ADVERTISEMENT

ഇന്നും മുന്നേറ്റത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ നേട്ടങ്ങൾ കൈവിട്ട് നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ജാപ്പനീസ് വിപണി അവധിയായ ഇന്ന് മറ്റ് പ്രധാന ഏഷ്യൻ വിപണികളെല്ലാം നേട്ടമുണ്ടാക്കി. 

ഐടി, ഫാർമ സെക്ടറുകൾ നഷ്ടമുണ്ടാക്കിയ ഇന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ പിന്തുണയിൽ ബാങ്ക് നിഫ്റ്റി മുന്നേറിയത് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഫാർമ സെക്ടർ ഇന്ന് ഒന്നര ശതമാനത്തോളം നഷ്ടമുണ്ടാക്കിയപ്പോൾ തിരിച്ചു കയറിയ റിയൽറ്റി സെക്ടർ 1% നേട്ടമുണ്ടാക്കി. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികക്കൊപ്പം ഓട്ടോ, മെറ്റൽ, എനർജി സെക്ടറുകളും ഇന്ന് നേട്ടമുണ്ടാക്കി. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്ന് നേട്ടത്തോടെ ആരംഭിച്ച നിഫ്റ്റി 19875 പോയിന്റ് വരെ മുന്നേറിയ ശേഷം തിരിച്ചിറങ്ങിയെങ്കിലും 19800 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. 19880 പോയിന്റിലും, 19930 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ. 19760 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 19700 പോയിന്റിലും 19640 പോയിന്റിലും നിഫ്റ്റി പിന്തുണകൾ പ്രതീക്ഷിക്കുന്നു. 

ഇന്നലെ 43449 പോയിന്റിൽ ക്ലോസ് ചെയ്ത ബാങ്ക് നിഫ്റ്റി ഇന്ന് 43441 വരെ ഇറങ്ങിയ ശേഷം 43577 പോയിന്റിലാണ് ക്ളോസ് ചെയ്തത്.  43700 പോയിന്റ് പിന്നിട്ടാൽ 43900 പോയിന്റിലും 44150 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദം നേരിട്ടേക്കാം. 43400 പോയിന്റിലും, 43200 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ പിന്തുണകൾ. 

തിങ്കളാഴ്ച അവധി 

ഗുരുനാനാക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഇന്ത്യൻ വിപണിക്ക് അവധിയാണെന്നത് നാളെ വിപണിയിൽ വാങ്ങൽ അവസരത്തിന് കാരണമായേക്കാം. വിപണിയിലെ തിരുത്തൽ അവസരമാണ്. 

റിയൽറ്റി സെക്ടർ 

നടപ്പ് സാമ്പത്തിക വര്‍ഷം മുതൽ മുന്നേറ്റം ആരംഭിച്ച ഇന്ത്യൻ റിയൽറ്റി സെക്ടർ കഴിഞ്ഞ ഒരു മാസത്തിൽ മികച്ച മുന്നേറ്റമാണ് നേടിയത്. കഴിഞ്ഞ മാർച്ച് മാസം അവസാനിക്കുമ്പോൾ 378 പോയിന്റിലായിരുന്ന നിഫ്റ്റി റിയൽറ്റി സൂചിക ഒക്ടോബർ അവസാന ആഴ്ചയിൽ 570 പോയിന്റിലും ഇന്ന് 701 പോയിന്റിലുമാണ് വ്യാപാരം ക്ളോസ് ചെയ്തത്. മികച്ച ഭവന വില്പനയുടെ പിൻബലത്തിൽ ഇന്ത്യൻ റിയൽറ്റി സെക്ടർ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

അമേരിക്കൻ പിഎംഐ ഡേറ്റ നാളെ  

ഇന്ന് താങ്ക്സ് ഗിവിങ് ഡേ അവധിയാഘോഷിക്കുന്ന അമേരിക്കൻ വിപണി ഇന്നലെയും മുന്നേറ്റം കുറിച്ചു. ഡൗ ജോൺസ്‌ അര ശതമാനം മുന്നേറ്റം നേടിയപ്പോൾ നാസ്ഡാകും 0.46% നേട്ടം നിലനിർത്തി. ഇന്ന് യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് ഇന്ന് വരാനിരിക്കെ യൂറോപ്യൻ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. യൂറോ സോൺ, ജർമ്മൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ മെച്ചപ്പെട്ടതും ഇന്ന് യൂറോപ്യൻ വിപണികൾക്ക് അനുകൂലമായി. നാളെയാണ് അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ പുറത്ത് വരുന്നത്. 

നാളെ പുറത്ത് വരുന്ന ജപ്പാന്റെ ഒക്ടോബറിലെ പണപ്പെരുപ്പ കണക്കുകൾ ഏഷ്യൻ വിപണിക്കും, ജർമനിയുടെ ജിഡിപി കണക്കുകൾ യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. അമേരിക്കൻ വിപണി നാളെയും പാതി സമയം മാത്രമേ പ്രവർത്തിക്കൂ. 

ഒപെക് യോഗം മാറ്റി  

അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിൽ കഴിഞ്ഞ ആഴ്ചയിൽ വീണ്ടും വളർച്ച കുറച്ചതിന് പിന്നാലെ ഒപെകിന്റെ യോഗം നീട്ടിവെച്ചതും ഇന്നലെ ക്രൂഡ് ഓയിലിന് ക്ഷീണമായി. ബ്രെന്റ് ക്രൂഡ് ഓയിൽ 80 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് നേരിയ മുന്നേറ്റം നേടിയത് സ്വര്‍ണ വിലയെ വീണ്ടും 2000 ഡോളറിൽ താഴെയെത്തിച്ചു. പത്ത് വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 4.44%ൽ വ്യാപാരം തുടരുന്നു. ഓഹരി വിപണിയിലെ അവധിയും ഡോളറിന് അനുകൂലമാണ്. 

ഐപിഓ വിജയം 

ടാറ്റ ടെക്‌നോളജീസിന്റെ 3024 കോടി രൂപയുടെ ഐപിഓ ആദ്യ ദിനം തന്നെ ആറിരട്ടിയോളം അപേക്ഷകൾ സ്വന്തമാക്കികഴിഞ്ഞത് ഓഹരിക്ക് മികച്ച ലിസ്റ്റിങ് പ്രീമിയം ഉറപ്പാക്കുന്നു. 380 രൂപ ഗ്രേ മാർക്കറ്റ് പ്രീമിയമുള്ള ഓഹരി ലിസ്റ്റിങ് ദിനത്തിൽ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. സ്പേസ്, ഓട്ടോ, ഹെവി എൻജിനിയറിങ് മേഖലയിൽ വിദഗ്ധരായ ടാറ്റ ടെക്‌നോളജിയുടെ ഐപിഓ വില 475-500 രൂപയാണ്. 

ഇന്നലെ ആരംഭിച്ച ഫ്ലെയർ റൈറ്റിങ് ഇൻസ്ട്രമെന്റ്സിന്റെയും, ഗാന്ധർ ഓയിൽ റിഫൈനറിയുടെയും ഐപിഓകളും നാളെ അവസാനിക്കുന്നു. 

ഫെഡറൽ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ്-ബാങ്ക് ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഓയും നാളെതന്നെയാണ് അവസാനിക്കുന്നത്. മികച്ച അനുപാതങ്ങൾ സൂക്ഷിക്കുന്ന എൻബിഎഫ്എസി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30%ൽ കൂടുതൽ വരുമാന വളർച്ച കുറിച്ചതും ഓഹരിയെ ആകർഷകമാക്കുന്നു. ഓഹരിയുടെ ഐപിഓ വില 133-140/- രൂപയാണ്.

English Summary:

Stock Market Closed Red Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com