ബാങ്കിങിന്റെ വീഴ്ച ഇന്ന് വിപണിയെ പിന്നോട്ടടിച്ചു

Mail This Article
ഇന്നും ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ നഷ്ടം കുറിച്ചു. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും മിക്സഡ് തുടക്കം നേടി. അമേരിക്കൻ ഫ്യൂച്ചറുകൾ പോസിറ്റീവ് സോണിലാണ് വ്യാപാരം തുടരുന്നത്.
പ്രതീക്ഷിച്ചത് പോലെ ഇന്ത്യൻ ഐടി സെക്ടർ മുന്നേറ്റം നേടിയപ്പോൾ ബാങ്കിങ് സെക്ടറിൽ വെള്ളിയാഴ്ചത്തെ വീഴ്ചയുടെ ക്ഷീണം വീണ്ടും പ്രകടമായതാണ് ഇന്ത്യൻ വിപണിക്ക് ഇന്ന് തിരിച്ചടിയായത്. റിലയൻസും, അദാനിയും ഒപ്പം ഓട്ടോ, മെറ്റൽ, റിയൽറ്റി, എഫ്എംസിജി, ഇൻഫ്രാ സെക്ടറുകളും ഇന്ന് നഷ്ടം കുറിച്ചു.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
നിഫ്റ്റി ആദ്യ പിന്തുണയായ 19670 പോയിന്റ് വരെ വീണ ശേഷം 19694 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. 19650 പോയിന്റിലും 19600 പോയിന്റിലും 19550 പോയിന്റിലുമാണ് നിഫ്റ്റിയുടെ തുടർപിന്തുണകൾ. ഇനി 19740 പോയിന്റ് പിന്നിട്ടാൽ 19790 പോയിന്റിലും, 19860 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ.
ഇന്ന് വിപണിയുടെ ആദ്യ മണിക്കൂറിൽ തന്നെ 43450 പോയിന്റിൽ പിന്തുണ നേടി 43724 പോയിന്റ് വരെ മുന്നേറിയ ബാങ്ക് നിഫ്റ്റി 43584 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 43500 പോയിന്റിലും 43300 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ സപ്പോർട്ടുകൾ. 43770 മേഖലയിലും 44000 മേഖലയിലും ബാങ്ക് നിഫ്റ്റി വില്പന സമ്മർദ്ദവും നേരിട്ടേക്കാം.
കപ്പൽ നിർമാണ മേഖല
ഇപ്പോൾ 130 യുദ്ധക്കപ്പലുകളും, അന്തർ വാഹിനികളുമുള്ള ഇന്ത്യൻ നേവിക്ക് 2035 ആകുമ്പോഴേയ്ക്കും 170ൽ കൂടുതൽ യുദ്ധക്കപ്പലുകളും, അന്തർ വാഹിനികളുമുണ്ടായിരിക്കുമെന്ന കപ്പൽസേന മേധാവിയുടെ വെളിപ്പെടുത്തൽ ഇന്ത്യൻ കപ്പൽ നിർമാണമേഖലക്ക് അനുകൂലമാണ്. ഇപ്പോൾ പണിപ്പുരയിലുള്ള 67 എണ്ണത്തിന് പുറമെ 45 പുതിയ യുദ്ധക്കപ്പലുകൾക്കും, അന്തർവാഹിനികൾ കൂടി ‘അത്യാവശ്യ’ശ്രേണിയിൽ നേവി ഉൾപ്പെടുത്തിയിട്ടുള്ളതും വരും വർഷങ്ങളിൽ കപ്പൽ നിർമാണമേഖലയുടെ ഓർഡർ ബുക്കിന്റെ വലുപ്പം വർദ്ധിപ്പിക്കും.
ഡിഫൻസ് അക്വിസിഷൻ കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ ഓർഡറും പാസാകുമെന്ന പ്രതീക്ഷയിലാണ് വിപണി.
കമ്പ്യൂട്ടർ നിർമാണം
പിഎൽഐ സ്‌കീമിൽ ഉൾപ്പെടുത്തി തദ്ദേശീയമായി കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും നിർമിക്കാൻ രാജ്യാന്തര ബ്രാൻഡുകളടക്കം 27 കമ്പനികളുമായി കേന്ദ്ര സർക്കാർ ധാരണയിലായത് ഇന്ത്യൻ ടെക്ക്-നിർമാണ മേഖലക്ക് അനുകൂലമാണ്. ഐടിഐയും, ഒപ്റ്റിയെമസുമാണ് ലിസ്റ്റിലുള്ള ലിസ്റ്റഡ് ഇന്ത്യൻ കമ്പനികൾ.
ഫെഡ് മിനുട്സ് ബുധനാഴ്ച
വെള്ളിയാഴ്ച ഫ്ലാറ്റ് ക്ളോസിങ് നടത്തിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത് പ്രതീക്ഷയാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന പ്രൈം ലെൻഡിങ് നിരക്ക് വർദ്ധിപ്പിക്കാതെ വിട്ടത് ഇന്ന് ഏഷ്യൻ വിപണികൾക്കും അനുകൂലമായി. ഇന്ത്യയും, ജപ്പാനും ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബുധനാഴ്ച പുറത്ത് വരുന്ന കഴിഞ്ഞ ഫെഡ് റിസർവ് യോഗത്തിന്റെ മിനുട്സ് താങ്ക്സ് ഗിവിങ് അവധിക്ക് മുൻപ് അമേരിക്കൻ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചേക്കാം. വ്യാഴാഴ്ച താങ്ക്സ് ഗിവിങ് അവധിയിലായിരിക്കുന്ന അമേരിക്കൻ വിപണി വെള്ളിയാഴ്ച ബ്ലാക്ക് ഫ്രൈഡേ പ്രമാണിച്ച് പാതി ദിവസം മാത്രമേ പ്രവർത്തിക്കൂ എന്നതും അമേരിക്കൻ വിപണിയിൽ ലാഭമെടുക്കലിന് കാരണമായേക്കാം.
ക്രൂഡ് ഓയിൽ
വെള്ളിയാഴ്ച 4% മുന്നേറ്റം നേടിയ ക്രൂഡ് ഓയിൽ ഇന്ന് ഏഷ്യൻ വിപണി സമയത്ത് 1% നേട്ടമുണ്ടാക്കി. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന പ്രൈം ലെൻഡിങ് നിരക്ക് വർദ്ധിപ്പിക്കാതെ വിട്ടത് തന്നെയാണ് ക്രൂഡ് ഓയിലിനും അനുകൂലമായത്. ഒപെക് പ്ലസ് യോഗം കൂടുതൽ ക്രൂഡ് ഓയിൽ ഉല്പാദനനിയന്ത്രണം നടത്തിയേക്കുമെന്നും ഓയിൽ ബുള്ളുകൾ പ്രതീക്ഷിക്കുന്നു.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡിലെ തിരുത്തൽ സ്വർണത്തിനും അനുകൂലമായെങ്കിലും ഫെഡ് മിനുട്സ് ഈയാഴ്ച വരാനിരിക്കുന്നത് ഡോളറിനും, ബോണ്ട് യീൽഡിനും പിന്തുണ നൽകിയേക്കാമെന്നത് സ്വർണത്തിന് ഭീഷണിയാണ്. രാജ്യാന്തര സ്വർണ അവധി വില 1980 ഡോളറിൽ താഴെയാണ് തുടരുന്നത്.
ഐപിഓകൾ
ഈയാഴ്ച നടക്കാനിരിക്കുന്ന അഞ്ച് മെയിൻ ബോർഡ് ഐപിഓകളിലായി 7300 കോടി രൂപയാണ് സമാഹരിക്കപ്പെടുക.
നാളെ ആരംഭിക്കുന്ന ഐപിഓയിലൂടെ സർക്കാർ സ്ഥാപനമായ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി (ഐആർഇഡിഎ) 30-32 രൂപ നിരക്കിൽ 2150 കോടി രൂപ സമാഹരിക്കുന്നു. 47515 കോടി രൂപ ഗ്രീൻ എനർജി മേഖലയിൽ വായ്പയായി നൽകിയിട്ടുള്ള എൻബിഎഫ്സിയുടെ ഐപിഓ നിക്ഷേപത്തിന് പരിഗണിക്കാം.
ടാറ്റ ടെക്‌നോളജീസ്, ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ഗാന്ധർ ഓയിൽ, ഫ്ലെയർ റൈറ്റിങ് എന്നീ ഐപിഓകൾ ബുധനാഴ്ച ആരംഭിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക