ADVERTISEMENT

ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ജയിച്ചു കയറിയെങ്കിലും ബിജെപിയുടെ പ്രകടനം പ്രതീക്ഷിച്ചതിലും മോശമായത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂണ്‍ 4ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവിന് വഴിവച്ചിരുന്നു. അന്ന് ഇന്‍ട്രാ-ഡേയില്‍ 6,200 പോയിന്‍റോളമാണ് സെന്‍സെക്സ് കൂപ്പുകുത്തിയത്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപകരുടെ കീശയില്‍ നിന്ന് റെക്കോഡ് 39 ലക്ഷം കോടി രൂപയും അന്ന് ചോര്‍ന്നു. എന്നാല്‍, ആ വീഴ്ചയ്ക്കുശേഷം ഇതുവരെ സെന്‍സെക്സും നിഫ്റ്റിയും 11 ശതമാനത്തോളം തിരിച്ചുകയറിയിട്ടുണ്ട്. സെന്‍സെക്സ് 7,500 പോയിന്‍റും നിഫ്റ്റി 2,400 പോയിന്‍റുമാണ് തിരിച്ചുപിടിച്ചത്.

മുന്നില്‍ ഇനിയും റിസ്കുകളോ?

നിലവില്‍ റെക്കോഡ് ഉയരത്തിലാണുള്ളതെങ്കിലും ഇന്ത്യന്‍ ഓഹരി വിപണിക്ക് മുന്നില്‍ റിസ്‍കുകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസിന്‍റെ കോ-ഹെഡ് സഞ്ജീവ് പ്രസാദ് ഉൾപ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ നയങ്ങള്‍, കര്‍ക്കശമായ നിയന്ത്രണ ചട്ടങ്ങള്‍, ഓഹരികളുടെ അധികരിച്ച വില, കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷയ്‍ക്കൊത്ത് ഉയരാത്ത പ്രവര്‍ത്തനഫലം എന്നിവ വിപണിയെ തിരുത്തലിലേക്ക് നയിച്ചേക്കാമെന്ന് അവര്‍ പറയുന്നു.

സ്വാധീനിക്കാവുന്ന ഘടകങ്ങള്‍

1) മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം അടുത്തമാസമാണ്. സര്‍ക്കാര്‍ നയങ്ങളില്‍ വലിയ വ്യതിചലനങ്ങളുണ്ടാവുക, ഓഹരി നിക്ഷേപകര്‍ക്കുമേല്‍ നികുതിഭാരം വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികളുണ്ടായാല്‍ അത് വിപണിയെ തളര്‍ത്തും. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായ മഹാരാഷ്ട്ര, ഹരിയാന പോലുള്ള സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും വൈകാതെ കടക്കും. ഈ സാഹചര്യത്തില്‍, ബജറ്റ് ജനകീയമാക്കാന്‍ കേന്ദ്രം ശ്രമിച്ചേക്കാം. ഉപഭോക്തൃ വിപണിക്ക് ഉണര്‍വേകാന്‍ ആദായനികുതി ഇളവ് പോലുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

2) സെബി കടുത്ത ചട്ടങ്ങളിലേക്ക് കടക്കുന്നതും ഓഹരികളുടെ പ്രകടനത്തെ സ്വാധീനിച്ചേക്കാം. മിഡ്, സ്മോള്‍-ക്യാപ്പ് ഓഹരികളില്‍ വില പെരുപ്പിച്ച് കാട്ടാന്‍ തെറ്റായ പ്രവണതകള്‍ നടക്കുന്നുണ്ടെന്ന് അടുത്തിടെ സെബി ആരോപിച്ചിരുന്നു. അത്, ഈ വിഭാഗം ഓഹരികളില്‍ വന്‍ വില്‍‍പനസമ്മര്‍ദ്ദവും സൃഷ്ടിച്ചിരുന്നു.

3) പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികരിച്ച വിലയാണ് (ഉയര്‍ന്ന വാല്യൂവേഷന്‍) മറ്റൊരു റിസ്ക്. അധികരിച്ച വില എന്ന 'കുമിള' വലിയൊരു തിരുത്തലിന് ഇടയാക്കിയേക്കാം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ന്ന ഓഹരി വിലനിലവാരം മുതലെടുത്ത്, ഓഹരി വില്‍പന നടപടികൾ കൂടുതല്‍ ഉഷാറാക്കാന്‍ കേന്ദ്രം ശ്രമിച്ചേക്കും. കഴിഞ്ഞവര്‍ഷങ്ങളില്‍ പൊതുമേഖലാ ഓഹരി വില്‍പന ലക്ഷ്യങ്ങൾ കാണാനായില്ലെങ്കിലും സര്‍ക്കാര്‍ പിന്മാറാന്‍ സാധ്യതയില്ലെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

4) കോര്‍പ്പറേറ്റ് കമ്പനികൾ വരുംപാദങ്ങളിലും മികച്ച പ്രവര്‍ത്തനഫലം പുറത്തുവിടുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷകള്‍. എന്നാല്‍, കണക്കുകള്‍ പ്രതീക്ഷയ്ക്ക് ഒപ്പം വന്നില്ലെങ്കില്‍ അതും വിപണിക്ക് ക്ഷീണമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com