പുതുവർഷത്തിലെ ആദ്യ വ്യാപാരദിനത്തിൽ 'ഫ്ലാറ്റാ'യി വിപണി

Mail This Article
രാജ്യാന്തര വിപണികളെല്ലാം പുതുവർഷ അവധിയുടെ ആലസ്യത്തിലായ ഇന്ന് മെല്ലെ മുന്നേറി പുതിയ ഉയരങ്ങൾ കുറിച്ച ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണ് 2024ലെ ആദ്യവ്യാപാരദിനത്തിൽ ഫ്ലാറ്റ് ക്ളോസിങ് നടത്തി. ആദ്യ മണിക്കൂറുകളിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം ഐടി സെക്ടറിൽ വാങ്ങൽ വന്നത് ഇന്ത്യൻ വിപണിക്കും മുന്നേറ്റം നൽകിയെങ്കിലും നിക്ഷേപകർ ലാഭമെടുക്കലിന് മുതിർന്നതോടെ വിപണി ഇന്നത്തെ നേട്ടങ്ങൾ കൈവിട്ടു.
ഐടി, എഫ്എംസിജി, ഫാർമ, പൊതു മേഖല, റിയൽറ്റി മുതലായ സെക്ടറുകൾ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. എച്ച്ഡിഎഫ്സി ബാങ്കിനും, എസ്ബിഐക്കും മുന്നേറാനാകാതെ വന്നതോടെ ബാങ്ക് നിഫ്റ്റിനേട്ടം കൈവിട്ടു. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സൂചികകൾ ഇന്നും മുന്നേറ്റം നേടി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
വെള്ളിയാഴ്ചത്തെ ക്ളോസിങ്ങിൽ നിന്ന് 10 പോയിന്റ് നേട്ടത്തിൽ ക്ളോസ് ചെയ്ത നിഫ്റ്റി 21660 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 21580 പോയിന്റിലും 21500 പോയിന്റ് മേഖലയിലും തുടർപിന്തുണകൾ പ്രതീക്ഷിക്കുന്നു. 21830 പോയിന്റിലും 21900 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
48450 പോയിന്റ് വരെ മുന്നേറിയ ശേഷം 48234 പോയിന്റിലേക്കിറങ്ങി 57 പോയിന്റ് നഷ്ടത്തിൽ ക്ളോസ് ചെയ്ത ബാങ്ക് നിഫ്റ്റി തുടർന്നും 48000 പോയിന്റിലും 47600 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 48500 പോയിന്റിലും 48800 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
മൂന്നാം പാദഫലങ്ങൾ
ഈയാഴ്ചയിൽ ആരംഭിക്കുന്ന മൂന്നാംപാദ ഫലപ്രഖ്യാപനങ്ങൾ തന്നെയാകും തെരെഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ വരെയുള്ള ഇന്ത്യൻ വിപണിയുടെ തുടർഗതിയും നിർണയിക്കുക. വ്യാഴാഴ്ച ജിഎം ബ്രൂവറീസും എയ്സ്മെൻ എൻജിനിയറിങ്ങും വ്യാഴാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നതോടെ മൂന്നാംപാദ ഫലപ്രഖ്യാപനങ്ങൾക്ക് തുടക്കമാകും.
ഇൻഫോസിസും, ടിസിഎസും, എച്ച്സിഎൽ ടെക്കും, വിപ്രോയും, എച്ച്ഡിഎഫ്സി എഎംസി, എച്ച്ഡിഎഫ്സി ലൈഫ്, ബിർള മണി, ഭാരത് ബിജിലി, അമൽ ലിമിറ്റഡ് മുതലായ കമ്പനികൾ അടുത്ത ആഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്നു.
ഐടി സെക്ടർ
വരും ആഴ്ചകളിലെ റിസൾട്ടുകൾക്ക് മുന്നോടിയായി ഇന്ത്യൻ ഐടി സെക്ടർ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അടുത്ത ആഴ്ചകളിലെ മുൻനിര ഐടി കമ്പനികളുടെ റിസൾട്ട് പ്രഖ്യാപനങ്ങൾ നിർണായകമാണ്. റിസൾട്ടുകൾക്ക് മുന്നോടിയായി വാങ്ങൽ വന്നാലും റിസൾട്ടുകളോടടുപ്പിച്ച് ട്രേഡർമാർ ലാഭമെടുക്കലിന് മുതിർന്നേക്കാവുന്നത് നിക്ഷേപകർ കരുതിയിരിക്കണം. റിസൾട്ടുകൾ വരുന്നതിന് മുൻപ് തന്നെ മികച്ച റിസൾട്ട് സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപത്തിന് തയാറാകുകയാണ് ഉചിതം.
പിഎംഐ ഡേറ്റകൾ നാളെ മുതൽ
ഇന്ന് അവധിയായ രാജ്യാന്തര വിപണികൾക്ക് നാളെ മുതൽ വന്നു തുടങ്ങുന്ന പിഎംഐ ഡേറ്റകൾ നിർണായകമായേക്കാം. തുടർന്ന് പണപ്പെരുപ്പ കണക്കുകളും, അമേരിക്കൻ ഫെഡ് റിസർവ് അംഗങ്ങളുടെ പ്രസ്താവനകളും ഈയാഴ്ചയിൽ ലോക വിപണിയെ നിയന്ത്രിക്കും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക