2 കോടി മുടക്കി 7 കോടി നേടുന്ന കോലി മാജിക്!

Mail This Article
ഓഹരി വിപണിയിലൂടെ അതിസമ്പന്നരായവരുടെ കഥകള്‍ പുതുനിക്ഷേപകര്‍ക്ക് എന്നും എപ്പോഴും പ്രചോദനമാണ്. എന്നാല്‍ കൈയില്‍ ഒത്തിരി കാശ് വന്ന് കഴിഞ്ഞും സ്മാര്‍ട്ടായ നിക്ഷേപതന്ത്രങ്ങള്‍ മെനയുന്നവരും ധാരാളമുണ്ട്. പല സെലിബ്രിറ്റികളും ഇതിന് പേരുകേട്ടവരാണ്. ചെറുകിട സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തി ഐപിഒ സമയത്ത് വന്‍നേട്ടം കൊയ്യുന്ന സെലിബ്രിറ്റികളുമുണ്ട്. അക്കൂട്ടത്തില്‍ കേമനാണ് ക്രിക്കറ്റ് താരം വിരാട് കോലി.
271% നേട്ടം
അടുത്തയാഴ്ച നടക്കാന്‍ പോകുന്ന ഒരു ഐപിഒ (പ്രഥമ ഓഹരി വില്‍പന) വിരാട് കോലിക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും നല്‍കുന്നത് 271 ശതമാനത്തിന്റെ നേട്ടമാണ്. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുതുതലമുറ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഗോ ഡിജിറ്റിന്റെ ഐപിഒയാണ് കോലിക്കും അനുഷ്‌കയ്ക്കും മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കുന്നത്.
നിലവില്‍ 2.5 കോടി രൂപയുടെ മൊത്തം നിക്ഷേപമാണ് ഗോ ഡിജിറ്റില്‍ കോലിക്കും ഭാര്യക്കുമുള്ളത്. ഐപിഒയിലൂടെ ഇത് 9.25 കോടി രൂപയായി മാറും. അതായത് 6.75 കോടി രൂപയുടെ ലാഭം. മേയ് 15 മുതല്‍ 17 വരെയാണ് ഗോ ഡിജിറ്റിന്റെ 2615 കോടി രൂപയുടെ പ്രഥമ ഓഹരി വില്‍പന. 258-272 രൂപ റേഞ്ചിലാണ് കമ്പനിയുടെ ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്.
കിങ് കോലിയുടെ സ്ട്രാറ്റജി
2020 ജനുവരിയിലാണ് വിരാട് കോലി ഗോ ഡിജിറ്റിന്റെ 266,667 ഓഹരികള്‍ വാങ്ങിയത്. പ്രതിഓഹരിക്ക് 75 രൂപ വച്ചായിരുന്നു പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ കോലി വാങ്ങിയത്. മൊത്തം രണ്ട് കോടി രൂപയുടേതായിരുന്നു നിക്ഷേപം. ഇതുകൂടാതെ അനുഷ്‌ക 50 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്.
കനേഡിയന്‍ ശതകോടീശ്വര നിക്ഷേപകനും ഫെയര്‍ഫാക്‌സ് ഗ്രൂപ്പ് സാരഥിയുമായ പ്രേം വാട്‌സ് പിന്തുണയ്ക്കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഗോ ഡിജിറ്റ്. മോട്ടോര്‍ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ്, മറൈന്‍ ഇന്‍ഷുറന്‍സ്, ലയബിലിറ്റി ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി സേവനങ്ങള്‍ കമ്പനി നല്‍കുന്നു. ഓരോ വ്യക്തിയുടെയും ആവശ്യങ്ങളനുസരിച്ച് കസ്റ്റമൈസ് ചെയ്ത പ്ലാനുകളാണ് തങ്ങളുടേതെന്നാണ് ഗോ ഡിജിറ്റ് അവകാശപ്പെടാറുള്ളത്.
2024 ഡിസംബര്‍ വരെയുള്ള മൂന്ന് പാദങ്ങളില്‍ ഗോ ഡിജിറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 129 കോടി രൂപയുടെ അറ്റാദായമാണ്.