ദലാല്‍ സ്ട്രീറ്റില്‍ ചരിത്രം; ഓഹരി വിപണി മൂല്യം 400 ലക്ഷം കോടി
Mail This Article
ദലാല്‍ സ്ട്രീറ്റില്‍ പുതിയ ചരിത്രം പിറന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളുടെയും കൂടിയുള്ള വിപണി മൂല്യം ആദ്യമായി 400 ലക്ഷം കോടി രൂപ കടന്നു. വെറും ഒമ്പത് മാസത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയാണ് ബിഎസ്ഇയുടെ വിപണി മൂല്യത്തിലുണ്ടായിരിക്കുന്നത്.
റീട്ടെയില്‍ നിക്ഷേപകര്‍ പരമ്പരാഗത സമ്പാദ്യ പദ്ധതികളില്‍ നിന്ന് വഴിമാറി ഓഹരി വിപണിയിലേക്ക് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത് പുതിയ കുതിപ്പിന് കാരണമായി.
2007ലാണ് 50 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് ഇന്ത്യന്‍ ഓഹരി വിപണി പിന്നിട്ടത്. 2014 മാര്‍ച്ചിലാണ് ബിഎസ്ഇ ആദ്യമായി 100 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കൈവരിച്ചത്. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ 200 ലക്ഷം കോടി രൂപയിലെത്തി. 2023 ഏപ്രിലിന് ശേഷം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായത് 57 ശതമാനം കുതിപ്പാണ്. നിലവില്‍ 74,624 ലെവലിലാണ് സെന്‍സെക്‌സ് വ്യാപാരം നടത്തുന്നത്.
2023 ജൂലൈ 5 ന് നിഫ്റ്റി 19,400-ലെവലിലെത്തിയപ്പോള്‍ 300 ലക്ഷം കോടി രൂപയായി വിപണി മൂല്യം ഉയര്‍ന്നിരുന്നു. അതിനുശേഷം സൂചിക 16% ത്തിലധികം ഉയര്‍ന്ന് 22,623.90 എന്ന പുതിയ കൊടുമുടിയില്‍ എത്തിയിരിക്കുകയാണ്.