മുഹൂർത്ത വ്യാപാരത്തിലും കുതിച്ചുയർന്ന് ഇന്ത്യൻ വിപണി
Mail This Article
ഫെഡ് പ്രതീക്ഷകൾക്കൊപ്പം ചാഞ്ചാടിയ അമേരിക്കൻ വിപണിയുടെ സ്വാധീനത്തിൽ കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കിയ ഇന്ത്യൻ വിപണി ഇന്നലെ ‘മുഹൂർത്ത വ്യാപാരത്തിലും’ മികച്ച നേട്ടമുണ്ടാക്കി. മൂന്നാഴ്ചകൾക്ക് ശേഷം വെള്ളിയാഴ്ച വീണ്ടും 19400 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്ത നിഫ്റ്റി മുഹൂർത്ത വ്യാപാരത്തിൽ 100 പോയിന്റുകൾ കൂടി നേട്ടമുണ്ടാക്കി 19525 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച 64904 പോയിന്റിൽ ക്ളോസ് ചെയ്ത സെൻസെക്സ് 355 പോയിന്റുകൾ മുന്നേറി 65259 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിങ്, ഫാർമ, റിയൽറ്റി സെക്ടറുകൾ മുന്നിൽ നിന്നും നയിച്ച കഴിഞ്ഞ ആഴ്ചയിൽ ഓട്ടോ, എനർജി, ഇൻഫ്രാ, മെറ്റൽ സെക്ടറുകളും മികച്ച മുന്നേറ്റം നേടി. റിയൽറ്റി, പൊതുമേഖല സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ 5%ൽ കൂടുതൽ മുന്നേറിയപ്പോൾ ഫാർമ, നിഫ്റ്റി സ്‌മോൾ ക്യാപ് സെക്ടറുകൾ 4%ൽ കൂടുതൽ മുന്നേറ്റം നേടി. നിഫ്റ്റി മിഡ് ക്യാപ്, നിഫ്റ്റി നെക്സ്റ്റ്-50 സൂചികകളും മെറ്റൽ എനർജി സെക്ടറുകളും 3%ൽ ഏറെ മുന്നേറ്റമാണ് മുഹൂർത്ത വ്യാപാരത്തിന് മുൻപ് കഴിഞ്ഞ ആഴ്ചയിൽ നേടിയത്.
മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ വിപണി സമ്പൂർണ നേട്ടം സ്വന്തമാക്കി. പൊതു മേഖല ഓഹരികളും, നിഫ്റ്റി സ്‌മോൾ ക്യാപ്പ് സൂചികയും ഒരു ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കി.
വ്യാവസായിക വളർച്ചയുടെ വേഗത കുറഞ്ഞു
ഉൽപ്പാദനം, ഖനനം, വൈദ്യുതി മേഖലകളുടെ പിൻബലത്തിൽ ഇന്ത്യയുടെ വ്യവസായികോല്പാദനം സെപ്റ്റംബറിൽ 5.8% വളർച്ചയാണ് നേടാനായത്. ഓഗസ്റ്റിൽ 10.3% വളർച്ച നേടിയിടത്ത് സെപ്റ്റംബറിൽ ഐഐപി ലക്ഷ്യമായിരുന്ന 7%ലേക്ക് എത്താതെ പോയി. മഴക്കെടുതിയിൽ ഉത്പാദനം മുടങ്ങിയതും, ഉത്സവങ്ങളും മറ്റുമാണ് സെപ്റ്റംബറിൽ ഇന്ത്യൻ വ്യാവസായിക വളർച്ചയെ ബാധിച്ചിട്ടുണ്ടാകുക.
ഓഗസ്റ്റിൽ 9.3% വളർച്ച കുറിച്ച ഉല്പാദന മേഖലയുടെ സെപ്റ്റംബറിലെ വളർച്ച 4.5%ലേക്ക് ഒതുങ്ങിയപ്പോൾ ഇന്ത്യയുടെ ഖനികളിൽ നിന്നുള്ള ഉല്പാദനത്തിൽ 11.5%വും, വൈദ്യുതി ഉല്പാദനത്തിൽ 9.9%വും വളർച്ചയുണ്ടായത് അനുകൂലമായി. ഒക്ടോബറിൽ ഇന്ത്യൻ വ്യാവസായികോല്പാദനം കൂടുതൽ വളർച്ച നേടിയിട്ടുണ്ടാകാമെന്നും വിപണി പ്രതീക്ഷിക്കുന്നു.
അമേരിക്കൻ പണപ്പെരുപ്പം അടുത്ത ആഴ്ചയിൽ
വ്യാഴാഴ്ച അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ ഫെഡ് നിരക്ക് ഇനിയും ഉയർത്താതെ അമേരിക്കൻ പണപ്പെരുപ്പ വളർച്ച 2%ലേക്ക് കൊണ്ടുവരാനായേക്കില്ല എന്ന് ‘ആത്മവിശ്വാസക്കുറവ്’ പ്രകടിപ്പിച്ചത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയിലാകെത്തന്നെ വില്പനസമ്മർദ്ധത്തിന് കാരണമായി. എന്നാൽ രണ്ട് ശതമാനം പണപ്പെരുപ്പലക്ഷ്യത്തിത്തിലേക്കെത്താൻ ഫെഡ് നിരക്ക് വർദ്ധനയുടെ ‘’ആവശ്യമില്ല’’ എന്ന് അറ്റ്‌ലാന്റ ഫെഡ് പ്രസിഡന്റ് റാഫേൽ ബോസ്റ്റിക്ക് അഭിപ്രായപ്പെട്ടത് വെള്ളിയാഴ്ച അമേരിക്കൻ വിപണിയുടെ തിരിച്ചുവരവിന് കളമൊരുക്കി. വെള്ളിയാഴ്ച മാത്രം നാസ്ഡാക്ക് 2.05%വും, എസ്&പി 1.56%വും ഡൗ ജോൺസ് 1.15%വും നേട്ടമുണ്ടാക്കി.
ഫെഡ് റിസർവ് തീരുമാനങ്ങൾക്ക് അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ നിര്ണായകമാണെന്നതിനാൽ ചൊവ്വാഴ്ച വരുന്ന അമേരിക്കൻ സിപിഐ ഡേറ്റയും വിപണിയിൽ വലിയ ചലനത്തിന് കാരണമായേക്കാം. ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും അടുത്ത ആഴ്ചയിൽ അമേരിക്കൻ വിപണി ചലനങ്ങൾക്ക് ആധാരമായേക്കാം.
അമേരിക്കയ്ക്ക് മൂഡീസിന്റെ മുന്നറിയിപ്പ്
വീണ്ടും അമേരിക്കൻ കോൺഗ്രസ് കടമെടുപ്പ് കടമ്പകളിൽ കുടുങ്ങിയേക്കാനുള്ള സാധ്യതയും, മൂഡീസിന്റെ മുന്നറിയിപ്പും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. മൂഡീസ് അമേരിക്കയുടെ റേറ്റിങ് നെഗറ്റീവ് സോണിലേക്ക് താഴ്ത്തിയത് വിപണിയിൽ പ്രതിഫലിച്ചേക്കാം.
ലോക വിപണിയിൽ അടുത്ത ആഴ്ച
∙ചൊവ്വാഴ്ച വരുന്ന അമേരിക്കയുടെ ഒക്ടോബറിലെ പണപ്പെരുപ്പകണക്കുകൾ അമേരിക്കൻ വിപണിക്കൊപ്പം, ലോക വിപണിക്ക് തന്നെ പ്രധാനമാണ്. അമേരിക്കയുടെ പിപിഐ, റീറ്റെയ്ൽ വില്പന കണക്കുകൾ ബുധനാഴ്ചയും, ജോബ് ഡേറ്റയും, വ്യാവസായികോല്പാദന കണക്കുകളും വ്യാഴാഴ്ചയും, ഭവന നിർമാണ കണക്കുകൾ വെള്ളിയാഴ്ചയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
∙യൂറോ സോൺ ജിഡിപിയും, സ്പാനിഷ് പണപ്പെരുപ്പക്കണക്കുകളും ചൊവ്വാഴ്ചയും, ബ്രിട്ടീഷ്. ഫ്രഞ്ച്, ഇറ്റാലിയൻ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകൾ ബുധനാഴ്ചയും യൂറോപ്യൻ വിപണികളെ സ്വാധീനിച്ചേക്കാം. യൂറോ സോൺ വ്യാവസായികോല്പാദന കണക്കുകൾ ബുധനാഴ്ചയും, യൂറോ സോൺ സിപിഐ വെള്ളിയാഴ്ചയുമാണ് പുറത്ത് വരുന്നത്. ആഴ്ചാവസാനത്തിൽ ഇസിബി പ്രസിഡന്റ് ലെഗാർദെ സംസാരിക്കുന്നത് യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്.
∙ചൈനയുടെ വ്യവസായികോല്പാദന- റീറ്റെയ്ൽ വില്പന കണക്കുകളും, ജാപ്പനീസ് ജിഡിപി കണക്കുകളും, വ്യവസായികോല്പാദന കണക്കുകളും ബുധനാഴ്ച ഏഷ്യൻ വിപണികളെ സ്വാധീനിക്കും.
∙ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകൾ നാളെയാണ് പുറത്ത് വരുന്നത്. ഇന്ത്യയുടെ മൊത്തവിലക്കണക്കുകളും, ഭക്ഷ്യ-ഊർജ്ജ വിലക്കയറ്റകണക്കുകളും ബുധനാഴ്ചയും പുറത്ത് വരുന്നു. ചൊവ്വാഴ്ച ഇന്ത്യൻ വിപണി ദീപാവലി ആഘോഷിക്കുന്നതിനാൽ അവധിയാണ്.
ഓഹരികളും സെക്ടറുകളും
∙സെയിൽ, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ്, ബിഇഎംഎൽ, കൊച്ചിൻ ഷിപ്യാർഡ്, പിടിസി ഇന്ത്യ, ഹഡ്‌കോ, ഹിൻഡാൽകോ, ഐഷർ മോട്ടോർസ്, ബോഷ്, എബിബി, സ്വാൻ എനർജി, പ്രിൻസ് പൈപ്സ്, അപ്പോളോ ടയർ, അദാനി എനർജി സൊല്യൂഷൻസ്, പ്രസ്റ്റീജ്, അപ്പോളോ മൈക്രോ, ബയോകോൺ, ഔറോബിന്ദോ ഫാർമ, മാർക്‌സൻസ് ഫാർമ, ബോംബെ ബുംറ, അഡോർ വെൽഡിങ്, 63 മൂൺസ്, മുൻജാൽ ഓട്ടോ മുതലായ കമ്പനികളും കഴിഞ്ഞ ആഴ്ചയിൽ മികച്ച രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു.
∙അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ ഡോളറിനെ താങ്ങി നിർത്താനായി പലിശ നിരക്കിനെക്കുറിച്ച് വാചാലനാകുന്നതൊഴിച്ചാൽ ഫെഡ് നിരക്ക് വർദ്ധന അവസാനഘട്ടത്തിലാണെന്നത് ഇന്ത്യൻ ഐടി സെക്ടറിനും വളരെ അനുകൂലമാണ്. തെരെഞ്ഞെടുപ്പ് വർഷത്തിൽ ഇന്ത്യൻ രാഷ്ട്രീയ തീരുമാനങ്ങൾ ‘അത്രയധികം’ ബാധിക്കാത്ത ഐടി ഓഹരികൾ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി കരുതാനുള്ള സാധ്യതയും ഐടി സെക്ടറിനെ ആകർഷകമാക്കുന്നു.
∙മുൻ ആഴ്ചകളിൽ റെക്കോർഡ് തുകയുടെ വിദേശ വായ്പകൾ നേടിയെടുത്ത അദാനി ശ്രീലങ്കയിലെ പുതിയ തുറമുഖ നിർമാണത്തിന് അമേരിക്കൻ സർക്കാർ ഏജൻസിയുടെ ഫണ്ടിങ് ലഭ്യമായത് അദാനിയുടെ നില കൂടുതൽ മെച്ചപ്പെടുത്തി. അദാനി ഓഹരികളുടെ മികച്ച രണ്ടാം പാദഫലങ്ങളും ഓഹരികൾക്ക് അനുകൂലമാണെങ്കിലും വിപണി സെബിയുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ എത്താനായി കാത്തിരിക്കുകയാണ്.
∙ഈ മാസം നടക്കാനിരിക്കുന്ന ഡിഫെൻസ് അക്വിസിഷൻ കമ്മിറ്റിയുടെ യോഗം ഡിഫൻസ് ഓഹരികൾക്ക് അനുകൂലമായേക്കാം. മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ച എച്ച്എഎല്ലും, കൊച്ചിൻ ഷിപ്യാർഡും ശ്രദ്ധിക്കുക.
∙ടാറ്റ ടെക്‌നോളജിയുടെ ഐപിഓ വരാനിരിക്കുന്നത് ടാറ്റ മോട്ടോഴ്സിന് കൂടുതൽ അനുകൂലമായേക്കാം.
∙സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ രണ്ടാം പാദത്തിൽ മികച്ച വരുമാന-ലാഭകണക്കുകൾ പ്രഖ്യാപിച്ചത് ഓഹരിക്ക് അനുകൂലമായേക്കാം. തിരുത്തൽ ഓഹരിയിൽ അവസരമാണ്.
∙കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ട് 50% മുന്നേറ്റം നടത്തിയ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് സെക്ടർ വരും വർഷങ്ങളിലും മുന്നേറ്റപ്രതീക്ഷ പുലർത്തുന്നു. പുതു നഗരരൂപീകരണങ്ങൾ കൂടുതൽ ആഡംബര ഭവന വില്പന സാധ്യതകളും തുറക്കുന്നു.
∙വരുമാനത്തിലും, അറ്റാദായത്തിലും ക്രമാനുഗതമായ വളർച്ച കുറിക്കുന്ന എച്ച്ബിഎൽ പവർ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഡിഫൻസ്, ഇൻഡസ്ട്രിയൽ ബാറ്ററി നിർമാതാക്കൾ 557 കോടി രൂപയുടെ റെക്കോർഡ് വില്പനയും, 101 കോടി രൂപയുടെ പ്രവർത്തനലാഭവുമാണ് സ്വന്തമാക്കിയത്.
∙പ്രാജ് ഇൻഡസ്ട്രീസ് മുൻ പാദത്തേക്കാളും ആദായ-ലാഭവളർച്ച നേടിയത് ഓഹരിക്കനുകൂലമാണ്. എത്തനോൾ പ്ലാന്റ് നിർമാതാക്കൾ മുന്നേറ്റം തുടർന്നേക്കാം.
∙ഡിഫൻസ്, സ്പേസ് എക്വിപ്മെന്റ് മാനുഫാക്ച്ചറിങ് കമ്പനിയായ അപ്പോളോ മൈക്രോ സിസ്റ്റംസ് രണ്ടാം പാദത്തിൽ മുൻ വർഷത്തിൽ നിന്നും 300% വർധനയോടെ 6.6 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി.
∙കഴിഞ്ഞ ആഴ്ചയിൽ മികച്ച രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച മാർക്‌സൻസ് ഫാർമയും, ബ്ലിസ് ജിവിഎസ്സും കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഓഹരികൾ അടുത്ത തിരുത്തലിൽ പരിഗണിക്കാം.
അടുത്ത ആഴ്ചയിലെ പ്രധാന റിസൾട്ടുകൾ
ഗ്രാസിം, നാരായണ ഹൃദയാലയ, മണപ്പുറം ഫിനാൻസ്, എൻആർബി ബെയറിങ്, വർദ്ധമാൻ ഹോൾഡിങ്‌സ്, വിറിഞ്ചി, പട്ടേൽ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ്, നീലമലൈ അഗ്രോ, അബാൻസ് എന്റർപ്രൈസസ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
എൻഎംഡിസി, നാഷണൽ ഫെർട്ടിലൈസർ, എംഎംടിസി, വോക്ഹാർട്ട് ഫാർമ, നാറ്റ്കോ ഫാർമ, പുറവങ്കര, കെഎൻആർ കൺസ്ട്രക്ഷൻസ്, കപ്പാസിറ്റെ ഇൻഫ്രാ, മൈതാൻ അല്ലോയ്‌സ്, ആസ്ട്ര മൈക്രോ, കല്യാൺ ജൂവലേഴ്സ്, പിസി ജൂവലേഴ്സ്, രാജേഷ് എക്സ്പോർട്സ്, ട്രൈഡന്റ്, യാത്ര ഓൺലൈൻ, കേരള ആയുർവേദ, ലാ ഒപാല, ആസ്റ്റർ ഡിഎം മുതലായ കമ്പനികൾ ചൊവ്വാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
മുൻ ആഴ്ചയിൽ അമേരിക്കൻ എണ്ണശേഖരത്തിലെ വലിയ വർദ്ധനവ് ക്രൂഡ് ഓയിലിന് തിരുത്തൽ നൽകിയെങ്കിലും ഒപെകിന്റെ ഉല്പാദന നിയന്ത്രണങ്ങൾക്ക് ഇറാക്ക് പിന്തുണ പ്രഖ്യാപിച്ചത് ക്രൂഡ് ഓയിലിന് വെള്ളിയാഴ്ച 2% തിരിച്ചുവരവ് നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 81.70 ഡോളറിലാണ് ക്ളോസ് ചെയ്തത്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും തിരിച്ചുകയറി 4.64%ൽ ക്ളോസ് ചെയ്തപ്പോൾ രാജ്യാന്തര സ്വർണ വില 1942 ഡോളറിലേക്കിറങ്ങി. ഇസ്രായേൽ-ഹമാസ് യുദ്ധഭീതി ലഘൂകരിക്കപ്പെട്ടതും, ഫെഡ് റിസർവ് നിരക്ക് വർദ്ധന അവസാനിക്കുന്നു എന്ന സൂചന ഓഹരി വിപണിയിൽ പുതിയ സാധ്യതകൾ തുറക്കുന്നതും സ്വർണത്തിൽ നിന്നും നിക്ഷേപം പിൻവലിക്കപ്പെടുന്നതിനുള്ള സാധ്യതയും ഒരുക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക