തിരിച്ചു കയറി വിപണി, നാളെ ആർബിഐ നയപ്രഖ്യാപനം
![1492226950 Stock market online business graph. forex trading graph. 3d illustration](https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2024/6/2/market-up-3.jpg?w=1120&h=583)
Mail This Article
ഞായറാഴ്ച പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ നിശ്ചയിക്കപ്പെട്ട സാഹചര്യത്തിൽ ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിലെ അതിമുന്നേറ്റത്തിന് ശേഷം നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ 22910 ഉയരം കുറിച്ച നിഫ്റ്റി 1% മുന്നേറി 22851 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 692 പോയിന്റുകൾ മുന്നേറി സെൻസെക്സ് ഇന്ന് 75074 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
പ്രതീക്ഷിച്ചത് പോലെ തന്നെ നാസ്ഡാകിന്റെ മുന്നേറ്റത്തിന്റെ പിൻബലത്തിൽ ഐടി സെക്ടർ തന്നെയാണ് ഇന്ന് ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചത്. ഐടി സെക്ടർ ഇന്ന് 2.83% മുന്നേറ്റം നേടിയപ്പോൾ ബാങ്കിങ് സെക്ടർ അര ശതമാനവും, ഫിനാൻഷ്യൽ സെക്ടർ ഒരു ശതമാനം നേട്ടവും കുറിച്ചു. റിയൽറ്റി സെക്ടർ 4.7% മുന്നേറ്റം നേടിയപ്പോൾ സ്മോൾ & മിഡ് ക്യാപ് സെക്ടറുകൾ യഥാക്രമം 3.3%വും, 2.2%വും വീതം മുന്നേറി.
ആർബിഐ
നാളെ ആർബിഐയുടെ നയാവലോകനയോഗതീരുമാനങ്ങൾ പുറത്ത് വരുന്നത് ഇന്ത്യൻ വിപണിയുടെ ശ്രദ്ധ തത്കാലം മാറ്റിയേക്കാം. ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾക്കൊപ്പം ഓട്ടോ, റിയൽറ്റി സെക്ടറുകൾക്കും ആർബിഐ പ്രഖ്യാപനങ്ങൾ പ്രധാനമാണ്.
![share-market share-market](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
റിസർവ് ബാങ്ക് അടിസ്ഥാനപലിശ നിരക്കിൽ മാറ്റം കൊണ്ട് വന്നേക്കിലെങ്കിലും, ജിഡിപി മുന്നേറ്റം സൂചിപ്പിച്ചേക്കാവുന്നതും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. റീപോ നിരക്ക് 6.50%വും, റിവേഴ്‌സ് റീപോ നിരക്ക് 3.35%വും, സിആർആർ 4.50%വുമാണ്.
ഡിഫെൻസ് & റെയിൽ
ആഭ്യന്തര മന്ത്രാലയത്തിനൊപ്പം റെയിൽ, ഡിഫെൻസ് മന്ത്രാലയങ്ങളും ബിജെപി തന്നെ കൈകാര്യം ചെയ്യുമെന്ന പ്രഖ്യാപനം ഇന്ന് ഇരു സെക്ടറുകൾക്കും മുന്നേറ്റം നൽകി. ആർവിഎൻഎലിന് പുതിയ ഓർഡർ ലഭ്യമായതും ഇന്ന് റെയിൽ സെക്ടറിന് അനുകൂലമായി.
കൊച്ചിൻ ഷിപ്യാർഡും, ഗാർഡൻ റീച് ഷിപ് ബിൽഡേർസും 10% വീതം മുന്നേറിയപ്പോൾ, മാസഗോൺ ഡോക്സ് 13% നേട്ടം കൊയ്തു. മികച്ച മുന്നേറ്റം നടത്തിയ ശേഷം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഇന്ന് 6.91% മുന്നേറ്റം നേടി. ഇന്നലെ 10% നഷ്ടം കുറിച്ച ബിഡിഎൽ ഇന്ന് തിരിച്ചുകയറി 5% നേട്ടവും കുറിച്ചു.
പൊളിറ്റിക്കൽ ഓഹരികൾ
ചന്ദ്രബാബു നായിഡുവിന്റെ വിജയം ഹെറിറ്റേജ് ഫുഡിനും, ഡിഎംകെയുടെ വിജയം സൺ ടിവിക്കും മുന്നേറ്റം നൽകി. കഴിഞ്ഞ മൂന്ന് സെഷനുകളിലെ മുന്നേറ്റത്തോടെ ഹെറിറ്റേജ് ഫുഡ് ഒരാഴ്ച സമയം കൊണ്ട് 45% മുന്നേറ്റമാണ് നേടിയത്. ഹെറിറ്റേജ് ഫുഡ് ഇന്നും 10% നേട്ടം കുറിച്ചപ്പോൾ സൺ ടിവി മുന്നേറ്റത്തിന് ശേഷം ലാഭമെടുക്കലിൽ വീണു.
ഫെഡ് മീറ്റിങ് അടുത്ത ആഴ്ച
സെപ്റ്റംബറിൽ തന്നെ ഫെഡ് നിരക്കിൽ കുറവ് വരുത്തിത്തുടങ്ങുമെന്ന വിപണി ധാരണ ശക്തമായത് ഇന്നലെ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകി. എൻവിഡിയയുടെ അതിമുന്നേറ്റം ഇന്നലെ നാസ്ഡാക്കിനുംഎസ് &പിക്കും ഇന്നലെ റെക്കോർഡ് ക്ലോസിങ് നൽകി. വിപണി മൂല്യത്തിൽ എൻവീഡിയ ഇന്നലെ ആപ്പിളിനെയും മറികടന്നു.
അടുത്ത ആഴ്ചയിൽ അമേരിക്കൻ ഫെഡ് യോഗം നടക്കാനിരിക്കെ ഇന്നത്തെ ജോബ് ഡേറ്റയും, നാളെ വരാനിരിക്കുന്ന നോൺ ഫാം പേ റോൾ കണക്കുകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അടുത്ത ബുധനാഴ്ച അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും പിന്നാലെ അമേരിക്കൻ ഫെഡ് റിസർവ് തീരുമാനങ്ങളും പ്രഖ്യാപിക്കപ്പെടുന്നതും വിപണിയിൽ വലിയ ചാഞ്ചാട്ടത്തിന് കരണമായേക്കാം. ചൊവ്വാഴ്ച ചൈനയുടെയും, ബുധനാഴ്ച തന്നെ ഇന്ത്യയുടേയും റീടെയ്ൽ പണപ്പെരുപ്പക്കണക്കുകളും പുറത്ത് വരുന്നു.
ക്രൂഡ് ഓയിൽ
ഉൽപാദന നിയന്ത്രണം എടുത്തു മാറ്റുന്നു എന്ന ഒപെകിന്റെ പ്രഖ്യാപനം നൽകിയ തിരുത്തലിൽ നിന്നും ക്രൂഡ് ഓയിൽ ഇന്ന് തിരിച്ചു വന്നു തുടങ്ങി. ബ്രെന്റ് ക്രൂഡ് ഓയിൽ 78ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഫെഡ് നിരക്ക് കുറയ്ക്കുമെന്ന വിപണി ധാരണക്ക് കനം വെക്കുന്നത് ക്രൂഡ് ഓയിലിനും അനുകൂലമാണ്.
സ്വർണം
അമേരിക്കയിലെ തൊഴിൽ ലഭ്യത കുറയുന്നു എന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ന് അമേരിക്കൻ ജോബ് ഡേറ്റയും നാളെ നോൺ ഫാം പേറോൾ കണക്കുകളും വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് ഇന്നലെ ക്രമപ്പെട്ടത് സ്വർണത്തിന് മുന്നേറ്റം നൽകി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.28%ലേക്ക് ഇറങ്ങിയപ്പോൾ രാജ്യാന്തര സ്വർണ വില 2380 ഡോളറിലാണ് തുടരുന്നത്. നോൺ പേ റോൾ കണക്കുകളും, അടുത്ത ആഴ്ചയിലെ ഫെഡ് യോഗവും സ്വർണത്തിനും പ്രധാനമാണ്.