ADVERTISEMENT

അനധികൃത ഇടപാടുകളിലൂടെ കോടികളുടെ ലാഭം നേടിയെന്ന സംശയത്തെ തുടർന്ന് ക്വാണ്ട് മ്യൂച്വൽഫണ്ടിനെതിരെ അന്വേഷണം തുടങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). 'ഫ്രണ്ട്-റണ്ണിംഗ്' തട്ടിപ്പ് നടത്തി 20 കോടിയോളം രൂപ അനധികൃതമായി നേടിയെന്നാണ് ആരോപണമെന്ന് ദേശീയ മാധ്യമം മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. 

 26 സ്കീമുകളിലായി 80 ലക്ഷം ഫോളിയോകളിലായി 93,000 കോടി രൂപയുടെ നിക്ഷേപ ആസ്തി (എയുഎം) കൈകാര്യം ചെയ്യുന്നുണ്ട് ക്വാണ്ട്. ഇതിൽ 20,000 കോടിയോളവും സ്മോൾ-ക്യാപ്പ് ഫണ്ടുകളിലാണ്. മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപം നടത്തിയവർക്ക് ലാഭക്കുറവോ കനത്ത നഷ്ടമോ ഉണ്ടാകാനിടയാക്കുന്ന പ്രവൃത്തിയാണ് ക്വാണ്ട് മ്യൂച്വൽഫണ്ട് നടത്തിയതെന്നും വിലയിരുത്തപ്പെടുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി ക്വാണ്ട് മ്യൂച്വൽഫണ്ടിന്‍റെ മുംബൈയിലെ ഹെഡ് ഓഫീസിലും ഹൈദരാബാദിലെ ഓഫീസിലും സെബി റെയ്ഡ് നടത്തി. ചില രേഖകളും കമ്പ്യൂട്ടറുകളും മൊബൈൽഫോണുകളും കണ്ടെടുത്തതായും ഫ്രണ്ട്-റണ്ണിംഗിൽ ഉൾപ്പെട്ടെന്ന് സംശയിക്കുന്ന ചിലരെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സെബിയുടെ അന്വേഷണം നടക്കുന്നതായി സ്ഥിരീകരിച്ച ക്വാണ്ട്, നിക്ഷേപകർക്ക് നഷ്ടമൊന്നുമുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും പ്രതികരിച്ചു.

സന്ദീപ് ടണ്ഠൻ 2017ൽ ആരംഭിച്ച ക്വാണ്ട് മ്യൂച്വൽഫണ്ടിന്‍റെ വളർച്ച അതിശയകരമായിരുന്നു. 2019ൽ വെറും 100 കോടി രൂപയായിരുന്നു ക്വാണ്ട് കൈകാര്യം ചെയ്ത ആകെ ആസ്തി. ഈ വർഷം ജനുവരിയിൽ ഇത് 50,000 കോടി രൂപയായും തുടർന്ന് വെറും 6 മാസത്തിനകം 93,000 കോടി രൂപയായും വളർന്നു.

source:Shutterstock/cerneaflaviu
source:Shutterstock/cerneaflaviu

കഴിഞ്ഞ 5 വർഷത്തിനിടെ 45 ശതമാനം വാർഷിക റിട്ടേൺ (നിക്ഷേപത്തിൽ നിന്നുള്ള നേട്ടം) നിക്ഷേപർക്ക് ക്വാണ്ട് മ്യൂച്വൽഫണ്ട് നൽകിയിട്ടുണ്ട്. വിപണിയുടെ ഇക്കാലയളവിലെ ശരാശരി റിട്ടേണായ 31 ശതമാനത്തേക്കാൾ അധികം. കഴിഞ്ഞ ഒരുവർഷത്തിനിടെ വിപണി 55 ശതമാനം റിട്ടേൺ നൽകിയപ്പോൾ ക്വാണ്ട് സമ്മാനിച്ചത് 61 ശതമാനം.

എന്താണ് ഫ്രണ്ട്-റണ്ണിംഗ്?

വലിയ നിക്ഷേപ ഇടപാടുകൾ മുൻകൂട്ടി അറിയുകയും അത് മുതലെടുത്ത് ഓഹരികൾ കൂട്ടത്തോടെ വാങ്ങിയോ (ബ്ലോക്ക് പർച്ചേസ്) വിറ്റഴിച്ചോ ലാഭം നേടുന്നതിനെയാണ് ഫ്രണ്ട്-റണ്ണിംഗ് എന്ന് പറയുന്നത്. മ്യൂച്വൽഫണ്ട് മാനേജർമാർ, ഡീലർമാർ, ബ്രോക്കർമാർ എന്നിവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുക. ഇവർ മറ്റ് പേരുകളിലോ ബെനാമി പേരുകളിലോ ഉള്ള അക്കൗണ്ടുകൾ മുഖേനയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തി നേട്ടമുണ്ടാക്കുന്നതെന്ന് സെബി കണ്ടെത്തിയിട്ടുണ്ട്.

ഉദാഹരണത്തിന്, ഒരു നിക്ഷേപക സ്ഥാപനം വൈകാതെ ഒരു മ്യച്വൽഫണ്ടിൽ വൻ നിക്ഷേപം നടത്താനൊരുങ്ങുന്നു എന്ന് കരുതുക. ഇത് മുൻകൂട്ടി അറിയുന്ന ഫണ്ട് മാനേജർമാരോ ഡീലർമാരോ ബ്രോക്കർമാരോ നിക്ഷേപക സ്ഥാപനത്തിന്‍റെ ഇടപാട് നടക്കുംമുമ്പേ തന്നെ ആ ഫണ്ടിൽ വൻതുകയുടെ നിക്ഷേപം നടത്തും. നിക്ഷേപക സ്ഥാപനത്തിന്‍റെ ഇടപാടിലൂടെ ഫണ്ടിന്‍റെ മൂല്യം ഉയരും. ഇതുവഴി  മ്യൂച്വൽഫണ്ട് മാനേജർമാർ/ഡീലർമാർ/ ബ്രോക്കർമാർ ലാഭമുണ്ടാക്കുകയും ചെയ്യും. ഇതാണ് ഫ്രണ്ട്-റണ്ണിംഗ്.

ഏതെങ്കിലും ബ്രോക്കറേജുകൾ ഓഹരിക്ക് വാങ്ങൽ (buy) അല്ലെങ്കിൽ വിൽക്കൽ (sell) റേറ്റിംഗ് നൽകിയേക്കുമെന്നതും മുൻകൂട്ടി അറിഞ്ഞ് ഇത്തരത്തിൽ ഫ്രണ്ട്-റണ്ണിംഗ് തട്ടിപ്പ് നടത്താറുണ്ട്. 

നിക്ഷേപകരെ എങ്ങനെ ബാധിക്കും?
 

ഫ്രണ്ട്-റണ്ണിംഗ് നടക്കുമ്പോൾ ഓഹരിവില കുത്തനെ കൂടുകയോ ഇടിയുകയോ ചെയ്തേക്കും. ഇത് നിക്ഷേപകർക്ക് ഓഹരി വാങ്ങാൻ വലിയ തുക മുടക്കേണ്ട സ്ഥിതി സൃഷ്ടിക്കും. ഓഹരിവില ഇടിയുകയാണെങ്കിൽ പ്രതീക്ഷിത റിട്ടേൺ കുറയുകയോ നഷ്ടത്തിലേക്ക് വീഴുകയോ ചെയ്തേക്കാം. 

Indian business man counting cash banknotes of newly launched 100 rupees. Money counting concept for background.
Indian business man counting cash banknotes of newly launched 100 rupees. Money counting concept for background.

മറ്റൊരു പ്രതിസന്ധി നിയമക്കുരുക്കുകളാണ്. ഫ്രണ്ട്-റണ്ണിംഗിൽ ഉൾപ്പെട്ട മ്യൂച്വൽഫണ്ടിനെതിരെ സെബി നിയമനടപടിയിലേക്ക് കടക്കും. ചിലപ്പോൾ കോടികളുടെ പിഴയാവും വിധിക്കുക. മറ്റ് ചിലപ്പോൾ വിലക്കും ഏർപ്പെടുത്തും.. ഇത് നിക്ഷേപകർക്കും വൻ തിരിച്ചടിയാകും. നിക്ഷേപം പിൻവലിക്കാൻ പ്രയാസമുണ്ടായേക്കാം. മാത്രമല്ല, ഈ ഫണ്ടിലേക്ക് പണമൊഴുക്ക് ഇടിയുകയോ നിലയ്ക്കുകയോ ചെയ്യാം. ഇത് കനത്ത നഷ്ടത്തിനും വഴിവയ്ക്കും. നേരത്തേ ആക്സിസ് മ്യൂച്വൽഫണ്ടുമായി ബന്ധപ്പെട്ടും സമാന കേസ് ഉയർന്നപ്പോൾ 30.55 കോടി രൂപ പിഴവിധിച്ച സെബി, ഫണ്ട് മാനേജരായ വിരേഷ് ജോഷിയെയും അദ്ദേഹവുമായി ബന്ധപ്പെട്ട 20ലേറെ സ്ഥാപനങ്ങളെയും ഓഹരി വിപണിയിൽ നിന്ന് വിലക്കിയിരുന്നു.

ഇൻസൈഡർ-ട്രേഡിംഗ് (അകത്തള വ്യാപാരം) പോലെ തന്നെ നിയമവിരുദ്ധ നടപടിയായാണ് ഫ്രണ്ട്-റണ്ണിംഗിനെയും സെബി കാണുന്നത്. ഒരു കമ്പനിയുടെ ഭാവി പദ്ധതികൾ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേതന്നെ അറിഞ്ഞ് ഓഹരി നേരത്തേ വാങ്ങിയോ വിറ്റോ ലാഭമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഇൻസൈഡർ-ട്രേഡിംഗ്.

English Summary:

SEBI Investigates Quant Mutual Fund for Alleged Front-Running Scam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com