ADVERTISEMENT

ഓഹരി വിപണിയിലെ ആദ്യ വ്യാപാരദിനത്തില്‍ തന്നെ മികച്ച നേട്ടമുണ്ടാക്കി ഇക്സിഗോ ഓഹരികള്‍. ലെ ട്രാവന്യൂസ് ടെക്നോളജിക്ക് കീഴിലെ ഓണ്‍ലൈന്‍ യാത്രാടിക്കറ്റ് ബുക്കിംഗ് സേവനദാതാക്കളായ ഇക്സിഗോ ഐപിഒ വിലയേക്കാള്‍ 48.5 ശതമാനം കുതിപ്പുമായി 138.1 രൂപയിലാണ് എന്‍എസ്‍ഇയില്‍ ഇന്ന് ലിസ്റ്റ് ചെയ്തത്. അതായത്, ഐപിഒ വിലയായ 93 രൂപയേക്കാള്‍ 45.1 രൂപ അധികം. ബിഎസ്‍ഇയില്‍ ലിസ്റ്റിംഗ് 45.16 ശതമാനം ഉയര്‍ന്ന് 135 രൂപയിലും ലിസ്റ്റ് ചെയ്തു.

നിലവില്‍ എന്‍എസ്ഇയില്‍ 20 ശതമാനം കുതിച്ച് അപ്പര്‍‍-സര്‍ക്യൂട്ടിൽ 165.72 രൂപയിലാണ് ഓഹരിയുള്ളത്. ബിഎസ്ഇയില്‍ 19.99 ശതമാനം നേട്ടവുമായി 161.99 രൂപയിലും. കഴിഞ്ഞയാഴ്ചയായിരുന്നു 720 കോടി രൂപ ഉന്നമിട്ടുള്ള ഇക്സിഗോയുടെ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ). സ്ഥാപനേതര നിക്ഷേപകര്‍ (എന്‍ഐഐ), യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ (ക്യുഐബി) എന്നിവരില്‍ നിന്ന് മികച്ച താല്‍പര്യമുണ്ടായതോടെ 98.34 മടങ്ങ് അപേക്ഷകളാണ് ഐപിഒയ്ക്ക് കിട്ടിയത്.

ഗ്രേ മാര്‍ക്കറ്റ് നല്‍കിയ സൂചന
 

ലിസ്റ്റിംഗിന് മുമ്പേ ഗ്രേ മാര്‍ക്കറ്റില്‍ (ലിസ്റ്റിംഗിന് മുമ്പ് ഓഹരി വിപണിക്ക് പുറത്തു നടക്കുന്ന അനൗദ്യോഗിക വ്യാപാരം) ഇക്സിഗോയുടെ ഓഹരിവില 30 ശതമാനം കുതിച്ചപ്പോള്‍ തന്നെ ആദ്യ വ്യാപാരദിനത്തില്‍ ഓഹരിവില കുതിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. 

പ്രവര്‍ത്തനം മൂലധനം കണ്ടെത്തല്‍, സാങ്കേതികവിദ്യ മെച്ചപ്പെടുത്തല്‍, മറ്റ് കമ്പനികളെ ഏറ്റെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഐപിഒ വഴി സമാഹരിച്ച പണം കമ്പനി പ്രധാനമായും ഉപയോഗിക്കുക. ട്രെയിന്‍, വിമാനം, ബസ് ടിക്കറ്റുകള്‍, ഹോട്ടല്‍ മുറികള്‍ എന്നിവയുടെ ബുക്കിംഗ് സേവനം ലഭ്യമാക്കുന്ന കമ്പനിയാണ് ഇക്സിഗോ. 

കരുത്തും വെല്ലുവിളികളും
 

6,420 കോടി രൂപയാണ് വിപണിമൂല്യം. പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധന അടക്കമുള്ള സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്. സ്വീകാര്യതയുള്ള ബ്രാന്‍ഡ്, എഐ അധിഷ്ഠിത പ്രവര്‍ത്തനം, വൈവിധ്യമാര്‍ന്ന ബിസിനസുകള്‍ എന്നിവ കമ്പനിക്ക് മികച്ച വളര്‍ച്ചാ സാധ്യത നല്‍കുന്നതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം, വിപണിയില്‍ എതിരാളികള്‍ ധാരാളമുണ്ടെന്ന വെല്ലുവിളിയുമുണ്ട്. 

ixigo-JPG

കഴിഞ്ഞ ഏപ്രില്‍-ഡിസംബറില്‍ 31 ശതമാനം വളര്‍ച്ചയോടെ 497 കോടി രൂപയുടെ വരുമാനവും മൂന്ന് മടങ്ങ് വളര്‍ച്ചയോടെ 65.7 കോടി രൂപ ലാഭവും നേടിയ കമ്പനിയാണ് ഇക്സിഗോ. 

( Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Ixigo Surges 48.5% on Stock Market Debut: IPO Soars Beyond Expectations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com