ADVERTISEMENT

2024ന്റെ രണ്ടാമത്തെ ദിനത്തിലും ഇന്ത്യൻ വിപണി വീണ്ടും ലാഭമെടുക്കലിൽ കുടുങ്ങി വീണെങ്കിലും അവസാന മണിക്കൂറുകളിലെ വാങ്ങലിന്റെ പിൻബലത്തിൽ നഷ്ടവ്യാപ്തി  കുറച്ചു. ഇന്നലെത്തെ ക്ളോസിങ്ങിൽ നിന്നും പത്ത് പോയിന്റുകൾ നേട്ടത്തിൽ ആരംഭിച്ച നിഫ്റ്റി പിന്നീട് 21555 പോയിന്റ് വരെ വീണെങ്കിലും തിരിച്ചു കയറി 76 പോയിന്റ് നഷ്ടത്തിൽ 21665 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ 72500 പോയിന്റിന് മുകളിൽ നിന്നും വീണ് 72271 പോയിന്റിൽ ക്ളോസ് ചെയ്ത സെൻസെക്സ് ഇന്ന് 379 പോയിന്റ് നഷ്ടത്തിൽ 71892 പോയിന്റിലും ക്ളോസ് ചെയ്തു. 

ഡിസംബർ വില്പനകണക്കുകൾക്കൊപ്പം ഓട്ടോ സെക്ടറും, അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റത്തിൽ ഐടി സെക്ടറുമാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം കുറിച്ചത്.  ബാങ്കിങ് സെക്ടറിന്റെ വീഴ്ചയും ഇന്ന് ഇന്ത്യൻ വിപണിയുടെ തിരുത്തലിൽ നിർണായകമായി. പൊതുമേഖല ഓഹരികളും, മാനുഫാക്ച്ചറിങ്, ഡിഫൻസ്  ഓഹരികളും തിരുത്തൽ നേരിട്ടപ്പോൾ ഫാർമ, ഷിപ്പിങ്, ടെക്സ്റ്റൈൽ സെക്ടറുകൾ ഇന്ന് നേട്ടം കുറിച്ചു. 

നിരാശപ്പെടുത്താതെ ഓട്ടോ 

ഇന്ത്യയുടെ കാർ വില്പന 40 ലക്ഷം കടന്ന് 2023ൽ പുതിയ ഉയരം കുറിച്ചപ്പോൾ ഡിസംബറിൽ മുൻവർഷത്തിൽ നിന്നും 4% വില്പന വർദ്ധനയും കുറിച്ചു. ടാറ്റ മോട്ടോഴ്‌സും, മഹീന്ദ്രയും ഡിസംബറിൽ മുൻ വർഷത്തിൽ നിന്നും വില്പനവർദ്ധന നേടിയെങ്കിലും അശോക് ലൈലാൻഡ് നിരാശപ്പെടുത്തി. അശോക് ലൈലാൻഡ് ഡിസംബർ വില്പനയിൽ 10% ഇടിവ് നേരിട്ടപ്പോൾ ഡിസംബറിലെ ഐഷറിന്റെ ബുള്ളെറ്റ് വില്പനയിലും ഇടിവ് നേരിട്ടു. ടിവിഎസ് മോട്ടോഴ്‌സ് ഡിസംബറിൽ മുൻ വർഷത്തിൽ നിന്നും 25% വില്പന വർദ്ധന സ്വന്തമാക്കി. 

മഹിന്ദ്ര പാസ്സഞ്ചർ വാഹന വില്പനയിലെ 24% വാർഷിക വളർച്ചയുടെ പിൻബലത്തിൽ മൊത്തം വാഹന വിൽപനയിൽ 6% വർധന നേടിയപ്പോൾ മഹീന്ദ്രയുടെ ട്രാക്ടർ വില്പന ഡിസംബറിൽ 18% വീഴ്ച കുറിച്ചു. 

റിയൽ എസ്റ്റേറ്റ് പ്രതീക്ഷകൾ 

ഇന്ത്യയുടെ പുത്തൻ വ്യവസായവൽക്കരണം അതി സമ്പന്നരെ സൃഷ്ടിക്കുകയും, കൂടുതൽ സമ്പന്നരെ രാജ്യത്തേയ്ക്ക് ആകർഷിക്കുകയും ചെയ്യുന്നത് ആഡംബര വസതികളുടെ വില്പനയിൽ കഴിഞ്ഞ പാദങ്ങളിൽ അനുഭവപ്പെട്ട വൻവളർച്ച വരും വർഷങ്ങളിൽ അതി വർദ്ധന കാണിച്ചേക്കാവുന്നത് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് സെക്ടറിന് അനുകൂലമാണ്. വ്യവസായവൽക്കരണവും കൂടെ നഗരവൽക്കരണവും കൂടുതൽ പുതിയ നഗരങ്ങളുടെ തന്നെ സൃഷ്ടിക്കും, പഴയ നഗരങ്ങളുടെ മുഖംമാറ്റത്തിനും കാരണമാകുന്നതും റിയൽറ്റി മേഖലയുടെ വലിയ മുന്നേറ്റത്തിന് വഴിവെക്കും. 

ചെങ്കടലിലേക്ക് നീളുന്ന യുദ്ധം 

അമേരിക്കൻ ഹെലികോപ്റ്റർ ഹൂതിബോട്ടുകൾ മുക്കിയതിന് പിന്നാലെ ഇറാന്റെ യുദ്ധക്കപ്പലും ചെങ്കടലിലേക്കിറങ്ങിയത് മിഡിൽ ഈസ്റ്റിലെ യുദ്ധമേഖലയെ കൂടുതൽ വ്യാപിപ്പിക്കുമെന്ന ഭയം വിപണിയിൽ ആശങ്ക പടർത്തിയേക്കാം. ചെങ്കടൽ യുദ്ധമേഖലയായി മാറുന്നത് ക്രൂഡ് ഓയിൽ വിലയെ മുന്നേറാൻ സഹായിക്കുകയും, രാജ്യാന്തര ചരക്കു നീക്കങ്ങളെ വൈകിപ്പിക്കുകയും, ചെലവേറിയതാക്കുകയും ചെയ്യുന്നതും വിപണിക്ക് ക്ഷീണമാണ്. 

ലോകത്തിലെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ ഡെന്മാർക്ക് ആസ്ഥാനമായ മെർസ്‌ക് 24 മണിക്കൂർ നേരത്തേക്ക് ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കം നിർത്തി വെച്ചത് ഇന്ന് ഏഷ്യൻ ഷിപ്പിങ് ഓഹരികൾക്ക് മുന്നേറ്റം നൽകി. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയും, എസ്സാർ ഷിപ്പിങ്ങും, കണ്ടെയ്നർ കോർപറേഷനും മികച്ച മുന്നേറ്റം നടത്തി. 

നേട്ടത്തോടെ യൂറോപ്പ് 

ജപ്പാനിലെ ഭൂകമ്പവും, ചൈനയുടെ പിഎംഐ ഡേറ്റയും സ്വാധീനിച്ച ഏഷ്യൻ വിപണികൾ ഇന്ന് മിക്സഡ് ക്ളോസിങ് നടത്തിയപ്പോൾ പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം ഇന്ന് തുറന്ന യൂറോപ്യൻ വിപണി 2024ലെ ആദ്യദിനം നേട്ടത്തോടെ തന്നെ ആരംഭിച്ചു. അമേരിക്കൻ ഫ്യുച്ചറുകൾ നേട്ടത്തിലാണ് തുടരുന്നതെങ്കിലും അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റം അമേരിക്കൻ വിപണിക്ക് ഇന്ന് കെണിയായേക്കാം. അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും ഈയാഴ്ചയിൽ അമേരിക്കൻ വിപണി ചലനങ്ങളെ സ്വാധീനിക്കും.

ചൈനയുടെ ഇന്ന് വന്ന കോആക്സിൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 5.80ലേക്ക് ഉയർന്നെങ്കിലും ഇന്നലെ വന്ന മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ നിരാശപ്പെടുത്തിയത് ചൈനീസ് വിപണിക്ക് വീണ്ടും തിരുത്തൽ നൽകി. ഇന്ന് വന്ന യൂറോപ്യൻ രാജ്യങ്ങളുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും വ്യാവസായിക വളർച്ച ശോഷണം തന്നെയാണ് സൂചിപ്പിക്കുന്നതെങ്കിലും മുൻമാസത്തേക്കാൾ നേരിയ പുരോഗതി കാണിക്കുന്നത് അനുകൂലമാണ്.  നാളെയാണ് ഇന്ത്യയുടേയും, അമേരിക്കയുടെയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ പുറത്ത് വരുന്നത്. 

ക്രൂഡ് ഓയിൽ 

ചെങ്കടലിൽ സ്ഥിതിഗതികൾ വഷളാകുന്നത് ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 2% മുന്നേറി 78 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഡോളർ നിരക്കും, അമേരിക്കയുടെ എണ്ണ ശേഖരകണക്കുകളുമായിരിക്കും ക്രൂഡ് ഓയിലിന്റെ തുടർഗതികൾ നിർണയിക്കുക. 

സ്വർണം 

അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് 2% മുന്നേറി വീണ്ടും 3.94%ലേക്ക് കയറിയത് 2080 ഡോളർ കടന്ന് നിൽക്കുന്ന സ്വർണവിലക്ക് ക്ഷീണമായേക്കാം. ചെങ്കടലിലെ സ്ഥിതി വഷളാകുന്നത് സ്വർണത്തിന് അനുകൂലമാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Closed in Red

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com