ADVERTISEMENT

ഇന്നും ചൈനീസ് വിപണിക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് മുന്നേറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 23350 പോയിന്റ് വരെ വീണ നിഫ്റ്റി 23537 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ 131 പോയിന്റ് മുന്നേറിയ സെൻസെക്സ് 77341 പോയിന്റിലും ക്ലോസ് ചെയ്തു.

എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും പിന്തുണയിൽ ബാങ്ക് നിഫ്റ്റി നഷ്ടമൊഴിവാക്കിയതും, ഐടി ഓഹരികൾ ക്രമപ്പെട്ടത് ഐടി ബി സെക്ടറിന്റെ നഷ്ടം കുറച്ചതും ഇന്ന് ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകി. ഫിനാൻഷ്യൽ, ഓട്ടോ, എഫ്എംസിജി, റിയൽറ്റി സെക്ടറുകളും ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ ഐടി സെക്ടറിനൊപ്പം മെറ്റൽ സെക്ട്രഞ്ചും നഷ്ടം കുറിച്ചു.

ജിഎസ്‌ടി കൗൺസിൽ തീരുമാനങ്ങൾ
 

കള്ള ഇൻവോയ്സ് വഴി നികുതി വെട്ടിപ്പ് തടയാനായി ബയോമെട്രിക് ആധാർ കാർഡ് ഇറക്കാൻ തീരുമാനമായ അൻപത്തിമൂന്നാം ജിഎസ്ടി കൗൺസിൽ യോഗത്തിൽ വിപണി ആഗ്രഹിച്ച പ്രഖ്യാപനങ്ങൾ ഇല്ലാതെ പോയത് ഇന്ന് അഗ്രോ, എനർജി സെക്ടറുകൾക്ക് തിരുത്തൽ നൽകി.

വളം ജിഎസ്ടി
 

വളത്തിന്റെ ജിഎസ്ടി നിരക്ക് 5% മാത്രമാണെങ്കിലും ഉൽപാദകമൂലകങ്ങളായ സൽഫൂരിക് ആസിഡിന്റെയും അമോണിയയുടെയും അടക്കം ജിഎസ്‌ടി നിരക്ക് 18% ആണ്. വളത്തിന്റെ ജിഎസ്ടി ഒഴിവാക്കാനും അടിസ്ഥാനമൂലകങ്ങളുടെ ജിഎസ്ടി നിരക്കിൽ ഇളവ് വരുത്താനും ജിഎസ്ടി കൗൺസിൽ യോഗം ഗ്രൂപ് ഓഫ് മിനിസ്റ്റേഴ്സിനോട് ശുപാർശ ചെയ്തത് വളം ഓഹരികൾക്ക് അനുകൂലമാണ്.

കീടനാശിനികളുടെ ജിഎസ്ടി 18%, പമ്പുകളുടേത് 12% എന്നിങ്ങനെയാണ്. ഇതും പച്ചക്കറികളുടെ വിലക്കയറ്റം 27.5% ആയി ഉയരാൻ കാരണവുമാണ്. കാർഷിക മേഖലയുടെ നിലവിലെ വളർച്ച നിരക്ക് 8 വർഷത്തെ ഏറ്റവും മോശം നിരക്കായ 1.5% ആണെന്നതും വളത്തിന്റെ ജിഎസ്ടി കുറക്കുവാനുള്ള സാധ്യതയായാണ് വിപണി കാണുന്നു.

ഇവി സാധ്യതകൾ
 

ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്കും, ഇലക്ട്രിക് വാഹനഘടക നിർമാണത്തിനും കൂടുതൽ പിന്തുണയുണ്ടായേക്കാവുന്നതും യൂറോപ്പിൽ നിന്നും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഓർഡറുകൾ ലഭ്യമായേക്കാവുന്നതും ഇന്ത്യൻ ഇവി സെക്ടറിന് അനുക്കൂലമാണ്. യൂറോപ്പിൽ ചൈനീസ് ഈവിക്ക് വില വർദ്ധിക്കുന്നത് ജെഎൽആറിന് അനുകൂലമാണെന്നത് ടാറ്റ മോട്ടോഴ്സിന്റെയും സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

share-market

ചൈന-യൂറോപ്പ് വ്യാപാരയുദ്ധം
 

അമേരിക്കൻ ഫ്യൂച്ചറുകൾക്കൊപ്പം ഏഷ്യൻ വിപണികൾ ഇന്ന് മിക്സഡ് ക്ലോസിങ് നടത്തിയെങ്കിലും യൂറോപ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജർമനിയുമായുള്ള വ്യാപാര ചർച്ചകൾക്ക് ശേഷം യൂറോപ്പുമായി വ്യാപാര യുദ്ധസാധ്യതകളെക്കുറിച്ച് ചൈനീസ് സംഘം സൂചന നൽകിയത് ചൈനീസ് വിപണിക്ക് ഇന്ന് 1%ൽ കൂടുതൽ തിരുത്തൽ നൽകി. ഈ മാസമാദ്യം ചൈനയിൽ നിന്നുമുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ അധിക നികുതി ചുമത്തിയത് മുതലാണ് ചൈന യൂറോപ്പുമായി കൂടുതൽ ഇടഞ്ഞു തുടങ്ങിയത്.

അമേരിക്കയുടെ പിസിഇ ഡേറ്റ വെള്ളിയാഴ്ച വരാനിരിക്കുന്നതും, ഇന്നടക്കം ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഫെഡ് അംഗങ്ങൾ പ്രസംഗിക്കാനെത്തുന്നതും അമേരിക്കൻ വിപണിയിൽ സമർദ്ദം വർദ്ധിപ്പിച്ചേക്കാം. ഫെഡ് റിസേർവ് പലിശ നിരക്ക് തീരുമാനങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പിസിഇ ഡേറ്റയിലെ മാറ്റങ്ങൾ വരും യോഗതീരുമാനങ്ങളിൽ പ്രതിഫലിക്കുമെന്നതിനാൽ വിപണിക്ക് നിർണായകമാണ്.

ക്രൂഡ് ഓയിൽ
 

ഡോളറിന്റെ മുന്നേറ്റത്തെ വീണ്ടും എണ്ണ ദൗർലഭ്യസാധ്യതകൾ കൊണ്ട് മറികടന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും 85 ഡോളറിന് സമീപത്തേക്ക് മുന്നേറി. റഷ്യക്കെതിയരായി യൂറോപ്യൻ യൂണിയൻ പുതിയ ഉപരോധങ്ങൾ തീരുമാനിച്ചതാണ് ക്രൂഡിന് പിന്തുണ നൽകിയത്.

crude-oil-prices-fall

സ്വർണം
 

പിസിഇ ഡേറ്റ വരാനിരിക്കുന്നത് ഡോളറിനും, ബോണ്ട് യീൽഡിനും അനുകൂലമാണെങ്കിലും ഇന്ന് ഏഷ്യൻ വിപണി സമയത്ത് രാജ്യാന്തര സ്വർണ വില 2339 ഡോളറിലേക്ക് മുന്നേറി. ബോണ്ട് യീൽഡ് ഇന്ന് മുന്നേറാതെ നിന്നതും കേന്ദ്ര ബാങ്കുകളിൽ പാതിയും സ്വർണം വാങ്ങൽ നിർത്തിവയ്ക്കുന്നു എന്ന റിപ്പോർട്ടിന്മേൽ കഴിഞ്ഞ ആഴ്ച നഷ്ടം കുറിച്ച സ്വർണത്തിന് ഇന്ന് അനുകൂലമായി.

ബേസ് മെറ്റലുകൾ വീഴുന്നു
 

ചൈന- യൂറോപ്പ് വ്യാപാരയുദ്ധ സാധ്യതകളിൽ തട്ടി കോപ്പറും, അലുമീനിയവുമടക്കമുള്ള മെറ്റലുകൾ ഇന്ന് തിരുത്തൽ നേരിടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 6% നഷ്ടം കുറിച്ച അലുമിനിയം വീണാൽ അത് അലുമിനിയം ഓഹരികളിൽ വാങ്ങൽ സാധ്യത സൃഷ്ടിച്ചേക്കാം.

English Summary:

GST Council Meeting Highlights: Impact on Agro and Energy Sectors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com