ഗ്രോ ആപ്പിനെതിരെ പരാതി: നിങ്ങൾ നിക്ഷേപിച്ച പണം മ്യൂച്ചൽ ഫണ്ടിൽ എത്തിയോ? പരിശോധിച്ചുറപ്പാക്കണം

Mail This Article
ഏറെ ജനപ്രീതി നേടിയിട്ടുള്ള ഗ്രോ ആപ്പിൽ നിക്ഷേപിച്ച പണം മ്യൂച്ചൽ ഫണ്ടിൽ എത്തിയില്ല എന്ന പരാതി മ്യൂച്ചൽ ഫണ്ട് നിക്ഷേപകരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പരാതി ഉയർന്നതോടെ സോഷ്യൽ മീഡിയയിൽ, മ്യൂച്ചൽ ഫണ്ട് ഉപഭോക്താക്കൾ പല പരാതികളും പോസ്റ്റ് ചെയ്യുന്നുണ്ട്.
ഗ്രോയിൽ നിക്ഷേപിച്ച തുകയെ കുറിച്ചുള്ള പ്രശ്നങ്ങൾ പരിഹരിച്ചു എന്നൊരു ട്വീറ്റ് ഗ്രോയുടെതായി ഇപ്പോൾ പുറത്തു വരുന്നുണ്ട്. പരാതി പറഞ്ഞ നിക്ഷേപകനും, സോഷ്യൽ മീഡിയയിലെ 'വൈറൽ സപ്പോർട്ടിന് ' നന്ദി പറഞ്ഞു വീണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.
പണം തിരികെ തന്ന് ഗ്രോ പ്രശ്‍നം പരിഹരിച്ചു എന്നാണ് ഈ വ്യക്തി അറിയിച്ചിരിക്കുന്നത്. എന്നാൽ പണം തിരികെ തന്നാൽ മാത്രം തീരുന്ന പ്രശ്നമാണോ എന്ന കാര്യം പല സോഷ്യൽ മീഡിയ ഉപഭോക്താക്കളും ഉന്നയിക്കുന്നുണ്ട്. ഇവിടെ പരാതി ഉന്നയിച്ച വ്യക്തി കൃത്യമായ പരിശോധന നടത്തിയതുകൊണ്ടാണ് പണം സ്വന്തം അക്കൗണ്ടിൽ എത്തിയില്ല എന്നു മനസിലാക്കിയതും പരാതിപ്പെട്ടതും പരിഹാരം നേടാനായതും. എന്നാൽ ഗ്രോ ആപ്പ് അടക്കം ആപ്പുകൾ വഴി നിക്ഷേപം നടത്തുന്ന ലക്ഷക്കണക്കിനു പേരിൽ എത്രപേർ ഇക്കാര്യം പരിശോധിക്കുന്നു എന്നതാണ് ചോദ്യം.
നിങ്ങൾ ഉറപ്പ് വരുത്തുക
ആഴ്ചയിലോ, രണ്ടാഴ്ച കൂടുമ്പോഴോ, മാസത്തിലോ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വലിഞ്ഞു പോകുന്ന തുക മ്യൂച്ചൽ ഫണ്ടുകളിൽ എത്തുന്നില്ലേ?

ആറ് മാസം കൂടുമ്പോഴെങ്കിലും നമ്മുടെ അക്കൗണ്ട് പരിശോധിച്ച് മ്യൂച്ചൽ ഫണ്ട് അടവുകൾ ശരിയായി ആണോ നടക്കുന്നത് എന്ന് ഉറപ്പ് വരുത്തണം.
കാരണം നിക്ഷേപിക്കുന്ന സമയത്ത് തന്നെ നിങ്ങളുടെ പണം മ്യൂച്ചൽ ഫണ്ട് യൂണിറ്റായി മാറ്റിയെങ്കിലെ അതിന്റെ വളർച്ചയുടെ നേട്ടം നിങ്ങൾക്ക് ലഭിക്കൂ.
'പെൻഡിങ് പേയ്മെന്റ്സ് ' എന്നതിൽ ക്ലിക്ക് ചെയ്ത് നോക്കി അടക്കേണ്ട തുകയൊന്നും മുടങ്ങിയിട്ടില്ല എന്ന് ഉറപ്പു വരുത്തണം. ലാഭം, നഷ്ടം എന്നിവയുടെ കണക്കുകൾ ശരിയാണോ എന്ന് പരിശോധിക്കണം. നിക്ഷേപിച്ച തുകയും, നിലവിൽ ഇപ്പോൾ എത്ര ആയിട്ടുണ്ടെന്നും ഡയറിയിൽ എഴുതി വെക്കുന്നതും നല്ലതാണ്. അടുത്ത ഒരു ആറു മാസം കഴിയുമ്പോൾ വീണ്ടും മ്യൂച്ചൽ ഫണ്ട് അക്കൗണ്ട് പരിശോധിക്കുമ്പോൾ ഇത് ഒത്തുനോക്കി തീർച്ചപ്പെടുത്താൻ ഉപകരിക്കും.
സി ഡി എസ് എൽ അക്കൗണ്ട് പരിശോധിക്കുക
നമ്മുടെ മ്യൂച്ചൽ ഫണ്ടുകളും, ഓഹരികളും സൂക്ഷിക്കുന്നത് സി ഡി എസ് എല്ലോ , എൻ എസ് ഡി എല്ലോ ആയിരിക്കും. ഇവയിൽ മ്യൂച്ചൽ ഫണ്ടുകളും, ഓഹരികളും സുരക്ഷിതമായി ഉണ്ടോ എന്ന് ഉറപ്പു വരുത്തിയാൽ നമുക്ക് അടച്ച പണത്തെ കുറിച്ച് പേടിക്കേണ്ടതില്ല.
എങ്ങനെ സിഡിഎസ്‌എൽ അക്കൗണ്ടിൽ നോക്കാം?
നിങ്ങളുടെ അക്കൗണ്ട് CDSL-ൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഇമെയിൽ വഴി ഒരു ഏകീകൃത അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റ് (CAS) ലഭിക്കും. നിങ്ങളുടെ ഹോൾഡിംഗുകളും ഇടപാടുകളും അടങ്ങുന്ന ഒരു പ്രസ്താവനയാണ് CDSL CAS ഡീമാറ്റ് അക്കൗണ്ട്, അത് ഇക്വിറ്റി-ലിങ്ക്ഡ് ഷെയറുകളോ മ്യൂച്വൽ ഫണ്ടുകളോ CDSL-ൽ കൈവശം വച്ചിരിക്കുന്ന മറ്റ് സാമ്പത്തിക കാര്യങ്ങൾ (ഇൻഷുറൻസ് പോലുള്ളവ) ആകാം.
ഈ CDSL ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റിൽ നിങ്ങളുടെ കൈവശമുള്ള മൊത്തം ഓഹരികളുടെ എല്ലാ വിശദാംശങ്ങളും നിങ്ങൾ അവ വാങ്ങിയ തീയതിയും സമയവും അവയുടെ നിലവിലെ മൂല്യവും അടങ്ങിയിരിക്കുന്നു. നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളെയും കുറിച്ച് മൊത്തത്തിലുള്ള ധാരണ നൽകുന്നതിനും നിക്ഷേപങ്ങൾ വിറ്റതിന് ശേഷം ഉണ്ടാക്കുന്ന മൂലധന നേട്ടങ്ങളിലോ ലാഭത്തിലോ ബാധകമായ നികുതികൾ കണക്കാക്കാനും ഇത് സഹായകമാണ്.
ഒരു CDSL ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് നിക്ഷേപകനെ അവരുടെ എല്ലാ നിക്ഷേപങ്ങളും മനസ്സിലാക്കാനും പ്രത്യേക കാലയളവിൽ നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങൾ നേടാനും സഹായിക്കുന്നു. ഈ പ്രസ്താവനകൾ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾക്ക് സമാനമാണ്. അത് നിങ്ങളുടെ അക്കൗണ്ടിനെക്കുറിച്ചുള്ള എല്ലാ പ്രസക്തമായ വിശദാംശങ്ങളും നൽകുന്നു. ഏതെങ്കിലും നിക്ഷേപം അല്ലെങ്കിൽ വ്യാപാരം നടത്തിയാൽ അടുത്ത പ്രവൃത്തി ദിവസം ഈ വിവരങ്ങളോടൊപ്പം പ്രസ്താവന അപ്ഡേറ്റ് ചെയ്യും.
CDSL-ൽ ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എങ്ങനെ എടുക്കാം?
∙ CDSL വെബ്സൈറ്റ് തുറന്ന് CAS ലോഗിൻ ക്ലിക്ക് ചെയ്യുക
∙ പാൻ നമ്പർ നൽകുക
∙ ഐഡിയും 16 അക്ക ഡീമാറ്റ് നമ്പറും, ജനനത്തീയതിയും നൽകുക
∙ ക്യാപ്‌ച നൽകുക
∙ ഈ വിവരങ്ങൾ ശരിയാണെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇമെയിലിലും OTP ലഭിക്കും
∙ ലഭിച്ച OTP നൽകി, സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക