മോദി 3.0; ഓഹരി നിക്ഷേപകരുടെ സ്ട്രാറ്റജി എന്തായിരിക്കണം ? ഡോ. വി.കെ. വിജയകുമാര്‍ പറയുന്നു

Mail This Article
എക്‌സിറ്റ് പോള്‍ ഫലങ്ങളുണ്ടാക്കിയ വലിയ കുതിപ്പിനും പ്രതീക്ഷകള്‍ പാടേ തെറ്റിച്ചുകൊണ്ടുവന്ന ഫലങ്ങള്‍ക്കും ശേഷം, വിപണി സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നാല്‍ ഭരണ സഖ്യത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും കുറച്ചുകാലത്തേക്ക് വിപണിയെ ബാധിക്കും.
സര്‍ക്കാരിന്‍റെ രാഷ്ട്രീയ സ്ഥിരത ആശങ്കയായി തുടരുമെന്നുറപ്പാണ്. സര്‍ക്കാര്‍ രണ്ടു നേതാക്കളെ ആശ്രയിക്കേണ്ടതായി വരുന്നു-ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും. പക്ഷങ്ങള്‍ മാറുന്നതില്‍ കുപ്രസിദ്ധമായ ട്രാക്ക് റെക്കോര്‍ഡാണ് ഇരുവർക്കുമുള്ളത്. ഭൂമി ഏറ്റെടുക്കല്‍, സ്വകാര്യവത്കരണം തുടങ്ങിയ ധീരമായ പരിഷ്‌കാരങ്ങള്‍ സഖ്യരാഷ്ട്രീയം അനുവദിക്കില്ലെന്ന ആശങ്ക വിപണിയിലുണ്ട്.
കൂട്ടുകക്ഷി സര്‍ക്കാര്‍ വിപണിക്ക് ദോഷകരമല്ല
കൂട്ടുകക്ഷി സര്‍ക്കാരുകള്‍ വിപണിക്ക് ദോഷകരമാണെന്ന് പൊതുവായി ഒരഭിപ്രായമുണ്ട്. ഇത് തെറ്റാണ്. 2004-2009 ലും 2009-2014 ലും ഇന്ത്യ കൂട്ടുകക്ഷി ഭരണത്തിലായിരുന്നപ്പോള്‍ വിപണി യഥാക്രമം 115 ശതമാനവും 94 ശതമാനവും നേട്ടം നല്‍കി. 2014-2019, 2019-2024 വര്‍ഷങ്ങളില്‍ നമുക്ക് ഒറ്റകക്ഷി ഭൂരിപക്ഷമുണ്ടായപ്പോള്‍, നേട്ടം യഥാക്രമം 62ഉം 88ഉം ശതമാനമായിരുന്നു. അതിനാല്‍, കൂട്ടുകക്ഷി രാഷ്ട്രീയത്തെക്കുറിച്ച് നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ല.

നിക്ഷേപ തന്ത്രം എങ്ങനെ ആയിരിക്കണം
ഓഹരികളില്‍ നേരിട്ട് പണമിറക്കുന്ന നിക്ഷേപകര്‍ ഉയര്‍ന്ന നിലവാരമുള്ള ലാര്‍ജ്ക്യാപ്‌സില്‍ ഉറച്ചുനില്‍ക്കണം. ധനകാര്യ- ബാങ്കിങ്, ഓട്ടോമൊബൈല്‍സ്, ക്യാപിറ്റല്‍ ഗുഡ്‌സ്, ടെലികോം, ഐടി എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കണം. ഡിഫന്‍സ് ഓഹരികളും റെയില്‍വേ ഓഹരികളും വിലയിടിഞ്ഞു നില്‍ക്കുമ്പോള്‍ വാങ്ങാം. ഡിജിറ്റല്‍ കമ്പനികളും ഇവി കമ്പനികളും പോലുള്ള ഉയര്‍ന്നുവരുന്ന സെഗ്‌മെന്റുകള്‍ ദീര്‍ഘകാലത്തേക്ക് നല്ലതാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ വഴി നിക്ഷേപിക്കുന്നവർ നിലവില്‍ ലംസം നിക്ഷേപത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം എസ്‌ഐപികളില്‍ തുടരുക എന്നതാണ്.
ഇന്ത്യന്‍ വിപണിയുടെ മൂല്യം നാളെകളിലും ഉയര്‍ന്ന നിലയില്‍ തന്നെ തുടരും, പ്രത്യേകിച്ചും വളര്‍ന്നുവരുന്ന മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍. ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തില്‍, അപ്രതീക്ഷിതമായ നെഗറ്റീവ് സംഭവവികാസങ്ങള്‍ തീവ്രതയേറിയ തിരുത്തലുകള്‍ക്ക് കാരണമാകാം. അതിനാല്‍, നിക്ഷേപകര്‍ ഉയര്‍ന്ന വരുമാനത്തേക്കാള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണം.
ആഭ്യന്തര നിക്ഷേപകരാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയെ നയിക്കുന്നത്. ഇതൊരു നല്ല പ്രവണതയാണ്. എന്നാല്‍ ചില്ലറ നിക്ഷേപകര്‍ വിപണിയില്‍ അമിതമായ ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുകയാണ്. ഇന്‍ട്രാഡേ ട്രേഡിങ്ങും ഡെറിവേറ്റീവുകളിലെ ട്രേഡിങ്ങും തകര്‍ച്ച നേരിടുമ്പോള്‍ റീട്ടെയില്‍ ഊഹക്കച്ചവടക്കാരില്‍ ഭൂരിഭാഗത്തിനും പണം നഷ്ടപ്പെടുന്നു. ചിട്ടയായ നിക്ഷേപത്തിലൂടെ ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിലായിരിക്കണം വരും നാളുകളില്‍ നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.(ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്‍റ് സ്ട്രാറ്റജിസ്റ്റ് ആണ് ലേഖകൻ)