ആർബിഐയുടെ തീരുമാനം നാളെ അറിയാം, പ്രതീക്ഷയോടെ ഓഹരിവിപണി
![stockmarket5 stockmarket5](https://img-mm.manoramaonline.com/content/dam/mm/mo/sampadyam/investment/images/2024/4/4/stockmarket5.jpg?w=1120&h=583)
Mail This Article
മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് വലിയ നേട്ടത്തിൽ ആരംഭിച്ച് റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണെങ്കിലും പിന്നീട് തിരികെക്കയറി നേട്ടത്തിൽ തന്നെ വ്യാപാരമവസാനിപ്പിച്ചു. നിഫ്റ്റി ഇന്ന് 22619 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം 22514 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചപ്പോൾ, സെൻസെക്സ് 74501 പോയിന്റെന്ന റെക്കോർഡ് ഉയരം കുറിച്ച ശേഷം 74227 പോയിന്റിലാണ് അവസാനിച്ചത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂന്ന് ശതമാനം മുന്നേറ്റവും, ഐടി സെക്ടറിന്റെ ഒരു ശതമാനം മുന്നേറ്റവുമാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായത്. ഓട്ടോ, ഫിനാൻഷ്യൽ, എനർജി, ടെക്സ്റ്റൈൽ സെക്ടറുകളും ഇന്ന് നേട്ടമുണ്ടാക്കി.
ആർബിഐ പോളിസി
ഇന്നലെ ആരംഭിച്ച റിസർവ് ബാങ്കിന്റെ നയാവലോകനസമിതിയുടെ യോഗതീരുമാനങ്ങൾ നാളെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ വിപണിയും പ്രതീക്ഷയിലാണ്. ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനം മുന്നേറുകയും, പണപ്പെരുപ്പം നിയന്ത്രിതമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ആർബിഐ ‘’വിത്ത്ഡ്രോവൽ ഓഫ് അക്കൊമൊഡേഷൻ’’ നയം തുടർന്നേക്കാമെങ്കിലും പതിയെ ‘’ന്യൂട്രൽ’’ നയത്തിലേക്ക് മാറിയേക്കാമെന്നും കരുതുന്നു.
ഇന്ത്യ 2032ൽ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയും, 2050ൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുമായി മാറുമെന്ന ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ കഴിഞ്ഞ ആഴ്ചയിലെ പ്രസ്താവനയുടെ വെളിച്ചത്തിൽ ആർബിഐ ജിഡിപി അനുമാനം വീണ്ടും ഉയർത്തുമെന്ന പ്രതീക്ഷയിലാണ് വിപണി.
നോൺഫാം പേറോൾ ഡേറ്റയും നാളെ
ഇന്നലെ ഫെഡ് ചെയർമാനടക്കമുള്ള ഫെഡ് അംഗങ്ങൾ ഫെഡ് റിസർവ് നിരക്ക് കുറക്കുന്നതിൽ ഒട്ടും തിടുക്കപ്പെടാനില്ല എന്നും, ഫെഡ് റിസർവ് പ്രതീക്ഷിച്ച നിരക്കിൽ മാത്രമാണ് പണപ്പെരുപ്പം ക്രമപ്പെടുന്നതെന്നും പ്രസ്താവിച്ചത് അമേരിക്കൻ വിപണിയെ വല്ലാതെ ബാധിച്ചില്ല. ഇന്നലെ അമേരിക്കൻ വിപണി സമ്മിശ്ര ക്ളോസിങ് നേടിയെങ്കിലും ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്&പിയും, നാസ്ഡാക്കും ഇന്നലെ ലാഭത്തിലാണ് ക്ളോസ് ചെയ്തത്.
മാർച്ചിലെ അമേരിക്കയുടെ തൊഴിൽ ലഭ്യതക്കണക്ക് നാളെ പുറത്ത് വരാനിരിക്കുന്നത് കാത്തിരിക്കുകയാണ് അമേരിക്കൻ വിപണി. അമേരിക്കയിൽ തൊഴിൽ ലഭ്യതയിലെ വർദ്ധന വീണ്ടും പണപ്പെരുപ്പവർദ്ധനക്കും വഴിവെച്ചേക്കാമെന്നതും വിപണി കണക്കിലെടുക്കും.
കോപ്പർ വില മുന്നേറ്റം
ഫെഡ് നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയിലും, ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വീണ്ടും മികച്ച നിലയിലേക്ക് എത്തിയതും കോപ്പർ വിലയെ 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കു എത്തിച്ചു. ചൈനയുടെ മുൻ നിര റിഫൈനർമാർ ഉല്പാദനനിയന്ത്രണം പ്രഖ്യാപിച്ചതും കോപ്പറിന് അനുകൂലമാണ്. ചെമ്പിന്റെ വില ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ കോപ്പർ ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം.
ക്രൂഡ് ഓയിൽ
ഒപെക് ഉല്പാദനനിയന്ത്രണം തൽസ്ഥിതിയിൽ തുടരാൻ തീരുമാനിച്ചതും അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിലുണ്ടായ മുന്നേറ്റവും ഇന്നലെ ക്രൂഡ് ഓയിലിന് മുന്നേറ്റം നിഷേധിച്ചു.
സ്വർണം
ഇന്ന് 2323 ഡോളർ വരെ മുന്നേറിയ രാജ്യാന്തര സ്വർണവില അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിത്തുടങ്ങിയതിനെ തുടർന്ന് പതിയെ ക്രമപ്പെടുകയാണ്. ഇന്നും നാളെയുമായി വരുന്ന അമേരിക്കൻ തൊഴിൽ വിവരക്കണക്കുകളും, തുടർന്ന് ഡോളർ നിരക്കിലുണ്ടായേക്കാവുന്ന മാറ്റങ്ങളും സ്വർണത്തിനും പ്രധാനമാണ്.
ഐപിഓ
ഇന്നലെ ആരംഭിച്ച എയർടെലിന്റെ ഉപകമ്പനിയായ ഭാരതി ഹെക്‌സാകോമിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. രാജസ്ഥാനിലും, നോർത്ത് ഈസ്റ്റ് മേഖലയിലും ബ്രോഡ്ബ്രാൻഡ് സർവീസ് നൽകുന്ന കമ്പനിയുടെ ഐപിഓ വില 542-570 രൂപയാണ്. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക