ഡിഫൻസ് മുതൽ ഇൻഫ്രാ വരെ; ഈ മേഖലകളിൽ കുതിപ്പ്

Mail This Article
കഴിഞ്ഞ ആഴ്ചയിലെ അഞ്ചിൽ നാല് സെഷനുകളിലും പുതിയ റെക്കോർഡ് ഉയരങ്ങൾ കുറിച്ച് മുന്നേറിയ ഇന്ത്യൻ വിപണി പുതിയ ഉയരത്തിൽ ക്രമപ്പെട്ടു കഴിഞ്ഞു. പുതിയ മോദി സർക്കാർ ‘’പഴയ’’ വ്യാവസായിക, വികസന നയങ്ങൾ തന്നെ തുടരുമെന്ന ഉറപ്പിന്റെ പിന്തുണയിൽ മുന്നേറ്റം തുടരുന്ന ഇന്ത്യൻ വിപണിയിൽ ഡിഫൻസ്, ഇൻഫ്രാ, റിയൽറ്റി, ഖനവ്യവസായം, മാനുഫാക്ച്ചറിങ്, ഓട്ടോ മുതലായ സെക്ടറുകൾ മുന്നേറ്റം നേടുകയും ചെയ്തു. അമേരിക്കൻ വിപണിയുടെയും, വിദേശ-ആഭ്യന്തര ഫണ്ടുകളുടെയും പിന്തുണയും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് അനുകൂലമായി.
മുൻ ആഴ്ചയിൽ 23290 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 23490 എന്ന പുതിയ ഉയരം കുറിച്ച ശേഷം 23465 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 76992 പോയിന്റിലാണ് ക്ളോസ് ചെയ്തത്. എഫ്എംസിജി ഒഴികെ മറ്റെല്ലാ സെക്ടറുകളും മുന്നേറ്റം കുറിച്ച കഴിഞ്ഞ ആഴ്ചയിൽ റിയൽറ്റി സെക്ടർ 7.8% മുന്നേറ്റം നേടിയപ്പോൾ നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും 7%ൽ കൂടുതൽ മുന്നേറി. ബക്രീദ് പ്രമാണിച്ച് ഇന്ന് ഇന്ത്യൻ വിപണിക്ക് അവധിയാണ്.
പണപ്പെരുപ്പം
ഇന്ത്യയുടെ പണപ്പെരുപ്പം ക്രമമായി കുറഞ്ഞു വരുന്നത് പലിശ നിരക്കുകളിൽ കുറവ് വരുത്താൻ ആർബിഐയെ പ്രേരിപ്പിക്കുമെന്നതും വിപണിക്ക് അനുകൂലമാണ്. എന്നാൽ ഭക്ഷ്യ വിലക്കയറ്റവും, മൊത്തവിലക്കയറ്റവും വർദ്ധിച്ചത് കേന്ദ്ര ബാങ്ക് കണക്കിലെടുത്തേക്കും. നയപരിപാടികളിൽ ഫെഡ് റിസേർവിനെ പിന്തുടരുന്നില്ല, ഇന്ത്യൻ സാഹചര്യങ്ങൾ തന്നെയാണ് ആർബിഐ നയങ്ങളുടെ അടിസ്ഥാനമെന്ന് ആർബിഐ ഗവർണർ ആണയിടുന്നുണ്ടെങ്കിലും ഫെഡ് റിസേർവിന്റെ നിരക്ക് കുറക്കൽ റീപോ നിരക്ക് കുറക്കലിനും കാരണമായേക്കാം. ഇന്ത്യയുടെ വ്യവസായികോല്പാദനവളർച്ച കുറയുന്നതും, വ്യാപാരക്കമ്മി വർദ്ധിക്കുന്നതും ആർബിഐയുടെ നയമാറ്റങ്ങൾക്കും, റീപോ നിരക്ക് ചുരുക്കലിനും വഴിവച്ചേക്കാം.

ബാലൻസ് ഓഫ് ട്രേഡ്
കയറ്റുമതി വർദ്ധന കുറിച്ചിട്ടും മെയ് മാസത്തിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി ഏപ്രിലിലെ 19 ബില്യൺ ഡോളറിൽ നിന്നു 23.78 ബില്യൺ ഡോളറിലേക്ക് കയറി. ഏപ്രിലിലെ 35 ബില്യണിൽ നിന്നു 38.13 ബില്യണിലേക്ക് കയറ്റുമതി വർദ്ധിപ്പിച്ചപ്പോൾ ഇന്ത്യയുടെ ഇറക്കുമതി 54 ബില്യൺ ഡോളറിൽ നിന്നു 61.91 ബില്യൺ ഡോളറിലേക്കും പറന്നു കയറി.
അമേരിക്കൻ പിപിഐ
അമേരിക്കയുടെ റീടെയ്ൽ പണപ്പെരുപ്പം സൂചിപ്പിക്കുന്ന സിപിഐ ഡേറ്റ മെയ് മാസത്തിൽ വിപണി പ്രതീക്ഷയിലും മികച്ച നിലയിലേക്കെത്തിയതിന് പിന്നാലെ ‘’ഫാക്ടറി ഗേറ്റ് വിലക്കയറ്റം’’ സൂചിപ്പിക്കുന്ന പിപിഐ ഡേറ്റ വളർച്ച ശോഷണം കുറിച്ചതും വിപണിക്ക് അനുകൂലമാണ്. ഫെഡ് റിസേർവ് ചെയർമാൻ ഇക്കൊല്ലം ഒരു തവണ മാത്രമേ നിരക്ക് കുറയ്ക്കൽ നടത്തൂ എന്ന പ്രസ്താവന നടത്തിക്കഴിഞ്ഞത് ഡോളറിന്റെ വീഴ്ച തടഞ്ഞെങ്കിലും വിപണിയുടെ മുന്നേറ്റത്തിന് തടയിടാനായില്ല.

ഫെഡ് റിസേർവിന്റെ സെപ്റ്റംബർ മീറ്റിങ്ങിലേക്കും, ജൂൺ പാദഫലങ്ങളുടെ പ്രതീക്ഷകളിലേക്കും വിപണിയുടെ ശ്രദ്ധയും തിരിഞ്ഞു കഴിഞ്ഞെങ്കിലും അടുത്ത ആഴ്ചയിലും ഫെഡ് റിസേർവിന്റെ സ്വാധീനം തന്നെയായിരിക്കും വിപണിയുടെ ഗതി നിർണയിച്ചേക്കും.
അടുത്ത ആഴ്ചയിൽ ലോക വിപണിയിൽ
ബുധനാഴ്ച ജൂൺറ്റീൻത് അവധി ആഘോഷിക്കുന്ന അമേരിക്കൻ വിപണിക്ക് ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളായിരിക്കും വിപണിയുടെയും ഗതി നിർണയിക്കുക. ഫെഡ് അംഗങ്ങളുടെ കൂടുതൽ ‘’ഹോക്കിഷ്’’ പ്രസ്താവനകൾ അടുത്ത ആഴ്ചയിൽ വിപണി പ്രതീക്ഷിക്കുന്നു. അമേരിക്കൻ വ്യവസായികോല്പാദനക്കണക്കുകളും, റീടെയ്ൽ വിൽപനക്കണക്കുകളും ചൊവ്വാഴ്ചയും, ജോബ് ഡേറ്റ വ്യാഴാഴ്ചയും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.

യൂറോ സോൺ പണപ്പെരുപ്പക്കണക്കുകൾ ചൊവ്വാഴ്ചയും, ബ്രിട്ടീഷ് സാമ്പത്തിക വിവരക്കണക്കുകൾ ബുധനാഴ്ചയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകൾ വ്യാഴാഴ്ചയും യൂറോപ്യൻ വിപണികളെയും സ്വാധീനിച്ചേക്കാം. തിങ്കളാഴ്ച വരുന്ന ചൈനയുടെ വ്യവസായികോല്പാദന കണക്കുകളും റീടെയ്ൽ വില്പനക്കണക്കുകളും ഏഷ്യൻ-യൂറോപ്യൻ വിപണികളെ സ്വാധീനിച്ചേക്കാം. വ്യാഴാഴ്ചയാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലെൻഡിങ് നിരക്കുകൾ പ്രഖ്യാപിക്കുക.
ഓഹരികളും സെക്ടറുകളും
രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ വ്യാഴാഴ്ച തന്നെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി നടത്തുമെന്ന പ്രഖ്യാപനം പ്രതിരോധ ഓഹരികൾക്കും, കപ്പൽ നിർമാണ ഓഹരികൾക്കും വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും അതി മുന്നേറ്റമാണ് നൽകിയത്. ഡിഫൻസ് ഓഹരികൾ അടുത്ത അഞ്ച് കൊല്ലവും മുന്നേറ്റം പ്രതീക്ഷിക്കുന്നു.
നിതിൻ ഗഡ്കരിയുടെ വരവോടെ ഇൻഫ്രാ വികസനത്തിനായി ബജറ്റിൽ കൂടുതൽ തുക വകയിരുത്തപ്പെടുമെന്ന സൂചന ഇൻഫ്രാ ഓഹരികൾക്കൊപ്പം സിമന്റ്, മെറ്റൽ ഓഹരികൾക്കും അനുകൂലമാണ്. കഴിഞ്ഞ ആഴ്ചയിൽ 6% മുന്നേറിയ ഇൻഫ്രാ മേഖല മുന്നേറ്റ പ്രതീക്ഷയിലാണ്.

അഗ്രോ ഓഹരികളും ബജറ്റ് മുന്നിൽക്കണ്ട് മുന്നേറ്റത്തിലാണ്. വളം, കീടനാശിനി, ട്രാക്ടർ, മറ്റ് കാർഷിക സംബന്ധിയായ ഓഹരികളും ബജറ്റ് വരെ വിപണി പിന്തുണ പ്രതീക്ഷിക്കുന്നു. നാഷണൽ ഫെർട്ടിലൈസർ, ആർസിഎഫ്, ഫാക്ട്, ചമ്പൽ ഫെർട്ടിലൈസർ എന്നിവ ശ്രദ്ധിക്കാം.
ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ പ്രധാനമന്ത്രി ആവാസ് യോജന വഴി മൂന്ന് കോടി വീടുകൾ കൂടി നിർമിക്കുമെന്ന പ്രഖ്യാപനം പൊതുമേഖല നിർമാണ ഓഹരികൾക്ക് കുതിപ്പ് നൽകിയിരുന്നു. എൻസിസി, എൻബിസിസി, ഹഡ്‌കോ മുതലായവ ഇനിയും പരിഗണിക്കാം.
മോദി സർക്കാർ 2030-ഓടെ 800000 ഇലക്ട്രിക് ബസുകൾ ഇന്ത്യൻ നിരത്തുകളിൽ ഇറക്കാനുള്ള മെഗാ പദ്ധതിയുമായി വരുന്നു എന്ന സൂചന ഇലക്ട്രിക് ബസ് നിർമാതാക്കൾക്ക് വൻ കുതിപ്പ് നൽകിയേക്കാം. ടാറ്റ മോട്ടോഴ്‌സ്, അശോക് ലൈലാൻഡ്, ജെബിഎം ഓട്ടോ, ഒലേക്ട്രാ ഗ്രീൻടെക്ക് മുതലായ ഓഹരികൾ മറക്കാതിരിക്കാം.
ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം അതിനായുള്ള പരിസ്ഥിതി ഒരുക്കാനായും ബജറ്റിൽ കൂടുതൽ തുക വകയിരുത്തപ്പെടാനുള്ള സാധ്യതയും പമ്പുടമസ്ഥരായ എണ്ണക്കമ്പനികൾക്കടക്കം അനുകൂലമായേക്കാം.

മൂന്നാഴ്ചകൾക്കുള്ളിൽ മുൻനിര ഐടി ഓഹരികളുടെ റിസൾട്ടുകൾ വന്ന് തുടങ്ങുമെന്നതും, സെപ്റ്റംബറിൽ ഫെഡ് നിരക്ക് കുറച്ചേക്കാനുള്ള സാധ്യതയും ഐടി ഓഹരികളിൽ സാധ്യതയാണ്. ടിസിഎസ്, എച്ച്സിഎൽ ടെക്ക്, ഇൻഫി, വിപ്രോ മുതലായ മുൻനിര ഓഹരികൾ ശ്രദ്ധിക്കുക. വളർച്ച സാധ്യതകളും, ഓഹരികൾക്ക് വിദേശ ഫണ്ടുകൾ മികച്ച ലക്ഷ്യങ്ങൾ കുറിച്ചതും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ റിയൽറ്റി സെക്ടറിന് 7.8% മുന്നേറ്റമാണ് നൽകിയത്. ഇന്ത്യയുടെ വ്യാവസായിക വളർച്ചക്കൊപ്പം നഗരവത്കരണവും ത്വരിതപ്പെടുന്നതും റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് തുടർന്നും അനുകൂലമാണ്.
ആന്ധ്രാ ആസ്ഥാനമായ പെന്ന സിമെന്റിനെ കൂടി അംബുജ സിമന്റ് സ്വന്തമാക്കുന്നതോടെ ഈ വർഷമിതു വരെ അദാനി സിമന്റ്സ് നാല് ഏറ്റെടുക്കലുകൾ തികച്ചു കഴിഞ്ഞു.
വോഡാഫേൺ ഐഡിയ ടെലികോം ഉപകരണ നിർമ്മാതാക്കളായ നോക്കിയയുടെയും, എറിക്സനിന്റെയും കടബാധ്യതകൾ ഓഹരിയാക്കി നൽകുന്നതും, വൊഡാഫോൺ ഇൻഡസ് ടവേഴ്‌സിലുള്ള ഓഹരി വിൽക്കുന്ന വാർത്തയും ഇരു ഓഹരികൾക്കും അനുകൂലമാണ്.
തുടർച്ചയായി പുതിയ ഓർഡറുകൾ നേടുന്ന സുസ്‌ലോൺ കമ്പനിയുടെ കോർപറേറ്റ് ഗവെർണൻസ് പ്രശ്നങ്ങൾ വിലയിരുത്താനായി പുതിയ നിയമ സ്ഥാപനത്തെ ഏൽപ്പിച്ചത് അനുകൂലമാണ്.
ട്രെന്റ് സൂപ്പർ മാർക്കറ്റ് ശ്രംഖലയായ സ്റ്റാർ മാർക്കറ്റിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നത് ഓഹരിക്ക് അനുകൂലമാണ്.
സിഎൽഎസ്എ 2320 രൂപ ലക്‌ഷ്യം കുറിച്ചത് പ്രസ്റ്റീജ് എസ്റ്റേറ്റ്സിന് വെള്ളിയാഴ്ച മികച്ച മുന്നേറ്റം നൽകി.

ക്രൂഡ് ഓയിൽ
ഫെഡ് ചെയർമാന്റെ ഹോക്കിഷ് കമന്റുകളും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വർദ്ധനയും ക്രൂഡ് ഓയിലിന്റെ മുന്നേറ്റം തടസപ്പെടുത്തിയെങ്കിലും കഴിഞ്ഞ ആഴ്ചയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ 4%ൽ കൂടുതൽ നേട്ടമുണ്ടാക്കി. ക്രൂഡ് ഓയിലിന്റെ ആവശ്യകതയിൽ വർദ്ധനവുണ്ടാകുമെന്ന ഒപെകിന്റെ റിപ്പോർട്ടാണ് ക്രൂഡ് ഓയിലിന് അനുകൂലമായത്.
സ്വർണം
അമേരിക്കൻ തൊഴിൽ വിപണിയിലെ മുന്നേറ്റം തുടരുന്ന സാഹചര്യത്തിൽ ബോണ്ട് യീൽഡ് മുന്നേറ്റം കുറിച്ചതോടെ താഴെ വന്ന രാജ്യാന്തര സ്വർണ വില അമേരിക്കൻ പണപ്പെരുപ്പവളർച്ച കുറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഒന്നര ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കി. രാജ്യാന്തര സ്വർണ വില 2348 ഡോളറിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.
ഐപിഓ
സോളാർ പാനൽ, ഇൻവെർട്ടർ എന്നിവ നിർമിക്കുന്ന ജിപിഇഎസ് വെള്ളിയാഴ്ച ആരംഭിച്ച ഐപിഓ ജൂൺ 19ന് അവസാനിക്കുന്നു. 90-94 രൂപ നിരക്കിൽ 31 കോടി രൂപ സമാഹരിക്കുന്ന എസ്എംഇ കമ്പനി ആദ്യ ദിനത്തിൽ തന്നെ 30 ഇരട്ടി സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു.
ഓയിൽ, ഗ്യാസ്, കെമിക്കൽ, ന്യൂക്ലിയർ പവർ മേഖലകളിൽ പൈപ്പിങ് എഞ്ചിനീയറിങ് സൊല്യൂഷൻ നൽകുന്ന ഡീ പൈപിങ്ങിന്റെ ഐപിഓ ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച അവസാനിക്കുന്നു. 193-203 രൂപയാണ് ഓഹരിയുടെ ഐപിഓ വില. എൻബിഎഫ്സിയായ ആക്മേ ഫിൻട്രേഡിന്റെ ഐപിഓയും ബുധനാഴ്ചയാണ് ആരംഭിക്കുന്നത്.
ബെംഗളുരു ആസ്ഥാനമായ ഫർണിച്ചർ നിർമാതാക്കളായ സ്റ്റാൻലി ലൈഫ്സ്റ്റൈലിന്റെ ഐപിഓയും അടുത്ത ആഴ്ച ആരംഭിക്കുന്നു.
ട്രാവൽ പ്ലാറ്റ് ഫോമായ ഇക്സിഗോ ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യപ്പെടുന്നു. 98 ഇരട്ടിയോളം സബ്സ്ക്രൈബ് ചെയ്യപ്പെട്ട ഓഹരിയുടെ ഇഷ്യു വില 93 രൂപയാണ്.