പ്രതീക്ഷയേകി ബാങ്കുകളും ബജറ്റും; നേട്ടം തുടര്‍ന്ന് ഓഹരി വിപണി, വളം ഓഹരികൾ മുന്നേറ്റത്തില്‍

Mail This Article
ഇന്നലെ ഇൻട്രാഡേയില്‍ കുറിച്ച റെക്കോർഡ് ഉയരം മറികടക്കാനായില്ലെങ്കിലും ഇന്ന് നേട്ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിഫ്റ്റി 51 പോയിന്റ് നേട്ടത്തിൽ 23567ലും സെൻസെക്സ് 141 പോയിന്‍റുയര്‍ന്ന് 77478 പോയിന്റിലും ക്ളോസ് ചെയ്തു.
ഇന്നും മുന്നേറ്റം തുടർന്ന ബാങ്ക് നിഫ്റ്റിയും ഇന്നലത്തെ റെക്കോർഡ് മറികടന്നില്ലെങ്കിലും 385 പോയിന്റ് നേട്ടത്തിൽ 51783 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസും ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും ഹിന്ദുസ്ഥാൻ യൂണിലിവറും കോട്ടക്ക് ബാങ്കും ഇന്ന് ഒരു ശതമാനം വീതം മുന്നേറിയതും വിപണിയുടെ മുന്നേറ്റത്തിന് അടിസ്ഥാനമിട്ടു. ഫാർമ, ഓട്ടോ സെക്ടറുകൾക്കൊപ്പം പൊതുമേഖല ബാങ്കിങ് സെക്ടറും ഇന്ന് നഷ്ടം കുറിച്ചു.
പണമൊഴുകും ബജറ്റ്
കഴിഞ്ഞ ബജറ്റുകളിൽ കൂടുതൽ തുക വകയിരുത്തപ്പെട്ട ഇൻഫ്രാ, ഡിഫൻസ്, റെയിൽ മേഖലകളുടെ വിഹിതം കുറയാതെ തന്നെ ജനോന്മുഖ പരിപാടികൾക്കും ഇത്തവണ ബജറ്റിൽ ‘’ന്യായമായ’’ തുക വകയിരുത്തപ്പെടുമെന്ന പ്രതീക്ഷക്കൊപ്പം തന്നെ നികുതിയിളവു പ്രതീക്ഷകളും പ്രതീക്ഷിക്കുന്നത് തന്നെയാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിനാധാരം. കാർഷിക-ഗ്രാമീണ മേഖലകൾ തന്നെയാകും ഇത്തവണ ബജറ്റിൽ കൂടുതൽ നേട്ടമുണ്ടാകുക.
ഫാർമ, ടെക്സ്റ്റൈൽ, മാനുഫാക്ച്റിങ്, റെയിൽ, ഇൻഫ്രാ, സിമന്റ്, മെറ്റൽ, ഭവന നിർമാണ ഓഹരികളും ബജറ്റിന് സൂചനകളിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
പ്രതീക്ഷയിൽ ബാങ്കുകളും
ബാങ്ക് നിക്ഷേപത്തിൽ നിന്നുമുള്ള പലിശ വരുമാനത്തിന് നികുതിയൊഴിവാക്കുമെന്ന സൂചന ബാങ്കിങ്, ഫിനാൻസ് ഓഹരികൾക്ക് അനുകൂലമാണ്. ബജറ്റ് വരെ ബാങ്കിങ് ഓഹരികൾക്ക് മുന്നേറാനും ബാങ്ക് നിഫ്റ്റിക്ക് റെക്കോർഡ് കുറിക്കാനും നികുതിയിളവ് ഊഹങ്ങൾ തന്നെ മതിയാകും.

ഇടത്തരം വരുമാനക്കാർക്ക് നൽകിയേക്കാവുന്ന വരുമാനനികുതിയിലെ ഇളവ് ബാങ്കുകളിലേക്കെത്തിക്കാനും ഈ നടപടി ഉപകരിക്കും.
താങ്ങ് വിലകളിൽ പ്രതീക്ഷ
ബജറ്റ് മുന്നിൽക്കണ്ട് വളം, കീടനാശിനി ഓഹരികൾ കുതിപ്പ് തുടരുകയാണ്. കൂട്ടുമന്ത്രിസഭയിൽ കാർഷിക മേഖലയ്ക്കും അർഹമായ പരിഗണന കിട്ടുമെന്ന ഉറപ്പിനൊപ്പം, വിളകളുടെ താങ്ങ് വിലകൾ വർധിപ്പിച്ചേക്കാമെന്ന പ്രതീക്ഷയും കാർഷിക ഓഹരികളുടെ കുതിപ്പിന് ആക്കം കൂട്ടി. പൊതു മേഖലയിലെ വളം ഉത്പാദകരായ നാഷണൽ ഫെർട്ടിലൈസറും, രാഷ്ട്രീയ കെമിക്കൽസും, ഫാക്റ്റും ഇന്ന് 20% വീതം മുന്നേറിയപ്പോൾ ചമ്പൽ ഫെർട്ടിലൈസർ 19.3% മുന്നേറി.
ബാങ്ക് ഓഫ് ഇംഗ്ലണ്ട്
ഇന്നലെ അവധിയായിരുന്ന യുഎസ് വിപണി ഇന്ന് മുന്നേറ്റ പ്രതീക്ഷയിലാണ്. ഇന്ന് ഏഷ്യൻ വിപണി സമയത്ത് അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം നേടിയപ്പോളും അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിലാണ് തുടരുന്നത്. ഏഷ്യൻ വിപണികളുടെ മിക്സഡ് ക്ളോസിങ്ങിന് ശേഷം യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് ഇന്ന് വ്യാപാരം തുടരുന്നത്.

ഇന്ന് പുറത്ത് വരുന്ന ജോബ് ഡേറ്റയും ഭവന നിർമാണക്കണക്കുകളും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന പ്രൈം ലെൻഡിങ് നിരക്കുകളിൽ മാറ്റം വരുത്താതെ വിട്ട ഇന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്കുകൾ മാറ്റാതെ നിലനിർത്തിയേക്കാം.
ഒന്നാമൻ ആര്?
എൻവിഡിയയും ആപ്പിളും മൈക്രോസോഫ്‌റ്റും തമ്മിലുള്ള ‘’ഒന്നാം’’ സ്ഥാനത്തിനായുള്ള മത്സരത്തിനും ഇന്ന് അമേരിക്കൻ വിപണി സാക്ഷ്യം വഹിക്കും. ആപ്പിളിന്റെ കാലങ്ങൾ നീണ്ട ഒന്നാം സ്ഥാനം നേടിയെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് താരമായ എൻവീഡിയ തന്നെ ഒന്നാംസ്ഥാനം നിലനിര്‍ത്തുമെന്നാണ് വിപണിയുടെ അനുമാനം.
ക്രൂഡ് ഓയിൽ
ഇന്ന് വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകൾ ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും. യൂറോപ്പിലെയും, മിഡിൽ ഈസ്റ്റിലെയും യുദ്ധവും 85 ഡോളറിൽ തുടരുന്ന ക്രൂഡ് ഓയിലിന് നിർണായകമാണ്.
സ്വർണം
ബോണ്ട് യീൽഡിന്റെ ഇന്നത്തെ തുടർ ചലനങ്ങൾ 2347 ഡോളറിൽ തുടരുന്ന സ്വർണത്തിന്റെയും ഗതി നിർണയിക്കും. യുദ്ധ വാർത്തകളും കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനങ്ങളും ഇന്ന് സ്വർണ വിലയേയും സ്വാധീനിക്കും.
ഐപിഒ
ഓയിൽ, ഗ്യാസ്, കെമിക്കൽ, ന്യൂക്ലിയർ പവർ മേഖലകളിൽ എഞ്ചിനീയറിങ് സൊല്യൂഷൻ നൽകുന്ന ഡീ പൈപിങ്ങിന്റെ ഇന്നലെ ആരംഭിച്ച ഐപിഒ നാളെ അവസാനിക്കും. ഓഹരിയുടെ ഐപിഒ വില 193-203 രൂപയാണ്. എൻബിഎഫ്സി കമ്പനിയായ ആക്മേ ഫിൻട്രേഡിന്റെ ഐപിഒയും നാളെയാണ് അവസാനിക്കുന്നത്. ഗ്രാമീണ മേഖലകളിൽ വായ്പകൾ നൽകുന്ന കമ്പനിയുടെ ഇഷ്യൂ വില 114-120 രൂപ.