ADVERTISEMENT

തിരഞ്ഞെടുപ്പ് ആശങ്കകൾ മറികടന്ന് പ്രതീക്ഷകളുടെ ട്രാക്കിലേക്ക് വഴിമാറിയ ഇന്ത്യൻ വിപണി ഈ ആഴ്ചയിലും ബജറ്റ് പ്രതീക്ഷകളുടെ കൂടി പിന്തുണയിൽ പുതിയ ഉയരങ്ങൾ താണ്ടിയ ശേഷം വെള്ളിയാഴ്ച ലാഭമെടുക്കലിൽ വീണെങ്കിലും നേരിയ നേട്ടത്തിൽ ക്ളോസ് ചെയ്തു. മുൻ ആഴ്ചയിൽ 23465 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 23667 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം വെള്ളിയാഴ്ച 23501 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 77209 പോയിന്റിലും ക്ളോസ് ചെയ്തു.

എച്ച്ഡിഎഫ്സി ബാങ്കിന്റെ തുടർച്ചയായ മുന്നേറ്റത്തിന്റെ പിൻബലത്തിൽ 51000 പോയിന്റും മറികടന്ന ബാങ്ക് നിഫ്റ്റിയുടെ കുതിപ്പാണ് ഇന്ത്യൻ വിപണി മുന്നേറ്റത്തിന് അടിത്തറയിട്ടത്. ബാങ്ക് നിഫ്റ്റിയും, നിഫ്റ്റി ഫൈനാൻഷ്യൽ സൂചികയും കഴിഞ്ഞ വാരത്തിൽ 3%ൽ കൂടുതൽ മുന്നേറിയപ്പോൾ ഫാർമ, ഓട്ടോ, എഫ്എംസിജി, ഇൻഫ്രാ സെക്ടറുകൾ 1%ൽ കൂടുതൽ നഷ്ടവുമുണ്ടാക്കി.

ജിഎസ്ടി കൗൺസിൽ യോഗതീരുമാനങ്ങൾ
 

ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന അൻപത്തി മൂന്നാം ജിഎസ്ടി കൗൺസിൽ യോഗതീരുമാനങ്ങളും തിങ്കളാഴ്ച ഇന്ത്യൻ വിപണിയിൽ ചലനങ്ങൾക്ക് കാരണമാകും. പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതും, വളം, കീടനാശിനി എന്നിവ ജിഎസ്ടിയിൽ നിന്നൊഴിവാക്കുന്നതും, ഓൺലൈൻ ഗെയിമിങ്, ചൂതാട്ടം എന്നിവയുടെ നികുതികളും മറ്റും പരിഗണിക്കുന്ന ജിഎസ്ടി കൗൺസിൽ കൂടുതൽ നികുതി പരിഷ്കരണങ്ങൾക്ക് തയാറെടുക്കുന്നതായും വിപണി കരുതുന്നു.

ബജറ്റിൽ കണ്ണുംനട്ട്
 

തുടർച്ചയായ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ച് മൊറാർജി ദേശായിയുടെ റെക്കോർഡ് തിരുത്താനൊരുങ്ങുന്ന നിർമല സീതാരാമൻ ജൂലൈയുടെ രണ്ടാം പകുതിയിലാകും നികുതിയിളവുകളും ചെലവിടലും ഒരുപോലെ സംഗമിക്കുന്ന ജനോന്മുഖ-കാർഷികബദ്ധ ബജറ്റ് അവതരിപ്പിക്കുക. മൂന്നാം മോദി സർക്കാരിന്റെ ഭൂരിപക്ഷം കുറയാനിടയാക്കിയതെന്ന് കരുതുന്ന കർഷക സമരങ്ങളുടെ മുനയൊടിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നത് തന്നെയാണ് കാർഷിക-ഗ്രാമീണ ഓഹരികളുടെ മുന്നേറ്റ സാധ്യതകളും വർദ്ധിപ്പിക്കുന്നത്.

"വികസിത ഭാരതം" എന്ന മുദ്രാവാക്യം ഉയർത്തിയേക്കാവുന്ന ബജറ്റിൽ നയം മാറാതെ തന്നെ ഗ്രാമീണ-കാർഷിക മേഖലകൾക്കൊപ്പം ചെറുകിട ഉൽപാദകരും, മധ്യവർഗ്ഗവും പരിഗണിക്കപ്പെടുമെന്നും വിപണി ഉറപ്പിച്ചു കഴിഞ്ഞു. മുൻസർക്കാരിന്റെ വ്യവസായവൽകരണവും നഗരവത്കരണവും സൈനികവത്കരണവും ത്വരിതപ്പെടുത്തുന്ന നടപടികൾ തുടരുമെന്ന സൂചനകൾ നൽകിക്കഴിഞ്ഞത് ബജറ്റ് വരെ വിപണിക്ക് അനുകൂലമാണ്. ധനക്കമ്മി കുറച്ചു നിർത്തുന്നതും, തൊഴിൽ സൃഷ്ടിക്കുന്നതിനുമാകും ബജറ്റ് ഊന്നൽ നൽകുക.

ഒന്നാം പാദഫലങ്ങളിലേക്ക്
 

യൂണിയൻ ബജറ്റിന് ഒപ്പം തന്നെ ഒന്നാം പാദഫലങ്ങളുടെ തിരക്കിലേക്ക് തിരിയുന്നത് ഇന്ത്യൻ വിപണിയെ പുതിയ ഉയരങ്ങളിലേക്കും കൊണ്ടെത്തിച്ചേക്കാം. എച്ച്സിഎൽ ടെക് ജൂലൈ 12ന് ഒന്നാം പാദ ഫലം പ്രഖ്യാപിക്കുന്നത് ഐടി സെക്ടറിൽ ഫെഡ് നിരക്ക് കുറക്കലിന് മുൻപുള്ള മുന്നേറ്റത്തിന് വഴി വച്ചേക്കാം. ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, അൾട്രാ ടെക്ക്, എച്ച്ഡിഎഫ്സി ബാങ്ക് മുതലായ ഓഹരികൾ പിന്നീടുള്ള ആഴ്ചയിലും ഫലം പ്രഖ്യാപിക്കും.

സൂചികകളിലെ മാറ്റങ്ങൾ
 

തിങ്കളാഴ്ച മുതൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സെൻസെക്സ്-30 സൂചികയിൽ വിപ്രോക്ക് പകരം അദാനി പോർട്സ് ഇടം പിടിക്കും. എസ്&പി ബിഎസ്ഇ-100 സൂചികയിൽ നിന്നും പേജ് ഇൻഡസ്ട്രീസ്, ഐസിഐസിഐ പ്രുഡൺഷ്യൽ, എസ്ബിഐ കാർഡ്, ജൂബിലന്റ് ഫുഡ്സ്, സീ എന്നിവ ഒഴിവാകുമ്പോൾ പിഎൻബി, കാനറാ ബാങ്ക്, ആർഇസി, എച്ച്ഡിഎഫ്സി എഎംസി, കമ്മിൻസ് എന്നിവയും പുതുതായി ഇടം പിടിക്കും. ബാങ്കെക്‌സിലേക്ക് കാനറാ ബാങ്കിനൊപ്പം യെസ് ബാങ്കാണ് പുതുതായി വരുന്നത്.

ഭീമന്മാരുടെ വിപണിമൂല്യ മത്സരം
 

ഏറ്റവും വിപണി മൂല്യമുള്ള കമ്പനി എന്ന സ്ഥാനം പലവട്ടം മാറിമറിഞ്ഞ കഴിഞ്ഞ ആഴ്ചയിലെ അവസാന നിലയനുസരിച്ച് 3.34 ട്രില്യൺ അമേരിക്കൻ ഡോളറുമായി മൈക്രോസോഫ്റ്റാണ് ഒന്നാം സ്ഥാനത്ത്. വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും 3% വീതം വീണ എൻവീഡിയ 3.11 ട്രില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തേക്ക് പോയപ്പോൾ 3.18 ട്രില്യൺ ഡോളറുമായി ആപ്പിലാണ് രണ്ടാമത്. സെപ്റ്റംബറിൽ ഐഫോൺ-16ന്റെ അവതരണത്തിന് മുൻപായി ആപ്പിൾ വീണ്ടും മുന്നേറ്റം തുടർന്നേക്കാം.

Old structure of Share market Bombay Stock Exchange Building.
Old structure of Share market Bombay Stock Exchange Building.

ലോക വിപണിയിൽ അടുത്ത ആഴ്ച
 

അടുത്ത ആഴ്ചയിലും ഡോളർ നിരക്ക് താങ്ങി നിർത്താനുള്ള ഫെഡ് അംഗങ്ങളുടെ പ്രസ്താവന ശ്രമങ്ങൾ തന്നെയാകും അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കുക.

വെള്ളിയാഴ്ച വരുന്ന ഫെഡ് റിസേർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പണപ്പെരുപ്പക്കണക്കായ പിസിഇ ഡേറ്റ പുറത്ത് വരാനിരിക്കുന്നതും, വ്യാഴാഴ്ചയും, വെള്ളിയാഴ്ചയുമായി ഫെഡ് റിസർവിന്റെ സ്ട്രെസ്സ് ടെസ്റ്റുകളും, ഫെഡ് റിസേർവിന്റെ മോണിറ്ററി പോളിസി റിപ്പോർട്ടും പുറത്ത് വരുന്നതും അമേരിക്കൻ വിപണിക്ക് വളരെ നിർണായകമാണ്.

വ്യാഴാഴ്ച മുതൽ നടക്കുന്ന യൂറോ സമ്മിറ്റും യൂറോ ഗ്രൂപ്പ് മീറ്റിംഗുകളും വിപണിയും പ്രാധാന്യത്തോടെ കാണുന്നു. ബ്രിട്ടീഷ് ജിഡിപിയും ഫ്രഞ്ച് ഇറ്റാലിയൻ സിപിഐ കണക്കുകളും വെള്ളിയാഴ്ചയും യൂറോപ്യൻ വിപണികളെ സ്വാധീനിക്കും.

ചൈനീസ് ഇൻഡസ്ട്രിയൽ പ്രോഫിറ്റ് വ്യാഴാഴ്ചയും കൊറിയൻ വ്യവസായികോൽപാദനക്കണക്കുകളും റീടെയ്ൽ വിൽപനയും ടോക്കിയോ സിപിഐ കണക്കുകൾ വെള്ളിയാഴ്ചയും ഏഷ്യൻ വിപണികൾക്ക് പ്രധാനമാണ്. ഇന്ത്യയുടെ ധനക്കമ്മി കണക്കുകളും, വിദേശക്കടക്കണക്കുകളും, ഇൻഫ്രാസ്ട്രക്ച്ചർ ഔട്പുട്ടും വെള്ളിയാഴ്ച പുറത്ത് വരുന്നു.

ക്രൂഡ് ഓയിൽ
 

യൂറോപ്പിലെയും, മിഡിൽ ഈസ്റ്റിലെയും യുദ്ധങ്ങൾ സജീവമായി തുടരുന്നതും, ക്രൂഡ് ഓയിലിന്റെ ആവശ്യകത വർദ്ധിക്കുമെന്ന ഒപെക് പ്ലസിന്റെ അനുമാനവും മുന്നേറ്റം നൽകിയ ക്രൂഡ് ഓയിൽ അമേരിക്കൻ എണ്ണശേഖരത്തിൽ വർദ്ധനവുണ്ടായിട്ടും കഴിഞ്ഞ ആഴ്ച നേട്ടങ്ങൾ കൈവിട്ടില്ല. വെള്ളിയാഴ്ച 85 ഡോളറിൽ തന്നെ ക്ളോസ് ചെയ്ത ബ്രെന്റ് ക്രൂഡ് ഓയിലിൽ അടുത്ത തിരുത്തൽ അവസരമാണ്.

1024531932

സ്വർണം
 

യുദ്ധവാർത്തകളുടെ കൂടി പിൻബലത്തിൽ മുന്നേറിയ രാജ്യാന്തര സ്വർണവില ആഴ്ചാവസാനത്തിൽ വീണ്ടും നേട്ടങ്ങൾ കൈവിട്ടു. പകുതിയിലധികം കേന്ദ്രബാങ്കുകളുടെ സ്വർണശേഖരത്തിൽ അടുത്ത 12 മാസങ്ങളിൽ വലിയ വർദ്ധനവുണ്ടാകില്ല എന്ന ഗോൾഡ് കൗൺസിലിന്റെ സൂചന സ്വർണത്തിന് വിനയായി. അമേരിക്കയുടെ പിസിഇ ഡേറ്റ അടുത്ത ആഴ്ചയിൽ വരാനിരിക്കെ ഫെഡ് പ്രാസംഗികർ ഡോളറിനും ബോണ്ട് യീൽഡിനും പിന്തുണ നൽകിയേക്കാവുന്നതും 2334 ഡോളറിൽ ക്ളോസ് ചെയ്ത രാജ്യാന്തര സ്വർണ വിലക്ക് പ്രധാനമാണ്.

ഓഹരികളും സെക്ടറുകളും
 

വിളകളുടെ താങ്ങു വിലകൾ ഉയർത്തുന്നതും, വളം, കീടനാശിനികൾ എന്നിവയുടെ നികുതികളിൽ ഇളവ് വരുത്തിയേക്കാമെന്ന പ്രചാരവും കഴിഞ്ഞ ആഴ്ചയിൽ വളം ഓഹരികൾക്ക് വൻ കുതിപ്പ് നൽകി.

വൻകുതിപ്പിന് ശേഷം കൺസോളിഡേഷനിലുള്ള ഡിഫൻസ് ഓഹരികൾ അനുകൂല ഊഹാപോഹങ്ങൾക്കും, പുതിയ പ്രഖ്യാപനങ്ങൾക്കും ഒപ്പം ബജറ്റിന് മുൻപ് പലതവണ മുന്നേറ്റം നേടിയേക്കാമെന്നും പ്രതീക്ഷിക്കുന്നു. ഡിഫൻസ് മേഖലയിൽ അടുത്ത ഒരു ദശാബ്ദകാലത്തേക്കുള്ള കരട് രൂപരേഖയായിരിക്കും അവതരിപ്പിക്കപ്പെടുക.

കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനായി ടെക്സ്റ്റൈൽ മേഖല ഈ ബജറ്റിൽ കൂടുതൽ പിന്തുണ പ്രതീക്ഷിക്കുന്നത് വസ്ത്ര-നിർമാണ കയറ്റുമതി ഓഹരികൾക്ക് പ്രതീക്ഷയാണ്.

റെയിൽ സെക്ടറും ബജറ്റ് വരെ ബുള്ളിഷ് ട്രെൻഡ് നിലനിർത്തിയേക്കാമെന്നതിനാൽ റെയിൽ ഓഹരികളിൽ തിരുത്തലുകൾ അവസരമാണ്. ജുപിറ്റർ വാഗൻസ്, ടിറ്റാഗർ റെയിൽ സിസ്റ്റംസ്, ടെക്സ് റെയിൽ  ഓഹരികൾ എന്നിവ ആർവിഎൻഎലിനും, ഇർക്കോണിനുമൊപ്പം പരിഗണിക്കാം.

വിൻഡ് എനർജി ഈ ബജറ്റിൽ സവിശേഷ ശ്രദ്ധയാകർഷിച്ചേക്കാമെന്നത് സുസ്‌ലോൺ എനർജിക്കൊപ്പം, ഐനോക്‌സ് വിൻഡിനും പ്രതീക്ഷയാണ്. സുസ്‌ലോണിന് മോർഗൻ സ്റ്റാൻലി 58.5 രൂപയാണ് ലക്ഷ്യവിലയിട്ടത്.

പുതിയ സർക്കാരിന്റെ 100 ദിന പരിപാടിയിലുൾപ്പെടുത്തി പോർട്ട് ടൗൺഷിപ്പുകൾ വരുന്നത് റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും, അദാനി എന്റർപ്രൈസസിനും അനുകൂലമാണ്. 100 ദിന പരിപാടിയിലുൾപ്പെടുത്തി ഉൾനാടൻ ജലഗതാഗതവും, ക്രൂയിസ് ലൈനുകളും പ്രോത്സാഹിപ്പിക്കുന്നതിനും, പുകവിമുക്തവുമാക്കുന്നതിനായി 'ഹരിത നൗക' സ്‌കീം വഴി 5000 കോടി രൂപ വകയിരുത്തിയത് കൊച്ചിൻ ഷിപ്യാർഡ് അടക്കമുള്ള കപ്പൽ നിർമാണ ഓഹരികൾക്കും അനുകൂലമാണ്.

എൽ&ടി, അൾട്രാ ടെക്ക്, ടൈറ്റഗർ റെയിൽ സിസ്റ്റംസ് എന്നിവക്ക് മോർഗൻ സ്റ്റാൻലി ബജറ്റ് പിന്തുണയോടെ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ഹൈഡ്രജൻ സംഭരിക്കാനുള്ള ഹൈ പ്രെഷർ ടൈപ്പ്-4 സിലിണ്ടറുകൾ നിർമിക്കാനുള്ള അനുമതി ലഭിച്ചത് വെള്ളിയാഴ്ച ടൈം ടെക്‌നോപ്ലാസ്റ്റിന് കുതിപ്പ് നൽകി.

ഗുജറാത്ത് ഊർജ വികസന നിഗത്തിൽ നിന്നും 250മെഗാവാട്ട്, 500മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിനായുള്ള ഓർഡറുകൾ ലഭിച്ചത് ജെൻസോൾ എഞ്ചിനിയറിങ്ങിന് അനുകൂലമാണ്.

വേദാന്തയുടെ പ്രൊമോട്ടർ 2.5% ഓഹരികൾ അടുത്ത ആഴ്ചകളിലായി വിൽക്കുന്നത് ഓഹരിയിൽ വാങ്ങൽ അവസരം സൃഷ്ടിച്ചേക്കാം. ഫെബ്രുവരിയിലും പ്രൊമോട്ടർ ഓഹരി വിൽപന നടത്തിയതോടെ കമ്പനിയിലെ പ്രൊമോട്ടർ ഓഹരി ഡിസംബർ 2022ൽ 70% ആയിരുന്നിടത്ത് നിന്നും 60% ആയി കുറഞ്ഞിരുന്നു. 

ബിഎസ്ഇ ബാങ്കെക്സ് സൂചികയിൽ പ്രവേശനം ലഭിച്ച യെസ് ബാങ്ക് ധനസമാഹരണതീരുമാനം എടുക്കുന്നതിനായി ചൊവ്വാഴ്ച ഡയറക്ടേഴ്സ് ബോർഡ് യോഗം ചേരുന്നത് ഓഹരിക്ക് പ്രധാനമാണ്.

ഒളിമ്പസ് ക്യാപിറ്റൽ ഏഷ്യ ആസ്റ്റർ ഡിഎമ്മിൽ 10% ഓഹരി വാങ്ങുന്നത് അനുകൂലമാണ്.

ഐപിഒകൾ
 

വെള്ളിയാഴ്ച ആരംഭിച്ച ബെംഗളുരു ആസ്ഥാനമായ ഫർണിച്ചർ നിർമാതാക്കളായ സ്റ്റാൻലി ലൈഫ്സ്റ്റൈലിന്റെ ഐപിഒ ചൊവ്വാഴ്ച അവസാനിക്കുന്നു.

ഓഫീസേഴ്‌സ് ചോയ്‌സ് വിസ്കിയുടെ ഉൽപാദകരായ അല്ലൈഡ് ബ്ലെൻഡേഴ്സിന്റെ ചൊവ്വാഴ്ച ആരംഭിക്കുന്ന ഐപിഒയിലൂടെ 267-281 രൂപ നിരക്കിൽ 1500 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശമദ്യ നിർമാതാക്കളായ മുംബൈ ആസ്ഥാനമായ കമ്പനിയുടെ പ്രൊമോട്ടർമാരായ ഛബ്രിയ കുടുംബവും 500 കോടി രൂപയുടെ ഓഹരികൾ ഐപിഒയിലൂടെ വിൽക്കുന്നു. ഛത്തീസ്ഗഡ് ആസ്ഥാനമായ വിരാജ് അയൺ & സ്റ്റീൽ ലിമിറ്റഡിന്റെ ഐപിഒ ബുധനാഴ്ച ആരംഭിക്കുന്നു. കമ്പനിയുടെ ഐപിഒ വില 195-207 രൂപയാണ്.

English Summary:

GST Council Decisions to Shape Indian Market Dynamics Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com