ADVERTISEMENT

ഇന്നും ഐടി സെക്ടറിന്റെ പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി റിലയന്സിന്റെയും, എച്ച്ഡിഎഫ്സി ബാങ്കിന്റെയും പിന്തുണയിൽ വീണ്ടും റെക്കോർഡ് തിരുത്തി നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22000 പോയിന്റ് മറികടന്ന് വ്യാപാരമാരംഭിച്ച നിഫ്റ്റി 22115 എന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം 22097 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 759 പോയിന്റുകൾ മുന്നേറി 73,327 പോയിന്റിലും അവസാനിച്ചു. 

റിസൾട്ടിന് പിന്നാലെ വെള്ളിയാഴ്ച്ച അമേരിക്കൻ വിപണിയിൽ 16% നേട്ടമുണ്ടാക്കിയ വിപ്രോ 10% നേട്ടത്തിൽ വ്യാപാരമാരംഭിച്ചത് ഐടി സെക്ടറിന് നൽകിയ മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് മികച്ച തുടക്കം സാധ്യമാക്കിയത്. മെറ്റലൊഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിലാവസാനിച്ച ഇന്ന് ഐടി, പൊതു മേഖല, എനർജി, ഇൻഫ്രാ സെക്ടറുകൾ ഒരു ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കി. നിഫ്റ്റിയും, ബാങ്ക് നിഫ്റ്റിയും ഇന്ന്  0.90% വീതവും മുന്നേറി.  

എച്ച്ഡിഎഫ്സി ബാങ്ക് റിസൾട്ട് നാളെ 

നാളെ റിസൾട്ട് വരാനിരിക്കെ എച്ച്ഡിഎഫ്സി ബാങ്കിൽ വാങ്ങൽ വന്നത് ഇന്ന് ബാങ്ക് നിഫ്റ്റിക്കൊപ്പം നിഫ്റ്റിക്കും അനുകൂലമായി. എച്ച്ഡിഎഫ്സി ബാങ്ക് റിസൾട്ട് ബാങ്കിങിനൊപ്പം മറ്റ് ഫിനാൻഷ്യൽ ഓഹരി വിലകളെയും ബാധിച്ചേക്കാം. എച്ച്ഡിഎഫ്സി ബാങ്കും, മറ്റ് മുൻനിര ബാങ്കുകളും നിക്ഷേപത്തിന് പരിഗണിക്കാം. റിലയൻസിന്റെ റിസൾട്ട് വെള്ളിയാഴ്ച പുറത്ത് വരുന്നതും വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്ന് 202 പോയിന്റുകൾ മുന്നേറി 22097 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 22000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 21920 പോയിന്റിലും 21800 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 22130 പോയിന്റ് പിന്നിട്ടാൽ 22220 പോയിന്റിലും 22300 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത കടമ്പകൾ. 

ഇന്ന് 448 പോയിന്റുകൾ മുന്നേറി വീണ്ടും 48000 പോയിന്റ് പിന്നിട്ട് വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി വീണ്ടും 47800 പോയിന്റിലും, 47500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുമ്പോൾ 48400 പോയിന്റിലും 48700 പോയിന്റ് മേഖലയിലും ബാങ്ക് നിഫ്റ്റി റെസിസ്റ്റൻസ് നേരിട്ടേക്കാം. 

മുന്നേറ്റം തുടരാൻ അമേരിക്ക

ഇന്ന് ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തിയപ്പോൾ യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് ദാവോസിൽ ആരംഭിക്കുന്ന ലോകസാമ്പത്തിക ഫോറത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളോടൊപ്പം കേന്ദ്ര ബാങ്ക് മേധാവികളും, സാമ്പത്തിക രംഗത്തെ കുലപതികളും പങ്കെടുക്കുന്നത് ഓഹരി വിപണിക്കും പ്രധാനമാണ്. 

ഇന്ന് മാർട്ടിൻ ലൂഥർ കിങ്ങിന്റെ ഓർമദിനത്തിൽ അവധിയിലായ അമേരിക്കൻ വിപണി മികച്ച നാലാംപാദഫലങ്ങളുടെ പിന്തുണയിൽ ഈയാഴ്ചയിലും മുന്നേറ്റപ്രതീക്ഷയിലാണ്. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറി തുടങ്ങിയത് അമേരിക്കൻ ഫ്യൂച്ചറുകളെ ഇന്ന് ഏഷ്യൻ വിപണി സമയത്ത് വീണ്ടും റെഡ് സോണിലേക്ക് തള്ളിയിട്ടു. 

ക്രൂഡ് ഓയിൽ 

ചെങ്കടലിലെ പ്രശ്നങ്ങൾ അനുകൂലമാണെങ്കിലും രാജ്യാന്തര ഡേറ്റയും, വേൾഡ് എക്കണോമിക് ഫോറം നടക്കുന്നതും, ഡോളർ മെച്ചപ്പെടുന്നതും  ക്രൂഡ് ഓയിലിനും പ്രധാനമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിലാണ് ഏഷ്യൻ വിപണി സമയത്ത് തുടരുന്നത്. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് ഇന്ന് നേരിയ മുന്നേറ്റം നടത്തിയത് സ്വർണത്തിനും നിർണായകമാണ്. രാജ്യാന്തര സ്വർണവില 2060 ഡോളറിനടുത്താണ് തുടരുന്നത്. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് വീണ്ടും 3.97%ലാണ് തുടരുന്നത്. 

നാളത്തെ പ്രധാന റിസൾട്ടുകൾ  

എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഫെഡറൽ ബാങ്ക്, ഐസിഐസിഐ ലൊംബാർഡ്, ഐസിഐസിഐ സെക്യൂരിറ്റീസ്, എൽടിടിഎസ്, മാപ്മൈ ഇന്ത്യ, ഹിമാദ്രി സ്പെഷ്യൽറ്റി കെമിക്കൽ, ടിവി-18, ന്യൂ ജെൻ, കല്ലാണ്ട് ഇസ്പാറ്റ്, നാഷണൽ സ്റ്റാൻഡേർഡ്, ഹാഥ് വായ് കേബിൾ, ജോയ് കാർബൺ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഓ 

ഇന്നാരംഭിച്ച ബാംഗ്ലൂർ ആസ്ഥാനമായ തേർഡ് പാർട്ടി ഹെൽത്ത് ഇൻഷുറൻസ് അഡ്മിനിസ്ട്രേറ്റർ ആയ മെഡി അസിസ്റ്റ് ഹെൽത്ത്കെയർ സർവിസസിന്റെ ഐപിഓ ജനുവരി 17ന് അവസാനിക്കുന്നു. ഐപിഓ ആരംഭിക്കുന്നതിന് മുൻപ് തന്നെ 351 കോടി രൂപയുടെ ആങ്കർ ഫണ്ട് നേടിയ കമ്പനിയുടെ ഐപിഓ വില നിലവാരം 397-418 രൂപയാണ്.  

ഇന്നാരംഭിച്ച മാക്സ് എക്സ്പോഷറിന്റെ ഐപിഓയും 7ന് അവസാനിക്കുന്നു. എസ്എംഇ ഐപിഓക്ക് 31-33 രൂപ നിരക്കിൽ 4000 ഓഹരികൾക്ക് അപേക്ഷ നൽകണം. 

ഇന്ത്യൻ സിംഗിൾ മാൾട്ട് 

ഇന്ത്യൻ വിസ്കി ബ്രാൻഡുകൾ തുടർച്ചയായി ലോകത്തെ മികച്ച വിസ്‌കി പദവി സ്വന്തമാക്കുന്നതും ഇന്ത്യൻ വിപണിയിൽ മറ്റ് രാജ്യാന്തര ബ്രാൻഡുകളെ പിന്തള്ളുന്നതും ഇന്ത്യൻ ലിക്കർ ഓഹരികൾക്കും പുതുയുഗമാണ് നൽകുന്നത്. ഏറ്റവും അവസാനമായി റാഡിക്കോ ഖൈത്താന്റെ രാംപൂർ കസാവയാണ് പ്രശസ്തമായ ജോൺ ബാർലികോം രാജ്യാന്തരമേളയിൽ ലോകത്തെ ഏറ്റവും മികച്ച മദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indices Closed in New High

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com