീസ് പിപിഐയുടെ വാർഷിക വളർച്ച ഒക്ടോബറിൽ 0.8%ലേക്ക് കുറഞ്ഞു.  

മൂഡീസ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് ‘’നെഗറ്റീവ്’’ സോണിലേക്ക് മാറ്റിയതിന്റെ ക്ഷീണം തത്കാലം മറികടന്ന അമേരിക്കൻ വിപണിക്ക് പണപ്പെരുപ്പകണക്കുകൾ വളരെ പ്രധാനമാണ്. വെള്ളിയാഴ്ചക്കുള്ളിൽ അമേരിക്കൻ കടമെടുപ്പ് തീരുമാനങ്ങൾ ആയില്ലെങ്കിൽ വീണ്ടും അമേരിക്കൻ കോൺഗ്രസ് കടമെടുപ്പ് കടമ്പകളിൽ കുടുങ്ങിയേക്കാനുള്ള സാധ്യതയും വിപണിയിൽ സമ്മർദകാരണമായേക്കാം. അമേരിക്കയുടെ ഷട്ട് ഡൗൺ ഭീഷണി ഇന്ത്യൻ വിപണിയിലും നിക്ഷേപ അവസരം തുറന്നേക്കാം. 

ക്രൂഡ് ഓയിൽ 

മുൻ ആഴ്ചയിൽ അമേരിക്കൻ എണ്ണശേഖരത്തിലെ വലിയ വർദ്ധനവ് ക്രൂഡ് ഓയിലിന് തിരുത്തൽ നൽകിയെങ്കിലും ഒപെകിന്റെ ഉല്പാദന നിയന്ത്രണങ്ങൾക്ക് ഇറാക്ക് പിന്തുണ പ്രഖ്യാപിച്ചത് ക്രൂഡ് ഓയിലിന് വെള്ളിയാഴ്ച 2% തിരിച്ചുവരവ് നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 81 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് വരുന്ന ഒപെക് റിപ്പോർട്ടും, അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും ക്രൂഡ് ഓയിലിന് പ്രധാനമാണ്. 

സ്വർണം 

രാജ്യാന്തര സ്വർണ അവധി ഇന്ന് ഏഷ്യൻ വിപണി സമയത്ത് 1938 ഡോളറിൽ പിന്തുണ നേടി വ്യാപാരം തുടരുകയാണ്. നാളത്തെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ സ്വർണത്തിനും പ്രധാനമാണ്.  

ഐപിഓ 

ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്‌നോളജീസിന്റെ ഐപിഓ അടുത്ത ആഴ്ചകളിൽ ഉണ്ടായേക്കുമെന്നാണ് വിപണിയുടെ അനുമാനം. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി ഉടമകൾക്ക് ഐപിഓയിൽ ക്വോട്ട ലഭ്യമാകുന്നത് അനുകൂലമാണ്. ടാറ്റ മോട്ടോഴ്‌സ് ഓഹരി ഉടമകൾക്ക് സാധാരണ നിക്ഷേപകനെന്ന നിലയിലും ഓഹരി ഉടമ എന്ന നിലയിലും രണ്ട് അപേക്ഷകൾ ഐപിഓക്ക് സമർപ്പിക്കാനാകും. 

ഫെഡറൽ ബാങ്കിന്റെ എൻബിഎഫ്സി ആയ ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ  സർവീസിന്റെ ഐപിഓയും അടുത്ത ആഴ്ച നടക്കും. ഉപകമ്പനിയുടെ ഐപിഓ വിജയം ഫെഡറൽ ബാങ്കിന് മുന്നേറ്റത്തിന് വഴിയൊരുക്കിയേക്കാം.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market in Red

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com